വചനമനസ്‌കാരം

വചനമനസ്‌കാരം: No.232

എസ്. പാറേക്കാട്ടില്‍
അങ്ങു കാണുന്നുണ്ട്‌; കഷ്‌ടപ്പാടുകളും ക്ലേശങ്ങളും അങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്‌; അങ്ങ്‌ അവ ഏറ്റെടുക്കും, നിസ്സഹായന്‍ തന്നെത്തന്നെ അങ്ങേക്കു സമര്‍പ്പിക്കുന്നു; അനാഥന്‌ അവിടുന്നു സഹായകനാണല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 10 : 14

ജീവിതം ഘടികാരത്തിനു പിന്നാലെയുള്ള പാച്ചിലാണ്. സമയസൂചികളെ ഭയന്നുള്ള ഓട്ടമാണ്. ഓരോ അരങ്ങിലെയും വ്യത്യസ്ത വേഷങ്ങൾ മികവുറ്റതാക്കാൻ നെട്ടോട്ടമോടുകയാണ്. കുടുംബം, മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ, ജോലി, ഭരമേൽപ്പിക്കപ്പെട്ട മറ്റു ഉത്തരവാദിത്വങ്ങൾ എന്നിങ്ങനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ട്രെപ്പീസിലേതു പോലെ പകർന്നാടുകയാണ്! ഓടുന്നത് നല്ലതാണ്. കൊഴുപ്പു രോഗം അഥവാ ഡിസ്ലിപ്പിഡിമിയ ഉണ്ടാകില്ല; ഹൃദയത്തിൽ മാത്രമല്ല; ആത്മാവിലും അടിയുന്ന കൊഴുപ്പുകളുണ്ട്! genetic mutation അഥവാ ജനിതക വ്യതിയാനം വന്ന കൊഴുപ്പു കണികകൾ! അവയാണ് ഹൃദയസ്തംഭനം പോലെ ആത്മസ്‌തംഭനം ഉണ്ടാക്കുന്നത്. സ്വാർത്ഥതയുടെയും സുഖാസക്തിയുടെയും ധനമോഹത്തിന്റെയും അഹംബോധത്തിന്റെയുമെല്ലാം കൊഴുപ്പടിഞ്ഞ് ആത്മാവിന്റെ ധമനികൾ സ്തംഭിക്കും. യേശു പറഞ്ഞ, ജീവജലത്തിന്റെ അരുവികളുടെ ഒഴുക്ക് തടസ്സപ്പെടും. പ്രാണജലം കിട്ടാതെ, ശുഭ്രനിറം നഷ്ടപ്പെട്ട് ആത്മാവ് കറുത്തു നീലിക്കും! പുറമെ എല്ലാം ശുഭകരവും സന്തോഷകരവുമെന്ന് തോന്നിപ്പിക്കുന്ന ശരീരത്തിൽ ആത്മാവ് പ്രാണനുവേണ്ടി പിടഞ്ഞ് നിലവിളിക്കും! മറ്റെല്ലാം കേട്ടാലും സ്വന്തം ആത്മാവിന്റെ നിലവിളി കേൾക്കാനാകാത്ത നിർഭാഗ്യ ജീവിയാണല്ലോ മനുഷ്യൻ! എന്നിട്ടോ, ഹൃദയസ്തംഭന ത്തിലേതുപോലെ തൽക്ഷണം മരിക്കില്ല; പിന്നെയോ, സ്തംഭിച്ച് മൃതസമാനമായ ആത്മാവുമായി ജീവിക്കും. അതാണ് യഥാർത്ഥ ദുരന്തം. അതിനാൽ ഓടുക; ഓടിക്കൊണ്ടേയിരിക്കുക.

വാസ്‌തവത്തിൽ ഓടുന്നതല്ല; ഓടിക്കുന്നതാണ്. ചുമതലകളും ഉത്തരവാദിത്വങ്ങളും ഓടിക്കുന്നതാണ്. മോഹങ്ങളുടെയും പ്രതീക്ഷകളുടെയും ഭാരം ഓടിക്കുന്നതാണ്. ഓടിയോടി തളരും; പക്ഷേ ഓട്ടം നിർത്തരുത്. ഓടിയോടി മടുക്കും; പക്ഷേ പിൻമാറരുത്. ചിലപ്പോൾ ഉൻമാദം; മറ്റു ചിലപ്പോൾ വിഷാദം; ഇനിയും ചിലപ്പോൾ രോഷം, സങ്കടം എന്നിങ്ങനെ ഓട്ടത്തിനിടെ മനോനില മാറിമറയും; പക്ഷേ അവസാനിപ്പിക്കരുത്. കർത്താവ് കാണുന്നുണ്ട്. അല്ല; അവിടുന്ന് കൂടെ ഓടുന്നുണ്ട്! തളരുമ്പോൾ ബലം നൽകുന്നത് അവിടുന്നാണ്. വീഴുമ്പോൾ താങ്ങുന്നത് പ്രപഞ്ചം നിർമ്മിച്ച ആ കരങ്ങളാണ്! നിങ്ങൾ അത് തിരിച്ചറിയാത്തതാണ്. ഓടുന്നത് ഒറ്റയ്ക്കാണെന്ന് വൃഥാ സങ്കൽപ്പിച്ചു പോയതാണ്.

ബന്ധങ്ങൾക്ക് ഒരിക്കൽ നിങ്ങൾ കൊടുത്ത മൂല്യവും ഏറ്റെടുത്ത ത്യാഗങ്ങളും സൗകര്യപൂർവം മറക്കുന്ന ഉറ്റവർ, ജോലിയിലുള്ള നിങ്ങളുടെ വിശ്വസ്തതയും സമർപ്പണവും മനസ്സിലാക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ, അർഹതപ്പെട്ടത് നിഷേധിച്ചും പരിഹസിച്ചും അപമാനിക്കുന്ന മേലധികാരികൾ, ബാഹ്യവും ഉപരിപ്ലവവുമായ മാനദണ്ഡങ്ങളാൽ നിങ്ങളെ അളക്കുന്ന മനുഷ്യർ - ഇവരെല്ലാം ചേർന്നാണ് ഓട്ടത്തിന് ഊർജം പകരുന്നത്. അവരോട് നന്ദിയും സ്നേഹവും ഉണ്ടായിരിക്കണം! അവരാണ് നിങ്ങളുടെ ഓട്ടത്തിന്റെ ഗതിവേഗം നിർണ്ണയിച്ചത്. അവരില്ലായിരുന്നെങ്കിൽ നിങ്ങൾ ഓട്ടം തന്നെ മറന്നേനെ! വഴിയോരക്കാഴ്ചകളിൽ ഭ്രമിച്ച് നിന്നേനെ! വഴിയും ലക്ഷ്യവും അറിയാതെ കുഴങ്ങിയേനെ! ആത്മാവിനും അതിന്റെ ഓട്ടങ്ങൾക്കും സ്‌നേഹിതരേക്കാൾ ഉപകാരപ്പെടുന്നത് വെറുക്കുന്നവരും ദ്രോഹിക്കുന്നവരുമാണെന്ന് തിരിച്ചറിയുമ്പോഴാണ് നിങ്ങൾ ആത്മീയതയുടെ ഏറ്റവും ഉന്നതമായ പടവുകൾ കയറുന്നത്! അതിനാൽ ഓടുക; ഓടിക്കൊണ്ടേയിരിക്കുക.

കാണികളുടെ കൈയ്യടിയും കല്ലേറും ഗൗനിക്കേണ്ടതില്ല. മനുഷ്യരുടെ ദയയ്ക്കും ഔദാര്യത്തിനും കാത്തിരിക്കേണ്ടതില്ല. ദൈവത്തിന്റെ കരുണ നിങ്ങളെ പൊതിയുന്നത് ഭാവനയിൽ കാണുക. സ്വയം ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക. കർത്താവ് കരം പിടിച്ച് കൂടെ ഓടുന്നുണ്ടെന്ന ബോധ്യം ഓട്ടം സരളവും ആഹ്ലാദകരവുമാക്കട്ടെ. ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന പേരിൽ സി. രാധാകൃഷ്ണന്റെ ഒരു നോവലുണ്ട്. ഓടിയോടി, അടരാടിയാടി, ഈ ലോകജീവിതമാകുന്ന തീക്കടൽ കടഞ്ഞ് നാം കണ്ടെടുക്കുന്ന തിരുമധുരമാണ് നിത്യത എന്ന ബോധ്യം ഉള്ളിൽ നിറയട്ടെ. കൂടെ ഓടുമ്പോഴും ഫിനിഷിംഗ് പോയന്റിൽ കാത്തുനിൽക്കുന്നതും അവിടുന്നാണ്! ‘എന്റെ പിതാവിന്റെ ഭവനം’ എന്നാണ് ആ സമാപനബിന്ദുവിനെ യേശു വിശേഷിപ്പിച്ചത്. ‘അനേകം വാസസ്ഥലങ്ങളുള്ള’ അവിടെ എത്തുവോളം അവന്റെ കരം പിടിച്ച് ഓടുക; ‘വരുവിൻ’ എന്ന സ്വാഗതവചനം കേൾക്കുക; അവന്റെ ആശ്ലേഷത്തിൽ അമരുക; അവനോടൊപ്പം വാഴുക!

ക്യാൻസർ ബോധവൽക്കരണ സെമിനാറും മെഗാ മെഡിക്കൽ ക്യാമ്പും

ആധുനിക ജീവിതത്തിൽ അനുഷ്ഠാനങ്ങളുടെ സ്ഥാനം

വിശപ്പ്

ജീവിതത്തിന്റെ ശുദ്ധിപത്രം

വൈരം