

പഴയകാലത്തു പുസ്തകങ്ങളിൽ അവയുടെ ആരംഭത്തിലോ അവ സാനത്തിലോ ഒരു കടലാസ് അച്ചടിച്ചു ചേർക്കാറുണ്ടായിരുന്നു. അതിനു ശുദ്ധിപത്രം എന്നായിരുന്നു പേര്. പുസ്തകത്തിന്റെ അച്ചടിയിൽ വന്ന തെറ്റു കൾ വ്യക്തമായി ചൂണ്ടിക്കാണിച്ചു തിരുത്തുന്ന പത്രം. ഇവിടെ ഞാൻ കുറി ക്കുന്നതു അങ്ങനെയൊരു ശുദ്ധിപത്രമല്ല. ജീവിതത്തിന്റെ ഒടുവിലാണ് പലരും ജീവിതത്തിലെ അടിസ്ഥാന ശുദ്ധിപത്രത്തെക്കുറിച്ചു മനസ്സിലാക്കു ന്നത്. അത് എല്ലാവർക്കും കിട്ടുന്ന അനുഗ്രഹമാകണമെന്നില്ല.
അനുഗ്രഹം കിട്ടിയ ഒരാളുടെ ആത്മകഥ ഞാൻ വായിച്ചിട്ടുണ്ട്. ജോർജ് സ്റ്റെയിനർ എന്ന യൂറോപ്യൻ സാഹിത്യ ചിന്തകന്റെ ആത്മകഥ. അതിന്റെ പേര് “പരിശോധിക്കപ്പെട്ട ജീവിതം: ഒരു ശുദ്ധി പത്രം” - (An examined Life, Errata) ആത്മകഥയെ ഒരു ശുദ്ധിപത്രമാക്കുന്നു.
ഒരാളുടെ ആത്മകഥ അയാളുടെ ആയുസ്സിലേക്കു പിൻതിരിഞ്ഞു നോക്കി നടത്തുന്ന ഒരു ആഖ്യാനമാണ്. ഞാൻ ജീവിച്ചു ചരിത്രമാക്കിയ ആയുസ്സിനെ വ്യാഖ്യാനിക്കുന്നു. ആ വ്യാഖ്യാനം ആത്മനിഷ്ഠമാണ്. ഞാൻ എന്റെ പിന്നിലേക്കു നോക്കി എന്നെ വരയ്ക്കുകയാണ്. വരച്ചുതീർത്ത ഒരു ചിത്രം ആരുടേതാണ്? ഉത്തരം വളരെ പ്രധാനമാണ്. വരച്ചതു മറ്റുള്ളവർ തിരിച്ചറിയുന്ന ചിത്രമായിരിക്കുമോ? ഞാൻ എന്റെ കഥ പറയുന്നത് എന്റെ ബോധത്തിൽ തെളിയുന്ന ചിത്രമാണ്. ഇങ്ങനെ ജീവിതം സത്യസന്ധമായി പരിശോധിക്കണമെന്നു പഠിപ്പിച്ചതു സോക്രട്ടീസാണ്. പരിശോധിക്കപ്പെ ടാത്ത ജീവിതം ജീവിക്കാൻ കൊള്ളില്ല. അതുകൊണ്ട് ആ പരിശോധന നടത്തുന്നതു സംബന്ധിച്ച് റോമാക്കാർക്ക് ഒരു പാരമ്പര്യമുണ്ടായിരുന്നു. സീസർ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഒരു അടിമ സീസറിന്റെ ചെവിയിൽ മന്ത്രിക്കുന്നു - memento mori - മരണം ഓർമ്മിക്കുക. മരണമാണ് ജീവിതം നിർവചിക്കുന്ന പരിധി. മരണത്തിന്റെ ഇരുട്ടിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ജീവിതത്തിന്റെ പരിശോധന നടത്തുക. എന്റെ കഥ പറയുമ്പോൾ അതു മറ്റുള്ളവരുമായി ബന്ധിച്ചു നടത്തിയ കാര്യങ്ങളുടെ കഥയാണ്. എന്റെ കഥ മറ്റുള്ളവരുടെ കഥകളുമായി നിരന്തരം ബന്ധപ്പെടുന്നു. എന്റെ മാത്രമായി എനിക്കു കഥയില്ല. സ്റ്റെയിനർ എഴുതി, “സാമൂഹിക അസമത്വ ത്തിനെതിരായും അനാവശ്യമായ പട്ടിണിക്കെതിരായും കാൾ മാർക്സ് അനു ഭവിച്ച കോപത്തിന്റെ ശല്യപ്പെടുത്തൽ കൃത്യമായി ആമോസിന്റേതായി രുന്നു.” മാർക്സിനെ പഴയ നിയമത്തിലെ ആമോസ് പ്രവാചകനുമായി ബന്ധിച്ചതു എന്നെ ആശ്ചര്യപ്പെടുത്തി. ഇത് എഴുതിയ സ്റ്റെയിനർ ഒരു മാർക്സിസ്റ്റ് ആയിരുന്നില്ല. എന്നാൽ അദ്ദേഹം യഹൂദനായിരുന്നു. മോസസ്, ജീസസ്, മാർക്സ് എന്നീ മൂന്നു യഹൂദരാണ് ലോകത്തിനു മനുഷ്യദർശനം നല്കിയത് എന്നും സ്റ്റെയിനർ ഇതേ ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. മനു ഷ്യന്റെ മഹത്വം വിളിച്ചറിയിച്ച മൂന്നു പ്രവാചകരാണ് ഇവർ മൂന്നു പേരും. മനുഷ്യദ്രോഹമാണ് ഏറ്റവും വലിയ ദൈവദോഷം എന്നതു യഹൂദ മത ത്തിന്റെ സന്ദേശമാണ്. ഇവർ മൂന്നുപേരും മനുഷ്യമഹത്വം അവന്റെ ജന്മ ത്തിലല്ല അവന്റെ കർമ്മത്തിലാണ് എന്നു ശഠിച്ചവരാണ്. ഈ മഹത്വം പറ യുന്ന ജാതീയത, വംശീയത, ദേശീയത എന്നിവയുടെ പീഡനങ്ങൾക്ക് ഇരയായവരാണ് യഹൂദർ. യഹൂദരെ മുഴുവൻ കൊന്നുകളയാൻ തീരു മാനിച്ച നാസ്സിസം മരണമില്ലാതെ മനുഷ്യവംശത്തിനുമേൽ ഇത്തിക്കണ്ണി യായി നിലകൊള്ളുന്നു.
സ്റ്റെയിനർ തന്റെ ആത്മകഥയിൽ വലിയ ചരിത്ര പുരുഷന്മാരെ ഉൾപ്പെ ടുത്തുന്നതു മനസ്സിലാക്കാം. എന്നാൽ വളരെ ആശ്ചര്യകരമായത് അദ്ദേ ഹം ദൈവത്തെയും അതിൽ ഉൾപ്പെടുത്തുന്നു. സ്വന്തം ആത്മകഥയിൽ ദൈവം കടന്നു വരുന്നതു എന്തിന് എന്നു ചോദിക്കാം. ദൈവസാന്നിധ്യ ത്തിന്റെ പശ്ചാത്തല എഴുത്ത് അദ്ദേഹം വായിക്കുന്നതു മതങ്ങളുടെ വേദ പുസ്തകങ്ങളിലല്ല, സാഹിത്യകൃതികളിലാണ്. ഡാന്റേ, ടോൾസ്റ്റോയി, ദെസ്തെയേവ്സ്കി മുതലായവരുടെ രചനകളാണ് അദ്ദേഹം അർത്ഥമാക്കി യത്. ചരിത്രത്തിൽ അവർ വീണ്ടും വരും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. കാരണം യഥാർത്ഥ സാഹിത്യ രചനയുടെ പിന്നിൽ ദൈവസാന്നിധ്യമുണ്ട്. എല്ലാ വ്യാകരണങ്ങളും ദൈവസാന്നിധ്യത്തിലേക്കു വിരൽ ചൂണ്ടുന്നു.
ഈ കളിപ്പന്തലിൽ ഞാൻ വന്നതല്ല, വിളിച്ചുണർത്തിയതാണ്. കിട്ടിയതിന്റെ ഉറവിടം ഏറ്റു പറയുന്നു. അതു ജീവിതസത്യത്തിന്റെ അംഗീകാരം മാത്രം.
മരണത്തിന്റെ വരവിന്റെ കാലടിശബ്ദം കേൾക്കുന്ന കാലത്തു ജീവിക്കു മ്പോൾ ജീവിതത്തിലേക്കു തിരിച്ചു നോക്കുമ്പോൾ ഒന്നറിയാം നന്നായി അധ്വാനിച്ചിട്ടുണ്ടാകും, വിജയിച്ചിട്ടുണ്ടാകും, പരാജയപ്പെട്ടിട്ടുണ്ടാകും, മെച്ചമായി തോറ്റിട്ടുണ്ടാകും. പക്ഷെ, മനസ്സ് ആകാശം പോലെയാണ്. അവിടെ ചില നേരങ്ങളിൽ ഊഷരമായി കാറ്റടിക്കുന്നു. ഒന്നും മുളപൊട്ടു ന്നില്ല, വിളിക്കുന്നുമില്ല. പക്ഷെ, കാലം മാറും, മഴ പെയ്യും, മഞ്ഞു വീഴും. ആകാശത്തിൽ നിന്നു വർഷിക്കുന്നു. പണി ചെയ്തുണ്ടാക്കിയതല്ല, വീണു കിട്ടിയതാണ് എല്ലാം. കിട്ടാത്തതുമുണ്ട്. അനുഗ്രഹവർഷങ്ങൾ ഇല്ലാതായി ട്ടില്ല. കിട്ടിയതൊക്കെ പണിതുണ്ടാക്കിയതാണ് എന്നു പറയാൻ മനസ്സ് അനുവദിക്കുന്നില്ല. എല്ലാം കിട്ടി എന്നു പറയുന്നതാണ് സത്യം.
“ബ്രഹ്മസ്വരൂപൻ ഗുരു കനിഞ്ഞീടികിൽ
ബ്രഹ്മാണ്ഡമൊക്കെയും നിൻ കളിപ്പന്തൽതാൻ.”
ഈ കളിപ്പന്തലിൽ ഞാൻ വന്നതല്ല, വിളിച്ചുണർത്തിയതാണ്. കിട്ടിയ തിന്റെ ഉറവിടം ഏറ്റു പറയുന്നു. അതു ജീവിതസത്യത്തിന്റെ അംഗീകാരം മാത്രം. സ്നാപകയോഹന്നാൻ എല്ലാത്തരം തനിമകളും ഉപേക്ഷിച്ചു പറ ഞ്ഞു, പ്രവാചകനാണ് എന്നുപോലും അംഗീകരിച്ചില്ല. “വിളിച്ചു പറയുന്ന ശബ്ദം” മാത്രം; അതും മണൽക്കാട്ടിൽ. ആ ശബ്ദം അല്പനേരത്തിൽ അലി ഞ്ഞുപോകും. “ഞാൻ ചെയ്തു,” “ഞാൻ പറഞ്ഞു” എന്നതിലെ “ഞാൻ” ഇല്ല എന്നാണ് സ്റ്റെയിനറിന്റെ “Erratta” ശുദ്ധിപത്രം പറയുന്നത് അഹ ത്തിന്റെ മരീചിക. അവന്റെ കളിപ്പന്തലിൽ നടന്ന കളികൾ അവന്റെ വിലാസത്തിന്റെ കേളികളാണ്. എന്റെ ശബ്ദവും അവിടെ അലിഞ്ഞുതീർന്നു.