വിശപ്പ്

hunger
Published on
  • അലക്സ് പള്ളിപ്പറമ്പിൽ, പള്ളിപ്പുറം

പകൽ തന്റെ കരങ്ങൾ നീട്ടി ഇരുളിനെ സ്വാഗതം ചെയ്യുന്ന നേരം. നെഹ്രു പ്ലെയ്സ് ഓഫീസ് കോംപ്ലക്സിലെ കൂറ്റൻ കെട്ടിടങ്ങളിൽ നിന്ന് ജനങ്ങൾ പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. പെട്ടെന്നുണ്ടായ മഴയുടെ ശക്തമായ നീരൊഴുക്കെന്നോണം.

ഡൽഹിയിൽ ഇപ്പോൾ നല്ല കാലാവസ്ഥയാണ്. മിതമായ തണുപ്പും, മിതമായ ചൂടും, ജീവിക്കാൻ സുഖമുള്ളൊരു അന്തരീക്ഷം, നെഹ്രു പ്ലെയ്സിലെ അലച്ചിലും കഴിഞ്ഞു ലാജ്പത് നഗർ എന്ന ഡൽഹിയിലെ ചെറിയ പട്ടണത്തിൽ ബസ്സിറങ്ങി വാച്ചിലേക്കൊന്നു നോക്കി. സമയം വൈകിട്ട് ഏഴര മണി. ജോലി കഴിഞ്ഞു വരുന്നവർ എങ്ങനെയെങ്കിലും പെട്ടെന്ന് വീടെത്താനായി അവരവർക്ക് പോകേണ്ട ബസ്സ് സ്റ്റാന്റിലേക്കു തിടുക്കത്തിൽ നടക്കുകയും ഓടുകയുമൊക്കെ ചെയ്യുന്നുണ്ട്. ഞാനും ആ കൂട്ടത്തിലുണ്ട്.

നല്ല വിശപ്പ്, എങ്കിൽ ഒരു ചായയും സമൂസയും കഴിക്കാമെന്ന് കരുതി, ബസ്സ് സ്റ്റാന്റിന് അടുത്തുള്ള ചെറിയ കോട്ട മതിൽ പോലെ തോന്നിക്കുന്ന പഴകിയ കെട്ടിടത്തിന്റെ ഗേറ്റിനെ ലക്ഷ്യമാക്കി ഞാൻ നടന്നു. ഇതിനകത്ത് അഞ്ചോ, പത്തോ, ചെറിയ ഹോട്ടലുകൾ ഉണ്ട്. ഈ കടകളെ മറക്കാതിരിക്കാൻ ഒരു കാരണവും ഉണ്ട് : സമൂസ എന്ന പലഹാരം ആദ്യമായി കാണുന്നതും ഭക്ഷിക്കുന്നതും ഇവിടെ വച്ചായിരുന്നു 1977-ൽ. ഉരുളക്കിഴങ്ങും സവോളയും ഗ്രീൻപീസും മറ്റു മസാല കൂട്ടുകളും ഉള്ള ഒരു പലഹാരം. രണ്ട് സമൂസയും കടല കറിയും കഴിച്ചാൽ വയറു നിറയും.

ഇങ്ങനെയുള്ള കാര്യങ്ങൾ ആലോചിച്ചു നടക്കുമ്പോഴാണ് ഒരു വൃദ്ധയായ സ്ത്രീ എന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് പറയുന്നത്. എനിക്കു ഫരീദാബാദ് വരെ പോകണം അതിനുള്ള പൈസ തരുമോയെന്ന്. അവർ വളരെ ദയനീയ അവസ്ഥയിലാണ് നിൽക്കുന്നത്. എഴുപത്തഞ്ച് വയസ്സിന് മേലെ പ്രായം തോന്നും. നീണ്ടു മെലിഞ്ഞ് നര ബാധിച്ച മുടിയോടു കൂടിയ, നേരിയ മുഷിവുള്ളതാണെങ്കിലും, വെളുത്ത സാരിയുടുത്ത വിധവയായ സ്ത്രീ. ഏതാണ്ട് എൻ എൻ പിള്ളയെന്ന നാടക ആചാര്യന്റെ സഹോദരിയെ പോലെയിരിക്കും.

ഞാൻ പറഞ്ഞു, ആദ്യം നമുക്കൊരു ചായ കുടിക്കാം. ഞാൻ അവരേയും കൂട്ടി ചായക്കടയിൽ കയറി ഓരോ പ്ലേറ്റ് സമൂസയും കടല കറിയും, ചായയും വാങ്ങി കഴിച്ച് വെളിയിലേക്കിറങ്ങി. ഫരീദാബാദിലേക്കു പോകാനുള്ള പൈസ ഞാൻ അവർക്ക് നേരെ നീട്ടി. അവർ പറഞ്ഞു, മോനെ എനിക്കു പൈസ വേണ്ട, ഞാൻ നിന്നോട് നുണ പറഞ്ഞതാണ്. അവരെന്റെ കൈവിരലുകൾ അമർത്തിക്കൊണ്ടേയിരുന്നു. എന്നിട്ട് പറഞ്ഞു എനിക്ക് വിശന്നിട്ടായിരുന്നു. നീ എനിക്ക് ഭക്ഷണം വാങ്ങി തന്നു. എന്റെ വയറ് നിറഞ്ഞു. ഇനി പൈസ വേണ്ട. എന്റെ വീട് ഇവിടെ അടുത്താണ്. ഞാൻ ഒരു നിമിഷം അങ്ങനെ നിന്നു. എന്നിട്ട് പറഞ്ഞു, സാരമില്ല ഈ പൈസ കൂടി വച്ചു കൊള്ളൂ. അവരോടു യാത്ര പറഞ്ഞുകൊണ്ട് എനിക്ക് പോകേണ്ട ബസ്സ് സ്റ്റാന്റിലേക്കു ഞാൻ നടന്നു.

പതിറ്റാണ്ടുകൾക്കുമുമ്പുള്ള കാര്യമാണെങ്കിലും അതൊരു നോവായി ഇന്നും എന്നെ പിന്തുടരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി ആഫ്രിക്കയിലേയും പലസ്തീനിലേയും ജനങ്ങൾ നെട്ടോട്ടമോടുന്നത് ടെലിവിഷനിലൂടെ നമ്മൾ കാണുന്നതാണ്. അതിന്റെ കാഠിന്യം ഊഹിക്കാവുന്നതുമാണ്.

ഞാൻ ഓർക്കുകയായിരുന്നു. നമ്മുടെ നാട്ടിൽ നമ്മുടെ കൂടെ നടക്കുന്നവരിലും, നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നവരിലും വിശപ്പെന്ന വിപത്തിനെ പേറി നടക്കുന്നവരുണ്ടാകാം. പക്ഷെ അഭിമാനമെന്ന മൂടുപടമണിഞ്ഞ് നമ്മളിൽ ഒരാളായി അവരും ജീവിക്കുന്നു.

ഒരുപക്ഷെ ആ കൂട്ടത്തിൽ ഈ ഞാനും ഉണ്ടാകാം.

logo
Sathyadeepam Online
www.sathyadeepam.org