വൈരം

enmity_thavittu patha 20
Published on

പേടിയായിരുന്നു അയാൾക്ക്, പുലരിയിൽ തെരുവ് വിളക്കുകൾ ഊതിക്കെടുത്താൻ പോലും. അതുവഴി വിളക്കുകളുടെ ജീവൻ കെട്ടുപോവുകയാണെന്ന് അയാൾ കരുതി.

എന്നാൽ അയാളുടെ ആത്മരേഖ ആരംഭിക്കുന്നത് ഇങ്ങനെയാണ്: ഞാൻ പാപത്തിൽ ആയിരിക്കുമ്പോൾ... എന്തായിരിക്കാം അയാളെ ഇപ്പോഴും പൊള്ളിക്കുന്നത്? ചെറുപ്പത്തിൽ അയാൾ യുദ്ധം ചെയ്യാൻ പോയിട്ടുണ്ട്. അതിനെക്കാൾ വലിയ പാപമെന്താണ്. ആ കാലം തന്നെ അങ്ങനെയായിരുന്നു. പകയിലും വെറുപ്പിലും ഉറഞ്ഞ ഒന്ന്. ഒരിക്കൽ അയാൾ തടവിലാക്കപ്പെട്ടു, 1202 ലാണ്, പെറുജിയയെന്ന അതിർത്തിദേശവുമായിട്ടുള്ള യുദ്ധത്തിനിടയിലായിരുന്നു. ഒരാൾക്ക് എഴുന്നേറ്റു നില്ക്കാനാവാത്ത വിധത്തിലുള്ള കുടുസ്സ് മുറിയുടെ ഇരുട്ടിൽ ഒരാണ്ടോളം അയാളുണ്ടായിരുന്നു. അതയാളെ രോഗിയാക്കുകയും ചെയ്തു. സ്വാഭാവികമായിട്ട് അയാൾക്ക് ഒന്നിനോടും അനുഭാവത്തിലാവേണ്ട കാരണമില്ല.

പിന്നീടെപ്പോഴോ അയാൾ സമസ്ത ലോകത്തോടും അനുരഞ്ജനത്തിലായി. എന്നാൽ വൈകാതെ വിഭജിക്കപ്പെടുന്ന ഭവനം എന്ന യേശുപാഠത്തിന്റെ പൊരുൾ പിടുത്തം കിട്ടും.അത് ആദ്യത്തേതിനേക്കാൾ കഠിനമായിരിക്കും. എന്റെ സ്‌നേഹിതന്റെ കൂടാരത്തിൽ വച്ച് ഞാൻ മുറിവേൽക്കപ്പെട്ടു എന്ന സഖറിയായുടെ പുസ്‌തകത്തിലെ സങ്കടം പോലെയാണത്. സ്വന്തം അപ്പനിൽ നിന്ന് തന്നെ അത് ആരംഭിക്കണം. അയാളുടെ ഫാൻസികൾക്ക് നിരക്കാത്ത മകനായിരുന്നു അയാൾ. അമ്മയിട്ട ജോൺ എന്ന പേര് മാറ്റി കുഞ്ഞിനെ ഫ്രാൻസിസ് എന്ന് വിളിച്ചു തുടങ്ങിയതു പോലും അങ്ങനെയാണ്. കുട്ടി പിറന്ന നേരത്ത് അയാൾ സഞ്ചാരത്തിലായിരുന്നു. തനിക്ക് പ്രിയപ്പെട്ട ദേശത്തിന്റെ ഓർമ്മയിലാണ് Francesco എന്ന പേര്. Frenchman / free man എന്നൊക്കെയാണർത്ഥം. കാര്യങ്ങൾ ഇപ്പോൾ അകന്നു പോവുകയാണ്. ബിഷപ്പിന്റെ അരമനയിൽ വച്ചു കാര്യങ്ങൾ ഏതാണ്ട് പൂർണ്ണമായി. അടിയുടുപ്പുകൾ പോലും അപ്പന്റെ കാൽചുവട്ടിൽ വച്ചു അയാൾ തെരുവിലേക്കിറങ്ങിയപ്പോൾ ഇനിയുള്ള കാലമെല്ലാം മകനായിരിക്കും അയാളുടെ സങ്കല്പത്തിലെ ശത്രു. തെരുവിൽ മുഖാമുഖം കാണുമ്പോളൊക്കെ അപ്പനയാളെ കഠിനമായി ശപിക്കും. മനസ്സ് നുറുങ്ങി അയാൾ പാതയോരത്തെ ഒരു യാചകന്റെ മുൻപിൽ മുട്ടിൻമേൽ നിന്നിങ്ങനെ പറയും: എന്റെ അപ്പൻ എന്നെ ശകാരിച്ചു. താങ്കളെന്നെ ആശീർവദിക്കുമോ? പുതിയൊരു സ്നേഹപ്രതിരോധം പകയ്‌ക്കെതിരെ സംഭവിക്കുകയാണ്. പക നിങ്ങളെ നുറുക്കുമ്പോൾ പല മടങ്ങ് മനുഷ്യരിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന അളവില്ലാത്ത സ്നേഹം കൊണ്ട് ഉള്ളൊക്കെ ആശ്വസിപ്പിക്കുക.

സ്വന്തം സന്യാസ സമൂഹത്തിൽ നിന്നും അയാൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും. അയാൾ ശഠിക്കുന്ന ദാരിദ്ര്യമെന്ന പദം കുറേ കൂടി പ്രായോഗിക ബുദ്ധിയുള്ളവരാൽ വിചാരണ ചെയ്യപ്പെടും. വൈകാതെ അതിന്റെ സമ്മർദം താങ്ങാനാവാതെ ഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് അയാൾ വഴി മാറും. ബ്രദർ ഏലിയാസിനെ കണക്ക് പിടിപ്പുള്ള മനുഷ്യർ ഇനി തീരുമാനങ്ങളെടുക്കും.

പക വീട്ടാനുള്ളതല്ലെന്നും പരിഹരിക്കേണ്ടതാണെ ന്നുമുള്ള ബോധം നമ്മൾ പാർക്കുന്ന ഈ നീലഗൃഹത്തെ കുറേക്കൂടി കുലീനമാക്കും. അതുകൊണ്ടാണയാൾ നിരന്തരം പൊറുക്കാൻ പറഞ്ഞു കൊണ്ടിരിക്കുന്നത്.

തനിക്ക് അഭയമേകുമെന്ന് കരുതിയ സഭാഗാത്രവും ആരംഭത്തിൽ അയാളിൽ നിന്ന് അകലം സൂക്ഷിക്കാൻ ശ്രദ്ധിക്കും. അലയുന്ന ഈ ചെറുപ്പക്കാർ പിന്നീട് ഓരോരോ പ്രതിസന്ധികൾക്ക് കാരണമായിത്തീരുമെന്നവർ ഭയന്നു. വാക്കാൽ ദാരിദ്യം പാലിക്കാനുള്ള ഇന്നസെന്റ് മാർപാപ്പയുടെ അനുവാദം പോലും പലയിടങ്ങളിലും അവർക്കിനി സംരക്ഷണമാവില്ല. ഒന്നിനോടും നീരസമില്ലാതെ ജീവിക്കാൻ ശ്രമിച്ച അയാളോട് മനുഷ്യർ പല അളവുകളിൽ ഹൃദയം കഠിനമാക്കി. എന്നിട്ടും അത്യന്തിക വിജയം സ്നേഹത്തിന്റെയായിരിക്കുമെന്ന ധൈര്യത്തിന്റെ മൂലക്കല്ലിലാണ് അയാൾ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും കല്ലുകൾ കെട്ടിയുയർത്താൻ ശ്രമിക്കുന്നത്. മനുഷ്യർക്കത് മനസിലായില്ലെങ്കിലും ഒരു ചെന്നായ്ക്കത് പിടുത്തം കിട്ടും. അങ്ങനെയാണ് സകലരേയും ആക്രമിച്ചുകൊണ്ടിരുന്ന ഒരു ചെന്നായ് അയാളുടെ പാദങ്ങളിൽ ഉരുമി കിടന്നത്. ഫ്രാൻസിസിന്റെ ചിത്രങ്ങളിൽ മിക്കപ്പോഴും കാണുന്ന ഗുബിയോളയിലെ ചെന്നായ് സ്നേഹം കൊണ്ട് മെരുങ്ങുന്ന വൈരത്തിന്റെ പ്രതീകമാണ്. കഠിന ഹൃദയനായ ഒരു കൊള്ളക്കാരന്റെ മാനസാന്തര കഥയുമായി അതിനെ കരുതുന്നവരുമുണ്ട്.

ദീർഘയാത്രയ്ക്കുശേഷം മടങ്ങി വരുമ്പോൾ തന്റെ സമൂഹം തന്നെ തിരിച്ചറിയുന്നില്ല എന്ന് ഒരു പേടി സ്വപ്നം അയാൾക്കുണ്ടായിരുന്നു. ഒരു ശത്രു ഉണ്ടായിരിക്കുക എന്നാൽ ഏകാഗ്രതയും സമഗ്രതയും ഇല്ലാതിരിക്കുക എന്നതല്ലാതെ വേറെ അർഥമൊന്നുമില്ല. ഏതൊരു അർപ്പണത്തിനും ശത്രു ഇല്ലാതിരിക്കുക എന്നതാണ് പ്രധാനം. എവിടെയോ ഒരാൾ നിങ്ങൾക്കെതിരാണെന്നുള്ള തോന്നൽ പോലും ജീവിതത്തിന്റെ അഭംഗികളെ ത്വരിതപ്പെടുത്തും. അവിടെയാണ് ‘എല്ലാത്തിനോടും നിരപ്പിലാകുക, അതിനുശേഷം ബലിയർപ്പിക്കുക’ എന്ന സുവിശേഷ സൂചനയുടെ പൊരുൾ. സ്‌നേഹത്തിനു കാരണങ്ങൾ ഇല്ലാത്തതു പോലെ വെറുപ്പിനും ന്യായങ്ങൾ ആവശ്യമില്ലാത്ത ഭൂമിയാണിത്.

ഒരു ബുദ്ധയ്ക്കു പോലും ഒഴിവാക്കാനാവാത്ത ഗതിയാണത്. ലോകത്തെ ഏറ്റവും കരുണയുള്ള മനുഷ്യനാണ് ജീവിതാന്ത്യത്തോളം ഒരു ശത്രുവിനെ കൊണ്ടുനടക്കേണ്ടിവന്നത്. ചെറുപ്പത്തിലെ ചെറിയ ചെറിയ തർക്കങ്ങൾ കുമിഞ്ഞുകുമിഞ്ഞ് അയാളുടെ അൻപിന്റെ ജാലകങ്ങൾ അടഞ്ഞിരുന്നു. ബുദ്ധയെ കൊലപ്പെടുത്താൻ അയാൾ നിശ്ചയം ചെയ്തിടത്തോളം കാര്യങ്ങളെത്തി. അങ്ങനെ ആചാര്യനെ വധിക്കാൻ ദേവദത്തൻ മല്ലന്മാരെ ഏർപ്പെടുത്തി. പക്ഷേ, ബുദ്ധയുടെ മുൻപിലെത്തിയ അവർ അവന്റെ അനുഭാവത്തിൽ മയങ്ങിപ്പോയി. (ഒരു ചെറിയ ജംപ് കട്ടിൽ, തോട്ടത്തിലെത്തിയ സായുധരായ പട്ടാളക്കാർ ‘അതു ഞാനാണെ’ന്ന യേശുമൊഴിയിൽ മോഹാലസ്യപ്പെട്ടത്.‌) പിന്നെ ഉയരങ്ങളിൽ നിന്ന് ഒരു കല്ലുരുട്ടി വീഴ്ത്തുകയായിരുന്നു. അതും വഴിമാറി. ഒടുവിൽ നളഗിരി എന്ന അപകടകാരിയായ ഒരാനയെ ലഹരി പിടിപ്പിച്ച് ആ കൃശഗാത്രനിലേക്ക് നയിച്ചു. അതാവട്ടെ, ഒന്നു ചിന്നം മുഴക്കി പാദാരവിന്ദങ്ങളിൽ ഭജനയിരുന്നു. പകയുടെ മീതെ കരുണ നേടുന്ന ആത്യന്തികവിജയത്തിന്റെ നാൾവഴിയായി ഇവയെ എണ്ണാവുന്നതാണ്.

അജ്ഞതയിൽ നിന്നാണ് വെറുപ്പുണ്ടാകുന്നതെന്നു തന്നെയാണ് ബുദ്ധ കരുതിയത്. ഓരോരോ കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യചരടുണ്ടെന്ന ധാരണയില്ലാതെ പോകുന്നതുകൊണ്ടാണത്. ജീവന്റെ ചാരുതയെ ഹനിക്കുന്ന മൂന്നു തരം വിഷയങ്ങളിൽ ഒന്നായിട്ടാണ് അതെണ്ണുന്നത്. മറ്റു രണ്ടെണ്ണം അവിദ്യയും ആർത്തിയുമാണ്. ഭാവചക്രത്തിൽ - Wheel of Life - അതിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. നാഗം വിദ്വേഷത്തിന്റെയും സുകരം അവിദ്യയുടെയും കുക്കുടം ആർത്തിയുടെയും ബിംബങ്ങളാണ് അതിൽ. അവിദ്യയെ ജ്ഞാനം കൊണ്ടും ആർത്തിയെ ഔദാര്യം കൊണ്ടും ദ്വേഷത്തെ അൻപു കൊണ്ടുമാണ് ഒരാൾ നേരിടേണ്ടത്.

The forgiveness project അങ്ങനെയാണ് പുതുകാലത്തിന് പ്രിയപ്പെട്ട പദമായി മാറുന്നത്. അനുരഞ്ജനത്തിനുള്ള സാധ്യതകൾ എല്ലാ ജീവജാലങ്ങളിലുമുണ്ട്. അതിന്റെ ഉറവകൾ ഓരോരുത്തരുടെയും ഉള്ളിൽ അഗാധമായി ഭൂമിയ്ക്കടിയിലെ നദിയിലെന്ന പോലെ മറഞ്ഞുകിടപ്പുണ്ടാവും.ആരെങ്കിലുമൊക്കെ അതിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തേ പറ്റൂ. Forgiveness project എന്ന രാഷ്ട്രീയ- മതാതീത ആഭിമുഖ്യം 2004 ൽ ആരംഭിക്കുമ്പോൾ അതിന്റെ പിന്നണിയിലുള്ളവർ സങ്കല്പിച്ചത് ആ സുകൃതത്തെ ലോകമെമ്പാടും വിളിച്ചുണർത്തുകയായിരുന്നു. ഒരു പ്രധാന ടൂളായി അവർക്ക് അനുഭവപ്പെട്ടത് കഠിന ദുര്യോഗങ്ങളിലൂടെ കടന്നുപോയ മനുഷ്യർ അതിന് കാരണമായ വ്യക്തികളോടോ, സംഭവങ്ങളോടോ ഉപാധികളില്ലാതെ പൊറുത്തതിന്റെ കഥകൾ കേൾക്കാനും പറയാനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചതാണ്. നിരന്തരമായ അത്തരം കേൾവികൾ കാലാന്തരേ ഉണ്ടാക്കുന്ന പ്രകാശം സങ്കല്പാതീതമാണ്. ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് Marina Cantacuzino ഇത്തരം കഥകൾ ശേഖരിച്ച് തുടങ്ങുന്നത്.

പതിമൂന്നാം നൂറ്റാണ്ടിൽ നിന്നുള്ള forgiveness project ആയിട്ടാണ് ഫ്രാൻസ്സിസിന്റെ കഥകൾ ഇപ്പോൾ അനുഭവപ്പെടുന്നത്. അയാളെ കേന്ദ്രബിന്ദുവാക്കിയുള്ള എല്ലാ കഥകളിലും മറഞ്ഞും തെളിഞ്ഞും സമവായത്തിന്റെയും സൗഹൃദത്തിന്റെയും അനുദിനഭാഷയാണ്. അവസാനത്തോളം അതങ്ങനെ തന്നെയായിരുന്നു. സൂര്യകീർത്തനത്തിന്റെ കഥയോർക്കൂ. ഒടുവിലത്തെ വരികൾ പിന്നീടതിൽ തുന്നി ചേർത്തതാണ്. ദേശത്തിന്റെ മേയറും ബിഷപ്പും തമ്മിൽ വിദ്വേഷത്തോളമെത്തുന്ന അകൽച്ചയിലായിരിക്കുമ്പോൾ അവരുടെ മുൻപിൽ അത് പാടാനായി തന്റെ സന്യാസികളെ അയാളയച്ചു: ‘അങ്ങയോടുള്ള പ്രേമത്താൽ പൊറുക്കുന്ന മനുഷ്യരെയൊർത്തും ഞങ്ങളങ്ങയെ വാഴ്ത്തുന്നു’ (Be Praised, my Lord, through those who forgive for love of You) ആ രണ്ടുപേർക്കിടയിലെ ഗാഡാലിംഗനത്തിലാണ് സ്.ത്രോത്രഗീതം അവസാനിച്ചത്.

ഉപാധിയില്ലാതെ പൊറുക്കപ്പെട്ടതിന്റെ ഒരോർമ്മ വായനക്കാരുടെ ഉള്ളിലുമുണ്ടാകും. അസാധാരണമായ രൂപാന്തരസാധ്യതയുള്ള അത്തരം ഒരു കഥ അത്താഴത്തിനിടയിൽ കുഞ്ഞുമക്കളോട് പറയാനാവുമോ എന്നതാണ് ഈ ഓർമ്മയുടെ ഗൃഹപാഠം. പക വീട്ടാനുള്ളതല്ലെന്നും പരിഹരിക്കേണ്ടതാണെന്നുമുള്ള ബോധം നമ്മൾ പാർക്കുന്ന ഈ നീലഗൃഹത്തെ കുറേക്കൂടി കുലീനമാക്കും. അതുകൊണ്ടാണയാൾ നിരന്തരം പൊറുക്കാൻ പറഞ്ഞു കൊണ്ടിരിക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org