മനുഷ്യർ തീരെ ചെറിയ തടിക്കഷണത്തിൽ പോലും ജീവിതരക്ഷ ഉറപ്പിച്ച് തിരകളിലൂടെ ചങ്ങാടത്തിൽ സുരക്ഷിതരായി കരയ്ക്കടുക്കുന്നു.ജ്ഞാനം 14:5
സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങളിൽ സംബന്ധിച്ചു. ‘സത്യദീപം : ചരിത്രം, വർത്തമാനം’ എന്ന പേരിലുള്ള സംവാദവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനവും സത്യദീപം - കർദിനാൾ ജോസഫ് പാറേക്കാട്ടിൽ പുരസ്‌കാരസമർപ്പണവും സ്‌നേഹവിരുന്നും ഉൾപ്പെട്ടതായിരുന്നു ആഘോഷങ്ങൾ. സത്യദീപത്തിന്റെ സാരഥികളായിരുന്ന വൈദികരും വിഖ്യാതരായ എഴുത്തുകാരും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള സത്യദീപത്തിന്റെ സ്‌നേഹിതരും ഒത്തുചേർന്ന സാംസ്‌കാരിക സന്ധ്യ പ്രൗഢവും അവിസ്മരണീയവുമായി. സംവാദത്തിലും സമ്മേളനത്തിലുമായി വേദിയിലെത്തിയ ഏതാണ്ടെല്ലാവരും സത്യദീപത്തിന് നാന്ദി കുറിച്ച ഭാഗ്യസ്മരണാർഹനായ ജോസഫ് പഞ്ഞിക്കാരനച്ചന്റെ ‘സത്യം’, ‘ദീപം’ എന്ന പേരുകളുള്ള ബോട്ടുകളെപ്പറ്റി പരാമർശിച്ചു. അത് സ്വാഭാവികമാണ്. എന്നാൽ, തന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകൾ വിറ്റ് അച്ചൻ സത്യദീപം ആരംഭിച്ചു എന്നതിനോളം പ്രാധാന്യമുണ്ട് ആ ബോട്ടുകൾക്ക് സത്യം, ദീപം എന്ന പേരുകൾ ലഭിച്ചു എന്നതിന്. ഒരർത്ഥത്തിൽ, ബോട്ടുകൾക്ക് ആ പേരുകൾ ലഭിച്ചപ്പോൾത്തന്നെ സത്യദീപം അച്ചടിച്ചു തുടങ്ങിയിരുന്നു! അസ്‌തിത്വത്തിനു മുമ്പേ സത്ത - essence preceeds existence എന്നതാണല്ലോ തത്വം. വെറുതെ മീൻപിടിക്കാൻ മാത്രമായിരുന്നില്ല; ചരിത്രപരവും ദൈവികവുമായ ഒരു നിയോഗവുമായാണ് ആ നൗകകൾ തിരകൾ മുറിച്ച് പാഞ്ഞത്. ആ നാമകരണം എത്ര സർഗാത്മകവും സുന്ദരവുമായിരുന്നു എന്നതും സത്യദീപത്തിന്റെ ശതാബ്ദി ഓർമ്മിപ്പിക്കുന്നുണ്ട്.
സത്യം, സത്യനിഷ്ഠ, സത്യബോധം എന്നതെല്ലാം അപകടകരമായ സംഗതികളാണ്. സത്യശാലികൾ, അവരെപ്പോലെയുള്ളവർക്കല്ലാതെ മറ്റാർക്കും അത്രമേൽ പ്രിയങ്കരരാകാറില്ല. അവർക്ക് എന്നും ശരശയ്യയാണ്. മറ്റു ശരങ്ങളിൽ നിന്ന് വിഭിന്നമായി സത്യമെന്ന ശരത്തിന്റെ കാര്യത്തിൽ, കൊള്ളുന്നവർക്കല്ല ശരം തൊടുക്കുന്നവർ ക്കാണ് കൂടുതൽ മുറിവേൽക്കുന്നത്! അവർക്കെതിരെ സത്യത്തെ വെറുക്കുന്നവർ സംഘടിക്കും. സത്യദീപത്തിന്റെ കാര്യവും വിഭിന്നമല്ല. മുറിവേൽക്കുമെന്നറിഞ്ഞിട്ടും അത് സത്യശരം തൊടുത്തുകൊണ്ടേയിരിക്കുന്നു. കാരണം അതിനെ നയിക്കുന്നത് വിപണിയുടെ നിയമമായ ലാഭമല്ല; സ്വർഗത്തിന്റെ നിയമമായ സത്യമാണ്. പത്രം കത്തിച്ചാൽ സത്യം കത്തിക്കാമെന്ന് കരുതുന്ന മൂഢരുണ്ട്. സത്യത്തെ ചാമ്പലാക്കാൻ ഒരഗ്നിക്കും കഴിയില്ലെന്ന് അറിയാത്ത പാവങ്ങൾ!
മനസ്‌കാരവചനം നൗകകളെക്കുറിച്ചാണ്. തടിക്കഷണം , ചങ്ങാടം, വഞ്ചി, ബോട്ട്, കപ്പൽ, യാനം എന്നിങ്ങനെ പേരുകൾ വ്യത്യസ്തമെങ്കിലും എല്ലാം തിരകൾ മുറിച്ച് കടൽ താണ്ടാനുള്ള ഉപാധികളാണ്. അതുപോലെ, മഹത്വമുള്ള മനുഷ്യരും മഹത്തായ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളു മെല്ലാം നൗകകളാണ്. അവയെല്ലാം അതതു കാലത്തെ മനുഷ്യരെ സുരക്ഷിതരായി മറുകര എത്തിക്കുന്നു. മഹാത്മാ ഗാന്ധി ഒരു നൗകയായിരുന്നു. ആ നൗകയുടെ അണിയിലും അമരത്തും നിരന്ന് പോരാടിയാണ് ഒരു ജനത സൂര്യനസ്തമി ക്കാത്ത ഒരു സാമ്രാജ്യത്തെ കടലിൽ താഴ്ത്തിയത്. മാർട്ടിൻ ലൂഥറും നെൽസൺ മണ്ടേലയും നൗകകളായിരുന്നു. ആ നൗകകളുടെ സഹായത്താലാണ് ജനതകൾ അടിമത്തത്തിനും വർണ്ണവെറിക്കുംമേൽ വെന്നിക്കൊടി പാറിച്ചത്. ഫ്രാൻസിസ് അസ്സീസിയും ഇഗ്നേഷ്യസ് ലെയോളയും കൊച്ചുത്രേസ്യയും ജോൺ മരിയ വിയാനിയും മദർ തെരേസയുമെല്ലാം നൗകകളായിരുന്നു.
അവരുടെ വിശുദ്ധിയും ദൈവാനുരാഗവും ഇന്നും അനേകരെ മറുകര താണ്ടാൻ തുണയ്ക്കുന്നു. മഹാന്മാരായ മാർപാപ്പമാരെല്ലാം നൗകകളായിരുന്നു. അവരുടെ മഹത്വത്തിന്റെ തുഴയെറിഞ്ഞാണ് സഭയും ലോകവും അക്കരയ്ക്ക് മുന്നേറിയത്. എഴുത്തുകാരും ചിന്തകരും ആത്മീയാചാര്യരും അധികാരികളുമെല്ലാം നൗകകളാകേണ്ടവരാണ്. അവരുടെ വെളിച്ചമുള്ള ചിന്തകളും കരുണയുള്ള വാക്കുകളും സ്‌നേഹമുള്ള കർമ്മങ്ങളുമാണ് ഏതു ‘കള്ളക്കടലും’ താണ്ടാൻ മനുഷ്യരെ സഹായിക്കുന്നത്. നിർഭാഗ്യവശാൽ നമ്മുടെ കാലത്തെ സഭയും രാഷ്ട്രവും കടുത്ത നൗകാദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. സത്യത്തോടു സ്‌നേഹവും സ്‌നേഹത്തിൽ സത്യവുമുള്ളവർ നേതൃതലങ്ങളിൽ എത്താതിരിക്കുന്നതാകാം കാരണം. ഭരമേല്പിക്കപ്പെട്ട സർവ്വരെയും സുരക്ഷിതരായി മറുകര എത്തിക്കുന്ന സത്യനിഷ്‌ഠരും സ്‌നേഹശാലികളുമായ മനുഷ്യയാനങ്ങളെയാണ് കുടുംബങ്ങളും സ്‌ഥാപനങ്ങളും സഭയും രാഷ്‌ട്രവുമെല്ലാം ഉൽക്കടമായ ദാഹത്തോടെ കാത്തിരിക്കുന്നത്.