

ഡോ. നെൽസൺ തോമസ്
ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഫ്രാൻസിലെ ലൂർദ്ദ് ദേവാലയത്തിലാണ്. അവിടെ അവ സ്ഥിരീകരിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡുണ്ട്. ലൂർദ്ദ് മെഡിക്കൽ ബ്യൂറോ എന്നാണ് ഇതിന്റെ പേര്. 1858 ലാണ് ലൂർദ്ദിലെ ദർശനങ്ങൾ നടക്കുന്നത്. അവിടെ നടക്കുന്ന രോഗശാന്തികൾ ശാസ്ത്രീയമായി പരിശോധിക്കാൻ 1883 ൽ ഡോക്ടർ ജോർജ്ജ് ഫെർണാണ്ട് ഡ്യൂനോയുടെ നേതൃത്വത്തിലാണ് ഈ ബ്യൂറോ ഔദ്യോഗികമായി രൂപീകരിക്കുന്നത്. അന്നു മുതൽ ഇന്നുവരെ ഏഴായിരത്തിലധികം അത്ഭുത രോഗശാന്തികൾ ഈ ബ്യൂറോയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. എന്നാൽ കർശനമായ ശാസ്ത്രീയ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം സഭ ഔദ്യോഗികമായി അത്ഭുതമെന്ന് അംഗീകരിച്ചത് വെറും 72 എണ്ണം മാത്രമാണ്. അതായത്, അത്ഭുതങ്ങൾ എന്ന് കൊട്ടിഘോഷിക്കുന്ന, അല്ലെങ്കിൽ അത്ഭുതങ്ങൾ എന്ന് രോഗിക്ക് തോന്നിക്കുന്ന കാര്യങ്ങളിൽ 99 ശതമാനത്തിലധികവും യാഥാർത്ഥത്തിൽ ശാസ്ത്രത്തിന് അതീതമായ സൂപ്പർ നാച്ചുറൽ അത്ഭുതങ്ങളല്ല എന്ന സാരം.
ലൂർദ്ദിലെ അവസ്ഥ ഇങ്ങനെയാണെങ്കിൽ നമ്മുടെ ധ്യാനകേന്ദ്രങ്ങളിലെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാണെന്ന് കരുതേണ്ടിവരും. അത്ഭുതങ്ങളുടെ പുറകെ പോകുന്നതല്ല കത്തോലിക്കാ വിശ്വാസം. സകല കാര്യങ്ങളെയും ‘അത്ഭുതങ്ങൾ’ എന്ന് കൊട്ടിഘോഷിക്കുന്നത് യഥാർത്ഥത്തിൽ ക്രിസ്തുമതത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.
ശാസ്ത്രീയമായി പറഞ്ഞാൽ, മൂന്നോ നാലോ ദിവസത്തെ ധ്യാനം വലിയൊരു വൈകാരിക വിസ്ഫോടനമാണ്. പാട്ടും പ്രാർത്ഥനയും കരച്ചിലുമൊക്കെയായി തീവ്രമായൊരു വൈകാരിക അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ മനുഷ്യന്റെ തലച്ചോർ വൻതോതിൽ എൻഡോർഫിനുകളും അഡ്രിനാലിനും ഉത്പാദിപ്പിക്കും. ശരീരത്തിന്റെ ഏറ്റവും ശക്തമായ സ്വാഭാവിക പെയിൻ കില്ലറുകളാണിവ. വർഷങ്ങളായി അലട്ടുന്ന സന്ധിവേദനയോ ഡിസ്ക് പ്രോബ്ലമോ ഉള്ളവർക്ക് ഈ കെമിക്കലുകളുടെ കുത്തൊഴുക്കിൽ പെട്ടെന്ന് വേദനയങ്ങ് ഇല്ലാതാകും. അതാണ് ഈ പറയുന്ന തോന്നലുകളുടെ പിന്നിലെ പ്രധാന കാരണം. അല്ലാതെ തേയ്മാനം വന്ന സന്ധികളോ തകരാറിലായ ഞരമ്പുകളോ നാലു ദിവസം കൊണ്ട് പൂർണ്ണമായി ഭേദമാവുകയല്ല.
മിക്ക രോഗശാന്തി ധ്യാനശുശ്രൂഷ കേന്ദ്രങ്ങളിലും ധ്യാനം തീരാറാകുമ്പോൾ സ്റ്റേജിന്റെ ഒരു വശത്ത് കൂട്ടിയിടുന്ന ബെൽറ്റുകളും വോക്കറുകളും കണ്ടാൽ അമ്പരന്നു പോകും. എന്നാൽ വീട്ടിലെത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ തലച്ചോറിലെ ഈ കെമിക്കൽ ഇഫക്ട് സാവധാനം തീരും. അതോടെ സ്വാഭാവികമായും വേദന തിരികെ വരികയും പലർക്കും വീണ്ടും ചികിത്സ തേടേണ്ടി വരികയും ചെയ്യും. പൂർണ്ണമായി അസുഖം ഭേദമായി എന്ന തോന്നലിൽ മരുന്നുകൾ പെട്ടെന്ന് ഉപേക്ഷിക്കുന്നത് രോഗാവസ്ഥ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ.
ഈ താൽക്കാലിക ആശ്വാസം മാറുമ്പോൾ സംഭവിക്കുന്ന മറ്റൊരു വലിയ ദുരന്തമുണ്ട്. ദിവസങ്ങൾക്ക് ശേഷം ഭേദപ്പെട്ടെന്ന് കരുതിയ അസുഖം തിരികെ വരുമ്പോൾ തനിക്ക് വിശ്വാസം കുറവായതുകൊണ്ടാണ് അസുഖം വീണ്ടും വന്നതെന്ന് പാവം രോഗികൾ ചിന്തിക്കാൻ തുടങ്ങും. സ്വർഗ്ഗം തന്നെ കൈവിട്ടു എന്ന തെറ്റിദ്ധാരണ അവരെ കടുത്ത നിരാശയിലേക്കും ആത്മീയ തകർച്ചയിലേക്കും നയിക്കാം. യഥാർത്ഥത്തിൽ, വിശ്വാസക്കുറവുകൊണ്ടല്ല ശരീരത്തിലെ കെമിക്കൽ ഇഫക്ട് തീർന്നതുകൊണ്ടാണ് വേദന തിരികെ വന്നതെന്ന് അവർ തിരിച്ചറിയുന്നില്ല. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ ശാരീരിക മാറ്റങ്ങളെ അത്ഭുതങ്ങളായി ചിത്രീകരിക്കുന്നത് രോഗികൾക്ക് ശാരീരികമായി മാത്രമല്ല, ആത്മീയമായും വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്.
ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത് കൃത്യമായ പ്രകൃതി നിയമങ്ങളിലൂടെയാണ്. ആ നിയമങ്ങളെ ഓരോ നിമിഷവും ലംഘിച്ചുകൊണ്ട് ദൈവംതന്നെ പ്രവർത്തിക്കുമെന്ന് കരുതാനാകില്ല. അസുഖം വരുമ്പോൾ മരുന്ന് കഴിക്കാനും കൃത്യമായ ചികിത്സ തേടാനുമാണ് ദൈവം മനുഷ്യന് ബുദ്ധിയും അറിവും നൽകിയിരിക്കുന്നത്.
ക്രിസ്തുവിലൂടെ ദൈവീക വെളിപാട് പൂർണ്ണമായിക്കഴിഞ്ഞു. ഇനി പുതിയതായി എന്തെങ്കിലും അത്ഭുതം കാണിച്ച് ലോകത്തെ ബോധ്യപ്പെടുത്താൻ ബാക്കിയൊന്നുമില്ല. ദൈവം തന്ന ആ വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കുക എന്നതാണ് യഥാർത്ഥ വിശ്വാസം. പ്രാർത്ഥനയിലൂടെ ലഭിക്കുന്ന മാനസിക ശാന്തി മനുഷ്യന്റെ ചികിത്സാ പ്രക്രിയയ്ക്ക് കരുത്തേകുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ പ്രാർത്ഥന എന്നത് വൈദ്യശാസ്ത്രത്തിന് പകരമുള്ള കുറുക്കുവഴിയാകരുത്.