
ദൈവം ആദ്യം സൃഷ്ടിച്ചത് മാലാഖമാരെയാണെന്നാണ് സഭ പഠിപ്പിക്കുന്നത്. ബാഹ്യരൂപമില്ലാത്ത അവരെ ചിറകുകളോടുകൂടിയാണ് ചിത്രീകരിക്കുന്നതെങ്കിലും, അവര്‍ അരൂപികളാണ്. മനുഷ്യരെക്കാള്‍ ഒരുപടികൂടി ഉയരത്തിലുമാണ്. ഹെബ്രായര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ പറയുന്നത് ക്രിസ്തു മാലാഖമാരെക്കാളെല്ലാം ശ്രേഷ്ഠനാണ് എന്നാണ്. അവരെല്ലാം അവനു ശുശ്രൂഷ ചെയ്യുന്നു. 'രക്ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്കു ശുശ്രൂഷ ചെയ്യുവാന്‍ അയയ്ക്കപ്പെട്ട, സേവനം ചെയ്യാന്‍ മാത്രമുള്ള ആത്മാക്കളാണ് അവരെന്നതാണ് സത്യം" (ഹീബ്രു 1:14).
ഒരു കാര്യം വ്യക്തമാണ്. കാവല്‍മാലാഖമാരെപ്പറ്റിയുള്ള സങ്കല്പം സഭ പരമ്പരാഗതമായി പഠിപ്പിക്കുന്നുണ്ടെങ്കിലും, അത് നിര്‍ബന്ധമായും വിശ്വസിപ്പിച്ചിരിക്കേണ്ട ഒരു വിശ്വാസസത്യമല്ല. എങ്കിലും, വിശ്വാസത്തെപ്പറ്റിയുള്ള പഠനങ്ങളില്‍ അവയ്ക്കുള്ള പ്രാധാന്യം തള്ളിക്കളയാനാവില്ല. വിശുദ്ധഗ്രന്ഥത്തിലും സഭാപിതാക്കന്മാരുടെ രചനകളിലും നിന്ന് മാലാഖമാരുടെ പ്രാധാന്യം വ്യക്തമാണ്. ഈശോ തന്നെ ഒരിക്കല്‍ പറഞ്ഞു: "ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു" (മത്താ. 18:10).
മാലാഖ (Angel) എന്ന വാക്ക് "aggelos" എന്ന ഗ്രീക്കുപദത്തില്‍ നിന്നു വന്നതാണ്. "malakh" എന്ന ഹീബ്രു പദമാണ് അതിന് ആധാരം; "സന്ദേശവാഹകന്‍" എന്ന് അര്‍ത്ഥം. അതായത്, മാലാഖമാര്‍ ദൂതന്മാരാണ്. സങ്കീര്‍ത്തകന്‍ പറയുന്നു: "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോടു കല്‍പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും" (സങ്കീ. 91:11-12).
വി. ജറോം എഴുതുന്നു: "ആത്മാവ് എത്രയോ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു; ജനനം മുതല്‍ ഓരോരുത്തര്‍ക്കും സംരക്ഷകനായി ഒരു കാവല്‍ദൂതനെയും നല്‍കിയിരിക്കുന്നു." കത്തോലിക്കാ ദൈവശാസ്ത്രത്തില്‍ ഈ കാവല്‍ദൂതന്റെ പ്രാധാന്യം വളരെ വ്യക്തമാണ്. മനുഷ്യബുദ്ധിക്ക് പ്രകാശം നല്‍കി, സംരക്ഷിക്കുകയും നയിക്കുകയും അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു ദൂതന്‍ കൂടെ എപ്പോഴുമുണ്ടെന്ന സങ്കല്പം വളരെ ഹൃദ്യമാണ്. കാവല്‍ദൂതന്‍ ദൈവത്തിന്റെ ആഗ്രഹം നമ്മിലെത്തിക്കുന്ന സന്ദേശവാഹകനാണ്. പ്രചോദനം നല്‍കി അവന്‍ നമ്മുടെ ബുദ്ധിയെ സജീവമാക്കുന്നു. വിശ്വാസസത്യങ്ങള്‍ സ്വീകരിക്കാന്‍ പാകത്തില്‍ സജ്ജമാക്കുന്നു. ദൈവത്തിന്റെ നന്മകള്‍ നമ്മിലെത്തിക്കുന്ന ഒരു മാദ്ധ്യമമെന്ന നിലയില്‍, പൈശാചികമായ എല്ലാ തിന്മകളില്‍നിന്നും അവന്‍ നമ്മെ സംരക്ഷിക്കുന്നു. മുഖ്യമായും പാപം എന്ന തിന്മയിലും പിശാചിന്റെ പ്രലോഭനങ്ങളിലും വീഴാതിരിക്കാന്‍ അവന്‍ നമ്മെ സഹായിക്കുന്നു. ആത്മാവിനു മാരകമായ ക്ഷതമേല്‍ക്കാതിരിക്കാന്‍ ആവശ്യമായ ശാരീരിക സംരക്ഷണവും അവന്‍ നല്‍കുന്നു.
നമ്മെപ്പറ്റിയുള്ള ദൈവത്തിന്റെ പദ്ധതി കണ്ടെത്തുവാന്‍ നമ്മെ സഹായിക്കുന്നതും നമ്മുടെ കാവല്‍ദൂതനാണ്. ഓരോ വീഴ്ചയിലും നമ്മെ കൈപിടിച്ചുയര്‍ത്തി അവന്‍ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പറുദീസായിലേക്കുള്ള നമ്മുടെ പ്രയാണം ദിക്കുതെറ്റാതെ നയിക്കുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരി, ഭൂമിയിലെ നമ്മുടെ തീര്‍ത്ഥാടനത്തില്‍ സഹയാത്രികനും സംരക്ഷകനുമായി നിന്നുകൊണ്ട്, ജീവിത കാലം മുഴുവന്‍, മരണംവരെ, നമ്മുടെ ആവശ്യങ്ങള്‍ ദൈവതിരുമുമ്പില്‍ അവതരിപ്പിക്കുന്നതും നമ്മുടെ കാവല്‍ മാലാഖയാണ്.
എപ്പോഴും നമ്മോടൊപ്പമുള്ള, സംരക്ഷകനും സഹായിയുമായ കാവല്‍ മാലാഖ എന്ന സങ്കല്പം പ്രത്യാശയോടെ മുമ്പോട്ടു പോകാനുള്ള ഒരു പ്രേരണയാണ്. ഒരിക്കലും നാം ഒറ്റയ്ക്കല്ല എന്ന വിചാരം തന്നെ ആശ്വാസപ്രദമാണ്.
പതിനാറാം നൂറ്റാണ്ടിലാണ് യൂറോപ്പില്‍ കാവല്‍ മാലാഖമാരെ അനുസ്മരിക്കുന്ന തിരുനാളാഘോഷം തുടങ്ങിയത്. 1608-ല്‍ അതിന് സാര്‍വ്വത്രികസഭയില്‍ അംഗീകാരം ലഭിച്ചു. പോപ്പ് ക്ലമന്റ് പത്താമന്‍ ഒക്‌ടോബര്‍ 2 കാവല്‍ മാലാഖമാരുടെ തിരുനാള്‍ ദിനമായി 1670-ല്‍ പ്രഖ്യാപിച്ചു.