വചനമനസ്‌കാരം: No.236

vachana manaskaram 236 - 2 corinthians 5:15
Published on: 

ജീവിക്കുന്നവർ ഇനിയും തങ്ങൾക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിർക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവർക്കുംവേണ്ടി മരിച്ചത്.

2 കോറിന്തോസ് 5:15

(1)

‘ആ കാണുന്നത് ആരാണ് ?’

‘എവിടെ ?’

‘ആ ചുവരിൽ കാണുന്നത് ആരെയാണ് ?’

‘ഈശോ അപ്പച്ചൻ !’

‘ഈശോ അപ്പച്ചനോ ? അതു കൊള്ളാമല്ലോ. ഈശോയെ മോൾ ഈശോ അപ്പച്ചൻ എന്ന് വിളിച്ചാൽ ഈശോ, അപ്പച്ചൻ എന്ന് വിളിച്ച ആളെ കുഞ്ഞ് എന്ത് വിളിക്കും ?’

‘അറിയില്ല’ (ചിരിക്കുന്നു)

‘ശരി. ഈശോ അപ്പച്ചൻ കുഞ്ഞിനുവേണ്ടി എന്താണ് ചെയ്തത് ?’

‘ഈശോ അപ്പച്ചനാണല്ലോ നമുക്ക് ഫുഡ് തരുന്നത് !’

‘നല്ല ഉത്തരമാണല്ലോ. വേറെ എന്താണ് ?’

‘ഈശോ അപ്പച്ചനാണ് നമുക്ക് എല്ലാം തരുന്നത് !’

‘കൊള്ളാം. മിടുക്കി. മോൾ ഈശോ അപ്പച്ചൻ എന്ന് തന്നെ വിളിച്ചോളൂട്ടോ. കുട്ടികൾ എന്ത് വിളിക്കുന്നതും ഈശോ അപ്പച്ചന് ഇഷ്‌ടമായിരിക്കും. കാരണം ഈശോ അപ്പച്ചന് ഏറ്റവും ഇഷ്ടം ഇതു പോലെയുള്ള കുഞ്ഞുങ്ങളെയാണ്. തന്നെയുമല്ല, താനും തന്റെ അപ്പച്ചനും ഒന്നാണെന്നും തന്നെ കാണുന്നവൻ തന്റെ അപ്പച്ചനെ കാണുന്നു എന്നും ഈശോ അപ്പച്ചൻ പറഞ്ഞിട്ടുമുണ്ട്. ഈശോ അപ്പച്ചൻ മോളെ അനുഗ്രഹിക്കട്ടെ.’

(2)

‘പുറകിൽ നിൽക്കുന്നത് ആരാണ് ?’

(തിരിഞ്ഞു നോക്കിയ ശേഷം) ‘ആരുമില്ലല്ലോ.’

‘അല്ല ! പുറകിലെ ചുവരിൽ കാണുന്നത് ആരാണ് ?’

‘ഈശോ’

‘ഈശോ കുട്ടിക്കു വേണ്ടി എന്താണ് ചെയ്തത് ?’

‘ഇവിടെ വരെ എത്താൻ സഹായിച്ചത് ഈശോ ആണ് !’

‘നല്ല ഉത്തരമാണ്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ?’

‘പപ്പയെയും അമ്മയെയും ചേട്ടായിയെയും എന്നെയും പരിപാലിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് ഈശോയാണ്.’

‘അതും നല്ല ഉത്തരമാണ്. കുറച്ചു കൂടി ആഴമായി പറഞ്ഞാൽ ?’

‘എനിക്കുവേണ്ടി കുരിശിൽ മരിച്ച് എന്നെ രക്ഷിച്ചത് ഈശോയാണ് !’

‘മിടുക്കി. ഈ ഉത്തരത്തിനുവേണ്ടിയായിരുന്നു ചോദ്യം ആവർത്തിച്ചത്. ദൈവം നമുക്കുവേണ്ടി പലതും ചെയ്യുന്നുണ്ട്. എന്നാൽ, ദൈവം നമുക്കുവേണ്ടി ചെയ്ത ഏറ്റവും മഹനീയവും നിർണ്ണായകവുമായ കാര്യം കുരിശിൽ മരിച്ച് നമ്മെ രക്ഷിച്ചു എന്നതാണ്. ആ ബോധ്യം ലഭിക്കാനാണ് നമ്മുടെ ഈ സംവിധാനങ്ങൾ മുഴുവനും പ്രവർത്തിക്കുന്നത്. പന്ത്രണ്ട് കൊല്ലത്തെ വിശ്വാസപരിശീലനത്തിന്റെയും സഭാത്മക ജീവിതത്തിന്റെയുമെല്ലാം ആത്യന്തിക ലക്ഷ്യവും അതാണ്. ആ ബോധ്യത്തിൽ ജീവിക്കാൻ ഈശോ അനുഗ്രഹിക്കട്ടെ.’

ഓഫീസ് മുറിയിലെ വാതിലിനടുത്ത ഭിത്തിയിൽ എപ്പോഴും കാണാവുന്ന വിധത്തിൽ ഒരു ക്രൂശിതരൂപം ഉറപ്പിച്ചിട്ടുണ്ട്. നൊമ്പരങ്ങൾക്കും നെടുവീർപ്പുകൾക്കുമെല്ലാം മൂകസാക്ഷി ആ രൂപമാണ്. അല്ല; ക്രൂശിതൻ ഒരിക്കലും മൂകസാക്ഷിയല്ല. ചേതനയറ്റതെന്ന് തോന്നിക്കുമെങ്കിലും ആ രൂപത്തിൽ തുടിക്കുന്ന ഒരു ഹൃദയമുണ്ട്. ആ ഹൃദയം എല്ലാം അറിയുന്നുണ്ട്; എല്ലാം ഏറ്റുവാങ്ങുന്നുണ്ട്; എല്ലാം പവിത്രീകരിക്കുന്നുമുണ്ട്. അതിനാൽ, ജീവിതത്തിലെ ഓരോ നിമിഷത്തിനും അനുഭവങ്ങൾക്കും ദുഃഖങ്ങൾക്കുമെല്ലാം ക്രൂശിതനോളം സജീവസാക്ഷിയില്ല. ഓഫീസിൽ വരുന്ന കുട്ടികളോട് ചിലപ്പോൾ ക്രൂശിതരൂപം ചൂണ്ടിക്കാണിച്ച് ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ദൈവശാസ്‌ത്രവും തത്വശാസ്ത്രവുമെല്ലാം നിഷ്പ്രഭമാകുന്ന ഹൃദയനൈർമ്മല്യത്തിന്റെ ഉത്തരങ്ങളാണ് ലഭിക്കാറുള്ളത്. ദൈവത്തിന് പ്രിയങ്കരമായിരിക്കുന്നതും ആ ഹൃദയനൈർമ്മല്യത്തിന്റെ സുവിശേഷമായിരിക്കും ! അടുത്തയിടെ വന്ന രണ്ടു കുട്ടികളുമായി നടത്തിയ സംഭാഷണമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. രണ്ടാം ക്ലാസുകാരി മിഷേൽ അമ്മയുടെ ഒപ്പമാണ് വന്നത്. പ്ലസ് വണ്ണിൽ പഠിക്കുന്ന ഷാലറ്റ് ഒറ്റയ്ക്കും.

ഷാലറ്റ് പറഞ്ഞതാണ് പരമാർത്ഥം. യേശു എനിക്കുവേണ്ടി കുരിശിൽ മരിച്ച് എന്നെ രക്ഷിച്ചു എന്ന ബോധ്യമാണ് എന്റെ ജീവിതവും ദൗത്യവും നിർണ്ണയിക്കുന്നത്. യേശു തനിക്കുവേണ്ടി എന്ത് ചെയ്തെന്ന് വ്യക്തിപരമായി ബോധ്യപ്പെടാത്ത ഒരാൾക്ക് യേശുവിനുവേണ്ടി ഒന്നും ചെയ്യാനാകില്ല. അത് ബോധ്യപ്പെടുന്നവർ യേശുവിനുവേണ്ടി ജീവിക്കും. സ്വാഭാവികമായും ആ ജീവിതം, യേശു ആർക്കെല്ലാം വേണ്ടി ജീവിച്ചുവോ അവർക്കെല്ലാം വേണ്ടിയുള്ള ജീവിതമാകും. അത്തരമൊരു മെറ്റമോർഫസിസ് അഥവാ രൂപാന്തരപ്രാപ്തി കൈവരിക്കാൻ ക്രൂശിതനോളം പ്രചോദിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന മറ്റൊന്നും ക്രിസ്‌തീയജീവിതത്തിലില്ല. നമ്മുടെ ജീവിതം, നമുക്കുവേണ്ടി മരിച്ച് നമ്മെ വീണ്ടെടുത്ത ക്രൂശിതനുവേണ്ടിയുള്ളതാകട്ടെ.

logo
Sathyadeepam Online
www.sathyadeepam.org