ഡിജിറ്റൽ മാധ്യമങ്ങൾ, ചില ജാഗ്രതകൾ

Digital Media: Some Precautions
Published on: 

24 മണിക്കൂറും മാധ്യമങ്ങൾ വിളമ്പുന്ന വിഭവങ്ങൾ നിരന്തരമായി ഭക്ഷിച്ചു ജീവിക്കുന്ന ഒരു ജീവിയാണ് ആധുനിക മനുഷ്യൻ. ഒരുപക്ഷെ, ഇന്നത്തെ മനുഷ്യന്റെ സ്വഭാവത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം ആയി അവന്റെ മാധ്യമ ഉപയോഗം കാണാവുന്നതാണ്. രാത്രിയും പകലും വ്യത്യാസം ഇല്ലാതെ, ഫോണിലൂടെ നമ്മുടെ മുന്നിലേക്ക് വരുന്ന വാർത്തയും വിനോദങ്ങളും എങ്ങിനെ ഒക്കെ ആണ് നമ്മളെ മാറ്റി മറിക്കുന്നത്? ഡിജിറ്റൽ മീഡിയ വ്യാപകമാകുമ്പോൾ, ആളുകൾ എല്ലാറ്റിനെയും കുറിച്ച് കൂടുതൽ ബോധമുള്ളവർ ആകുമെന്നും, അത് ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, അത് വഴി കൂടുതൽ നന്മയും പക്വതയും ഉള്ള ഒരു സമൂഹം ഉണ്ടാകുമെന്നും ഒക്കെ ആയിരുന്നു നമ്മൾ പ്രതീക്ഷിച്ചത്‌. പക്ഷെ നമ്മൾ പ്രതീക്ഷിച്ചിരുന്നത് പോലെ ഉള്ള മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടായോ എന്ന് സംശയിക്കാൻ അനേകം കാരണങ്ങൾ ഉണ്ട്. ഇതിന്റെ പ്രധാന കാരണം, നമ്മൾ മീഡിയ ഉപയോഗിക്കുന്ന ചില രീതികൾ ആണ്. അഥവാ ഡിജിറ്റൽ മീഡിയ യുടെ ചില സവിശേഷതകൾ നമ്മൾ അറിയാതെ പോകുന്നു.

ഒന്നാമതായി, മനുഷന് പ്രോസസ്സ് (process) ചെയ്യാൻ പറ്റുന്നതിനു അപ്പുറം വാർത്തകളും വിവരങ്ങളും ആണ് ഇന്ന് അവനു ഓരോ നിമിഷവും കിട്ടുന്നത്. ലോകത്തിന്റെ ഏതു കോണിൽ നടക്കുന്ന കാര്യങ്ങളും ഏതാനും നിമിഷങ്ങൾ കൊണ്ട്, അവന്റെ ഫോണിൽ എത്തുന്നു. ഒരു വാർത്ത വന്നു അതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നതിനു മുമ്പ് അടുത്തതു വന്നു കഴിഞ്ഞു. അതുപോലെ തന്നെ എല്ലാ തരം വാർത്തകളും, മറ്റു വിശേഷങ്ങളും ഒരു എന്റർടൈൻമെന്റ് (entertainment) പോലെ തങ്ങളുടെ ഫോണിൽ വരുമ്പോ, അത് ഉണ്ടാക്കുന്ന ഒരു മരവിപ്പ് (numbness) പ്രധാനമാണ്. ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളും, അതല്ലെങ്കിൽ ഒരു സെലിബ്രിറ്റി വാങ്ങിയ പുതിയ വാഹനത്തിന്റെ വാർത്തയും, യുദ്ധങ്ങളുടെ കെടുതികളും, പ്രകൃതി ദുരന്തങ്ങളും ഒരേ രീതിയിൽ മുന്നിലേക്ക് വരുന്നു. അതോടൊപ്പം തന്നെ, ജോഗ്രഫിക്കൽ ഡിസ്റ്റൻസ്(geographical distance) അഥവാ ദൂരം എന്ന പരിമിതി മറികടന്നു ആണ് ഇന്ന് നമുക്ക് വാർത്ത കിട്ടുന്നത്. ഒരാൾ തന്റെ ലോക്കൽ പരിസരങ്ങളിൽ എത്ര സജീവമായി ജീവിക്കാൻ ശ്രമിച്ചാലും അയാൾക്ക്‌ അതിനു സാധിക്കണം എന്നില്ല. അയാൾ തനിക്കുള്ള എല്ലാറ്റിനെയും ലോകത്തു മറ്റു ഭാഗങ്ങളിൽ ഉള്ളതുമായി താരതമ്യം ചെയ്യുന്നു. അതല്ലെങ്കിൽ, ലോകത്തിന്റെ ഏതു കോണിലുമുള്ള ദുരന്തങ്ങളും, ദുഖങ്ങളും അയാളുടെ പ്രശ്നം ആയി മാറുന്നു. നിരന്തരമായ താരതമ്യം,തനിക്കു ഉള്ളതിൽ യാതൊരു സംതൃപ്തിയും കിട്ടാത്ത ഒരവസ്ഥയിൽ മനുഷ്യനെ എത്തിക്കും.

രണ്ടാമതായി, നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വസ്തുത, ഡിജിറ്റൽ മീഡിയ വഴി നമ്മൾ വാർത്തകൾ അറിയുമ്പോൾ, പുതുതായി വരുന്നത് ആണ് ഏറ്റവും പ്രധാനം എന്ന ഒരു തോന്നൽ നമ്മൾ അറിയാതെ ഉണ്ടായി വരുന്നു. ഒരു പക്ഷെ, പത്രം വഴിയോ, ടെലിവിഷൻ വഴിയോ വാർത്തകൾ അറിയുമ്പോൾ നടക്കാത്ത ഒരു കാര്യമാണ് ഇത്. ഏറ്റവും പ്രധാനപ്പെട്ട വാർത്തയെ വ്യത്യസ്‍തമാക്കി അവതരിപ്പിക്കാൻ പത്രങ്ങൾക്കു അവരുടേതായ രീതികൾ ഉണ്ട്. വലിയ തലക്കെട്ടും, മുൻപേജിൽ ഉള്ള വിന്യാസവുംഒക്കെ, നമ്മളെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക് സ്വാഭാവികമായി എത്തിക്കും. നേരെ മറിച്ചു, സോഷ്യൽ മീഡിയയിൽ വാർത്തകൾ ഓരോ നിമിഷവും പുതുതായി, നിരന്തരമായി വന്നുകൊണ്ടിരിക്കുമ്പോൾ. ഏറ്റവും ഒടുവിൽ വരുന്നതും, ഏതെങ്കിലും കാരണത്തിൽ കൂടുതൽ വൈറൽ (viral) ആകുന്നതുമാണ് ആളുകൾ കൂടുതൽ ശ്രദ്ധിക്കുക. ഇതുകൊണ്ടു തന്നെ ഒരു ദിവസം രാവിലെ നടന്ന ഏറ്റവും ഗൗരവമായ ഒരു സംഭവം ചിലപ്പോൾ വൈകുന്നേരം ആകുമ്പോഴേക്കും ആളുകൾ പൂർണമായി മറന്നു എന്ന് വരാം. അവർ അപ്പോൾ വന്നുകൊണ്ടിരിക്കുന്ന പുതിയ വാർത്തയുടെ പിന്നാലെ പോകുന്നു. നമ്മുടെ സവിശേഷമായ ശ്രദ്ധ വേണ്ട കാര്യത്തെ ആ ഗൗരവത്തിൽ പിന്തുടരുമ്പോഴാണ് (follow up) സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും, അറിവ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നായി മാറുന്നതും. മനുഷ്യന്റെ ഈ മറവിയും, പുതുമയുടെ പിന്നാലെ ഓടുന്ന സ്വഭാവവും, അധികാരകേന്ദ്രങ്ങൾക്ക് അങ്ങേയറ്റം പ്രയോജനകരവും ആണ്.

മൂന്നാമതായി, നമ്മൾ കാണുന്ന ഒരു പ്രവണത വാർത്തകളോട് പ്രതികരിക്കുന്നതിലൂടെ തങ്ങളുടെ ജോലി തീർന്നു എന്ന് വിശ്വസിക്കുന്ന ഒരു അവസ്ഥയാണ്. നമുക്ക് അറിയാത്ത കാര്യം ആണെങ്കിലും, നമ്മളെ ബാധിക്കുന്ന കാര്യം അല്ലെങ്കിലും, തങ്ങൾ അതിനോട് എല്ലാം പ്രതികരിക്കേണ്ടതുണ്ട് എന്നാണ് ഒരുപാടു ആളുകൾ വിചാരിക്കുന്നത്. പ്രതികരിക്കുന്നതിലൂടെ തങ്ങളുടെ കടമ കഴിഞ്ഞു എന്നും, ഇനിയൊന്നും ചെയ്യേണ്ടതില്ല എന്നും അവർ വിശ്വസിക്കുന്നു. അഭിപ്രായം പ്രത്യേകിച്ച് ചെലവ് ഒന്നുമില്ലാത്തതാകുമ്പോൾ എളുപ്പമാണ്. സമൂഹത്തിലെ നീതികേടുകളെക്കുറിച്ച്, അസമത്വത്തെക്കുറിച്ച്, അല്ലെങ്കിൽ അഴിമതിയെക്കുറിച്ച് ഒക്കെ സോഷ്യൽ മീഡിയ പ്രതികരണം വഴി സംതൃപ്തി നേടുക എന്നത് പലപ്പോഴും എളുപ്പവഴി ആണ്. ആയിരക്കണക്കിന് കിലോമീറ്റർ ദൂരെ മനുഷ്യൻ അനുഭവിക്കുന്ന ദാരിദ്ര്യത്തെയും,ഇല്ലായ്മകളെയുംക്കുറിച്ച് ഹൃദയസ്പർശിയായ പോസ്റ്റ് ഇട്ടു വരുന്ന വ്യക്തി തന്റെ അടുത്ത് താമസിക്കുന്ന സാധുവായ മനുഷ്യനെ കണ്ടില്ലെന്നു വരും. ഒരാൾക്ക് ഒരു ഡിജിറ്റൽ മാന്യതയുടെ ഇമേജ് നിലനിർത്താൻ, അത്തരം പോസ്റ്റുകൾ ധാരാളം മതിയാകും. ഒരാളുടെ പ്രവർത്തികളെക്കാളും, അയാളുടെ അഭിപ്രായങ്ങൾ ആളുകൾ കൂടുതൽ ശ്രദ്ധിക്കുമ്പോൾ, ആരും കാണാത്ത നന്മ ചെയ്യാൻ ആളുകൾ വിമുഖത കാണിക്കുന്നു.

ഇന്ന് പലപ്പോഴും വാർത്തകൾ നിർമ്മിക്കപ്പെടുകയാണ്. തങ്ങൾക്കു വേണ്ട വാർത്തകൾ, തങ്ങൾക്കു വേണ്ട നിലപാടുകൾ ഒക്കെ ആളുകളിലേക്ക്‌ എങ്ങിനെയും എത്തിക്കാൻ ഡിജിറ്റൽ മാധ്യമങ്ങൾ വഴി വളരെ എളുപ്പമാണ്. യാതൊരു എഡിറ്റോറിയൽ നിയന്ത്രണങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ, ആർക്കും എന്ത് വേണമെങ്കിലും പ്രചരിപ്പിക്കാൻ ഇന്ന് വളരെ എളുപ്പമാണ്. തന്മൂലം നമ്മൾ അറിയാതെ, പലപ്പോഴും ചില പ്രചാരണങ്ങളുടെ (propaganda) ഭാഗം തന്നെ ആയി നമ്മൾ മാറും. വസ്തുതകൾ അന്വേഷിക്കുക, സത്യം കണ്ടെത്തുക എന്നതൊക്കെ ശ്രമകരമാണ്. അതുകൊണ്ടു തന്നെ, പലപ്പോഴും ആദ്യം കാണുന്നവ, കൂടുതൽ ആധികാരികം എന്ന് കരുതി വിശ്വസിക്കാൻ ആണ് മനുഷ്യന്റെ താൽപ്പര്യം. ഇന്ന് അനേകം രാജ്യങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളെ വലിയ രീതിയിൽ സ്വാധീനിക്കുന്നത്, ആരാണ് ഏറ്റവും വേഗത്തിൽ, ഏറ്റവും മികച്ച രീതിയിൽ തങ്ങളുടെ ഭാഗം ജനങ്ങളെ അറിയിക്കുന്നത് എന്നതാണ്. അവിടെ വസ്തുതകളും സത്യവും ഒക്കെ ഓരോരുത്തർക്കും വേണ്ട രീതിയിൽ നിർമ്മിക്കപ്പെടും.

ചുരുക്കത്തിൽ, അനുനിമിഷം വ്യാപകമാവുന്ന, നമ്മെ ആകമാനം സ്വാധീനിക്കുന്ന ഡിജിറ്റൽ മാധ്യമങ്ങൾ നമുക്ക് തരുന്ന അറിവുകളും, വിനോദങ്ങളും ഒക്കെ, ഉപയോഗിക്കുമ്പോൾ ആവശ്യം വേണ്ട ജാഗ്രത ഇല്ലെങ്കിൽ, അവ നമ്മെ കൂടുതൽ ബോധവും, വിവരവും, വിവേകവും ഉള്ളവരാക്കി മാറ്റണം എന്നില്ല. ആധുനിക കാലഘട്ടത്തിൽ ഏറ്റവും വേണ്ട ഒന്നായി മാധ്യമ സാക്ഷരത മാറുകയാണ്.

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

logo
Sathyadeepam Online
www.sathyadeepam.org