എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്ന് പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേൻമയാണുള്ളത് ? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാൻ കഴിയുമോ ?യാക്കോബ് 2 : 14
വീണ്ടും ഒരു തിരുനാൾ ആഘോഷക്കാലം ഗംഭീരമായി കടന്നുപോയി. യുദ്ധത്തിന്റെയും പാചകവാതക പ്രതിസന്ധിയുടെയും നിഴലിലാണ് ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചത്. യുദ്ധം വീടുകളുടെ അടുക്കളയിൽ വരെ എത്തിയെങ്കിലും
ഒരു പള്ളിയും ഊട്ടുനേർച്ചകൾ ഉപേക്ഷിച്ചില്ല. നല്ലതു തന്നെ! എന്നാൽ, നമ്മുടെ ആഘോഷങ്ങളെ സുവിശേഷമൂല്യ ങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ പ്രസക്തമായ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്.
1) നമ്മുടെ ആത്മീയജീവിതത്തിൽ ആഘോഷങ്ങൾക്കും അതിന്റെ വൈകാരികവും സാമൂഹികവുമായ തലങ്ങൾക്കും പ്രാധാന്യമുണ്ട് എന്നത് ശരിതന്നെ. എന്നാൽ, തിരുനാൾ ആഘോഷങ്ങൾ പലപ്പോഴും ആർഭാടത്തിന്റെയും ധൂർത്തിന്റെയും പ്രദർശനവേദികളായി അധഃപതിക്കുന്നില്ലേ? നവനാൾ ദിനങ്ങളിലും പ്രധാന തിരുനാൾ ദിനങ്ങളിലും മത്സരിച്ച് നടത്തുന്ന ലക്ഷങ്ങൾ പൊടിച്ചുള്ള കരിമരുന്ന് പ്രകടനങ്ങളും കലാപരിപാടികളും ഏത് ഭക്തിയുടെയും വൈകാരികതയുടെയും പേരിൽ ന്യായീകരിക്കാൻ കഴിയും? കൊടിയേറുന്ന ദിവസം മുതൽ തിരുനാളിനുശേഷമുള്ള രണ്ടു ദിവസങ്ങൾ ഉൾപ്പെടെ നാലും അഞ്ചും മെഗാ പ്രോഗ്രാമു കൾ നടത്തുന്നതാണ് ഇപ്പോഴത്തെ രീതി! ഇതെല്ലാം നിയന്ത്രിക്കാനും തിരുത്താനും ശ്രമിക്കുന്നവരെ പഴഞ്ചരും അപരിഷ്കൃതരുമായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്.
2) തിരുനാളുകൾ, ഇടവക ദിനാഘോഷം, ഇടവകശ്രാദ്ധം എന്നിങ്ങനെ ഏതു പരിപാടിയായാലും അതിനുള്ള ഒരുക്കങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ഒരുമയുടെയും കൂട്ടായ്മയുടെയും വലിയ ഊർജം നൽകുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം കൂട്ടായ്മ വളർത്തുക എന്നതു മാത്രമല്ല; സാക്ഷ്യജീവിതത്തിലേക്കും സുവിശേഷ പ്രഘോഷണത്തിലേക്കും നമ്മെ നയിക്കുക എന്നതുമാണ്. ഇവിടെയാണ് ആദിമ ക്രിസ്ത്യാനി കളുടെ ജീവിതം മാതൃകയും വെല്ലുവിളിയുമായി നമ്മുടെ മുന്നിലുള്ളത്.
Basic Christian Communities അഥവാ ആദിമക്രിസ്തീയ സമൂഹങ്ങൾ എന്നത് നിയാണ്ടർതാൽ യുഗത്തിലോ മറ്റോ ജീവിച്ചിരുന്ന ഒരു പ്രാചീന ഗോത്ര ജനതയല്ല! വെറും രണ്ടായിരം വർഷങ്ങൾക്കു മുൻപ്, മുൻമാതൃകകൾ ഒന്നുമില്ലാതെ യേശുവിനെയും അവന്റെ സുവിശേഷത്തെയും സമൃദ്ധിയോടെ ജീവിച്ച ജനതയാണ്.
3) "മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം' എന്ന വിപ്ലവപ്രസ്ഥാനത്തിന്റെ മുദ്രാവാക്യത്തിൽ നമ്മുടെ ചിന്തയ്ക്കുള്ള ചില സവിശേഷ വിഭവങ്ങളുണ്ട്. എരിയുന്ന വയറിലെ തീ ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ അതു മാത്രമല്ല പ്രശ്നം. വിപ്ലവക്കാർ ദൈവത്തിലും ആത്മാവിലും വിശ്വസിക്കാത്തതു കൊണ്ടാണ് അവിടെ നിർത്തിയത്. ആത്മാവിൽ ദൈവത്തിനായുള്ള വിശപ്പിന്റെയും ദാഹത്തിന്റെയും തീ എരിയാത്തത് വലിയ പ്രശ്നമല്ലേ? അനുതാപത്തിന്റെ കണിക പോലുമില്ലാതെ അധർമ്മത്തിലും ധനമോഹത്തിലും സുഖലോലുപതയിലും മുഴുകി ജീവിക്കുന്നത് വലിയ പ്രശ്നമല്ലേ? ചികിത്സയ്ക്കും മരുന്നിനും ഡയാലിസിസിനും പണമില്ലാതെ വിഷമിക്കുന്ന മനുഷ്യരെ കാണുമ്പോൾ നമുക്കൊരു പ്രശ്നവുമില്ലേ?
പഠനമികവുണ്ടായിട്ടും പണമില്ലാത്തതിനാൽ പാവപ്പെട്ട കുട്ടികളുടെ പഠനം മുടങ്ങുന്നതിൽ, ചോർന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായ കൂരകളിൽ ജീവിക്കുന്ന മനുഷ്യർ നമ്മുടെ ചുറ്റിലും ഉണ്ടെന്നതിൽ, വിഷാദത്തിലും ആത്മഹത്യാമുനമ്പിലും ജീവിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടെന്നതിൽ, പിന്തുണയ്ക്കാനും വഴിനടത്താനും ആരുമില്ലാത്തതിനാൽ ദാമ്പത്യത്തിൽ തകർച്ച നേരിടുന്നവർ നമ്മുടെ ഇടയിൽ പെരുകുന്നതിൽ, മയക്കുമരുന്നുകളും രാസലഹരികളും നമ്മുടെ കുട്ടികളെയും യുവാക്കളെയും കീഴ്പ്പെടുത്തുന്നതിൽ - ഇതിലൊന്നും ഒരു പ്രശ്നവും നമുക്ക് തോന്നുന്നില്ലെങ്കിൽ അതാണ് ഗുരുതരമായ പ്രശ്നം.
4) നമ്മുടെ ഇടവകകൾ സുവിശേഷമൂല്യങ്ങളുടെ ഹബ് ആകുമ്പോൾ മാത്രമാണ് സുവിശേഷത്തിലെ യേശുവും യേശുവിന്റെ സുവിശേഷവും വിജയിക്കുന്നത്. യേശുക്രിസ്തു വിനെ അവന്റെ മൂല്യദർശനങ്ങളോടും സ്നേഹമുൻഗണന കളോടും കൂടി അനുകരിക്കാൻ കഴിയുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതം യഥാർത്ഥത്തിൽ ക്രിസ്തീയതയുടെ ആഘോഷമാകുന്നത്. അല്ലാത്തപക്ഷം നാം ക്രിസ്തു വിനെയും അവന്റെ സുവിശേഷത്തെയും വെറും ഫോസിൽ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇടവകയുമായി ബന്ധപ്പെട്ട നമ്മുടെ ഓരോ പ്രവർത്തനവും രക്ഷിക്കാൻ കഴിയുന്ന വിശ്വാസത്തിന്റെ പരിശീലനവും പ്രഘോഷണവുമാകട്ടെ.