വിശുദ്ധ ആഞ്ചെലോ (1220) : മെയ് 5
വളരെ കുറച്ചു കാര്യങ്ങളേ വി. ആഞ്ചെലോയെപ്പറ്റി അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ യഹൂദരായിരുന്നു. പിന്നീട് ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. അതിനുമുമ്പ് പരിശുദ്ധ മാതാവ് അവര്‍ക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: "നിങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന മെസ്സയാ വന്നുകഴിഞ്ഞു; ജനങ്ങളെ പാപത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്തു."
അവര്‍ക്കു രണ്ടു പുത്രന്മാര്‍ ജനിക്കുമെന്നും രണ്ടുപേരും കര്‍മ്മലമലയില്‍ ഒലിവുവൃക്ഷങ്ങള്‍പോലെ വളര്‍ന്നുപന്തലിക്കുമെന്നും മാതാവ് അവരോടു പറഞ്ഞു. ഒരാള്‍ പാത്രിയാര്‍ക്കീസ് ആകുമെന്നും മറ്റെയാള്‍ പ്രസിദ്ധനായ രക്തസാക്ഷിയാകുമെന്നും അറിയിച്ചു.
ഇരട്ടസഹോദരന്മാര്‍ ചെറുപ്പത്തിലേതന്നെ ബുദ്ധിപരവും ആദ്ധ്യാത്മികവുമായ കഴിവുകള്‍ പ്രകടമാക്കിയിരുന്നു. പതിനെട്ടാമത്തെ വയസ്സില്‍ ഇരുവരും കര്‍മ്മലീത്താസഭയില്‍ ചേര്‍ന്നു. അപ്പോഴേക്കും ഗ്രീക്കിലും ലത്തീനിലും ഹീബ്രുവിലും അവര്‍ അവഗാഹം നേടിയിരുന്നു. സന്ന്യാസി യായി അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അഞ്ചെലോയ്ക്ക് ഈശോ ഒരു ദര്‍ശനത്തില്‍, ഇറ്റലിയിലെ സിസിലിയിലേക്കു പോകുവാനും അവിടെ അദ്ദേഹത്തിന്റെ ജീവിതം സഫലമാകുമെന്നും പറഞ്ഞു.
ഈ വാക്കുകള്‍ വിശ്വസിച്ച് ആഞ്ചെലോ മൗണ്ട് കാര്‍മ്മലില്‍നിന്ന് സിസിലിയില്‍ എത്തി. യാത്രാവേളയിലും സിസിലിയില്‍ എത്തിയ ശേഷവുമായിട്ട് അനേകര്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രവിച്ചും അത്ഭുത ങ്ങള്‍ ദര്‍ശിച്ചും ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. ഇറ്റലിയിലെ പാലെര്‍ മോയില്‍ത്തന്നെ ഇരുന്നൂറോളംപേര്‍ വിശ്വാസം സ്വീകരിച്ചു. ലിയോക്കാട്ടാ യിലും ഇതുതന്നെയായിരുന്നു അനുഭവം. പക്ഷേ, ബറെന്‍ഗാരിയസ് എന്ന വ്യക്തിയുടെ ക്രൂരതയെയും നിഷ്ഠൂരപ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച പ്പോള്‍ അയാള്‍ ക്ഷുഭിതനായി.
തടിച്ചുകൂടിയ ജനങ്ങളോട് ഒരിക്കല്‍ ആഞ്ചെലോ സംസാരിച്ചുകൊണ്ടുനിന്നപ്പോള്‍ ബറെന്‍ഗാരിയസിന്റെ ഗുണ്ടകള്‍ ആക്രോശിച്ചുകൊണ്ടുവന്ന് അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. മുറിവേറ്റ ആഞ്ചെലോ മുട്ടിന്മേല്‍ വീണ്, മറ്റുള്ളവര്‍ക്കുവേണ്ടി പ്രത്യേകിച്ച് തന്നെ ആക്രമിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ജീവന്‍ വെടിഞ്ഞു.