

നന്മ കാണുമ്പോൾ മനുഷ്യർ അതിനെ മാതൃകയാ ക്കുന്നു. അപ്രത്യക്ഷമാകുമ്പോൾ അതിനെ തീവ്രമായി കാംക്ഷിക്കുന്നു. എല്ലായ്പ്പോഴും അത് വിജയകിരീടമ ണിഞ്ഞു മുന്നേറുന്നു. കളങ്കമേശാത്ത സമ്മാനങ്ങൾ ക്കുവേണ്ടിയുള്ള മത്സരത്തിൽ വിജയം വരിക്കുന്നു.
ജ്ഞാനം 4 : 2
എനിക്ക് തോന്നുന്നു, നിങ്ങൾക്ക് മതിയായിക്കാണും:
നേതാവിന്റെ മുഖഭാവത്തോടെ നിങ്ങളെ സേവിക്കാൻ
സദാ സംസാരിക്കുന്നവരെ,
അധ്യാപകന്റെ ഭാവത്തോടെ നിങ്ങളെ സമീപിക്കുന്നവരെ,
കായിക നിയമങ്ങളോടെ നിങ്ങളെ സമീപിക്കുന്നവരെ,
വാർദ്ധക്യം ബാധിച്ച ദാമ്പത്യസ്നേഹത്തോടെ
നിങ്ങളെ സ്നേഹിക്കുന്നവരെ, നിങ്ങൾക്ക് മതിയായിക്കാണും.
നമുക്ക് നമ്മുടെ ജീവിതം ജീവിക്കാം:
എല്ലാം കണക്കുകൂട്ടപ്പെടുന്ന ചെസ്സ് കളിപോലെയല്ലാതെ,
പ്രയാസമേറിയ കായിക മത്സരം പോലെയല്ലാതെ,
നമ്മുടെ മനസ്സിനെ തകർക്കുന്ന
സിദ്ധാന്തം പോലെയല്ലാതെ,
പകരം നീയുമായുള്ള കൂടിക്കാഴ്ച നവീകരിക്കുന്ന
അനന്തമായ ഒരു വിരുന്നുപോലെ,
ഒരു നൃത്തവിരുന്ന് പോലെ,
ഒരു നൃത്തം പോലെ,
നിങ്ങളുടെ കൃപയുടെ ആലിംഗനത്തിൽ,
സ്നേഹത്തിന്റെ സാർവലൗകിക സംഗീതത്തിൽ.
ഫ്രാൻസിസ് മാർപാപ്പയുടെ പേയ്പ്പസി സഭയ്ക്ക് നൽകിയ മധുരഫലങ്ങളിൽ ഒന്ന് സിനഡാലിറ്റിയെക്കുറിച്ചുളള സിനഡാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം സഭയെ നവീകരിക്കാനുള്ള ശക്തവും ആത്മാർത്ഥവുമായ ശ്രമമായിരുന്നു ‘സിനഡൽ സഭയ്ക്കായി : കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം’ എന്ന ആപ്തവാക്യവുമായി സമാരംഭിച്ച ആ മഹാസംരംഭം. 2021 ഒക്ടോബറിലാണ് അദ്ദേഹം ആ യാത്രയ്ക്ക് തുടക്കമിട്ടത്. പല തലങ്ങളിലുള്ള ഒരുക്കങ്ങൾക്കുശേഷം 2023 ഒക്ടോബറിലും 2024 ഒക്ടോബറിലും നടന്ന രണ്ടു സെഷനുകളോടെ പതിനാറാമതു സിനഡൽ അസംബ്ലി ഔപചാരികമായി സമാപിച്ചു.
2024 നവംബർ 24-ന് ‘പ്രപഞ്ചത്തിന്റെ നാഥനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുനാൾ’ ദിനത്തിലാണ് സിനഡിന്റെ അന്തിമരേഖ മാർപാപ്പ പുറത്തിറക്കിയത്. രേഖയുടെ അവസാനഭാഗത്ത് അനുബന്ധമായി അദ്ദേഹത്തിന്റെ രണ്ടു പ്രസംഗങ്ങൾ ചേർത്തിട്ടുണ്ട്. രണ്ടാമത്തെ പ്രസംഗത്തിൽ മിസ്റ്റിക് കവിയായ മഡലിൻ ഡെൽബ്രലിനെ (Madeleine Delbrel) മാർപാപ്പ ഉദ്ധരിക്കുന്നുണ്ട്. മുകളിലെ വരികൾ ഉരുവിട്ടതിനുശേഷം ‘അന്തിമരേഖയെ സ്വാഗതം ചെയ്യുന്നതിനുള്ള പശ്ചാത്തലസംഗീതമായി ഈ വരികളെ മാറ്റാം’ എന്നാണ് അദ്ദേഹം പറയുന്നത്.
പ്രപഞ്ചത്തിന്റെ നാഥനായ യേശുക്രിസ്തു സഭയ്ക്കും ലോകത്തിനും നൽകിയ അമൂല്യമായ ഒരു സമ്മാനമാണ് ഫ്രാൻസിസ് മാർപാപ്പ എന്ന് അന്തിമരേഖ വീണ്ടും ബോധ്യപ്പെടുത്തും. അദ്ദേഹം ഒരു മായാജാലക്കാരനോ വിണ്ണിൽ നിന്ന് മണ്ണിൽ നിപതിച്ച ഒരു ഗന്ധർവനോ ആയിരുന്നില്ല. അദ്ദേഹം അത്യഗാധമായ ക്രിസ്തുസ്‌നേഹവും അസാധാരണമായ മനുഷ്യസ്‌നേഹവും സമ്മേളിച്ച ഒരു മനുഷ്യനായിരുന്നു. ലാളിത്യവും വിനയവും അദ്ദേഹത്തിൽ ലാവണ്യത്തോടെ സമന്വയിച്ചു. ആർദ്രതയും പ്രസാദാത്മകതയും അദ്ദേഹത്തിൽ ആകർഷകമായി സംഗമിച്ചു. ഓരോ മനുഷ്യനിൽ നിന്നും പഠിക്കാനുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഓരോ കൂടിക്കാഴ്ചയിലൂടെയും അദ്ദേഹം മറ്റുള്ളവരെ നവീകരിക്കുകയും സ്വയം നവീകരിക്കപ്പെടുകയും ചെയ്തു.
ഒരു നൃത്തവിരുന്നുപോലെ അദ്ദേഹത്തിന്റെ വ്യക്തിത്വം മനുഷ്യരെ വശീകരിച്ചു. അദ്ദേഹം സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരനും വിതരണക്കാരനുമായിരുന്നു. അദ്ദേഹത്തിന് ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിന്റെ സഭയെക്കുറിച്ചും വർണ്ണാഭമായ സ്വപ്നങ്ങളുണ്ടായിരുന്നു. ക്രിസ്‌തു സഭ സ്ഥാപിച്ചതും നരകകവാടങ്ങൾ പ്രബലപ്പെടാത്തതുമായ ‘പാറ’ പോലും നവീകരിക്കപ്പെടണം എന്നതായിരുന്നു ആ സ്വപ്നങ്ങളുടെയെല്ലാം അടിസ്ഥാനം. കളങ്കമേശാത്ത സമ്മാനങ്ങൾക്കുവേണ്ടിയുള്ള മത്സരത്തിൽ ഓരോ ക്രിസ്‌തുവിശ്വാസിയും വ്യക്തിപരമായും സംഘാതമായും വിജയം വരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന്റെയെല്ലാം ഒരോഹരിയാണ് സിനഡൽ യാത്രയിലൂടെ അദ്ദേഹം പങ്കുവച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് അദ്ദേഹം വിജയസഭയിലണഞ്ഞിട്ട് ഒരു വർഷം പൂർത്തിയായി. പോപ്പ് ഫ്രാൻസിസ് എന്ന സ്മൃതിസുഗന്ധത്തിന് സ്‌നേഹപ്രണാമം.