യേശു അവളോടു പറഞ്ഞു : നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്‍.യോഹന്നാന്‍ 4:26
'ഓരോ നൂറു കൊല്ലം കൂടുമ്പോഴും നസറത്തിലെ യേശുവും ക്രിസ്ത്യാനികളുടെ യേശുവും ഗോലാന്‍ കുന്നുകളില്‍ കണ്ടുമുട്ടും. ഓരോ തവണ കാണുമ്പോഴും നസറത്തിലെ യേശുവിന് ക്രിസ്ത്യാനികളുടെ യേശുവിനോട് പറയേണ്ടി വരുന്നു: സുഹൃത്തേ, നാം തമ്മില്‍ ആശയപരമായി പൊരുത്തപ്പെടാന്‍ ഇനിയും സഹസ്രാബ്ദങ്ങള്‍ വേണ്ടിവരും.'
- ഖലീല്‍ ജിബ്രാന്‍
ഈ കുറിപ്പ് നസറത്തിലെ യേശുവും ക്രിസ്ത്യാനി കളുടെ യേശുവും തമ്മിലുള്ള ഒരു ധ്യാനാത്മക താരതമ്യ മാണ്. ജിബ്രാന്‍ തന്ന തീക്കനല്‍ ഊതിയൂതി വെളിപ്പെട്ട ഒരു ധ്യാനം! സിനിമ ആരംഭിക്കുന്നതിനു മുമ്പ് എഴുതി ക്കാണിക്കാറുള്ള ക്ലീഷെ ആവര്‍ത്തിക്കുന്നില്ല. ഇതില്‍ പറഞ്ഞിരിക്കുന്നത് സാങ്കല്പികമല്ല. ഇതിലെ നസറത്തിലെ യേശുവിനും ക്രിസ്ത്യാനികളുടെ യേശുവിനും ജീവിച്ചിരി ക്കുന്നവരും മരിച്ചുപോയവരുമായ അനേകം മനുഷ്യരുമായി ബന്ധമുണ്ട്.
നസറത്തിലെ യേശു സത്യം, നീതി, സ്‌നേഹം, കരുണ, ദയ, മനുഷ്യത്വം എന്നിവ നിറഞ്ഞു തുളുമ്പിയിരുന്ന മനുഷ്യനായിരുന്നു. ക്രിസ്ത്യാനികളുടെ യേശുവാകട്ടെ മേലുദ്ധരിച്ച മൂല്യങ്ങളുള്ള മനുഷ്യന്‍ എന്നതിനേക്കാള്‍ ഒരു വിഗ്രഹമാണ്. അനുകരിച്ച് ജീവിക്കാന്‍ എന്നതിനേക്കാള്‍ ആരാധിച്ച് കൊല്ലാനുള്ള ഒരു വിഗ്രഹം!
നസറത്തിലെ യേശുവിന് അധികാരം ലഹരിയായിരു ന്നില്ല. ശുശ്രൂഷ ലഹരിയായിരുന്നു. സുവിശേഷ പ്രഘോഷണം ലഹരിയായിരുന്നു. രോഗസൗഖ്യവും പാപമോചനവും ജീവന്റെ പുനര്‍വിന്യാസവും ലഹരിയായി രുന്നു. ദൈവരാജ്യം ലഹരിയായിരുന്നു. എന്നാല്‍, ക്രിസ്ത്യാനികളുടെ യേശുവിന് അധികാരം ലഹരിയാണ്. നമസ്‌കാരപ്പുസ്തകത്തിലെ പട്ടികയില്‍ ഇല്ലെങ്കിലും അധികാരമാണ് അവരുടെ യേശുവിന്റെ മൂലപാപം! ആ യേശുവിനെ ഉപാസിക്കുന്നതിനാലാണ് അവര്‍ അധികാര രോഗികളായി കഴിയുന്നത്.
നസറത്തിലെ യേശു ചോദ്യങ്ങള്‍ ഉന്നയിക്കുകയും തന്നോട് ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മത, രാഷ്ട്രീയ അധികാരികളെ അവന്‍ ചോദ്യങ്ങളുടെ കുരിശില്‍ തറച്ചു. നിന്റെ ആത്മാവിനെ 'സ്വതന്ത്രമാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?' എന്ന ഭാവത്തിലാണ് അവന്‍ അധികാരികളുടെ മുമ്പില്‍ നിന്നത്. അവന്റെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും ഭയന്നതിനാലാണ് അവര്‍ അവനെ മരക്കുരിശില്‍ തറച്ചു കൊന്നത്. ക്രിസ്ത്യാനി കളുടെ യേശു ചോദ്യങ്ങള്‍ മറന്നവനും ചോദ്യങ്ങളെ ഭയക്കുന്നവനുമാണ്. അധികാരികളെ നോവിക്കാത്തവ നാണ്; എപ്പോള്‍ സംസാരിക്കണം; എപ്പോള്‍ മൗനം പാലിക്കണം എന്ന് നന്നായി അറിയുന്നവനാണ്. മടിയില്‍ കനം ഉള്ളതിനാല്‍ അധികാരികളുമായി സമരസപ്പെടുന്ന വനാണ്.
നസറത്തിലെ യേശുവിന് ആചാരങ്ങളും പാരമ്പര്യങ്ങളും നിയമങ്ങളും സാബത്തുമെല്ലൊം അപ്രധാനമായിരുന്നു. സ്‌നേഹം മാത്രമായിരുന്നു സുപ്രധാനം. എന്നാല്‍, ക്രിസ്ത്യാനികളുടെ യേശുവിന് സ്‌നേഹമൊഴികെ മറ്റെല്ലാം പ്രധാനമാണ്. നീതിയേക്കാള്‍ അനുസരണം പ്രധാനം; ഐക്യത്തേക്കാള്‍ ഐകരൂപ്യം പ്രധാനം; സത്യത്തേക്കാള്‍ സംഘബലം പ്രധാനം; സഭയേക്കാള്‍ സമുദായം പ്രധാനം; ആത്മാവിലും സത്യത്തിലുമുള്ള ആരാധനയേക്കാള്‍ ക്രമം പ്രധാനം! ആനന്ദത്തേക്കാള്‍ അച്ചടക്കം പ്രധാനം! ദൈവരാജ്യത്തേക്കാള്‍ ലോകരാജാവ് പ്രധാനം!
നസറത്തിലെ യേശു ദരിദ്രര്‍, പാപികള്‍, ചുങ്കക്കാര്‍, വേശ്യകള്‍, രോഗികള്‍ എന്നിവരുടെ സ്‌നേഹിതനായിരുന്നു. അവന്റെ വിരുന്നുമേശകളില്‍ അവര്‍ക്ക് മുന്‍ഗണന ഉണ്ടായി രുന്നു. അവന്റെ പൊടി പിടിച്ച പാദങ്ങള്‍ കണ്ണീര് കൊണ്ട് അവര്‍ കഴുകിയിരുന്നു. അവന്റെ മുഷിഞ്ഞ മേലങ്കികള്‍ ഹൃദയശുദ്ധി കൊണ്ട് അവര്‍ കഴുകി വെളുപ്പിച്ചിരുന്നു. പാദക്ഷാളനം അവന് പ്രിയങ്കരമായിരുന്നു. ക്രിസ്ത്യാനി കളുടെ യേശു സക്രാരിയില്‍ മാത്രം വസിക്കുന്നവനാണ്; പാദം കഴുകിയാല്‍ ഹൃദയം കഴുകാനാകും എന്നറിയാത്തവ നാണ്. അധികാരവും സമ്പത്തുമുള്ളവരുടെ മാത്രം സ്‌നേഹിതനാണ്.
നമ്മോട് സംസാരിക്കുന്നത് നസറത്തിലെ 'അവന്‍' തന്നെയാണോ? നാം ആരാധിക്കുന്നതും അനുകരിക്കാന്‍ ശ്രമിക്കുന്നതും സുവിശേഷത്തിലെ 'അവനെ' തന്നെയാണോ? വെറുതെ പ്രസംഗിക്കാനും കൈപ്പാട് അകലെ നിര്‍ത്തി ആരാധിക്കാനും മാത്രമുള്ള ഒരാളാണ് നമുക്ക് യേശുവെങ്കില്‍, നമ്മുടേത് നസറത്തിലെയും സുവിശേഷത്തിലെയും യേശുവല്ല; നമ്മുടെ സൗകര്യാര്‍ത്ഥം നാം നിര്‍മ്മിച്ച ഒരു വിഗ്രഹം മാത്രമാണ്.