നൈജീരിയയില്‍ ഒരു സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 9 ക്രൈസ്തവര്‍

നൈജീരിയയില്‍ ഒരു സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 9 ക്രൈസ്തവര്‍
Published on

നൈജീരിയയിലെ കടുന സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും, കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ മാത്രം, 9 പേര്‍ കൊല്ലപ്പെട്ടു വെന്നും 25 പേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയെന്നും കടുന അതിരൂപത ചാന്‍സലറെ ഉദ്ധരിച്ച് ഫീദെസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണ ങ്ങള്‍ തുടര്‍ക്കഥയാകുന്ന നൈജീരിയയുടെ മദ്ധ്യ-വടക്കന്‍ പ്രദേശത്തുള്ള കടുന സംസ്ഥാനത്ത് അടുത്തിടെ ആക്രമണങ്ങള്‍ കൂടുതല്‍ വര്‍ദ്ധിച്ചുവെന്ന് ഫീദെസ് അറിയിക്കുന്നു.

മെയ് 21-നു കുര്‍മിന്‍ ബൊങ്കോയിലുള്ള ഒരു കേന്ദ്രത്തിന് നേരെ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നും പത്ത് പേരെ അക്രമികള്‍ തട്ടിക്കൊണ്ടു പോയെന്നും കടുന അതിരൂപത ചാന്‍സിലര്‍ എഴുതി. ഇവരില്‍ രണ്ടുപേരെ പിന്നീട് മോചിപ്പിക്കാനായെന്നും അദ്ദേഹം അറിയിച്ചു.

മാര്‍ച്ച് 2-ാം തീയതി കസരു-ബിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായ ഈ ആക്രമണങ്ങള്‍ മൂലം ആളുകള്‍ കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് അറിയിച്ച ഫീദെസ്, ജനജീവിതം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും, തങ്ങളുടെ ജനത്തിന്റെ സ്വത്തിന് സംരക്ഷണം നല്‍കണമെന്നും അതിരൂപത ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 5 നു കാച്ചിയയില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വിശ്വാസികളുടെ സ്വാതന്ത്ര്യത്തിനായി ആറേകാല്‍ ലക്ഷത്തിലധികം യൂറോയാണ് (ഏഴുകോടിയിലധികം രൂപ) വിമോചനദ്രവ്യമായി അക്രമികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org