പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ മുഴുവന്‍ സഭയുടെയും നന്മയ്ക്കായി ഉപയോഗിക്കുക: ലിയോ പതിനാലാമന്‍ പാപ്പ

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ മുഴുവന്‍ സഭയുടെയും നന്മയ്ക്കായി ഉപയോഗിക്കുക:
ലിയോ പതിനാലാമന്‍ പാപ്പ
Published on

സഭൈക്യവും സഭയുടെ പൊതുനന്മയും ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ കണ്ടുവേണം കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമേഖലയിലുള്ളവര്‍ വര്‍ത്തിക്കേണ്ടതെന്ന് ലിയോ പതിനാലാമന്‍ പാപ്പ. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രസ്ഥാന ത്തിന്റെ പ്രതിനിധികള്‍ക്ക് വത്തി ക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരുന്നു പാപ്പ.

ആത്മാവിന്റെ ദാനങ്ങള്‍ മുഴുവന്‍ സഭയ്ക്കുമുള്ള ദൈവത്തിന്റെ അനുഗ്രഹമാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. തെറ്റായ രീതിയിലുള്ള മതനിരപേക്ഷചിന്ത മുന്നോട്ടു വച്ചിരുന്ന സാമൂഹ്യവ്യവസ്ഥയുടെ വളര്‍ച്ചയ്ക്കു മുന്നില്‍ ക്രൈസ്തവവിശ്വാസത്തിന്റെ മറുപടിയും സഭയുടെ മിഷനറി നിയോഗത്തിന്റെ വളര്‍ച്ചയ്ക്കുള്ള സഹായവുമായി നിലകൊണ്ട ഒരു യാഥാര്‍ത്ഥ്യമാണ് കരിസ്മാറ്റിക് നവീകരണപ്രസ്ഥാനം. പ്രാർഥനയിലൂടെയും ആരാധനയിലൂടെയും വചനധ്യാനത്തിലൂടെയും സഭാംഗങ്ങള്‍ക്ക് വിശ്വാസവളര്‍ച്ചയില്‍ സഹായകമായി നില്‍ക്കാന്‍ കൂടിയുള്ളതാണ് അതിന്റെ വിളി. പാപ്പാ വിശദീകരിച്ചു.

വിവിധ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളെ ക്രോഡീകരിച്ച്, ഐക്യവും മെച്ചപ്പെട്ട ശുശ്രൂഷയും ഉറപ്പാക്കാന്‍ വേണ്ടി ഫ്രാന്‍സിസ് പാപ്പായുടെ താത്പര്യപ്രകാരം സ്ഥാപിക്കപ്പെട്ട കാരിസ് സമിതിയുടെ നേതാക്കളാണ് പാപ്പായെ കണ്ടത്. മുഴുവന്‍ സഭയുടെയും ഐക്യത്തിനും നന്മയ്ക്കുമായി പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പ ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ സിംഹാസനവും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കരിസ്മാറ്റിക് നവീകരണത്തില്‍ തിരുവചനത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പ, ആത്മാവിലുള്ള ജീവിതത്തിന്റെ ഫലവും അടയാളവുമാണ് ഐക്യവും, കാരുണ്യപ്രവൃത്തികളിലൂടെ വെളിപ്പെടുന്ന സ്‌നേഹവുമെന്ന് പ്രസ്താവിച്ചു.

കത്തോലിക്കാസഭയ്ക്കുള്ളിലെ തങ്ങളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യം കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലുള്ളവരെ ഓര്‍മ്മിപ്പിച്ച പാപ്പ, ഇടവകകളിലും രൂപതകളിലുമുള്ള സജീവസാക്ഷ്യത്തിലൂടെയും ശുശ്രൂഷകളിലൂടെയുമാണ് അത് സാധ്യമാക്കേണ്ടതെന്നും, സ്വാര്‍ത്ഥവിജയത്തിനോ ഉന്നതിക്കോ വേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിച്ച്, ഒരു സമൂഹമെന്ന നിലയില്‍ പൊതുനന്മ ലക്ഷ്യമാക്കിയും, ആത്മാവിന്റെ പ്രകാശവും ശക്തിയും പങ്കുവച്ചും മുന്നോട്ട് പോകണമെന്നും ഏവരോടും ആഹ്വാനം ചെയ്തു.

അറുപതുകളുടെ അവസാനം സ്ഥാപിതമായ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ചു ചേര്‍ത്ത് 2019-ല്‍ ഫ്രാന്‍സിസ് പാപ്പായാണ് കാരിസ് അന്താരാഷ്ട്ര നവീകരണപ്രസ്ഥാനത്തിന് അടിസ്ഥാനമിട്ടത്. കരിസ്മാറ്റിക് പ്രസ്ഥാനത്തിലുള്ളവര്‍ തമ്മിലുള്ള ഐക്യവും, അവരുടെ ശുശ്രൂഷകളും കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പാപ്പ അന്ന് ഇപ്രകാരമൊരു സംവിധാനം രൂപപ്പെടുത്തിയത്.

logo
Sathyadeepam Online
www.sathyadeepam.org