

പാലാ: ദൈവവചനം വിശാലമായ ഒരു സമുദ്രമാണെന്നും വചനം ഹൃദയത്തിൽ ഉണ്ടാകണമെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ദൈവവചനം ഹൃദയപൂർവം പഠിക്കണം. കാണാതെ പഠിക്കുന്ന തിരുവചനങ്ങൾ പാറയിൽ കൊത്തിവച്ചിരിക്കുന്നതുപോലെയാണ്. അത് മാഞ്ഞുപോകില്ല. പാലാ രൂപത കുടുംബ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടത്തിയ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ബൈബിൾ വചന പഠന പരമ്പര 'ജീവമന്ന' സീസൺ ഒന്ന് സമാപന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരിന്നു അദ്ദേഹം.
വചന പഠനം നിരന്തരമായ മതബോധനമാണ്. ഒരു ജനതയുടെ നിലവിളിക്ക് ദൈവം കൊടുത്ത ഉത്തരമാണ് 'മന്ന' എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സീസൺ ഒന്നിൻ്റെ ഇടവക, ഫൊറോന, രൂപതാതല മത്സര വിജയികളെ പങ്കെടുപ്പിച്ച് നടത്തിയ സംഗമത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ 'ജീവമന്ന' സീസൺ രണ്ടിന്റെ പ്രഖ്യാപനവും നടത്തി.
സങ്കീർത്തനം 119 മുഴുവനും കാണാതെ പഠിച്ചെഴുതിയ 65 കുട്ടികളെയും കാഷ് അവാർഡ് നൽകി ആദരിച്ചു. അനേകം ആളുകൾ സമ്മാനങ്ങൾ നേടി. 1500 ഓളം സമ്മാനങ്ങൾ വിതരണം ചെയ്‌തു. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളിലും വചന പഠന പരമ്പര നടക്കുന്നുണ്ട്.
കുടുംബ കൂട്ടായ്മ്‌മ രൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, അസി. ഡയറക്‌ടർ ഫാ. പോൾ കുന്നംപുറത്ത്, ജീവമന്ന പ്രോഗ്രാം ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, ഡോ. റൂബിൾ രാജ്, സിനിമ നടൻ സിജോയ് വർഗീസ്, ബാബു ഇടമണ്ണിക്കൽ എന്നിവർ പ്രസംഗിച്ചു.