വചനമനസ്‌കാരം

വചനമനസ്‌കാരം: No.186

എസ്. പാറേക്കാട്ടില്‍
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെ മേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
കൊളോസോസ് 2:15

the cross on which Christ suffered - ക്രിസ്തുവിനെ തൂക്കിക്കൊന്ന മരക്കുരിശ് എന്നാണ് cross എന്ന വാക്കിന് നിഘണ്ടു നല്‍കുന്ന പല അര്‍ഥങ്ങളില്‍ ഒന്ന്. symbol of Christianity - ക്രിസ്തുമതചിഹ്നം എന്നും അര്‍ഥമുണ്ട്. any suffering endured for Jesus sake - ക്രിസ്തുനാമത്തിലുള്ള ത്യാഗവും പീഡാനുഭവവും എന്ന മനോഹരമായ അര്‍ഥവിശദീകരണവുമുണ്ട്. ഖേദകരമെന്ന് പറയട്ടെ, കുരിശ് തന്നെ 'കുരിശായി' മാറിയ വിചിത്രമായ സ്ഥിതിയാണ് സീറോ മലബാര്‍ സഭയില്‍ ഇപ്പോഴുള്ളത്. കുരിശ് വലിയ വിവാദവിഷയ മായിരിക്കുന്നു.

കുരിശിന്റെ ആകൃതിയുടെയും പേരുകളുടെയും പേരില്‍ എത്രയെത്ര തര്‍ക്കങ്ങള്‍! കുരിശിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ എത്രയെത്ര കലഹങ്ങള്‍! എത്രയോ കുരിശുനാട്ടല്‍ വിവാദങ്ങള്‍! കുരിശ് ഉയിര്‍ത്തെന്നും മറ്റും പഠിപ്പിക്കുന്ന എത്രയോ അബദ്ധ പ്രബോധനങ്ങള്‍! 'മാര്‍തോമ്മാ കുരിശ് - ഉത്ഥിതനായ ഈശോയുടെ പ്രതീകം' എന്ന് പഠിപ്പിക്കുന്നവര്‍ പോലും ഈ സഭയിലുണ്ട്! മാര്‍തോമ്മാ കുരിശ് എന്ന പേരില്‍ ഒരു കുരിശില്ല എന്നതാണ് പരമാര്‍ഥം. ഒരപ്പസ്‌തോലന്റെയും പേരില്‍ കുരിശില്ല. കുരിശുമായല്ല അപ്പസ്‌തോലന്മാര്‍ സുവിശേഷം പ്രഘോഷിക്കാന്‍ പോയത്; ക്രൂശിതനുമായാണ്.

ഒരു കുരിശിനും അതില്‍ത്തന്നെ മേന്മയും മഹത്വവുമില്ല. കുരിശിനെ മഹത്വത്തിന്റെ ചിഹ്നമായി ഉയര്‍ത്തിയത് കുരിശില്‍ മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത യേശുക്രിസ്തുവാണ്. കുരിശിന്റെ മഹത്വവും പുകഴ്ചയുമെല്ലാം യേശുവിന്റെ മഹത്വവും പുകഴ്ചയുമാണ്.

കുര്‍ബാനത്തര്‍ക്കവും പാരമ്പര്യത്തര്‍ക്കവും പോലെ കുരിശുവിവാദവും എല്ലാ സീമകളും ലംഘിച്ചു കഴിഞ്ഞു. നമുക്കു വേണമെങ്കില്‍ ഒരായിരം ഡിസൈനുകളില്‍ കുരിശ് നിര്‍മ്മിക്കാനാകും. എന്നാല്‍, തന്റെ പുത്രനായ യേശുവിന്റെ കുരിശില്‍ പിതാവായ ദൈവം ഡിസൈന്‍ ചെയ്ത അനുപമവും അത്യഗാധവുമായ സ്‌നേഹം പുനര്‍നിര്‍മ്മിക്കാനും പുനര്‍നിര്‍വചിക്കാനും ആര്‍ക്കു കഴിയും?

നാം ആരാധിക്കുന്നത് യേശുവിന്റെ കുരിശിനെയല്ല; കുരിശിലെ യേശുവിനെയാണ്.

cross with the figure of Christ crucified upon it - യേശുക്രിസ്തുവിന്റെ കുരിശില്‍ തറച്ചിരിക്കുന്ന രൂപമുള്ള കുരിശ് എന്നാണ് crucifix എന്ന വാക്കിന്റെ അര്‍ഥം. മാമ്മോദീസായും തൈലാഭിഷേകവും വഴി ഓരോ വിശ്വാസിയുടെയും ആത്മാവില്‍ നിത്യമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നത് ഈ crucifix ആണ്. അതാകട്ടെ കേവലം രണ്ടു മരക്കഷണങ്ങളല്ല; പിന്നെയോ രണ്ടു മരക്കഷണങ്ങളില്‍ തൂങ്ങി നമുക്കുവേണ്ടി മരിച്ച് നമ്മെ രക്ഷിച്ച യേശുവും അവന്റെ സ്‌നേഹവുമാണ്. മനുഷ്യരക്ഷയ്ക്കുവേണ്ടി മരിച്ചതും ഉയിര്‍ത്തതും കുരിശല്ലാത്തതിനാലും ക്രൂശിതനായ യേശുക്രിസ്തു ആയതിനാലും മനുഷ്യവംശത്തിന്റെ ഹൃദയത്തില്‍ നിത്യമായി നാട്ടപ്പെട്ടിരിക്കുന്നത് ക്രൂശിതനായ യേശുവാണ്.

സത്യത്തില്‍ ക്രിസ്തുമതത്തിന്റെ സചേതനവും സക്രിയവുമായ ചിഹ്നം കുരിശല്ല; ക്രൂശിതന്റെ സ്‌നേഹം നുകര്‍ന്നും പകര്‍ന്നും ജീവിക്കുന്ന മനുഷ്യരാണ്. യേശുവിന്റെ കുരിശ് പഠിപ്പിക്കുന്നതും പ്രഘോഷിക്കുന്നതും മതവും ചരിത്രവും പാരമ്പര്യവും വ്യര്‍ത്ഥാഭിമാനവും തര്‍ക്കശാസ്ത്രവും ഒന്നുമല്ല; അഗാധവും അതിശക്തവും നിര്‍മ്മലവുമായ സ്‌നേഹം ഒന്നുമാത്രമാണ്. അതിനാല്‍ത്തന്നെ വിശുദ്ധ കുരിശിന്റെ പേരിലുള്ള ഏത് തര്‍ക്കവും കലഹവും ആ സ്‌നേഹത്തോടുള്ള അപരാധമാണ്. ആ പാപത്തിന്റെ പൊറുതിക്കായും അണയേണ്ടത് കുരിശിലെ യേശുവിന്റെ മുന്നില്‍ തന്നെയാണ്! സ്‌നേഹത്തിന്റേതൊഴികെ മറ്റെല്ലാ ആധിപത്യങ്ങളെയും അധികാരങ്ങളെയും നിരായുധമാക്കിയ യേശു കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചു. എന്നാല്‍, കുരിശിനെ മുന്‍നിര്‍ത്തി ആധിപത്യവും അധികാരവും ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഭോഷത്തം ക്രൂശിതനെ പരാജയപ്പെടുത്തുകയാണ്.

ശരിയായി പരിശീലിപ്പിച്ചാല്‍ കുട്ടികളുടെ പഠനശേഷിയും ഓര്‍മ്മശക്തിയും ഗണ്യമായി മെച്ചപ്പെടുത്താനാകും

സൃഷ്ടിയുടെ വ്യാകരണം

കൊച്ചിയിലെ കപ്പലൊച്ചകൾ [05]

വിശുദ്ധ ഗൈ (c 950-1012) : സെപ്തംബര്‍ 12

തെറ്റിനെ തെറ്റുകൊണ്ടു നേരിടാമോ?