

ടോം ജോസ് തഴുവംകുന്ന്
ആധുനിക തലമുറ ഒറ്റയ്ക്കാകാന്‍ ഒതുങ്ങിമാറുന്ന അവസ്ഥയാണ്. ഒറ്റയ്ക്കാണെങ്കിലും ഒരു പറ്റം മനുഷ്യര്‍ ഒപ്പമുണ്ട്. പക്ഷെ, ആര്‍ക്കും ആരോടും കടപ്പാടും സഹകരണവും പരസ്പരമുള്ള തിരിച്ചറിവും ഇല്ലെന്നായിരിക്കുന്നു. സ്വന്തം വളര്‍ച്ചയ്ക്കായി ചുറ്റുമുള്ളതെല്ലാം സ്വന്തം കാല്‍ച്ചുവട്ടിലേക്ക് 'വെട്ടിക്കൂട്ടുന്ന' തന്ത്രം പ്രാബല്യത്തിലായതുപോലെ! സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആധുനിക തലമുറ പറയുന്നതിലെ അപകടം തിരിച്ചറിയാതെ പോകരുത്.
വിവാഹം വേണ്ടെന്നും മക്കള്‍ വേണ്ടെന്നും പറയുന്ന യുവതയുടെ എണ്ണം വര്‍ധിക്കുകയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം പാഴാക്കണമോ; സ്വയം അടിച്ചുപൊളിച്ചു ജീവിക്കണമോയെന്നു സ്വയം ചിന്തിക്കണമെന്ന് സോഷ്യല്‍ മീഡിയ സംസാരം!! ഒന്നിനും കുറവില്ലാത്തവിധം ജീവിതം എത്തിപ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍ തലമുറയുടെ 'തല'യ്ക്കുപിടിച്ചിരിക്കുന്നു. സ്ത്രീക്കും പുരുഷനും ജോലിയുണ്ട്, തദ്വാരയുള്ള ജീവിതസൗകര്യങ്ങളുമുണ്ട്. പിന്നെന്തിന് സഹകരിക്കണം, വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകണം, സഹിക്കണം, സഹായിക്കണം എന്നൊക്കെയാണ് ചോദ്യങ്ങള്‍? നമ്മിലാര്‍ക്കാണ് ഇത്രമാത്രം ശക്തിയുള്ള 'ഒറ്റക്കാല്‍' ഉള്ളത്? ഒന്നിപ്പിന്റെ ഇടത്തിലിരുന്നല്ലേ ഇത്തരം 'തത്വചിന്തകള്‍' ആധുനിക തലമുറ പ്രസംഗിക്കുന്നത്?
ആധുനികതയുടെ ''ഒറ്റക്കാലും സ്വന്തംകാലം'' രൂപപ്പെടുമുമ്പ് എത്ര കാലുകള്‍ ഒന്നിച്ചോടിയിട്ടാണ് ഇവിടെ വരെയെത്തിയതെന്ന് നാം ചിന്തിക്കാറുണ്ടോ? എത്രപേര്‍ എത്ര പ്രാവശ്യം വഴി തളര്‍ന്നു വീണെന്നും ആരൊക്കെ താങ്ങിയാണ് ഇവിടെ വരെയെത്തിയതെന്നും ഓര്‍മ്മയുണ്ടോ? തനിച്ചായിരിക്കുന്നതിലെ ഇഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങള്‍ രോഗാതുരമായി സമൂഹത്തില്‍ പടരുകയാണിന്ന്. ഏകാന്തത നമ്മിലുണ്ടാക്കുന്ന അഗ്നിപാതങ്ങള്‍ ചെറുതൊന്നുമല്ല. വികാരവിചാരങ്ങളില്‍ അതിസമര്‍ദ്ദങ്ങളുണ്ടാക്കുന്നു. ഭാഷണങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഭാഷകളും വിസ്മൃതിയിലാകുന്നു. പരസ്പരം മുഖം കൊടുക്കാനും ചിരിക്കാനും സംഭാഷിക്കാനും വിമുഖത പുലര്‍ത്തുന്ന നവയുവത കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ''സൈലന്റ് കില്ലിംഗ്'' തിരിച്ചറിയാന്‍ വൈകരുത്. ഏകനായിരിക്കുന്നത് നന്നല്ലെന്ന് മനുഷ്യരെക്കുറിച്ചുള്ള ദൈവിക പദ്ധതിയില്‍ കുറിക്കുമ്പോള്‍ നമുക്കായി ഇണയും തുണയും ദൈവം തരുന്നുമുണ്ട്? യുഗം ഡിജിറ്റലാകുമ്പോള്‍ നമ്മുടെ 'ഇണയും തുണയും' ജീവിതം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ചിന്തിക്കണം; വൈകരുത്.
തോളോടുതോള്‍ ചേര്‍ന്ന് ജീവിച്ചു പോന്ന നാമിന്ന് എന്നില്‍ തുടങ്ങി എന്നിലവസാനിക്കുന്ന ജീവിതക്രമത്തിലായിരിക്കുന്നു. ചുറ്റുമുള്ളവരുള്ളതുകൊണ്ടാണ് നാമുള്ളതെന്ന് തിരിച്ചറിയണം. പരസ്പരം വെല്ലുവിളികളാകുന്ന ദാമ്പത്യജീവിതം ആനുകാലികമായി സാധാരണമാകുന്നു. തട്ടിയും മുട്ടിയും ചേര്‍ന്നിരിക്കേണ്ടവര്‍ തച്ചുടയ്ക്കുന്ന അവസ്ഥയിലേക്കെത്തുന്ന ആധുനികത സമൂഹത്തിന്റെ ദുരന്തമാണ്. ഒന്നിച്ചായിരിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ ഒറ്റയ്ക്കിരുന്ന് വീര്‍പ്പുമുട്ടുന്നു.
ഓര്‍മ്മ നശിക്കുന്നു; കാരണം ഓര്‍ത്തെടുത്ത് ഭാഷിക്കാന്‍ ചുറ്റുമാളില്ലായെന്നതു തന്നെ! ഒഴുക്കില്ലാത്ത ജലാശയത്തില്‍ അഴുക്ക് അടിഞ്ഞുകൂടുന്നതുപോലെ മനുഷ്യരുടെ ഒറ്റപ്പെടലില്‍ മനസ്സിന്റെ ഭാരം കൂടുന്നു; രക്തസമ്മര്‍ദ്ദം, ഡയബെറ്റിക്‌സ്, സ്‌ട്രോക്ക്, കുഴഞ്ഞുവീഴുന്ന ആകസ്മികത ഒക്കെ വര്‍ധിക്കുന്നു. സ്‌നേഹം നിരര്‍ഥകമാകുന്നപോലെ!
വാര്‍ധക്യത്തിന്റെ വര്‍ത്തമാനങ്ങള്‍ ഭാവിയുടെ വെളിച്ചമായിരുന്നു; ഇന്ന് അവഗണനയുടെ കഥാപാത്രങ്ങളായി മാറ്റിനിര്‍ത്തപ്പെടുന്നു; ഉപകാരമില്ലാത്തതിനെ വലിച്ചെറിയുന്ന 'യൂസ് ആന്റ് ത്രോ'യിലെത്തി നില്‍ക്കുന്നു. എല്ലാമുള്ളപ്പോഴും ആധുനിക മനുഷ്യന്റെ മനസ്സ് ശൂന്യതയിലാണ്. സന്മനസ്സും സത്യവും വിശുദ്ധ വിചാരങ്ങളുമൊന്നുമില്ലാത്ത വിധം മനുഷ്യര്‍ യന്ത്രങ്ങളായി മാറിയിരിക്കുന്നു.
ഒന്നിച്ചായിരിക്കുന്നതില്‍ നിന്നും ഓടിക്കയറുകയാണ് നാമിന്ന്. ഏകാന്തത നമ്മില്‍ സൃഷ്ടിക്കുന്ന രോഗങ്ങള്‍ അനവധിയാണ്; ദുഃഖത്തെ മാടിവിളിക്കുന്നതാണ് ഏകാന്തത. മറവിയെ പുല്‍കുന്നതാണ് ഏകാന്തത!! വിഷാദം, പക്ഷാഘാതം, ആത്മഹത്യാപ്രവണത, ക്രൂരത എന്നിങ്ങനെ വിവിധങ്ങളായ രോഗങ്ങള്‍ വേറെയും!!
ഒന്നിനും ഒരിടത്തും ആളില്ലാത്ത അവസ്ഥ. ആശയും ആശ്രയവും ഇല്ലാത്ത നെടുവീര്‍പ്പുകള്‍ ശേഷിപ്പാകുന്നു. നമ്മുടെ വികസനമാകട്ടെ ബഹിരാകാശവാസത്തിനും ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിലും എത്തിനില്‍ക്കുന്നു. വാഹന വര്‍ക്ക്‌ഷോപ്പിലെ ലാഘവത്തോടെ അവയവങ്ങള്‍ മാറ്റിവയ്ക്കപ്പെടുമ്പോഴും ചികിത്സ കിട്ടാത്തവിധം മനുഷ്യമനസ്സുകള്‍ നീറിപ്പുകയുകയാണ്. ഇന്നത്തെ സംസാരമധ്യേ ഒരു ദീര്‍ഘ നിശ്വാസത്തോടെ പലരും പറയുന്നതു കേള്‍ക്കാം ''നടക്കുമ്പോള്‍ തന്നെ അങ്ങെടുത്താല്‍ മതിയായിരുന്നു'' എന്ന്!! നിരാശയുടെ ഒരു പൂര്‍ണ്ണ വിരാമം ഈ വാക്കുകളില്‍ തെളിയുന്നുണ്ട്. ജീവിക്കാനാഗ്രഹമുണ്ടെങ്കിലും കൂട്ടാകാനും കൂട്ടിരിക്കാനും ഒപ്പമാകാനും ഒന്നിച്ചാകാനും ഒരിറ്റുവെള്ളം തരാനും ആരുണ്ടെന്ന നിസ്സഹായതയില്‍ പറഞ്ഞുപോകുന്നതാണ്. ഊന്നുവടികളെ തേടാത്തവിധം സ്വന്തം കാലിന്റെ ശക്തിയെ ഗര്‍വോടെ കാണുന്ന ഇന്നത്തെ മനുഷ്യരെക്കുറിച്ച് എന്തു പറയാന്‍?! പടവെട്ടുന്നു പടികളുടയ്ക്കുന്നു പരാശ്രയം പരാജയമാണെന്ന് ആരോ മന്ത്രിക്കുന്നു?
ഒന്നിച്ചായിരിക്കുന്നതില്‍ നിന്നും ഓടിക്കയറുകയാണ് നാമിന്ന്. ഏകാന്തത നമ്മില്‍ സൃഷ്ടിക്കുന്ന രോഗങ്ങള്‍ അനവധിയാണ്; ദുഃഖത്തെ മാടിവിളിക്കുന്നതാണ് ഏകാന്തത. മറവിയെ പുല്‍കുന്നതാണ് ഏകാന്തത!! വിഷാദം, പക്ഷാഘാതം, ആത്മഹത്യാപ്രവണത, ക്രൂരത എന്നിങ്ങനെ വിവിധങ്ങളായ രോഗങ്ങള്‍ വേറെയും!!
വൃദ്ധദമ്പതികള്‍ ഒറ്റയ്ക്കും ഒന്നിച്ചും ട്രഷറിയിലേക്കും ബാങ്കിലേക്കും പോസ്റ്റോഫീസിലേക്കും അക്ഷയസെന്ററുകളിലേക്കും മാര്‍ക്കറ്റുകളിലേക്കുമൊക്കെ പോകുന്നതു കാണാം. ചെറുപ്പകാലത്തും ഓട്ടം ഇവര്‍ തന്നെയായിരുന്നു; ഓടാന്‍ വയ്യാത്തപ്പോളിതാ മാരത്തണ്‍ ഓട്ടത്തിലാണ്; പണം കരുതാനുള്ള ബാഗ് ഒപ്പമുണ്ടാകും... എല്ലാം മക്കളയയ്ക്കുന്നതാ!! മക്കളെവിടെയൊക്കെയാണെന്നുപോലും ഓര്‍ത്തെടുക്കാനാകുന്നില്ല. ഓര്‍മ്മയില്ലെങ്കിലും സുഖസൗകര്യങ്ങളുടെ നിലവാരത്തിന് കുറവില്ല. ചിരിക്കുന്ന മുഖത്തിനു പിന്നില്‍ കരഞ്ഞു കണ്ണീര്‍ വറ്റിയ നൊമ്പരം കത്തിക്കാളുന്നുണ്ടെന്നത് തിരിച്ചറിയാന്‍ ഇനിയും നാം വൈകരുത്. വരുംതലമുറയ്ക്ക് സ്വന്തം നാടിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനാണ് പാഠങ്ങള്‍ ഉണ്ടാകേണ്ടത്. അധികാരങ്ങളുടെ പ്രോട്ടോക്കോള്‍ പാഠങ്ങളില്‍ ഉള്‍പ്പെടുത്തുന്നതില്‍ മക്കള്‍ക്കെന്തു ഗുണം! എല്ലാം പഠിച്ച് എന്നാല്‍ ഒന്നും പഠിക്കാത്തവരെപ്പോലെ നാടുവിടുന്ന മക്കളുടെ 'ചിന്ത'യ്ക്കാണ് മരുന്ന് ആവശ്യം; കുടുംബമായും കുടുംബത്തിലും നാട്ടിലും ജീവിക്കാനാകുന്ന വിധം മക്കളുടെ പഠനത്തിന് അര്‍ഥമുണ്ടാക്കണം. പഠനതൊഴില്‍ പരസ്യങ്ങളിലെല്ലാം വിമാനത്തിന്റെ ചിത്രമാണ് മുഖ്യം? സന്തോഷത്താല്‍ മതിമറക്കുന്ന യുവതയുടെ ചിത്രവും കാണാം. ഒരു കാര്യം മറക്കരുത് ദൈവം ആയുസുതന്നാല്‍ എല്ലാവര്‍ക്കും വാര്‍ധക്യവും വാര്‍ധക്യത്തിന്റെ ക്ഷീണവും വരുമെന്ന് തീര്‍ച്ച! ജ്വലിക്കുന്ന യുവത്വത്തില്‍ നാം പറഞ്ഞ ഒറ്റയ്ക്കു നില്‍ക്കാനുള്ള 'സ്വന്തം കാല്‍' ബലക്ഷയത്താല്‍ ബലമുള്ളവരെ തേടുന്ന കാലം ഓര്‍മ്മയിലുണ്ടാകണം.
ശവമുള്ളിടത്ത് കഴുകനെന്നപോലെ പണമുള്ളിടത്ത് എല്ലാം കേന്ദ്രീകരിച്ചു കഴിഞ്ഞോ? പണത്തിനായി നെട്ടോട്ടമോടി അവസാനം പണമിരിക്കുന്ന 'ഇടം' പോലും അറിയാത്തവിധം നാം വെറും 'മനുഷ്യരൂപം' മാത്രമായി മാറുമെന്നത് ഇന്നിന്റെ ഒരവസ്ഥ അല്ലെങ്കില്‍ ദുരവസ്ഥ!! എല്ലാമുണ്ടെങ്കിലും സ്‌നേഹിക്കാനും പരിചരിക്കാനും ആളില്ല. 'പകല്‍ വീടും മുഴുവീടും' നാടുനീളെ ഉയരുന്നു; ബലഹീന വശത്തുനിന്ന് ബലവത്താകാന്‍ പാടുപെടുന്നവരും കുറവല്ല. രണ്ടും അടുത്തില്ലെങ്കിലും 'ആരോ അടുത്തുണ്ടത്രെ'!! മനസ്സിന്റെ ഏകാന്തതയെക്കുറിച്ച് നല്ല മനസ്സുള്ളപ്പോള്‍ ചിന്തിക്കുന്നത് ഉചിതമായിരിക്കും. തലമുറകളെ പണസമ്പാദനത്തിന്റെ 'ടെക്‌നിക്ക്' പഠിപ്പിക്കും മുമ്പ് പരാധീനകാലത്തെ പാതിവെട്ടത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തണം. ദാരിദ്ര്യത്തിലും ദയയും കാരുണ്യവും പരസ്പരാശ്രയവുമൊക്കെ സജീവമായിരുന്നെന്നു പഠിപ്പിക്കണം. പോയകാലം നല്ലകാലവും നന്മയുടെ മനുഷ്യരുള്ള കാലവുമായിരുന്നെന്നറിയണം.
ടെക്‌നോളജി സമൃദ്ധി പ്രാപിച്ചപ്പോള്‍ നമുക്കിടയിലെ ചതിയുടെ ടെക്‌നിക്കുകള്‍ പുതുമേഖലയിലാണ്. സൂക്ഷിക്കണം, ഏകാന്തതയുടെ ഇടങ്ങളായി ഒരിടവും മാറരുത്.
ടെക്‌നോളജി സമൃദ്ധി പ്രാപിച്ചപ്പോള്‍ നമുക്കിടയിലെ ചതിയുടെ ടെക്‌നിക്കുകള്‍ പുതുമേഖലയിലാണ്. സൂക്ഷിക്കണം, ഏകാന്തതയുടെ ഇടങ്ങളായി ഒരിടവും മാറരുത്. കുടുംബങ്ങളില്‍ കുടുംബാംഗങ്ങള്‍ സ്‌നേഹിച്ചു വളരാന്‍ സാഹചര്യമുണ്ടാക്കുംവിധം വരും തലമുറയുടെ പാഠങ്ങള്‍ പച്ചപിടിക്കണം. മക്കള്‍ ദൈവത്തിന്റേയും മനുഷ്യരുടേയും പ്രീതിയില്‍ വളരട്ടെ; നന്മ പുലരട്ടെ!!