വചനമനസ്‌കാരം

വചനമനസ്‌കാരം: No.177

എസ്. പാറേക്കാട്ടില്‍
ഇതാ, ഇന്നു ഞാന്‍ നിന്റെ മുമ്പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക.
നിയമാവര്‍ത്തനം 30:15 & 19

വീണ്ടും ഒരു തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞു. മുന്നണികള്‍ കൂട്ടലും കിഴിക്കലും നടത്തുകയാണ്. തോറ്റെങ്കിലും അടിത്തറ തകര്‍ന്നിട്ടില്ലെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും ഒരു കൂട്ടര്‍. തോറ്റെങ്കിലും വോട്ട് കൂടിയിരിക്കുകയാണെന്ന് മറ്റൊരു കൂട്ടര്‍. പിന്നിലായി എന്നതിനര്‍ഥം തോറ്റു എന്നല്ലെന്നും പിന്നോട്ട് പോകുന്നതിലും വിജയമുണ്ടെന്നും അടിമ സാംസ്‌കാരിക നായകന്‍!

ജയിച്ചതിന്റെ ബഹുമതി ക്യാപ്റ്റനോ മേജറിനോ മൈനറിനോ കേണലിനോ കമാണ്ടറിനോ ടീമിന് ഒന്നാകെയോ എന്ന് തര്‍ക്കിച്ച് തോറ്റുകൊണ്ടിരിക്കുന്ന മറ്റൊരു കൂട്ടര്‍ ! ജയിച്ചിട്ടും തോല്‍ക്കുന്നവര്‍ ! തോറ്റിട്ടും തോറ്റില്ലെന്ന് വാദിച്ച് തൊപ്പിയിടുന്നവര്‍ ! ഇവരൊക്കെയാണ് നമ്മുടെ ജനാധിപത്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

a system of government in which people govern themselves or through their representatives whom they elect. It is based on equality, freedom of speech, religion and political opinion. ജനങ്ങള്‍ നേരിട്ടോ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുഖേനയോ നടത്തുന്നതും സമത്വം, സ്വാതന്ത്ര്യം (അഭിപ്രായത്തിലും മതത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും) എന്നിവയില്‍ അധിഷ്ഠിതവുമായ ഭരണസമ്പ്രദായം;

രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണെന്നുള്ള സിദ്ധാന്തം എന്നൊക്കെയാണ് democracy എന്ന വാക്കിന്റെ അര്‍ഥവിശദീകരണം. നമ്മുടെ രാജ്യത്തിന്റെ പരമാധികാരികള്‍ നാമാണോ? സമത്വവും സ്വാതന്ത്ര്യവും വിശാലവും സമ്പൂര്‍ണ്ണ വുമായ അര്‍ഥത്തില്‍ നാം ഇന്ന് അനുഭവിക്കുന്നുണ്ടോ ?

സത്യത്തില്‍ ജനാധിപത്യത്തില്‍ ആരാണ് ജയിക്കുന്നത് ? ജനങ്ങളാണോ ? അല്ല. ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാണോ ? അല്ല. ജനാധിപത്യം ജനങ്ങളുടെ ഇച്ഛകളുടെയും മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും അവകാശങ്ങളുടെയും സാക്ഷാല്‍ക്കാരമാണോ ? അല്ല.

ജനാധിപത്യത്തില്‍ ജയിക്കുന്നത് ഭരണാധികാരികള്‍ മാത്രമാണ്. ജനാധിപത്യം, ജയിച്ച് അധികാരത്തില്‍ വരുന്നവരുടെ ആധിപത്യമാണ്. ഭരിക്കുന്നവരുടെ ആധിപത്യമാണ്. അധികാരമുള്ളവരുടെ ആധിപത്യമാണ്. അവരുടെ സ്വേച്ഛകളും അതിമോഹങ്ങളും ആര്‍ത്തികളുമാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. രണ്ടുതരം മനുഷ്യരാണുള്ളത്. അധികാരം ഉള്ളവരും അതില്ലാത്തവരും. പഴയ മേലാളത്വവും കീഴാളത്വവും ജാതീയമായിരുന്നെങ്കില്‍ ജനാധിപത്യത്തില്‍ അത് അധികാരകേന്ദ്രീകൃതമാണ്. ജനാധിപത്യം അഭിനവ മേലാളന്മാരുടെ ആധിപത്യമാണ്.

സ്‌റ്റേറ്റിനും ജനങ്ങള്‍ക്കും വേണ്ടിയാണ് നിയോഗിക്കപ്പെടുന്നതെങ്കിലും സ്‌റ്റേറ്റും ജനതയും തങ്ങള്‍ക്കുവേണ്ടിയാണെന്ന മട്ടില്‍ ഭരണാധികാരികള്‍ മദിക്കുന്നു. അധികാരികളാണെങ്കിലും തങ്ങള്‍ പൗരന്മാരുമാണ് എന്ന പരമാര്‍ഥവും ഭരണഘടനയുടെയും സ്‌റ്റേറ്റിന്റെയും ജനത്തിന്റെയും ദാസരും ശുശ്രൂഷകരുമാണ് എന്ന സത്യവും ഭരണാധികാരികള്‍ മറക്കുന്നു. 'മനഃസാക്ഷിയുടെ രാജാധികാരത്തില്‍' പിറവിയെടുക്കുന്നത് ഒരു തരം നിയോ ഫ്യൂഡലിസ്റ്റുകളാണ്. അതുകൊണ്ടാണ് ഈ നവജന്മികള്‍ കടന്നുപോകുമ്പോള്‍ പൗരനെ ഇടവഴികളില്‍ തടഞ്ഞിടുന്നത്. അതുകൊണ്ടാണ്.

ഈ പുതിയ തമ്പ്രാന്മാര്‍ക്ക് അനിഷ്ടമുണ്ടാകും എന്നതിനാല്‍ കറുത്ത ഉടുപ്പിട്ടവരെ തെരുവില്‍ തടയുന്നത്. അല്ല; ജനാധിപത്യം ജനങ്ങളുടെ ആധിപത്യമല്ല. ജനാധിപത്യത്തില്‍ ജയിക്കുന്നത് ജനങ്ങളല്ല. തങ്ങളെ തോല്‍പ്പിക്കാനുള്ളവരെ ജനം ജയിപ്പിച്ചു വിടുകയാണ്! തങ്ങളുടെ തോളില്‍ കയറിയിരുന്ന് ചെവി തിന്നേണ്ടവരെ ജനം തന്നെ തിരഞ്ഞെടുക്കുകയാണ് ! കോരന് എന്നും കഞ്ഞി കുമ്പിളില്‍ ഒഴിച്ചു തരേണ്ടത് ആരെന്ന് കോരന്‍ തന്നെ തീരുമാനിക്കുകയാണ് ! ഇടതായും വലതായും ഇടതുവ്യതിയാനമായും വലതുവ്യതിയാനമായും കോരനും കോരന്റെ കുമ്പിളിലെ കഞ്ഞിയും മാറ്റമില്ലാതെ തുടരുമെന്ന് കോരന്‍ തന്നെ ഉറപ്പിക്കുകയാണ് ! ജയിപ്പിച്ച് ജയിപ്പിച്ച് ജനം തോല്‍ക്കുകയാണ്; ജയിച്ചവര്‍ ജനത്തെ തോല്‍പ്പിച്ച് തോല്‍പ്പിച്ച് ജയിച്ചുകൊണ്ടേയിരിക്കുകയാണ്.

മറ്റു സമ്പ്രദായങ്ങളെല്ലാം ഇതിലും മോശമാണത്രെ !

'ലെസര്‍ ഈവിള്‍ ' ജനാധിപത്യമാണത്രെ !

മറ്റൊരു തിരഞ്ഞെടുപ്പിനെപ്പറ്റി പറയാനാണ് ഇതെല്ലാം പറഞ്ഞത്. മറ്റൊരു മണ്ഡലത്തില്‍, മറ്റൊരു തലത്തില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പുണ്ട്. ആ തിരഞ്ഞെടുപ്പാണ് ഒടുവില്‍ നമ്മുടെ state of life അഥവാ ജീവനില നിര്‍ണ്ണയിക്കുന്നത്.

അടുത്ത ലക്കത്തില്‍ വിശദീകരിക്കാം.

  • (തുടരും)

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു