വചനമനസ്‌കാരം

വചനമനസ്‌കാരം: No.209

എസ്. പാറേക്കാട്ടില്‍
അഗ്നിയിൽ അകപ്പെട്ടവരെ പിടിച്ചുകയറ്റുവിൻ. മാംസദാഹത്താൽ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിൻ.
യൂദാസ് 1 : 23

അഗ്നിയാണെന്‍ ദേവത!

അഗ്നിയുണ്ട് നെഞ്ചിലെന്‍

അസ്ഥിയില്‍, ജഠരത്തില്‍,

നാഭിയില്‍,സിരകളില്‍

അണുമാത്രമാം ജീവകോശത്തില്‍പോലും!

എന്നുമതിനെയൂട്ടാന്‍

ഞാനീ ഇന്ധനം ഒരുക്കുന്നു.

മതിയെന്നോതാനറിയില്ല;

മണ്ണിലെ ധാന്യ ഫലമൂലങ്ങള്‍

സ്നേഹ ക്ഷീര നീരങ്ങള്‍

മന്ത്രമുരുവിട്ടനുമാത്രം

പ്രാണവായുവും തുളച്ചു അരുളുന്നു ഞാന്‍,

എല്ലാം അഗ്നിയാഹരിയ്ക്കുന്നു!

അഗ്നിതന്‍ പ്രസാദമെന്‍ ജീവിതം;

എന്നാലിതേയഗ്നിയങ്ങവസാനം

എന്നെയും ഭക്ഷിക്കുന്നു.....

-ഓ.എൻ.വി.

കവിതയുടെ അഗ്നി ഉള്ളിൽ പേറുന്നവരാണ് കവികൾ. ഒരർഥത്തിൽ കാവ്യകല എന്നത് അഗ്നികല യാണ്. ഉള്ളിലും ഉണ്മയിലും എരിയുന്ന ക്ഷരമില്ലാത്ത ആ അഗ്നിയുടെ വെളിച്ചത്തിലും തെളിച്ചത്തിലുമാണ് അവർ കാലവും ലോകവും കാണുന്നത്; എല്ലാവരും കാണുന്നതിൽ ആരും കാണാത്തത് കാണുന്നത്.

ആ അഗ്നി സ്ഫുടം ചെയ്തെടുത്താണ് അവർ ഭൂത- വർത്തമാന- ഭാവികളെ അക്ഷരങ്ങളിൽ ആവാഹിക്കുന്നത്. 'അഗ്നി' എന്ന കവിതയിലേതാണ് മേലുദ്ധരിച്ച വരികൾ.

ഉള്ളിലെ നെരിപ്പോടിലെരിയുന്ന അഗ്നി ഏതെന്നതാണ് നിർണായകമായ ചോദ്യം.

ലാവ പോലെ ഉള്ളിൽ തിളയ്ക്കുന്ന അഗ്നി ഏതാണ്? ഓർമ്മകളെ ജ്വലിപ്പിക്കു ന്നതും ചിന്തയെ ഉരുക്കുന്നതും മനോവാക്കർമ്മങ്ങളെയാകെ നിയന്ത്രിക്കുന്നതുമായ അഗ്നി ഏതാണ്? കണ്ണിലും കിനാക്കളിലും ഒളിഞ്ഞിരുന്ന് ബോധാബോധങ്ങളെ ഭരിക്കുന്ന അഗ്നി ഏതാണ്? പകയും പ്രതികാരവുമാണോ? വെറുപ്പും വിദ്വേഷവുമാണോ? ധനമോഹവും അധികാരക്കൊതിയുമാണോ? ഒടുങ്ങാത്ത മാംസദാഹമാണോ? സ്വയം നിർവചിച്ച ശത്രുക്കൾക്കെതിരെയുള്ള യുദ്ധമാണോ? അനീതിയും ആത്മവഞ്ചനയുമാണോ? അപരാധബോധവും അപകർഷതയുമാണോ? നൈരാശ്യവും ആത്മനിന്ദ യുമാണോ? നഷ്ടബോധവും വിഷാദവുമാണോ? അയൽക്കാരോടുള്ള മാത്സര്യമാണോ?

ഉള്ളിൽ ആളിക്കത്തുന്ന യുദ്ധക്കൊതിയുടെ അഗ്നിയിൽ അകപ്പെട്ട ചില ഭരണാധികാരികൾ ചേർന്നല്ലേ ലോകത്തെ വീണ്ടും കലുഷിതമാക്കിയത്? മനുഷ്യൻ ജയിച്ച ഏതു യുദ്ധമാണ് ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്? സുരക്ഷിതസങ്കേതങ്ങളിലിരുന്ന് സഹജീവികളെ കൊല്ലാൻ ഉത്തരവിടുന്ന രക്തദാഹി കൾ അറിയുന്നില്ലല്ലോ പ്രാണഭീതിയോടെ പരക്കം പായുന്ന മനുഷ്യരുടെ നിലവിളികളും വേദനകളും. ആശുപത്രികളിലേക്കും സ്കൂളുകളിലേക്കും ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കുന്ന 'മനുഷ്യരെ' എന്തിനോടു പമിക്കും? അതിർത്തികൾ വിസ്തൃതമായാലും കമ്പോള ത്തിൽ ആയുധങ്ങൾ വിറ്റഴിക്കപ്പെട്ടാലും തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് വീണ്ടും വീണ്ടും അധികാരത്തിലെ ത്തിയാലും, ഒടുവിൽ ആ അഗ്നി അവരെയും വിഴുങ്ങു മെന്ന് അവരറിയുന്നില്ല. ഒരുവേള സ്വന്തം മനഃസാക്ഷി തൊടുക്കുന്ന ഒരു 'ബങ്കർ ബസ്റ്ററിൽ' ചാമ്പലാകുന്നതുവരെ മാത്രമേ ഇവരുടെ വീരകൃത്യങ്ങൾ നിലനിൽക്കുകയുള്ളൂ.

സഭാധികാരികൾക്കും പറയാനില്ലേ അഹംബോധത്തിന്റെയും അധികാരക്കൊതിയുടെയും ലോകമോഹങ്ങളുടെയും അഗ്നി ചാമ്പലാക്കിയ പവിത്രമായ ഇടങ്ങളെക്കുറിച്ചുള്ള ചില ദുരന്തകഥകൾ? പരിശുദ്ധമായ അൾത്താരയിൽ അദൃശ്യമായ അഗ്നിസാക്ഷിയായ്, വേദഗ്രന്ഥത്തിൽ ഹൃദയവും കരങ്ങളും ചേർത്ത്, 'വിളിക്കപ്പെടുകയും വേർതിരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും' ചെയ്തു എന്നഭിമാനിക്കുന്നവർ ആ അഗ്നിയെ മറന്നതല്ലേ എല്ലാ പതനങ്ങളുടെയും പിന്നിലുള്ള യഥാർഥ കാരണം?

നോമ്പ് ഉള്ളിലെ അഗ്നിയെ ധ്യാനിക്കാനുള്ള നേരമാണ്. മാമ്മോദീസായും തൈലാഭിഷേകവും വഴി ഉള്ളിലുണർന്ന പരിശുദ്ധാഗ്നിയെ ഉജ്വലിപ്പിക്കാനുള്ള സമയമാണ്. അശുദ്ധമായ അഗ്നികളിൽ അകപ്പെട്ടവരെ പിടിച്ചു കയറ്റാനുള്ള സന്ദർഭവുമാണ്.

തുര്‍ക്കിയില്‍ മതസ്വാതന്ത്ര്യലംഘനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് യു എസ് കമ്മീഷന്‍

വിശുദ്ധ കൊളെറ്റ് (1381-1447) : മാര്‍ച്ച് 6

കൊച്ചിയിലെ കപ്പലൊച്ചകള്‍ [28]

സംശയം

അന്ത്യവിശ്രമം പോലും നിഷേധിക്കപ്പെടുമ്പോൾ...