ഉൾപൊരുൾ

കീഴാള ജീവിതങ്ങള്‍ സൗന്ദര്യശാസ്ത്രമെഴുതുമ്പോള്‍

മഹത്ത്വത്തിന്‍റെ വഴിക്കുറിപ്പുകള്‍ എഴുതാന്‍ മേലാള ശാസ്ത്രങ്ങള്‍ നിര്‍ണായക ശാസനങ്ങളോടെ തലയ്ക്കു മുകളിലുള്ളപ്പോള്‍ വഴിമാറിനടപ്പ് വ്യവസ്ഥാപിത സംഘങ്ങള്‍ക്ക് അത്ര എളുപ്പമാവില്ല. സിനിമാലോകം സുന്ദരന്മാരുടെയും സുന്ദരികളുടെയുമാണ്. കറുത്തവനും കുലമഹിമയില്ലാത്തവനും ഇരുട്ടുവഴികളിലെ ഡ്യൂപ്പാകാനേ വിധിയുള്ളൂ. ചേരികളിലെ അഴുക്കുചാലുകള്‍ക്കൊന്നും മഹത്ത്വത്തിന്‍റെ കഥകളുണ്ടാവില്ലല്ലോ? അരികു ജീവിതങ്ങളെയെങ്ങനെ വെളിച്ചത്തു കൊണ്ടുവരാനാണ്? സവര്‍ണമേല്‍ക്കോയ്മയും താരവാഴ്ചയും മാനദണ്ഡങ്ങളുടെ മേല്‍ത്തട്ടു തീര്‍ക്കുമ്പോള്‍ സെല്ലുലോയിഡ് സംസ്കൃതിയെ മറികടക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ ചരിത്രത്തിലാദ്യമായി സൗന്ദര്യശാസ്ത്രങ്ങള്‍ മാറ്റിയെഴുതാന്‍ നമ്മുടെ ചലച്ചിത്ര അവാര്‍ഡു നിര്‍ണയ കമ്മിറ്റി നിര്‍ബന്ധിതരായിരിക്കുന്നു. 2016-ലെ കേരളത്തിലെ ചലച്ചിത്ര അവാര്‍ഡു കമ്മിറ്റി ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു. ഏറ്റവും നല്ല സിനിമയ്ക്കും ഏറ്റവും നല്ല സംവിധാനത്തിനും അവാര്‍ഡു കിട്ടിയ വിധു വിന്‍സന്‍റിന്‍റെ "മാന്‍ഹോളും" കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള അവാര്‍ഡു നേടിയ വിനായകനും സഹനടനുള്ള അവാര്‍ഡു കരസ്ഥമാക്കിയ മണികണ്ഠനുമെല്ലാം ചേര്‍ന്ന് ജൂറിക്ക് സിനിമാസ്വാദനത്തിന്‍റെ പുതുവഴികള്‍ പറഞ്ഞുകൊടുത്തിരിക്കുന്നു. ഒരു പൊളിച്ചെഴുത്ത് അതിന്‍റെ മുഴുവന്‍ അര്‍ത്ഥത്തിലും സംഭവിച്ചിട്ടുണ്ട്.
മലയാള സിനിമാചരിത്രത്തില്‍ ആദ്യമായാണ് ഒരു സംവിധായിക അംഗീകരിക്കപ്പെടുന്നത്. അങ്ങനെ സംവിധാന മികവിനും മികച്ച സിനിമയ്ക്കുമുള്ള പുരസ്കാരം മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സന്‍റ് നേടി. അവര്‍ സംവിധാനം ചെയ്ത മാന്‍ഹോളിനാണ് പുരസ്കാരം. 2016-ലെ ചലച്ചിത്രവിലയിരുത്തലില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ "പിന്നേയും" എന്ന ചിത്രവും മത്സരത്തിനുണ്ടായിരുന്നു. എന്നിട്ടും മാറിച്ചിന്തിക്കാന്‍ ജൂറി പ്രേരിപ്പിക്കപ്പെട്ടു. കേരളാ ബജറ്റിലും മാന്‍ഹോള്‍ എന്ന സിനിമ പരാമര്‍ശിക്കപ്പെട്ടു. തോട്ടിപ്പണിയുള്‍പ്പെടെയള്ള ശുചീകരണമേഖലയില്‍ യന്ത്രവത്കരണത്തിനായി സര്‍ക്കാര്‍ ഈ ബജറ്റില്‍ 10 കോടി മാറ്റിവച്ചു. മാന്‍ഹോള്‍ വൃത്തിയാക്കുന്ന ജനവിഭാഗത്തെക്കുറിച്ച് 2014-ല്‍ "വൃത്തിയുടെ ജാതി" എന്ന പേരില്‍ ഒരു ഡോക്കുമെന്‍ററി വിധു വിന്‍സന്‍റ് ചെയ്തിരുന്നു. സമൂഹം പരിഗണിക്കാതെ മാറ്റിനിര്‍ത്തിയ ഈ ജനവിഭാഗത്തിന്‍റെ രക്ഷയ്ക്കായി സിനിമ എന്ന മാധ്യമം പ്രയോജനപ്പെടുത്തുകയായിരുന്നു വിധു വിന്‍സെന്‍റ്. "തോട്ടിപ്പണിക്കാര്‍" എന്നൊരു ഗ്രൂപ്പ് സര്‍ക്കാര്‍ രേഖകളിലില്ല എന്നു സിനിമയില്‍ പറയുന്നുണ്ട്. ഒടുവില്‍ അധികാരികള്‍ ഈ സമൂഹത്തെ അംഗീകരിച്ചിരിക്കുന്നു. പേരുള്ള നടന്മാര്‍, സംവിധായകര്‍ തുടങ്ങി ശീലിച്ച വഴക്കങ്ങളെയും തഴക്കങ്ങളെയും ഈ സിനിമ മാറ്റിമറിക്കുന്നു. അയ്യസ്വാമിയുടെ 12 വയസ്സുള്ള മകള്‍ ശാലിനിയുടെ ബോധധാരയിലൂടെയാണു കഥ വിടരുന്നത്. തോട്ടിപ്പണിക്കാരുടെ ജീവിതം പ്രമേയമാകുമ്പോഴും അവാര്‍ഡു കമ്മിറ്റി കണ്ടിരിക്കും എന്നു വരുന്നതുതന്നെ വഴിമാറി നടപ്പാണ്.
ഇക്കുറി പതിവില്‍നിന്നു വിരുദ്ധമായി കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവതരിപ്പിച്ച വിനായകന്‍ ഏറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ടു. മണികണ്ഠന്‍ ഏറ്റവും നല്ല സഹനടനുമായി. എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ സിനിമാ നിരൂപണത്തിലും വിലയിരുത്തലിലും അവാര്‍ഡു നിര്‍ണയത്തിലുമെല്ലാം വിപ്ലവാത്മകമായ മാറ്റം വന്നിരിക്കുകയാണ്. നായകസങ്കല്പം, താരപ്രഭ തുടങ്ങിയ കാര്യങ്ങളിലെല്ലാം മാറ്റംവന്നു. കമ്മട്ടിപ്പാടത്തെ ഗംഗയെ അവിസ്മരണിയമാക്കിയ വിനായകന്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു. വിനായകനു മത്സരിക്കേണ്ടിവന്നത് പുലിമുരുകനിലെ മോഹന്‍ലാലുമായിട്ടായിരുന്നു എന്നറിയുമ്പോള്‍ കാര്യങ്ങള്‍ എത്ര മാറിയിരിക്കുന്നു എന്നു മനസ്സിലാകും. ആസ്വാദനകാര്യത്തില്‍, നമ്മുടെ സിനിമയുടെ രുചിക്കൂട്ടുകളില്‍ മാറ്റം വരുന്നു.
വ്യവസ്ഥാപിതമായ നായകസങ്കല്പങ്ങള്‍ തകര്‍ന്നടിയുന്നു. കുലീനതയുടെയും തറവാടിത്തത്തിന്‍റെയും ഭാവുകത്വമാര്‍ന്ന മഹാതീരം വിട്ടുപോരാന്‍ ജൂറി കാട്ടിയ തന്‍റേടം അഭിനന്ദനിയംതന്നെ. "കൃഷ്ണാ ഗംഗയാടാ" എന്ന വിനായകന്‍റെ ഫോണ്‍വിളിയും അഭിനയവും ആര്‍ക്കും മറക്കാനാവില്ല. എറണാകുളത്തെ അഴുക്കു മുഴുവന്‍ വന്നടിയുന്നത് എന്‍റെ വീട്ടിലാണെന്നു വിനായകന്‍ വിളിച്ചു പറയുന്നു. സിനിമയില്‍ അഭിനയിക്കാം ജീവിതത്തില്‍ അഭിനയിക്കാന്‍ പറയരുത് എന്നു വിനായകന്‍ വാശി പിടിച്ചു. അമ്മയ്ക്കൊരുമ്മ കൊടുക്കാന്‍ മാധ്യമക്കാര്‍ ആവശ്യപ്പെട്ടു. അഭിനയിച്ചുമ്മ കൊടുക്കാന്‍ വിനായകന്‍ തയ്യാറായില്ല. വിനായകന്‍ വിശ്വസിക്കുന്നതു പറയുന്നു, പറയുന്നതു വിശ്വസിക്കുന്നു. തന്‍റെ ജീവിതാനുഭവങ്ങളും പ്രതിഭയുംകൊണ്ടു വിനായകന്‍ നേടിയെടുത്തതാണീ പുരസ്കാരം. അങ്ങനെ അരികു ജീവിതങ്ങള്‍ക്ക് ഒരു കാലമുണ്ടാകും എന്നു തെളിയിച്ചു. ഇതിന്‍റെ സാമൂഹികപ്രസക്തിയെക്കുറിച്ചു ഗൗരവമായ ചര്‍ച്ചകളുണ്ടാകണം. ജനാധിപത്യത്തിന്‍റെ പുതുവഴികളിലേക്കിവിടെ ആരൊക്കെയോ ഇറങ്ങി നടക്കുന്നുണ്ട്.

🎯 BACK HOME – GUIDED AGAIN BY GOD! (The Return from Egypt)

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871) : ജനുവരി 3

വചനമനസ്‌കാരം: No.201

ഞങ്ങള്‍ നിങ്ങളെ വെറുക്കില്ല

കാര്‍ഡിനല്‍മാരുടെ അസാധാരണ സമ്മേളനം ജനുവരി 7, 8 തീയതികളില്‍