തീര്‍ത്ഥാടനം

സമറിയാ : അധഃകൃതര്‍ക്കും രക്ഷ

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

ബി സി 931 ല്‍ സോളമന്‍ രാജാവു മരിച്ചു. രാജഭരണം ഏറ്റെടുത്ത മകന്‍ റെഹൊബൊവാം നികുതിയിളവിനുവേണ്ടിയുള്ള ജനത്തിന്റെ മുറവിളി പരിഗണിച്ചില്ല. കുപിതരായ 10 ഗോത്രങ്ങള്‍ ''ഇസ്രായേല്‍'' എന്ന പേരില്‍ സ്വന്തമായൊരു രാജ്യം സ്ഥാപിച്ചു; തെക്ക് യൂദാ - ബെഞ്ചമിന്‍ ഗോത്രങ്ങള്‍ ''യൂദാ'' എന്ന പേരില്‍ അറിയപ്പെട്ടു. യൂദായുടെ തലസ്ഥാനം ജറൂസലേമായിരുന്നു. ഇസ്രായേലിന്റെ തലസ്ഥാനം തുടക്കത്തില്‍ തിറ്‌സായും. ബി സി 870-ല്‍ ഇസ്രായേല്‍ രാജാവായ ഓമ്രി ഷെമര്‍ എന്ന കാനാന്‍കാരനില്‍നിന്ന് ഒരു മല വിലയ്ക്കുവാങ്ങി തലസ്ഥാനം അങ്ങോട്ടുമാറ്റി. ഏകദേശം 400 മീറ്റര്‍ ഉയരമുള്ള ഈ മലയുടെ ഉച്ചിയില്‍ പണിത നഗരം സമറിയാ എന്ന പേരില്‍ അറിയപ്പെട്ടു.

കാവല്‍ഗോപുരം എന്നര്‍ഥമുള്ള സോമെറോണ്‍ എന്ന വാക്കില്‍ നിന്നാവാം സമറിയാ എന്ന പേരുണ്ടായതെന്നു കരുതപ്പെടുന്നു. കാനാന്‍ ദേശത്തിന്റെ നടുവിലൂടെ തെക്കുവടക്കുള്ള പ്രധാന പാത ഈ മലയുടെ അടിവാരത്തിലൂടെ കടന്നുപോകുന്നതിനാല്‍ തന്ത്രപ്രധാനമായൊരു സ്ഥലമായിരുന്നു അത്. ഓമ്രി ആരംഭിച്ച നഗരനിര്‍മ്മാണം മകന്‍ ആഹാബാണ് പൂര്‍ത്തിയാക്കിയത്. ബി.സി. 721-ല്‍ അസീറിയാ കീഴടക്കി നശിപ്പിക്കുന്നതുവരെ വടക്കന്‍ രാജ്യത്തിന്റെ തലസ്ഥാനമായി സമറിയാ തുടര്‍ന്നു.

മൂന്നുവര്‍ഷത്തെ ഉപരോധത്തിനുശേഷം നഗരം കീഴടക്കിയ അസീറിയന്‍ രാജാവ് സാര്‍ഗണ്‍ രണ്ടാമന്‍ 27,290 പേരെ തടവുകാരായി നാടുകടത്തിയെന്ന് അസീറിയന്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. നാടുകടത്തിയ ഇസ്രായേല്‍ക്കാരെ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചിതറിച്ചു. പകരം സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതരജനങ്ങളെ സമറിയായിലും പ്രാന്തപ്രദേശങ്ങളിലുമായി കുടിയിരുത്തി. അവിടെ കാലക്രമത്തില്‍ മിശ്രവിവാഹത്തിലൂടെ ഒരു സങ്കരവര്‍ഗ്ഗം രൂപംകൊണ്ടു. അവര്‍ സമറിയാക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

പേര്‍ഷ്യന്‍ ആധിപത്യകാലത്ത് സമറിയാ പട്ടണം യൂദായും ജറുസലേമും ഉള്‍പ്പെടുന്ന ഒരു പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു. ബി.സി. അഞ്ചാംനൂറ്റാണ്ടിന്റെ പകുതിയോടെ, നെഹെമിയായുടെ നേതൃത്വത്തില്‍ യൂദായെ സമറിയായില്‍നിന്ന് വേര്‍തിരിച്ച് ഒരു പ്രത്യേക പ്രവിശ്യയാക്കിമാറ്റി.

രക്തശുദ്ധിയില്ലാത്ത സങ്കരവര്‍ഗ്ഗം എന്ന പേരില്‍ സമറിയാക്കാരോട് യഹൂദര്‍ക്ക് അവജ്ഞയായിരുന്നു. ബാബിലോണ്‍ പ്രവാസത്തില്‍ നിന്നു മടങ്ങിവന്ന യഹൂദര്‍ ജറുസലെം ദേവാലയം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ സമറിയാക്കാരും അതില്‍ പങ്കുചേരാന്‍ ആഗ്രഹിച്ചു. പക്ഷേ യഹൂദര്‍ സമ്മതിച്ചില്ല. ഇതു കൂടുതല്‍ അകല്‍ച്ചയ്ക്കു കാരണമായി. നാലാം നൂറ്റാണ്ടില്‍ സമറിയാക്കാര്‍ ഗെരിസിമില്‍ സ്വന്തം ദേവാലയം നിര്‍മ്മിച്ചത് യഹൂദര്‍ക്കിഷ്ടമായില്ല. ജോണ്‍ ഹിര്‍ക്കാനൂസ് ബി.സി. 128-ല്‍ ആ ദേവാലയം നശിപ്പിച്ചത് ശത്രുത മൂര്‍ദ്ധന്യത്തിലെത്തിച്ചു.

ബി.സി. 63-ല്‍ റോമാക്കാര്‍ പാലസ്തീനാ കീഴടക്കിയപ്പോള്‍ സമറിയായും റോമന്‍ ഭരണത്തിന്‍ കീഴിലായി. ബി.സി. 37-4 ല്‍ റോമന്‍ അംഗീകാരത്തോടെ പലസ്തീനാ ഭരിച്ച ഹേറോദേസ് മഹാരാജാവ് സമറിയായുടെയും അധിപനായിരുന്നു. അദ്ദേഹം സമറിയാ നഗരം മനോഹരമായി പുതുക്കിപ്പണിതു. അഗസ്റ്റസ് സീസറിന്റെ ബഹുമാനാര്‍ത്ഥം അതിന് ''ഔഗുസ്ത'' എന്ന് ലത്തീനിലും ''സെബാസ്‌തെ'' എന്ന് ഗ്രീക്കിലും പേരിട്ടു. ഹേറോദേസിന്റെ മരണശേഷം മകന്‍ അര്‍ക്കെലാവോസിന്റെ ആധിപത്യത്തിലായിരുന്ന സമറിയാ എ.ഡി. 6-ല്‍ റോമാക്കാരുടെ നേരിട്ടുള്ള ഭരണത്തിലായി. ഇദുമെയാ, യൂദയാ, സമറിയാ എന്നീ മൂന്നു പ്രദേശങ്ങള്‍ സിറിയാ എന്ന റോമന്‍ പ്രവിശ്യയുടെ ഭാഗമായി. യേശുവിന്റെ കാലത്ത് റോമന്‍ ഗവര്‍ണറായ പീലാത്തോസായിരുന്നു ഭരണാധികാരി.

സമറിയാക്കാരും യഹൂദരും തമ്മില്‍ വലിയ ശത്രുത നിലനിന്നതിനാല്‍ ഗലീലിയില്‍നിന്ന് യൂദായിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യഹൂദര്‍ സമറിയായില്‍ പ്രവേശിക്കാതെ ചുറ്റിവളഞ്ഞായിരുന്നു പോവുക. യേശുവും ഈ വളഞ്ഞ വഴിക്കാണ് സാധാരണ യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഒരിക്കല്‍ സമറിയായിലൂടെ കടന്നുപോയതായി സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (യോഹ 4,4). ആ യാത്രാമധ്യേയാണ് സമറിയാക്കാരിയുമായി സംഭാഷണത്തിലേര്‍പ്പെടുകയും അവളെ തന്റെ പ്രേഷിതയാക്കി മാറ്റുകയും ചെയ്തത്. ഡീക്കന്‍ ഫീലിപ്പോസാണ് സമറിയായില്‍ സുവിശേഷപ്രഘോഷണം ആരംഭിച്ചത് (അപ്പ 8,5).

തലസ്ഥാനനഗരവും രാജ്യവും സമറിയാ എന്ന പേരില്‍ അറിയപ്പെടുന്നു. അവിടുത്തെ നിവാസികള്‍ യേശുവിന്റെ പ്രത്യേക സ്‌നേഹത്തിനും പരിഗണനയ്ക്കും വിഷയമായിരുന്നു. നിഷേധികളും പാപികളുമായി യഹൂദര്‍ മുദ്രകുത്തി മാറ്റിനിര്‍ത്തിയ അവരെയാണ് യേശു തന്റെ ഉപമകളില്‍ സഹോദരസ്‌നേഹത്തിന്റെയും കൃതജ്ഞതയുടെയും ഉത്തമമാതൃകകളായി അവതരിപ്പിച്ചത് (ലൂക്കാ 10,25-37; 17,11-19). മനുഷ്യദൃഷ്ടിയില്‍ നികൃഷ്ടമായതിന് ദൈവം മാന്യത കല്പിക്കുന്നു; ഹൃദയങ്ങള്‍ കാണുന്ന ദൈവത്തിന് ജാതിയും വര്‍ണ്ണവും ഒന്നും പ്രസക്തമല്ല എന്നും സമറിയായുടെ അനുഭവം പഠിപ്പിക്കുന്നു.

വിശുദ്ധ പീറ്റര്‍ ക്രൈസോളഗസ് (380-450) : ജൂലൈ 30

ബഥനിയിലെ വിശുദ്ധ മര്‍ത്താ (84) : ജൂലൈ 29

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.12]

ഒന്നാം റാങ്ക് നേടി

ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റേഴ്‌സിനെ മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെ സി ബി സി അല്‍മായ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി