സമഗ്ര പരിസ്ഥിതി സംരക്ഷണത്തിനായി ആഗോള സംരംഭം ആവിഷ്‌കരിക്കുന്നു

സമഗ്ര പരിസ്ഥിതി സംരക്ഷണത്തിനായി ആഗോള സംരംഭം ആവിഷ്‌കരിക്കുന്നു
Published on

സമഗ്ര പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരു ആഗോള സഖ്യം കാസല്‍ ഗന്ധോള്‍ഫോയിലെ, ലൗദാത്തോ സി ഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്തു. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 60-ലധികം സര്‍വകലാശാല പ്രതിനിധികളും, കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പോരാടാന്‍ പ്രതിജ്ഞാബദ്ധരായ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

സൃഷ്ടിയോടുള്ള കരുതലും, മനുഷ്യന്റെ അന്തസ്സിനോടുള്ള ബഹുമാനവും ഇന്നത്തെ സമൂഹത്തിനു എടുത്തുകാണിക്കുവാനും, പ്രകൃതി സംരക്ഷണത്തിനുള്ള പരിശീലനം നല്‍കുവാനും, പരസ്പര സഹകരണം ഉറപ്പുവരുത്തുവാനും, പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുവാനും, വത്തിക്കാന്‍ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം', ലിയോ പതിനാലാമന്‍ പാപ്പാ, 2025 സെപ്റ്റംബര്‍ മാസം അഞ്ചാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്.

സമഗ്ര പരിസ്ഥിതിശാസ്ത്രത്തിനും ആഗോള സുസ്ഥിരതയ്ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഈ അന്താരാഷ്ട്ര സംരംഭം, ലൗദാത്തോ സി ഉന്നത രൂപീകരണ കേന്ദ്രവും, ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡില്‍ സ്ഥിതി ചെയ്യുന്ന നോത്രെ ഡാം സര്‍വകലാശാലയും സംയുക്തമായിട്ടാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.

സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുക, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹിക പ്രവര്‍ത്തനം എന്നിവ തമ്മിലുള്ള സമന്വയം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോളസഖ്യം രൂപീകരിച്ചത്.

ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതിനും, ഓരോ വ്യക്തിക്കും സുസ്ഥിരവും നീതിയുക്തവും ആദരണീയവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുമായി ശാസ്ത്രം, സമൂഹം, വിശ്വാസം എന്നിവയെ ഒന്നിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന്, ലൗദാത്തോ സി ഉന്നത രൂപീകരണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലും ആഗോളസഖ്യത്തിന്റെ സ്ഥാപകരിലൊരാളുമായ കര്‍ദ്ദിനാള്‍ ഫാബിയോ ബാജ്ജോ പറഞ്ഞു.

ലോകമെമ്പാടുമുള്ള സുസ്ഥിരത, സമഗ്ര പരിസ്ഥിതി ശാസ്ത്ര മേഖലകളിലെ നേതാക്കളെയും ഗവേഷകരെയും ഒരുമിച്ച് കൊണ്ടുവന്ന് എല്ലാവര്‍ക്കും കൂടുതല്‍ നീതിയുക്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു ഭാവി സൃഷ്ടിക്കുന്ന ഈ ആഗോള സഖ്യത്തില്‍ വത്തിക്കാനുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നു, നോത്രെ ഡാം സര്‍വകലാശാലയുടെ പ്രസിഡന്റ് റവ. റോബെര്‍ട്ട് എ ഡൗട് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org