

2025-ലെ ക്രിസ്മസ് രാവിൽ അസമിലെ നൽബാരിയിൽ, ഒരു ജനക്കൂട്ടം സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂളിൽ അതിക്രമിച്ചു കയറി, പുൽക്കൂടു കത്തിച്ചു, ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു. ദൈവം ഒരു പുൽത്തൊട്ടിയിൽ ദരിദ്രനായി പിറന്നതിന്റെ അടയാളമായി കുട്ടികൾ നിർമ്മിച്ച ക്രിസ്മസ് ക്രിബ് നശിപ്പിച്ചു. ഈ തിരസ്കാരത്തിലൂടെ ദൈവത്തിന്റെ മനുഷ്യാവതാര രഹസ്യത്തെ അവഹേളിതമാക്കി.
നോമ്പുകാലം വിശുദ്ധവാരത്തിലേക്ക് അടുക്കുമ്പോൾ, കുരിശിനു വഴികാണിക്കുന്ന പുൽത്തൊട്ടിലിനെക്കുറിച്ച് നാം ധ്യാനിക്കുന്നു. വൈക്കോലിൽ കിടത്തിയ ശിശു ഒരു ദിവസം കഴുമരത്തിൽ തൂങ്ങിക്കിടക്കും; രണ്ടും എളിയവരോടുള്ള ദൈവത്തിന്റെ ഐക്യദാർഢ്യം വെളിപ്പെടുത്തുന്നു. ദുർബലനായ ഒരു കുഞ്ഞായി വരുന്ന രക്ഷകനെ തിരസ്കരിച്ചുകൊണ്ട്, ദൈവികമായ ഈ എളിമയെ മായിച്ചു കളയാനുള്ള ശ്രമമാണ് പൂൽക്കൂടു കത്തിക്കലിലൂടെ നടത്തുന്നത്.
വിശ്വാസത്തിന്റെ സൗമ്യമായ അടയാളങ്ങളെ സംരക്ഷിക്കുക, ചാരത്തിനിടയിലും മനുഷ്യാവതാരത്തിന്റെ വെളിച്ചം നിത്യമായി പ്രകാശിക്കുന്നുവെന്ന് വിശ്വസിക്കുക.
ഈ സംഭവം നോമ്പിന്റെ വ്യക്തമായ കണ്ണാടിയാണ്: ദരിദ്രരിലും തിരസ്കരിക്കപ്പെട്ടവരിലും അപമാനിതരിലും നാം ഉണ്ണീശോയെ ശരിക്കും സ്വാഗതം ചെയ്യുന്നുണ്ടോ? രക്ഷയുടെ പ്രതീകങ്ങൾ കത്തിക്കുമ്പോൾ, നാം ഈശോയ്ക്കു നൽകുന്ന സ്വീകരണത്തെ പരിശോധിക്കാൻ നോമ്പുകാലം ആവശ്യപ്പെടുന്നു - ദൈനംദിന ജീവിതത്തിൽ നാം ക്രിസ്തുവിന് ഇടം നൽകുന്നുണ്ടോ, അതോ വിശ്വാസം അസൗകര്യപ്രദമാകുമ്പോൾ നാം അവനെ ഒഴിവാക്കുന്നുണ്ടോ?
ദാരിദ്ര്യത്തിലും നിസ്സാരത യിലും യേശു ചരിത്രത്തിലേക്ക് കടന്നു, വിദ്വേഷത്തെ സ്നേഹത്താൽ നേരിട്ടു. ശിഷ്യത്വം നമ്മോട് ഇത് അനുകരിക്കാൻ ആവശ്യപ്പെടുന്നു: വിദ്വേഷത്തിന് ക്ഷമകൊണ്ടും അക്രമത്തിന് കരുണകൊണ്ടും മറുപടി നൽകുക. കത്തിക്കരിഞ്ഞതിനെ പുനർനിർമ്മി ക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു - ആക്രമണത്തിലൂടെയല്ല, മറിച്ച് സമാധാനത്തിന്റെ സുവിശേഷത്തിന് നൽകുന്ന നവീകൃത സാക്ഷ്യത്തോടെ.
കുരിശ് വിദ്വേഷത്തെ വീണ്ടെടുപ്പാക്കി മാറ്റുന്നു; ശൂന്യമായ കല്ലറ സ്നേഹത്തിന്റെ വിജയത്തെ സ്ഥിരീകരിക്കുന്നു. നോമ്പുകാലം ഈ സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്യാൻ ക്ഷണിക്കുന്നു: ശത്രുക്കളെ സ്നേഹിക്കുക, പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക, ബെത്‌ലഹേമിൽ ജ്വലിച്ച ദിവ്യാഗ്നി കെടുത്താൻ മനുഷ്യരുടെ തീനാളങ്ങൾക്കു കഴിയില്ലെന്ന് വിശ്വസിക്കുക. പീഡാനുഭവത്തോട് അടുക്കുമ്പോൾ, ഈ അപമാനം നമ്മെ കൂടുതൽ ആഴത്തിലുള്ള വിശ്വാസത്തിലേക്ക് പ്രചോദിപ്പിക്കുന്നു: ക്രിസ്തുവിന്റെ കാരുണ്യം ഉൾക്കൊള്ളുക, വിശ്വാസത്തിന്റെ സൗമ്യമായ അടയാളങ്ങളെ സംരക്ഷിക്കുക, ചാരത്തിനിടയിലും മനുഷ്യാവതാരത്തിന്റെ വെളിച്ചം നിത്യമായി പ്രകാശിക്കുന്നുവെന്ന് വിശ്വസിക്കുക.