

അമ്മാവൻ പിശാചും അനന്തരവൻ പിശാചും!
നിരീശ്വരവാദത്തിൽ നിന്ന് ക്രൈസ്തവികതയിലേക്ക് മാനസാന്തരപ്പെട്ട ബ്രിട്ടീഷ് എഴുത്തുകാരനായ സി എസ് ലൂയിസിന്റെ The Screwtape Letters എന്ന വിഖ്യാതമായ കൃതി ആക്ഷേപഹാസ്യത്തിലൂടെ രണ്ടു പിശാചുക്കളുടെ കഥ പറയുന്നുണ്ട്. ഈ നോവലിലെ Screwtape എന്ന മുതിർന്ന പിശാച് തന്റെ അനന്തരവൻ പിശാചിനെ പരിശീലിപ്പിക്കുകയാണ്. എങ്ങനെ വലിയ അധ്വാനമില്ലാതെ മനുഷ്യരെ നരകക്കുഴിയിലേക്ക് തള്ളിയിടാം എന്നാണ് അമ്മാവൻ പിശാച് കുട്ടിപിശാചിനെ പഠിപ്പിക്കുന്നത്. പിശാചുക്കളുടെ സംഘത്തലവനെ അവർ വിളിക്കുന്നത് “പാതാളത്തിലുള്ള ഞങ്ങളുടെ പിതാവേ” എന്നാണ്. മൂത്തപിശാച് കുട്ടിപിശാചിന് കൊടുക്കുന്ന ഉപദേശം ഇതാണ്: “Our Strategy is not dramatic wickedness, but gentle distortion. അതിനാടകീയമായ ദുഷ്ടവഴികളിലൂടെയല്ല, മറിച്ച് സൂത്രത്തിലുള്ള “മാന്യമായ വഴിതിരിച്ചുവിടൽ” വഴിയാണ് മനുഷ്യാത്മാവിനെ നരകത്തിലേക്ക് തള്ളേണ്ടത് എന്നാണ് അമ്മാവൻ പിശാച് പഠിപ്പിക്കുന്നത്.
“കൊമ്പും വാലുമുള്ള ഭീകര സത്വമാണ് പിശാചെന്ന്” മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചതാണ് ആധുനിക കാലത്ത് പിശാച് പ്രചരിപ്പിച്ച ഏറ്റവും വലിയ നുണ. തിന്മയെ ആകർഷകമായ പാക്കേജുകളിൽ നന്മമരങ്ങളായി അവതരിപ്പിക്കുന്നതാണ് പുതിയകാലത്തെ ട്രെൻഡ്. മുള്ളുമുരുക്കിനെ മുന്തിരിച്ചെടിയാക്കുന്ന കൺകെട്ട്! ഏദൻ തോട്ടത്തിലെ നന്മ-തിന്മകളുടെ വൃക്ഷത്തെ ചുവടോടെ വെട്ടുന്ന പിശാചിന്റെ കൊട്ടേഷൻ! അവരവരുടെ നന്മ-തിന്മകൾ ഇനി ഓരോരുത്തരും തീരുമാനിക്കുന്ന ആപേക്ഷിക വാദം!
“കൊമ്പും വാലുമുള് ഭീകര സത്വമാണ് പിശാചെന്ന്” മനുഷ്യരെ തെറ്റിദ്ധ രിപ്പിച്ചതാണ് ആധുനിക കാലത്ത് പിശാച് പ്രചരിപ്പിച്ച ഏറ്റവും വലിയ നുണ. തിന്മയെ ആകർഷകമായ പാക്കേജുകളിൽ നന്മമരങ്ങളായി അവതരിപ്പിക്കുന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. മുള്ളുമുരുക്കിനെ മുന്തിരിച്ചെടിയാക്കുന്ന കൺകെട്ട്!
The Screwtape Letters എന്ന കൃതിയിൽ സിഎസ് ലൂയിസ് ഇങ്ങനെ എഴുതി: “ഒരാൾ നരകത്തിൽ വീഴുന്നത് ഒറ്റ ദിവസം കൊണ്ടോ, ഒറ്റ ചാട്ടത്തിലൂടെയോ അല്ല. മറിച്ച് ഒരാൾ നരകത്തിൽ എത്തുന്നത് തിന്മയുടെ വഴിയിൽ തുടരാൻ ഒരുവൻ തുടർച്ചയായി മെനഞ്ഞെടുക്കുന്ന തിന്മയുടെ സ്വയം ന്യായീകരണങ്ങൾ വഴിയാണ്.”
“അവൻ നുണയനും നുണയുടെ പിതാവുമാണ്” (യോഹന്നാൻ 8:44). പിശാചിനെക്കുറിച്ചുള്ള ദൈവത്തിന്റെ നിർവചനമാണിത്. തോട്ടത്തിന് നടുവിലെ പഴം തിന്നാൽ നിങ്ങളുടെ കണ്ണു തുറക്കുമെന്നും നിങ്ങൾ ദൈവത്തെപ്പോലെ ആകുമെന്നും പറഞ്ഞതാണ് ചെകുത്താന്റെ ആദ്യ നുണ. ഈ നുണ വിശ്വസിക്കാൻ എല്ലാ കാലത്തും കുറെ മനുഷ്യരുണ്ടെന്നതാണ് പിശാചിന്റെ വിജയം!
ദൈവമരണവും അഞ്ഞൂറാന്റെ നുണയും!
“ദൈവം മരിച്ചു. ഇനി എല്ലാം അനുവദനീയമാണ്” ഡോസ്റ്റോയെവ്സ്കിയുടെ “ബ്രദേഴ്സ് കരമസോവിൽ” ഇവാൻ എന്ന യുക്തിവാദി പറയുന്ന ഈ വാചകം പുതിയ കാലത്തിന്റെ മുദ്രാവാക്യമാണ്. “ദൈവം മരിച്ചു; ഇനി അതിമാനുഷന്റെ (Super Man) കാലമാണെന്ന് പറഞ്ഞ നിരീശ്വര നീത്ഷെയുടെ അരാജക പിൻഗാമികൾ 1968-ലെ വിദ്യാർഥി വിപ്ലവത്തിന്റെ കാലത്ത് പാരീസിന്റെ ചുവരുകളിൽ ഇങ്ങനെ എഴുതി. “വിലക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു (It is forbidden to forbid); തടസങ്ങളില്ലാതെ ജീവിതം ആസ്വദിക്കുക (Enjoy without hindrances). “ദൈവം മരിച്ചു” എന്ന നുണയുടെ മറവിൽ അരാജകത്വത്തെ ആഘോഷിക്കുന്ന എത്രയോ കള്ളങ്ങളാണ് എല്ലാക്കാലത്തും പ്രചരിക്കപ്പെട്ടത്.
ഗോഡ്ഫാദർ എന്ന മലയാളം സിനിമയിൽ അഞ്ഞൂറാനായി അഭിനയിച്ച എൻ എൻ പിള്ള തന്റെ ഒരു നാടകത്തിൽ ഒരു കഥാ പാത്രത്തെക്കൊണ്ട് പറയിക്കുന്ന ഒരു ഡയലോഗുണ്ട്: “എല്ലാവരും തെറ്റ് ചെയ്യുന്ന ലോകത്തിൽ തെറ്റ് ചെയ്യാതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.” ഇന്ന് ലോകം പറയുന്ന പച്ച നുണയാണിത്. “അവനും അവൾക്കും വിശുദ്ധനാകാമെങ്കിൽ എനിക്കുമാകാം” എന്നത് വി. ഇഗ്നേഷ്യസ് ലൊയോള പറഞ്ഞ സത്യവും. എന്നാൽ ഈ സത്യത്തിന് ഇന്ന് മാർക്കറ്റില്ല. ഇത് പറയുന്നവർ കാലഹരണപ്പെട്ട കേശവൻ മാമന്മാരായി മുദ്രയടിക്കപ്പെടുന്നു
(നുണ) കഥ പറയുന്ന പിശാച്!
ലിയോൺസിലെ വി. ഇരണേവൂസ് ഇങ്ങനെ എഴുതി: “മനുഷ്യന്റെ വീഴ്ച തുടങ്ങിയത് ദൈവത്തെക്കുറി ച്ചുള്ള പിശാചിന്റെ നുണക്കഥ വിശ്വസിച്ചതുകൊണ്ടാണ്.” പിശാച് ദൈവത്തെക്കുറിച്ച് പറഞ്ഞ നുണ എന്തായിരുന്നു? “ദൈവം മനുഷ്യന്റെ തുറന്ന കണ്ണുകളെ അടയ്ക്കുന്നവനാണ്; കണ്ണ് തുറക്കണമെങ്കിൽ ദൈവത്തെ ധിക്കരിക്കണം.” ദൈവം മനുഷ്യസ്വാതന്ത്ര്യ നിഷേധകനാണ് എന്നതായിരുന്നു പിശാചിന്റെ കഥയുടെ വൺലൈൻ! അങ്ങനെ പുരാണകഥകളിലെ സ്വാതന്ത്ര്യം നിഷേധിക്കുന്ന ദൈവങ്ങളെ മനുഷ്യപുരോഗതിയുടെ ശത്രുക്കളായി പലരും സങ്കൽപ്പിച്ചു. പുരോഗതിക്കുവേണ്ട അഗ്നി മനുഷ്യന് കൊടുക്കാതെ അത് സ്വർഗ്ഗത്തിൽ പിടിച്ചു വയ്ക്കുന്ന ഗ്രീക്ക് പുരാണത്തിലെ ദേവേന്ദ്രനായ സ്യൂസ് ദേവനെപ്പോലെയാണ് ദൈവം എന്ന് കുറച്ച് മനുഷ്യരെയെങ്കിലും വിശ്വസിപ്പിക്കാൻ പിശാചിന്റെ നുണകൾക്ക് സാധിച്ചു. എന്നാൽ തന്റെ വിഖ്യാതമായ “The War of Titans” എന്ന ഗ്രന്ഥത്തിൽ തോമസ് മെർട്ടൻ ഇപ്രകാരം എഴുതി: “പ്രോമിത്യൂസ് അഗ്നി മോഷ്ടിക്കാൻ സ്വർഗ്ഗത്തിലേക്ക് വലിഞ്ഞു കയറുമ്പോൾ ക്രിസ്തു അഗ്നിയുമായി ഭൂമിയിലേക്ക് ഇറങ്ങി.” മനുഷ്യ വിമോചനത്തിന്റെ അഗ്നിയുമായി വന്നിട്ട് അവൻ പറഞ്ഞു: “ഞാൻ വന്നിരിക്കുന്നത് ജീവൻ ഉണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.” (യോഹന്നാൻ 10:10). ഈ സത്യം തിരിച്ചറിഞ്ഞ ലിയോൺസിലെ വി. ഇരണേവൂസ് ഇങ്ങനെ എഴുതി: Man fully alive is the glory of God. പിശാചിന്റെ കള്ളങ്ങൾ പൊളിച്ചടുക്കുന്ന ദൈവം!
പിശാച് എന്ന പരസ്യ സംവിധായകൻ!
പിശാച് വഴിതെറ്റിക്കുന്ന പരസ്യങ്ങളുടെ ആശാനാണ്. അവൻ എല്ലാ ചാനലിലും വന്നു ചോദിക്കും: ദൈവം അങ്ങനെ പറഞ്ഞിട്ടുണ്ടോ? സത്യസന്ധമായി ജീവിക്കണമെന്ന് എന്താണിത്ര നിർബന്ധം! നുണ നുണയാണെന്ന് കേൾക്കുന്നവർക്ക് തോന്നാത്ത വിധത്തിലുള്ള വശ്യസുന്ദരമായ അവതരണമാണ് പരസ്യസംവിധായകനായ പിശാചിന്റെ പ്രത്യേകത! ദൈവത്തിന് വേണ്ടിപ്പോലും നുണപറയാമെന്ന് അവൻ പറഞ്ഞു പരത്തും. നുണ വിമോചനത്തിലേക്കും ജ്ഞാനോദയത്തിലേക്കും നയിക്കും എന്നുള്ള പച്ചക്കള്ളം ആദത്തിലും ഹവ്വയിലും കുത്തിവയ്ക്കുന്ന നരകത്തിന്റെ അഡ്വെർടൈസ്.മെന്റ് മാനേജർമാർ ഇന്നും ലോകത്ത് സജീവമാണ്. നരകത്തിന്റെ പരസ്യം ഇങ്ങനെയാണ്: “ഈ പഴം കണ്ണുകൾക്ക് കൗതുകരവും ആസ്വാദ്യവുമാണ്.” പിശാചിന്റെ വിജയം വഞ്ചന വിശ്വസനീയമാക്കുന്നതിലാണ്;
കള്ളം ബോധോദയം തരുമെന്ന് പാവപ്പെട്ട ഹവ്വമാരെ വിശ്വസിപ്പിക്കുന്നതിലാണ്. എന്നാൽ സത്യത്തിൽ ആപ്പിൾ വീണപ്പോൾ ന്യൂട്ടന് ബോധോദയവും ആപ്പിൾ പറിച്ചപ്പോൾ ഹവ്വക്ക് അവബോധ നഷ്ടവുമാണ് ഉണ്ടായത്!
“ഒരു നുണ ആയിരം പ്രാവശ്യം പറഞ്ഞാൽ സത്യമാകു”മെന്ന് പറഞ്ഞത് നാസി ജർമനിയിലെ ഹിറ്റ്ലറിന്റെ പ്രചാരണ കാര്യമന്ത്രി (Propaganda Minister) ആയിരുന്ന ഗീബൽസ് ആണ്. “വിജയിക്കുന്ന നുണ സത്യമാകുമെന്ന്” പറഞ്ഞത് ഇറ്റാലിയൻ ചിന്തകനായ ഉമ്പെർത്തോ എക്കോയും (Umberto Eco). നുണകൾ സത്യമെന്ന പോലെ പ്രചരിക്കുന്ന സത്യാനന്തര കാലത്ത് പിശാച് സജീവമായി രംഗത്തുണ്ട്. ആദി മുതലേ നുണയനും നുണയുടെ പിതാവുമായ പിശാച് പറയുന്ന നുണകൾ ഇന്നും പാവം മനുഷ്യർ വിശ്വസിക്കുന്നു. അതിനാൽ തന്നെ ദൈവത്തിന്റെ സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും പിശാചിന്റെ നുണ ലോക സഞ്ചാരം പൂർത്തിയാക്കുന്നു.
എല്ലാ ചാനലുകളും അത് ഏറ്റുപിടിക്കുന്നു.
പിശാച് എന്നും മനുഷ്യനോട് പറയുന്ന നുണയാണ് “മനുഷ്യാ, നീ നിന്റെ പരാജയങ്ങളാൽ നിർവചിക്കപ്പെട്ടവൻ ആണ്” എന്നത്. എന്നാൽ സുവിശേഷം പറയും “മനുഷ്യാ നീ കൃപയാൽ നിർവചിക്കപ്പെട്ടവനാണ്.” കാരണം “പാതാളത്തിലുള്ള ഞങ്ങളുടെ പിതാവ്” അല്ലാ, മറിച്ച് “സ്വർഗസ്ഥനായ പിതാവ്” ആണ് നുണക്കല്ലറകളുടെ കല്ലുകൾ ഉരുട്ടി മാറ്റി നമ്മെ സത്യത്തിൽ ഉയിർപ്പിക്കുന്നത്! നോമ്പുകാലം ഉയിർപ്പ് തരുന്ന അപ്പനെ തിരഞ്ഞെടുക്കേണ്ട കാലമാണ്!