

സാജു പോൾ, തേയ്ക്കാനത്ത്
തീർത്തും ഉചിതമല്ലാത്ത ഒരു അവസരത്തിൽ, ഉചിതമല്ലാത്ത ഒരു തീരുമാനത്തിലൂടെ തീർത്തും അസ്വസ്ഥമായ ഒരു സാഹചര്യത്തിലേക്ക് സീറോ മലബാർ സഭയെ എത്തിച്ച നേതൃത്വനിരയിൽനിന്നു ഇതാ ഒരു പുതിയ അറിയിപ്പ്. അതായത് സഭയിലെ പ്രശ്നങ്ങൾക്ക് കാരണം ബാഹ്യശക്തികളാണെന്ന്. അതും തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടന.
വിശ്വാസികൾക്കൊരു സംശയം, എവിടെയായിരുന്നു ബാഹ്യശക്തികൾ ഇടപെട്ടത്? സിനഡിന്റെ തീരുമാനത്തിലോ? അതേത്തുടർന്നുണ്ടായ എതിർപ്പുകളിലോ? അതുമല്ലെങ്കിൽ ഇപ്പോൾ അതിരൂപത ആസ്ഥാനത്തു നടക്കുന്ന കലാപ്രകടനങ്ങളിലോ? സാധാരണ വിശ്വാസികൾ ഒന്നേ ആഗ്രഹിക്കുന്നുള്ളൂ അത് സമാധാനമാണ്. അതിനായി ഉചിതമായൊരു പരിഹാരം. അത് പക്ഷെ വളരെ അകലെയാണെന്നു തോന്നുന്നു. അടുത്തുവരുന്തോറും ആരൊക്കെയോ ചേർന്ന് അകറ്റുന്നു.
ഓരോ വിഷയങ്ങളിൽനിന്നും ശ്രദ്ധ തിരിക്കുവാൻവേണ്ടി ചില രാഷ്ട്രീയക്കാർ നടത്തുന്ന നിലവാരം കുറഞ്ഞ പ്രസ്താവനകൾ പോലെ ഒന്നാണോ ഇപ്പോഴത്തെ പ്രസ്താവനയും? കാരണം ദിവസങ്ങളിത്രയായിട്ടും തെളിവുകളൊന്നും പുറത്തു വന്നിട്ടില്ല. പ്രസ്താവിച്ചത് ശരിയെ ങ്കിൽ അതിനെക്കുറിച്ച് അന്വേഷണം നടത്തുവാനുള്ള നടപടികളുമായി നേതൃത്വം മുന്നോട്ടുവരണം. അല്ലെങ്കിൽ പ്രസ്താവന പിൻവലിക്കണം. അതല്ലേ ശരി? പക്ഷെ ശരിയുടെ പക്ഷത്തുനിന്ന് ചിന്തിക്കുന്നവർ ഇല്ലാതായി വരികയല്ലേ?
ഉത്തരവാദിത്വമില്ലാതെ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ പൊതുജന മധ്യത്തിൽ അപഹാസ്യരാകുന്നത് നേതൃത്വം മാത്രമല്ല, കത്തോലിക്കാസമൂഹം മുഴുവനുമാണ്. സ്വാർത്ഥനേട്ടങ്ങൾക്കായി, ഒളിഞ്ഞും തെളിഞ്ഞും വർഗീയത പരത്തുവാൻ രാഷ്ട്രീയ പാർട്ടികളും, ചില സംഘടനകളും ശ്രമിച്ചുവരികയാണ്. അതിനിടയിലേക്ക് ക്രിസ്ത്യാനികളും ഇറങ്ങണോ? ഉൾപ്പെട്ട കേസുകളിൽ നിന്നും രക്ഷപ്പെടുന്നതിനായി ഭരണമാറ്റത്തിനൊപ്പം നിറം മാറുന്ന ചില സമുദായ നേതാക്കളുടെ നിലയിലേക്ക് തരം താഴുകയാണോ സഭാനേതൃത്വം?