തീര്‍ത്ഥാടനം

ഷിത്തിം : ഉത്സവാഘോഷങ്ങളുടെ വശ്യത

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഇസ്രായേല്‍ ജനത്തിന്റെ അവസാനത്തെ താവളമാണ് ഷിത്തിം. ജോര്‍ദാന്‍ നദിയില്‍നിന്ന് ഏകദേശം 15 കിലോമീറ്റര്‍ കിഴക്ക്, ചാവുകടലില്‍നിന്നും 10 കിലോമീറ്റര്‍ വടക്ക്, മൊവാബുസമതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുന്നില്‍ സ്ഥിതിചെയ്യുന്ന ടെല്‍-എല്‍-ഹമാന്‍ ആണ് പുരാതന ഷിത്തിം എന്ന് പുരാവസ്തുഗവേഷകര്‍ കരുതുന്നു. സുപ്രധാനമായ പല സംഭവങ്ങളും അരങ്ങേറിയ ഒരു സ്ഥലമാണിത്. അക്കേഷ്യമരങ്ങള്‍ എന്നാണ് ഷിത്തിം എന്ന വാക്കിന്റെ അര്‍ഥം. അക്കേഷ്യാമരങ്ങള്‍ ധാരാളമായി വളരുന്നതിനാലാവാം ഈ പേരുണ്ടായത്.

ഇസ്രായേല്‍ജനം ഷിത്തിമില്‍ പാര്‍ക്കുമ്പോഴാണ് മൊവാബു രാജാവായ ബാലാക്ക് അവരെ ശപിക്കാനായി ബാലാം പ്രവാചകനെ കൂലിക്കെടുത്തത് (സംഖ്യ 22:24). ഇവിടെവച്ചാണ് മോശ തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. കാനാന്‍ദേശം കാണാനായി മോശ കയറിയ നെബോമലയും ഇതിനടുത്താണ്. മരിക്കുന്നതിനുമുമ്പ് മോശ പിന്‍ഗാമിയായി ജോഷ്വായെ വാഴിച്ചതും ഇവിടെവച്ചുതന്നെ. മോശയുടെ മരണത്തിനുശേഷം കാനാന്‍ദേശം ഒറ്റുനോക്കാനായി ചാരന്മാരെ അയച്ചതും അവസാനം ജോര്‍ദാന്‍ കടന്ന് വാഗ്ദത്തഭൂമി വെട്ടിപ്പിടിക്കാനായി ഇസ്രായേല്‍ക്കാര്‍ പടപുറപ്പെട്ടതും ഷിത്തിമില്‍നിന്നത്രേ. ഇങ്ങനെ പല പ്രധാന സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഷിത്തിം ഇസ്രായേലിന്റെ ഒരു വലിയ പതനവും ദര്‍ശിച്ചതായി വി. ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.

വലിയ തുക വാഗ്ദാനം ചെയ്ത് വിദൂരത്തുനിന്ന് മൊവാബുരാജാവു ക്ഷണിച്ചുവരുത്തിയ ബാലാം ഇസ്രായേലിനെ ശപിക്കുന്നതിനുപകരം അനുഗ്രഹിച്ചത് രാജാവിനിഷ്ടമായില്ല. കര്‍ത്താവിന്റെ കൃപാകടാക്ഷം അവരുടെമേല്‍ ഉള്ളതിനാല്‍ അവര്‍ക്ക് ഒരു ശാപവും ഏല്‍ക്കുകയില്ല എന്ന ബോധ്യമാണ് അവരെ ശപിക്കുന്നതില്‍ നിന്നു തന്നെ വിലക്കുന്നതെന്ന് ബാലാം തുറന്നു പറഞ്ഞു (സംഖ്യ 23:8). ''യാക്കോബില്‍ അവിടുന്നു തിന്മ കണ്ടില്ല, ഇസ്രായേലില്‍ ദുഷ്ടത ദര്‍ശിച്ചതുമില്ല... യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല'' (സംഖ്യ 23:21-23). അതിനാല്‍ ഇസ്രായേലിനെ തോല്‍പിക്കാന്‍ ബാലാം മൊവാബു രാജാവിന് ഒരു മാര്‍ഗം ഉപദേശിച്ചുകൊടുത്തു.

കര്‍ത്താവിനോടുള്ള വിശ്വസ്തതയാണ് അവരുടെ ബലത്തിന്റെ അടിസ്ഥാനം. അതില്‍ വീഴ്ച വരുത്തിയാല്‍ ഇസ്രായേലിനെ പരാജയപ്പെടുത്താം. അതിനായി ബാലാം ഉപദേശിച്ച വിദ്യ ഫലമണിഞ്ഞു. ''ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യസ്ത്രീകളുമായി ഇസ്രായേല്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. അവര്‍ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്ക് ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു; അവര്‍ അവരോടു ചേര്‍ന്നു ഭക്ഷിക്കുകയും ദേവന്മാരെ ആരാധിക്കുകയും ചെയ്തു'' (സംഖ്യ 23:1-2). ഉത്സവാഘോഷമാണ് ഇസ്രായേലിനെ വീഴിക്കാന്‍ ബാലാം ഉപദേശിച്ച മാര്‍ഗം.

മൊവാബ്യരുടെയും കാനാന്‍കാരുടെയും ഉത്സവങ്ങള്‍ അധികപങ്കും രാത്രികാലങ്ങളില്‍ മലമുകളിലാണ് നടക്കുക. ബാല്‍, അഷേറാ, കെമോഷ് മുതലായ ദേവന്മാരെ ആരാധിക്കാനായി കുന്നിന്‍ പുറങ്ങളിലും മലമുകളിലും ചെറിയ ആരാധനാലയങ്ങളുണ്ടാവും; അവയ്ക്കുചുറ്റും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കും. അക്കേഷ്യാമരങ്ങള്‍ നിറഞ്ഞുനിന്ന ഒരു ആരാധനാകേന്ദ്രമായിരിക്കാം ഷിത്തിം. ഉത്സവങ്ങള്‍ അധികപങ്കും മദിരോത്സവങ്ങളായിരുന്നു. ഫലപുഷ്ടിയുടെ ദേവതകള്‍ക്ക് അര്‍പ്പിക്കുന്ന ആരാധനയില്‍ ലഹരിപാനീയവും ലൈംഗികവേഴ്ചയും സാധാരണമായിരുന്നു. ഇപ്രകാരമുള്ള ഉത്സവങ്ങളിലേക്ക് ആകൃഷ്ടരായ ഇസ്രായേല്‍ജനം സാവധാനം തദ്ദേശവാസികളുടെ ആരാധനയില്‍ പങ്കുചേരുകയും അവരുടെ ദേവന്മാരെ ആരാധിക്കുകയും ചെയ്തു. അതു കര്‍ത്താവിനെ ഉപേക്ഷിക്കലായിരുന്നു. ദേവദാസികളെന്ന് അറിയപ്പെട്ടിരുന്ന സ്ത്രീകളാണ് അവരെ പ്രലോഭനത്തില്‍ വീഴ്ത്തിയത്. ഉത്സവങ്ങള്‍ ഇസ്രായേലിന് കെണിയായി; അറിയാതെ അവര്‍ അതില്‍ വീണ് നശിക്കുകയും ചെയ്തു.

ആഘോഷങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കെണിയെക്കുറിച്ച് അനുസ്മരിപ്പിക്കുന്ന ഷിത്തിം സുപ്രധാനമായ ചില പാഠങ്ങള്‍ ആധുനിക മനുഷ്യനും നല്‍കുന്നുണ്ട്. ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി പറയാനും ആഹ്ലാദം പ്രകടിപ്പിക്കാനും ആഘോഷങ്ങള്‍ നല്ലതു തന്നെ. എന്നാല്‍ ഇന്നു നടക്കുന്ന ഉത്സവാഘോഷങ്ങളും പെരുന്നാളുകളും, ദൈവത്തിന്റെയും വിശുദ്ധരുടെയും നാമത്തിലാണെങ്കില്‍ പോലും, ഷിത്തിമിലേതിനു സമാനമാകുന്നില്ലേ എന്ന് ചിന്തിക്കാന്‍ ഇസ്രായേല്‍ ജനത്തിന്റെ തിക്താനുഭവം ആഹ്വാനം ചെയ്യുന്നു. മദ്യം ഒഴുകുന്ന വിരുന്നുകളും മാന്യതയുടെ പരിധികള്‍ ലംഘിക്കുന്ന ആഘോഷങ്ങളും യാതൊരു ന്യായീകരണവുമില്ലാത്ത ധൂര്‍ത്തും നാശത്തിലേക്കാണ് നയിക്കുന്നതെന്നു കാണാന്‍ ഷിത്തിമിലെ അനുഭവം സഹായകമാകും.

മിഷന്‍ ചൈതന്യത്തില്‍ തുടരും

സഭയ്ക്ക് ഏഴു വിശുദ്ധര്‍ കൂടി

ഇറാക്കില്‍ വീണ്ടും കത്തോലിക്ക ദേവാലയങ്ങള്‍ സജീവമാകുന്നു

പട്ടിണി മാനവരാശിയുടെ പരാജയം

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23