ദൈവം വിതയ്ക്കുന്നു, ഫലപുഷ്ടമാക്കുന്നു, എന്നാണ് ജെസ്രേല്‍ എന്ന ഹീബ്രു നാമത്തിന്റെ അര്‍ത്ഥം. കാനാന്‍ദേശത്തെ ഏറ്റം ഫലപുഷ്ടമായ ഒരു താഴ്‌വര ആയതിനാലാവാം ഈ പേരു ലഭിച്ചത്. ഗലീലിയെയും സമറിയായെയും തമ്മില്‍ വേര്‍ തിരിക്കുന്ന ഈ സമതലത്തിന്റെ പടിഞ്ഞാറു ഭാഗം എസ്ദ്രലോണ്‍ എന്നും കിഴക്കുഭാഗം ജെസ്രേല്‍ എന്നും അറിയപ്പെടുന്നു. അവിടെയുള്ള പട്ടണത്തിന്റെ പേരാണ് സമതലത്തിനും നല്കപ്പെട്ടത്.
ഗില്‍ബൊവാ മലയുടെ വടക്കെ ചരുവില്‍, താബോര്‍ മലയില്‍നിന്ന് ഏകദേശം 20 കി.മീ. തെക്കായി സ്ഥിതി ചെയ്തിരുന്ന ജെസ്രേല്‍ തന്ത്രപ്രധാനമായ ഒരു പട്ടണമായിരുന്നു. മെഗിദോയില്‍ നിന്ന് ഏകദേശം 15 കി.മീ കിഴക്ക് സ്ഥിതിചെയ്യുന്ന ഈ പട്ടണം, മെഗിദോ പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു. സുപ്രധാനമായ വാണിജ്യപാതകള്‍ കടന്നുപോയിരുന്നതിനാല്‍ അനേകം യുദ്ധങ്ങള്‍ക്ക് ഈ പട്ടണവും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഫിലിസ്ത്യര്‍ക്കെതിരേയുള്ള അന്തിമപോരാട്ടത്തിന് സാവൂളിന്റെ സൈന്യം പാളയമടിച്ചത് ജെസ്രേലിലാണ് (1 സാമു 29,1).
നാബോത്ത് എന്ന കര്‍ഷകന്റെ മുന്തിരിത്തോട്ടവുമായി ബന്ധപ്പെട്ടാണ് ജെസ്രേല്‍ ഏറ്റം കൂടുതല്‍ അറിയപ്പെടുന്നത് (1 രാജാ 21). ആഹാബ് രാജാവിന്റെ വേനല്‍ക്കാല വസതി ജെസ്രേലിയായിരുന്നു. തന്റെ കൊട്ടാരത്തിനടുത്തുള്ള മുന്തിരിത്തോട്ടം വില കൊടുത്തുവാങ്ങാന്‍ ആഹാബ് ശ്രമിച്ചെങ്കിലും ഉടമസ്ഥനായ നാബോത്ത് വില്ക്കാന്‍ വിസമ്മതിച്ചു.
ഇതറിഞ്ഞു കുപിതയായ രാജ്ഞി ജെസബെല്‍ കൊടുത്തയച്ച കല്പനപ്രകാരം ജെസ്രേയിലെ ശ്രേഷ്ഠന്മാര്‍ നാബോത്തിനെതിരെ ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് വധശിക്ഷ വിധിച്ചു, അയാളെയും കുടുംബത്തെയും കല്ലെറിഞ്ഞു കൊന്നു. നിരപരാധനായ നാബോത്തിന്റെ രക്തം മുന്തിരിത്തോട്ടത്തില്‍ നിന്നു പ്രതികാരത്തിനായി നിലവിളിച്ചു.
നിലവിളി കേട്ട ദൈവം ഏലിയാ പ്രവാചകനിലൂടെ ശിക്ഷാവിധി അറിയിച്ചു. ''നാബോത്തിന്റെ രക്തം നായ്ക്കള്‍ നക്കി കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നായ്ക്കള്‍ നക്കി കുടിക്കും... ജെസ്രേലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ വച്ച് ജെസബെലിനെ നായ്ക്കള്‍ തിന്നും'' (1 രാജാ 21,19-24).
അതിഭീകരമാംവിധം പ്രവചനം പൂര്‍ത്തിയായി. സിറിയായുമായുള്ള യുദ്ധത്തില്‍ ആഹാബു മരിച്ചു.
''കര്‍ത്താവ് അരുളിച്ചെയ്തതുപോലെ നായ്ക്കള്‍ അവന്റെ രക്തം നക്കിക്കുടിച്ചു'' (1 രാജാ 22,38). എലിഷാ പ്രവാചകന്‍ അയച്ച ശിഷ്യന്‍ രാജാവായി അഭിഷേകം ചെയ്ത യേഹു ജെസ്രേലില്‍ വന്ന് ജെസബെലിനെ വധിച്ചു. ആഹാബിന്റെ കുടുംബത്തെയും പരിവാരങ്ങളെയും കൊന്നൊടുക്കി. സമറിയായില്‍ വസിച്ചിരുന്ന ആഹാബിന്റെ എഴുപതു മക്കളുടെ ശിരസ്സുകള്‍ വെട്ടിയെടുത്തു കുട്ടകളിലാക്കി ജെസ്രേലിലേക്കു കൊണ്ടുവരാന്‍ കല്പിച്ചു. അങ്ങനെ ഏലിയാ പ്രവാചകന്‍ വഴി അറിയിച്ച ശിക്ഷാവിധി നിറവേറി (2 രാജാ 9-10).
നാബോത്തിന്റെ രക്തത്തിനു പ്രതികാരം ചെയ്ത യേഹു ജെസ്രേലില്‍ ഒരു രക്തപ്പുഴ തന്നെ ഒഴുക്കി. അത് കര്‍ത്താവ് ആഗ്രഹിച്ചതോ കല്പിച്ചതോ ആയിരുന്നില്ല. ശിക്ഷാവിധി പ്രതികാരഭ്രാന്തായി മാറിയപ്പോള്‍ അത് യേഹുവിനും കുടുംബത്തിനും മീതേ വീണ്ടും ശിക്ഷയായി നിപതിച്ചു.
ഹോസിയാ പ്രവാചകന്‍ ദൈവകല്പനപ്രകാരം തന്റെ ആദ്യജാതന് ജെസ്രേല്‍ എന്ന പേരു നല്കിക്കൊണ്ട് യേഹു കുടുംബത്തിന്റെ മേലുള്ള ശിക്ഷാവിധി അറിയിച്ചു. ''ജെസ്രേലിലെ രക്തച്ചൊരിച്ചിലിന് യേഹുവിന്റെ കുടുംബത്തെ താമസമെന്നിയേ ഞാന്‍ ശിക്ഷിക്കും'' (ഹോസി 1,4). നീതി നടപ്പിലാക്കുകയും നിരുപാധികം ക്ഷമിച്ച് സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പ്രതികാരത്തിന്റെ ശൃംഖല ഭേദിക്കാനാവൂ. ജെസ്രേലില്‍ നിന്നുയരുന്ന രക്തത്തിന്റെ നിലവിളിക്ക് ക്ഷമിക്കുന്ന സ്‌നേഹം മാത്രമാണ് പ്രത്യുത്തരം.