തീര്‍ത്ഥാടനം

ഹോര്‍ മല : പൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ച

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം
സമൂഹം മുഴുവന്‍ നോക്കിനില്‍ക്കെ അവര്‍ ഹോര്‍ മലയിലേക്കു കയറിപ്പോയി. മോശ അഹറോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസറിനെ ധരിപ്പിച്ചു. മലമുകളില്‍വച്ച് അഹറോന്‍ മരിച്ചു. മോശയും എലെയാസറും മലയില്‍ നിന്ന് ഇറങ്ങിപ്പോന്നു
സംഖ്യ 20:28

ഏദോമിന്റെ തെക്കെ അതിര്‍ത്തിയിലുള്ള പര്‍വതനിരയിലെ ഉയര്‍ന്ന ഒരു കൊടുമുടിയാണ് ഹോര്‍. പര്‍വതം എന്നാണ് പേരിനര്‍ഥം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1500 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടിയുടെ മുകളില്‍ ഒരു ശവകുടീരമുണ്ട്. അഹറോന്റെ ശവകുടീരം എന്നാണത് അറിയപ്പെടുന്നത്. ജെസെല്‍ ഹരൂണ്‍ - അഹറോന്റെ മല - എന്ന പേരുതന്നെ ഈ മലയെ അഹറോനുമായി ബന്ധിപ്പിക്കുന്നു. ആറാം നൂറ്റാണ്ടിന്റെ പകുതിയോടടുത്ത് ബൈസന്റയിന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ ആ ശവകുടീരത്തിനുമുകളില്‍ ഒരു ക്രിസ്തീയ ദേവാലയം പണി കഴിപ്പിച്ചു. പിന്നീട് മുസ്ലീമുകള്‍ ആ ദേവാലയത്തെ ഒരു മോസ്‌ക്കാക്കി മാറ്റി. അഹറോന്റെ ശവകുടീരത്തിനു മുകളില്‍ ഇന്നും ആ മോസ്‌ക്കു കാണാം.

ശവകുടീരവും പ്രാര്‍ഥനാലയവും ഉണ്ടെങ്കിലും ഇതുതന്നെയാണോ അഹറോന്‍ മരിച്ച സ്ഥലം എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പര്‍വതത്തിന്റെ വലിയ ഉയരമാണ് മുഖ്യകാരണമായി എടുത്തുകാട്ടുക. ഇത്രയും അകലെ, ഉയരത്തില്‍ നടക്കുന്ന സംഭവം താഴെ നില്‍ക്കുന്ന ജനത്തിനു കാണാന്‍ കഴിയില്ല എന്നാണ് വ്യാഖ്യാനം. അതിനാല്‍ അഹറോന്‍ മരിച്ച ഹോര്‍ മല പുരാവസ്തു ഗവേഷകര്‍ ഇന്നും അന്വേഷിക്കുന്നുണ്ട്.

ഹോര്‍ മല എവിടെയാണെന്നതിനേക്കാള്‍ പ്രാധാന്യം അവിടെ നടന്നതായി ബൈബിള്‍ വിവരിക്കുന്ന സംഭവങ്ങള്‍ക്കാണ്. കര്‍ത്താവില്‍ ദൃഢമായി വിശ്വസിക്കാനും ആ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും കഴിയാതെ പോയ അഹറോന്‍ വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കാതെ മരിച്ച സ്ഥലമാണ് ഹോര്‍. മാസാ - മെരീബായുടെ ബാക്കി പത്രമാണത്. കര്‍ത്താവിനോടുള്ള അവിശ്വസ്തത വരുത്തിവയ്ക്കുന്ന വന്‍വിനയെക്കുറിച്ചു താക്കീതു നല്കിക്കൊണ്ട് തല ഉയര്‍ത്തിനില്ക്കുന്നു ഹോര്‍ മല. എന്നാല്‍ ഇതുമാത്രമല്ല ഈ മലയുടെ പ്രാധാന്യം.

ഇസ്രായേല്‍ ജനത്തിനു ദൈവം നിശ്ചയിച്ചു നല്കിയ ആദ്യപുരോഹിതനായിരുന്നു അഹറോന്‍. ജനത്തെ ദൈവനിയമങ്ങള്‍ പഠിപ്പിച്ച് വിശുദ്ധരായി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ദൈവനാമത്തില്‍ അവരെ ആശീര്‍വദിക്കുകയും അവരുടെ ബലികളും കാഴ്ചകളും ദൈവത്തിനു സമര്‍പ്പിക്കുകയുമാണ് പുരോഹിതന്റെ ധര്‍മ്മം. ദൈവത്തിനും മനുഷ്യനും മധ്യേ പാലം പണിയുന്നവനാണവന്‍. അഹറോന്‍ മരിച്ചാലും ഈ ദൗത്യം തുടരണം. അതിനുവേണ്ടിയാണ് അഹറോന്റെ അംശവസ്ത്രങ്ങള്‍ ഊരിയെടുത്ത് മകന്‍ എലെയാസറിനെ അണിയിച്ചത്. തലമുറകളിലൂടെ തുടരുന്ന അഹറോന്റെ പൗരോഹിത്യത്തെക്കുറിച്ചും ഹോര്‍ മല അനുസ്മരിപ്പിക്കുന്നു. എന്നാല്‍ അഹറോന്റെ പൗരോഹിത്യം ശാശ്വതമായിരുന്നില്ല. പുതിയ ഒന്നിന് അതു വഴിമാറേണ്ടിയിരുന്നു.

ദൈവപിതാവിന് സ്വയം ബലിയായര്‍പ്പിക്കുകയും അങ്ങനെ മനുഷ്യവര്‍ഗത്തിന്റെ പാപം പരിഹരിച്ച് ദൈവവുമായി രമ്യതപ്പെടുത്തുകയും ചെയ്ത ദൈവപുത്രനായ യേശുക്രിസ്തുവിലാണ് പുതിയ പൗരോഹിത്യം പൂര്‍ത്തിയായത്. അതു നിറവേറിയത് കാല്‍വരിയിലാണ്. ഹോര്‍ മല ഗാഗുല്‍ത്താമലയ്ക്കു വഴിമാറി. കാലഹരണപ്പെട്ട പൗരോഹിത്യമാണ് അഹറോന്റേത്. തല്‍സ്ഥാനത്ത് മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള പുതിയ പൗരോഹിത്യം ആവിര്‍ഭവിച്ചു (ഹെബ്രാ. 7:10).

ശാശ്വതമായ ആ പൗരോഹിത്യമാണ് പാപമോചനവും രക്ഷയും നല്കുന്നത്. രക്ഷാചരിത്രത്തിന്റെ പ്രയാണത്തില്‍ പിന്നിട്ട ഒരു നാഴികക്കല്ലാണ് അഹറോന്റെ പൗരോഹിത്യം. അതിന്റെ ഓര്‍മ്മയുമായി ഇന്നും നില്‍ക്കുന്നു ഹോര്‍ മല.

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം

ശ്രദ്ധ ക്രിസ്തുവിന്...

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!