പൂമരം

പൂമരം
Published on

എല്ലാ മാസവും നടത്താറുള്ള പതിവ് ഹെൽത്ത് ചെക്കപ്പിന്റെ ഭാഗമായാണ് ആ വൈദികൻ അന്നും ഹോസ്പിറ്റലിൽ എത്തിയത്. ഉച്ചയോടുകൂടി ടെസ്റ്റുകൾ ചെയ്തവസാനിപ്പിച്ചതിനുശേഷം ആശുപത്രിയിലെ നിത്യാരാധന ചാപ്പലിൽ കയറി അല്പനേരം അദ്ദേഹം ശാന്തമായിരുന്നു. അതേ ആരാധനാമുറിയിൽ തീരെ ശാന്തതയില്ലാതെ ഒരു സ്ത്രീ കരച്ചിൽ മുഴക്കുന്നുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ ആരാണ് ആശുപത്രിയിൽ സ്വരത്തോടും മൗനത്തോടും കരച്ചിലുയർത്താത്തത്. ദിവ്യകാരുണ്യത്തിന്റെ അരികിലും, തൊട്ടടുത്തുണ്ടായിരുന്ന മാതാവിന്റെ രൂപത്തിലും നോക്കി എന്തൊക്കെയോ പറഞ്ഞ് നിലവിളിച്ച് അവർ പുറത്തേക്കിറങ്ങി. അവരുടെ ഉള്ളിലെ അശാന്തി അകത്തിരുന്ന വൈദികനിലേക്കും പടർന്ന് പിടിച്ചതിനാൽ (പിടിപ്പിച്ചതിനാൽ) ആകണം അദ്ദേഹവും ആ സ്ത്രീക്കൊപ്പം പുറത്തേക്കിറങ്ങിയത്.

കണ്ണീരുകൊണ്ടു പടർന്ന ഒരു ചന്ദനക്കുറിയുടെ പാതി അവരുടെ നെറ്റിയിലുണ്ടായിരുന്നു. അങ്ങോട്ടെന്തെങ്കിലും ചോദിക്കും മുമ്പേ അവരൊന്നേ പറഞ്ഞുള്ളൂ, "മോന് ഓപ്പറേഷനാണ്, ഒരുപാട് കാശുവേണം... അച്ചൻ പ്രാർഥിക്കണേ..." മറ്റൊന്നും പറയാതെ പുറത്തൂരിയിട്ടിരുന്ന മുഷിഞ്ഞ ചെരിപ്പിടാൻ തിരിഞ്ഞ സ്ത്രീയുടെ കൈയിലേക്ക് പോക്കറ്റിൽ കിടന്ന എല്ലാ പൈസയും ആ വൈദികൻ വച്ചുകൊടുത്തു. നിറകണ്ണുകളോടെ അതേറ്റു വാങ്ങിയ സ്ത്രീ, പ്രസാദം പോലെ അത് തൊഴുത് കൈയിൽ വച്ചു. തിരികെ നടക്കുന്ന വഴിക്ക് വൈദികൻ ഫോണെടുത്ത് ഒന്നു രണ്ടു പേരെ വിളിച്ചു... നിമിഷങ്ങൾക്കകം ആ സ്ത്രീയുടെ മകന്റെ ആശുപത്രി ചെലവിലേക്കായി പണമെത്തി.

ദൈവവിളിയെന്നത്, ദൈവം ഒരാളെ വിളിക്കുന്നതല്ല, ദൈവത്തെ വിളിച്ച് കരയുന്ന, സങ്കടപ്പെടുന്ന ഒരുപാട് മനുഷ്യരുടെ നിലവിളിക്കുള്ള സാന്ത്വനമാണ് ദൈവവിളി.

ദിവ്യകാരുണ്യത്തിന്റെ മുന്നിൽ കണ്ണീർ വാർത്ത ഒരു സ്ത്രീയുടെ സങ്കടത്തിന്റെ മേൽ സാന്ത്വനത്തിന്റെ മുഖമായത് വെളുത്ത വസ്ത്രധാരിയായ ഒരു വൈദികനായിരുന്നു. ഭൂമിയിലെ മനുഷ്യരുടെ ഒറ്റപ്പെടലുകൾക്ക് ദൈവം തീർത്ത കൂട്ടിന്റെ പേരാണ് ദൈവവിളി. പ്രപഞ്ചത്തിൽ പാർക്കുന്ന മനുഷ്യരുടെ പ്രയാസങ്ങൾക്ക് ദൈവം അയക്കുന്ന ആശ്വാസത്തിന്റെ പേരാണ് ദൈവവിളി. അപരിചിതരുടെ പോലും അസുഖങ്ങൾക്കുമേൽ ദൈവം പുരട്ടുന്ന ലേപനത്തിന്റെ പേരും അതുതന്നെയാണ്.

ആരാധനയുടെ ആ ചെറുമുറിയിലേക്ക് ആ വൈദികനെ ദൈവം വിളിച്ചത് അയാൾക്കുവേണ്ടി ആയിരുന്നില്ല. മാമ്മോദീസ ജലം ശിരസ്സിൽ പതിയാത്ത ഒരു ഹൈന്ദവസ്ത്രീക്കുവേണ്ടി ദൈവം ആ പുരോഹിതനെ അയച്ചതാണ്. ആ പുരോഹിതനിലൂടെ ദൈവം മറ്റു ചില നന്മനിറഞ്ഞ മനുഷ്യരെ കൂടി വിളിച്ചു. ഒരൊറ്റ വിളിയിൽ എത്ര പേരാണ് ആശ്വസിപ്പിക്കപ്പെട്ടതും സുഖമാക്ക പ്പെട്ടതും. ഭൂമിയിൽ ഓരോ പുരോഹിതനും സമർപ്പിതരും വിളിക്കപ്പെടുമ്പോൾ സുഖമാക്കപ്പെടാൻ പോകുന്ന, ആശ്വസിപ്പിക്കപ്പെടാൻ പോകുന്ന, സൗഖ്യത്തിലേക്ക് നടക്കുന്ന ഒരുപാട് മനുഷ്യരെ ദൈവം ഓർത്തെടുക്കുകയാണ്. ദൈവവിളിയെന്നത്, ദൈവം ഒരാളെ വിളിക്കുന്നതല്ല, ദൈവത്തെ വിളിച്ച് കരയുന്ന, സങ്കടപ്പെടുന്ന ഒരുപാട് മനുഷ്യരുടെ നിലവിളിക്കുള്ള സാന്ത്വനമാണ് ദൈവവിളി. അതുകൊണ്ടുതന്നെ ആ വിളി കൈക്കൊണ്ടവർക്കുപോലും തിരിച്ചറിയാനാകണമെന്നില്ല, തങ്ങൾ ആർക്കുവേണ്ടിയാണ് വിളിക്കപ്പെട്ടിട്ടുള്ളതെന്ന്.

അമേരിക്കൻ ജനത്തെ തന്റെ പ്രഭാഷണങ്ങളിലൂടെ ദൈവത്തിലേക്ക് നയിച്ച ഫുൾട്ടൻ ജെ. ഷീനിന് വിദ്യാർത്ഥിയായിരിക്കെ ഒരു ദേശീയ പരീക്ഷയെ തുടർന്ന് യൂണിവേഴ്സിറ്റി പ്രവേശനത്തിന് ഉള്ള സ്കോളർഷിപ്പ് ലഭിച്ചു. സെമിനാരിയിൽ ചേരണമോ സ്കോളർഷിപ്പ് സ്വീകരിച്ച് ഉപരിപഠനത്തിന് പോകണമോ എന്ന സംശയം ബലപ്പെട്ടു അദ്ദേഹം പ്രയാസത്തിലായി. അവസാനം സ്കോളർഷിപ്പ് കീറിക്കളഞ്ഞ് സെമിനാരിയിൽ ചേരാൻ ആണ് സുഹൃത്തായ ഫാ.വില്യം സൂചിപ്പിച്ചത്. ഷീൻ അത് തന്നെ ചെയ്തു എന്നാണ് ചരിത്രം. സൂക്ഷിച്ചു നോക്കിയാൽ വൈദിക സന്യസ്ത വിളികളിലൊക്കെ ലോക ബുദ്ധിക്കോ യുക്തിക്കോ ചേരാത്ത ചില ചേരുവകൾ കാണാം. പുറമേ നിൽക്കുന്നവർക്ക് അതിന്റെ യുക്തി

പിടി കിട്ടണമെന്നില്ല. വിളി സ്വീകരിക്കുന്നവൻ പോലും പലപ്പോഴും ഏതോ അദൃശ്യമായ കാരണത്താലോ പ്രേരണയാലോ ഉൾവിളിയാലോ അങ്ങോട്ടേക്ക് ചായുകയാണ്. വിപരീത പാളയങ്ങളിലുള്ളവരും നിരീശ്വരർ പോലും ഈ ദൈവവിളിയുടെ മിന്നൽ ബോധധാരയിൽ പെട്ട് വെളിച്ചത്തിന്റെ പോരാളികൾ ആകാറുണ്ട്. സമർപ്പിത വിളിയുടെ കെമിസ്ട്രി അക്ഷരങ്ങളിലാക്കാനോ പറഞ്ഞു ധരിപ്പിക്കാനോ ശ്രമിച്ചാൽ അതിലെ ഒരു ഏടെങ്കിലും രഹസ്യാത്മകതയുടെ മേഘക്കീറ് വീണു കിടക്കുന്നതായിരിക്കും.

തന്റെ ഒപ്പമായിരിക്കാൻ അവൻ ചിലരെ ക്ഷണിക്കുന്നു. വൃദ്ധനായ അബ്രാഹത്തെ, ചതിയനായ യാക്കോബിനെ, കൂട്ടത്തിൽ ഇളയവനായ ജോസഫിനെ, ബാലനായ സാമുവേലിനെ, ആട്ടിടയനായ ദാവീദിനെ, അപ്രവചനീയനായ ജോനായേ, കൗമാരക്കാരനായ ജെറമിയയെ, അതിസാധാരണക്കാരായ മുക്കുവരെ, ക്രിസ്ത്യാനികളെ ശത്രുവായി കണ്ട സാവൂളിനെ...

അങ്ങനെ അനേകം. നമ്മുടെ യുക്തിക്ക് മനസ്സിലാക്കാൻ ആവാത്തവരെ അവൻ തിരഞ്ഞെടുത്തു.

ജെസ്സയുടെ കുറ്റിപോലെ... പിന്നീട് അതിനെ രൂപാന്തരപ്പെടുത്തി... ആ വേര് പിന്നീട് സകലരെയും ഉൾക്കൊള്ളുന്ന ദൈവരാജ്യമെന്ന പൂമരത്തിന്റെ തായ്‌വേര് പോലെ ആഴ്ന്നിറങ്ങുകയായിരുന്നു. ആ പൂമരത്തിലാണ് ഭൂമിയിലെ സർവ്വ ദേശാടനക്കിളികളും ചേക്കേറുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org