

ഡെയ്സി ആന്റണി, കൊരട്ടി
റിട്ടയേർഡ് ടീച്ചർ, ജി യു പി എസ്, അന്നമനട
ഓരോ കുട്ടിയും ചെറുപ്പത്തിലെ വായിച്ച് പഠിക്കുന്ന ആദ്യത്തെ പുസ്തകം തന്റെ അമ്മയാണ്. ആ പാഠങ്ങളുമായാണ് അവൻ സമൂഹത്തിലേക്ക് ഇറങ്ങുന്നത്. കുട്ടിയുടെ ആദ്യത്തെ ആത്മീയ ഗുരുവും അമ്മ തന്നെ. അമ്മ പഠിപ്പിച്ചതും അമ്മയിൽ നിന്ന് സ്വയം പഠിച്ചതുമായ കുറെ കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണു പ്രാർത്ഥന. പരിശുദ്ധ കുർബാനയുടെ പ്രാധാന്യം അമ്മ തന്നെയാണ് ആദ്യം കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത്.
മക്കളുടെ ആത്മീയത വളർത്താൻ മാതാപിതാക്കൾ ബോധപൂർവ്വം ചില കാര്യങ്ങൾ ചെയ്യേണ്ടതായി വരും. കുടുംബങ്ങളിലെ സംഭാഷണങ്ങൾ അതിലൊന്നാണ്. വൈദികരെയും സന്യസ്തരെയും കുറ്റപ്പെടുത്തുന്ന സംഭാഷണങ്ങൾ വരാതിരിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നത് ഉദാഹരണം.
ജീവിതത്തിന്റെ ഏതു ഘട്ടത്തിലും തമ്പുരാനെ ആശ്രയിക്കുകയും തമ്പുരാനോട് ചോദിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ഒരു ശൈലി അമ്മ വഴി മക്കൾക്ക് പകർന്നു കൊടുക്കുക.
കുടുംബ പ്രാർഥനയുടെ ഭാഗമായി അഞ്ചു മിനിറ്റ് മൗനമായിരുന്നു ദൈവം ഇങ്ങോട്ട് പറയുന്നത് കേൾക്കാനുള്ള ഒരു ശ്രമം നടത്തണം. അതു കുഞ്ഞുങ്ങളെ ശീലിപ്പിക്കണം. കുട്ടികളുടെ ആധ്യാത്മിക വളർച്ചയ്ക്ക് സഹായിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ മാതാപിതാക്കൾ അവർക്ക് പ്രത്യേകമായ പ്രേരണ നൽകണം. മാതാപിതാക്കളും ഈ പുസ്തകങ്ങൾ വായിക്കുകയും മാതൃക നൽകുകയും വേണം.
കൊല്ലത്തിൽ ഒരുതവണ മക്കളെയും കൂട്ടി കുടുംബം ഒന്നിച്ച് ഒരു ധ്യാനത്തിന് പോകുന്നത് എപ്പോഴും നല്ലതാണ്. ധ്യാനകേന്ദ്രത്തിൽ തീർച്ചയായും നല്ല വചനങ്ങൾ ധാരാളം കേൾക്കും. അതിലേതെങ്കിലും ഒക്കെ കുട്ടികളുടെ മനസ്സിനെ സ്പർശിച്ചേക്കാം. അവധിക്കാല യാത്രകൾ മിക്കവരും നടത്തുന്നതാണ്. അതുപോലെതന്നെ ആയിരിക്കണം അവധിക്കാല ധ്യാനങ്ങളും. എപ്പോൾ അവധിക്ക് വന്നാലും ഒരു ധ്യാനം കൂടിയിട്ട് മാത്രം അവധിക്കാലം ആരംഭിക്കുന്ന ഒരു വിദ്യാർത്ഥിയെ അറിയാം. അമ്മ പഠിപ്പിച്ച ശീലമായിരുന്നു അത്. അതൊക്കെ മാതൃകയാക്കാവുന്നതാണ്.
മറ്റൊന്ന് ബൈബിൾ വായനയാണ് എല്ലാ ദിവസവും ബൈബിൾ വായിക്കുന്നത് മക്കളുടെ ശീലമാക്കാൻ അമ്മമാർ സ്വയം ബൈബിൾ വായിക്കണം. ജീവിതത്തിന്റെ ഏതു ഘട്ടത്തിലും തമ്പുരാനെ ആശ്രയിക്കുകയും തമ്പുരാനോട് ചോദിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ഒരു ശൈലി അമ്മ വഴി മക്കൾക്ക് പകർന്നു കൊടുക്കുക.
ഇങ്ങനെയൊരന്തരീക്ഷം അമ്മമാർ കുടുംബങ്ങളിൽ ബോധപൂർവം സൃഷ്ടിക്കു ന്നുണ്ടെങ്കിൽ ദൈവവിളി ഉള്ള കുട്ടികൾക്ക് അത് തിരിച്ചറിയാനും സ്വീകരിക്കാനും എളുപ്പത്തിൽ സാധിക്കും.