ഈജിപ്തിനും സിറിയായ്ക്കും മധ്യേ, കിഴക്ക് ജോര്‍ദ്ദാന്‍ നദിയും പടിഞ്ഞാറ് മധ്യധരണ്യാഴിയും അതിരിട്ട ഭൂപ്രദേശമാണ് കാനാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. നോഹയുടെ മൂന്നാമത്തെ മകനായ ഹാമിന്റെ പുത്രനായിരുന്നു കാനാന്‍ എന്നും ആ പൂര്‍വപിതാവിന്റെ പിന്‍തലമുറകള്‍ അധിവസിച്ചിരുന്നതിനാലാണ് ഈ ഭൂപ്രദേശത്തിന് കാനാന്‍ എന്ന പേരു നല്‍കിയതെന്നും ഉല്‍പത്തി 9:10; 10:15-20-ല്‍ വിവരിക്കുന്നു.
വീഞ്ഞുകുടിച്ച് ബോധമറ്റുകിടന്ന പിതാവിനെ അവഹേളിച്ചതിന്റെ പേരില്‍ ശാപമേറ്റുവാങ്ങിയ ഇളയപുത്രനായി കാനാനെ ഈ വിവരണത്തില്‍ ചിത്രീകരിക്കുന്നുണ്ട്. ഹാം തെറ്റു ചെയ്തു എന്നും കാനാനെ ശപിച്ചു എന്നും പറയുന്നതില്‍നിന്നും രണ്ടുപേരും ഒരാള്‍തന്നെയോ എന്ന സംശയം ജനിക്കാം. കാനാന്‍കാരുടെ ഇടയില്‍ നിലവിലിരുന്ന മ്ലേഛതകള്‍ അവരുടെ പൂര്‍വപിതാവില്‍നിന്നുതന്നെ തുടങ്ങിയതാണെന്ന് ഈ വിവരണങ്ങള്‍ സ്ഥാപിക്കുന്നു.
'കാനാന്‍' എന്ന പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചു തര്‍ക്കമുണ്ട്. ചുവന്ന കമ്പിളി കാനാനില്‍നിന്ന് കയറ്റി അയച്ചിരുന്നതിനാലാണ് ഈ പേരുണ്ടായതെന്നും 'ചുവന്ന ചായം' എന്നാണ് വാക്കിന്റെ അര്‍ഥം എന്നും കരുതുന്നവരുണ്ട്. ഞാങ്ങണ എന്നര്‍ഥമുള്ള 'ഖ്‌നാ' എന്ന വാക്കില്‍നിന്നാണ് കാനാന്റെ ഉത്ഭവം എന്നു മറ്റു ചിലര്‍. അര്‍ഥമെന്തായാലും ഒരു പ്രത്യേക ഭൂപ്രദേശത്തെയും അതിലെ നിവാസികളെയും സൂചിപ്പിക്കുന്ന പേരാണ് കാനാന്‍. അബ്രാഹത്തിനും സന്തതിപരമ്പരകള്‍ക്കും അവകാശമായി നല്‍കുമെന്നു ദൈവം വാഗ്ദാനം ചെയ്തതിനാല്‍ ഇതിനെ വാഗ്ദത്തഭൂമി എന്നു വിളിക്കുന്നു. ബി സി 13-ാം നൂറ്റാണ്ടുമുതല്‍ ഫിലിസ്ത്യര്‍ ഇവിടെ വാസമുറപ്പിച്ചിരുന്നതിനാല്‍ ഫിലിസ്ത്യരുടെ നാട് എന്ന അര്‍ത്ഥത്തില്‍ 'പലസ്തീനാ' എന്നും ഈ പ്രദേശം അറിയപ്പെടുന്നു. അബ്രാഹം മുതല്‍ യേശുവിന്റെ മരണവും ഉത്ഥാനവുംവരെ രക്ഷാചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ അരങ്ങേറിയ നാടായതിനാല്‍ 'വിശുദ്ധനാട്' എന്നും ഇസ്രായേല്‍ ജനം അവകാശമാക്കുകയും അധിവസിക്കുകയും ചെയ്തതിനാല്‍ 'ഇസ്രായേല്‍' എന്നും ഇതിനു പേരുണ്ട്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്നു ഭൂഖണ്ഡങ്ങള്‍ക്കു നടുവിലാണ് കാനാന്‍ ദേശത്തിന്റെ സ്ഥാനം. മെസൊപ്പൊട്ടാമിയായില്‍നിന്നും യൂറോപ്പില്‍നിന്നും ഈജിപ്തിലേക്കു കരമാര്‍ഗം യാത്ര ചെയ്യാന്‍ കാനാന്‍ കടന്നുപോകണം. കച്ചവടക്കാരുടെ കാരവന്‍ സംഘങ്ങളും കുടിയേറ്റക്കാരുടെ നിരകളും ഈ വഴി നിരന്തരം നീങ്ങിയിരുന്നു. അനേകം പടയോട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നാടാണ് കാനാന്‍. സുമേറിയര്‍, അമ്മോന്യര്‍, ഹിത്യര്‍, അരമായര്‍, ഹെബ്രായര്‍, ഫിലിസ്ത്യര്‍ എന്നിങ്ങനെ അനേകം ജനതകള്‍ ഈ നാട് ആക്രമിച്ചു കീഴടക്കിയിട്ടുണ്ട്. അസീറിയായും ബാബിലോണും ഈജിപ്തും ഗ്രീസും റോമയും ഇവിടെ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അനേകം സംസ്‌കാരങ്ങള്‍ ഉരുകിച്ചേര്‍ന്ന ഒരു നാടാണ് കാനാന്‍.
ജോഷ്വായുടെ നേതൃത്വത്തില്‍ ബി സി പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് ഇസ്രായേല്‍ക്കാര്‍ ഈ നാട് ആക്രമിച്ചു കീഴടക്കാന്‍ തുടങ്ങിയത്. ദാവീദിന്റെ കാലമായപ്പോഴേക്കും നാടിന്റെ മുക്കാല്‍ ഭാഗവും ഇസ്രായേലിന്റെ ആധിപത്യത്തിലായി. ആദ്യനിവാസികളായിരുന്ന കാനാന്‍കാര്‍ ദേശത്തിന്റെ വടക്കുപടിഞ്ഞാറ് ടയിര്‍ - സീദോന്‍ പ്രദേശങ്ങളില്‍ ഒതുങ്ങി. ഫെനീഷ്യാ എന്ന പേരില്‍ ആ പ്രദേശം അറിയപ്പെട്ടു.
തദ്ദേശവാസികളായ കാനാന്‍കാരെ തുരത്തി അവരുടെ ദേശം സ്വന്തമാക്കാന്‍ ദൈവം ഇസ്രായേലിനെ സഹായിച്ചത് അനീതിയായി തോന്നാം. അതിനു ബൈബിള്‍ നല്കുന്ന ഒരു വിശദീകരണം ശ്രദ്ധേയമാണ്. ''ആ ജനതകളുടെ ദുഷ്ടത നിമിത്തമാണ്.... അവരെ അവിടെനിന്നു നീക്കിക്കളഞ്ഞത്'' (ന്യായാ 9:5). ദുഷ്ടത പ്രവര്‍ത്തിച്ചാല്‍ ഇസ്രായേലിനും ദേശം നഷ്ടപ്പെടും എന്ന സൂചന ഈ വിശദീകരണത്തിലുണ്ട്. പിന്നീട് അതു യാഥാര്‍ഥ്യമാവുകയും ചെയ്തു. ഇസ്രായേല്‍ക്കാരുടെ മുമ്പില്‍ നിന്നു പിന്‍വാങ്ങിയ കാനാന്‍കാര്‍ പിന്നീട് വളരെ ശക്തമായൊരു രാജ്യമായി - ടയിര്‍. കടല്‍മാര്‍ഗം യാത്ര ചെയ്ത് അവര്‍ ആഫ്രിക്കയുടെയും യൂറോപ്പിന്റെയും തീരങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു.
ദൈവം ആരെയും ഉപേക്ഷിക്കുന്നില്ല, അധര്‍മ്മം പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കുന്നുമില്ല എന്ന് കാനാന്റെ ഗതി വിഗതികള്‍ പഠിപ്പിക്കുന്നു. വാഗ്ദത്ത ഭൂമിയായ കാനാന്‍ദേശം സര്‍വോപരി ദൈവം എല്ലാവര്‍ക്കുമായി നല്കുന്ന ദൈവരാജ്യത്തിന്റെ പ്രതീകമാണ്. അതാണ് കാനാന്റെ ഇന്നത്തെ ഏറ്റം വലിയ പ്രസക്തി.