

2017-ൽ സെമിനാരിയിൽ പഠിക്കുന്ന കാലഘട്ടത്തി ലാണ് വാർഷിക ധ്യാനത്തിന്റെ ഭാഗമായി എറണാകുളം ചിറ്റൂർ ധ്യാന കേന്ദ്രത്തിൽ വച്ച് യുവജനങ്ങൾക്കായി നടത്തപ്പെട്ട Grand Abide 2 ൽ പങ്കെടുക്കുന്നത്. രണ്ടായിരത്തിലധികം യുവജനങ്ങൾ പങ്കെടുത്ത ആ ധ്യാനം വളരെ ഹൃദയസ്പർശിയായിരുന്നു. അന്നത്തെ മനോഹരമായ ഓർമ്മകൾ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷ ആരംഭിച്ചശേഷം എബൈഡ് എന്ന ആത്മീയ വിരുന്നിന്റെ ആത്മാവിനെ തൊട്ടറിയാനും ആഴത്തിൽ മനസ്സിലാക്കാനും സാധിച്ചു.
1996-ൽ ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ച യുവജന ശുശ്രൂഷ അക്കാലത്ത് ശാലോം മീറ്റ്, സ്പിരിച്വൽ ടെമ്പസ്റ്റ്, യുവജന ധ്യാനം എന്നീ പേരുകളിൽ നടത്തപ്പെടുകയും പിന്നീട് ABIDE എന്ന പേരിലേക്ക് മാറപ്പെടുകയുമാണ് ചെയ്തത്. ബഹുമാനപ്പെട്ട ജോസ് ഉപ്പാണി അച്ചനും ബിനോജ് മുളവരിക്കലച്ചനും ചേർന്നാണ് ABIDE യുവജന ധ്യാനത്തിന് തുടക്കം കുറിച്ചത്.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഗലീലിയുടെ തീരങ്ങളിൽ മുഴങ്ങിക്കേട്ട “നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും... നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ” (യോഹ. 15:4,9) എന്ന വചനമാണ് വർഷങ്ങളായി അനേകം യുവജനങ്ങളുടെ ജീവിതം മാറ്റിമറിച്ചുകൊണ്ടിരി ക്കുന്ന ‘എബൈഡ്’ മിനിസ്ട്രിയുടെ ജീവനാഡി. തിരക്കുകൾക്കും ശബ്ദകോലാഹലങ്ങൾക്കുമിടയിൽ തളർന്നുപോകുന്ന യുവമനസ്സുകളെ ക്രിസ്തുവെന്ന ശാന്തമായ തുറമുഖത്തേക്ക് അടുപ്പിക്കുകയാണ് ചിറ്റൂർ ധ്യാനകേന്ദ്രത്തിലെ ഈ ആത്മീയശുശ്രൂഷയുടെ ലക്ഷ്യം.
എന്താണ് എബൈഡ് (ABIDE) ധ്യാനം?
‘വസിക്കുക’ എന്നാണ് എബൈഡ് എന്ന വാക്കിന്റെ അർത്ഥം. കേവലം കുറച്ചുദിവസത്തെ പ്രാർത്ഥന എന്നതിലുപരി, ക്രിസ്തുവിനോടൊപ്പം വസിക്കാനും അവിടുത്തെ സ്നേഹം അനുഭവിക്കാനും യുവാക്കളെ പ്രാപ്തരാക്കുന്ന ഒരു ആത്മീയ പരീക്ഷണശാലയാണിത്. ആധുനിക യുവത്വത്തിന്റെ അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. മാസം തോറും നടക്കുന്ന ഈ ശുശ്രൂഷയിലൂടെ യുവജനങ്ങൾ തങ്ങളുടെ വ്യക്തിജീവിതത്തിലും കരിയറിലും ആത്മീയമായ ഒരു പുതിയ തലം (Level up) കണ്ടെത്തുന്നു.
എന്തുകൊണ്ട് ഈ വചനം?
“എന്നിൽ വസിക്കുവിൻ” എന്ന ക്രിസ്തുവിന്റെ ആഹ്വാനം എബൈഡിന്റെ അടിസ്ഥാനമായി തിരഞ്ഞെടുക്കാൻ വ്യക്തമായ കാരണമുണ്ട്. വേർപെട്ടുപോയ ശാഖകൾക്ക് ഫലം പുറപ്പെടുവിക്കാൻ സാധിക്കില്ല എന്ന വലിയ സത്യം ഇന്നത്തെ തലമുറയെ ബോധ്യപ്പെടുത്തുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ദൈവസ്നേഹത്തിൽ വസിക്കുമ്പോൾ മാത്രമാണ് ജീവിതത്തിന് യഥാർത്ഥ അർത്ഥവും ലക്ഷ്യവും (True Purpose) കൈവരുന്നതെന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. വചനം വെറുമൊരു അറിവല്ല, മറിച്ച് അതൊരു ജീവിതശൈലിയായി മാറുന്ന അനുഭവമാണ് ഇവിടെ യുവതലമുറയ്ക്ക് ലഭിക്കുന്നത്.
Grand Abide 4: നൂറാമത് ധ്യാനത്തിന്റെ കൃപാവർഷം
ചിറ്റൂർ ധ്യാനകേന്ദ്രത്തിലെ യുവജന ശുശ്രൂഷയുടെ മുപ്പതാം വാർഷികവും, നൂറാമത് എബൈഡ് ധ്യാനവും ഒരുമിച്ച് ആഘോഷിക്കുന്ന വേളയിലാണ് ‘ഗ്രാൻഡ് എബൈഡ് 4’ എന്ന മഹാസംഗമം നടക്കുന്നത്. 2026 മെയ് 23 മുതൽ 28 വരെ നടക്കുന്ന ഈ ക്രിസ്തീയ യുവജന ആത്മീയ ആഘോഷം (Youth Fest in Christ) ഒരു ആത്മീയ വിപ്ലവത്തിന്റെ തുടക്കമാണ്. ആന്തരിക സൗഖ്യവും പ്രശസ്ത വചനപ്രഘോഷകരുടെ ശുശ്രൂഷകളും സംഗീതാത്മകമായ ആരാധനകളും കോർത്തിണക്കിയ ഈ ദിനങ്ങൾ ഓരോ യുവാവിനും യുവതിയ്ക്കും ദൈവാനുഭവത്തിന്റെ അവിസ്മരണീയ നിമിഷങ്ങളായിരിക്കും.
വൈവിധ്യമാർന്ന ശുശ്രൂഷാ വഴികൾ
എബൈഡ് അഞ്ചുദിവസത്തെ ധ്യാനത്തിൽ മാത്രം അവസാനിക്കുന്നില്ല. ജീവിതത്തിന്റെ വിവിധ തലങ്ങളിൽ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താൻ എബൈഡ് മിനിസ്ട്രി നിരവധി വഴികൾ ഒരുക്കുന്നു:
എബൈഡ് വളർച്ചാ ധ്വാനം (Abide Growth Retreat): ഒരിക്കൽ ധ്യാനത്തിൽ പങ്കെടുത്തവർക്ക് തങ്ങളുടെ ആത്മീയ ജീവിതത്തിൽ ആഴപ്പെടാനും കൂടുതൽ വളർച്ച കൈവരിക്കാനുമുള്ള പ്രത്യേക പരിശീലന വേദിയാണിത്.
ഏകദിന യുവജന ധ്യാനം (Abide Power Conference): ലഭിച്ച ആത്മീയ ചൈതന്യത്തെ വീണ്ടും ഉജ്വലിപ്പിക്കാനുള്ള ശുശ്രൂഷയാണിത്. വിശുദ്ധ കുർബാനയിലൂടെയും ആരാധനയിലൂടെയും പരിശുദ്ധാത്മാവിന്റെ പുതിയ അഭിഷേകത്താൽ യുവത്വം ഇവിടെ ശക്തിപ്പെടുന്നു. മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ഇത് നടത്തപ്പെടുന്നത്.
എബൈഡ് നൈറ്റ് വിജിൽ (Abide Night Vigil): ലഭിച്ച ദൈവകൃപയിൽ തളരാതെ നിൽക്കാൻ എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന ഈ പ്രാർത്ഥനാ കൂട്ടായ്മ യുവജനങ്ങൾക്കൊരു വലിയ ആത്മീയ ബലമാണ്.
മധ്യസ്ഥ പ്രാർത്ഥന (Intercession): ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നും (Online) നേരിട്ടും (Offline) ഒരേ മനസ്സോടെ പ്രാർത്ഥിക്കുന്ന ശക്തമായ മധ്യസ്ഥ പ്രാർത്ഥനാ കൂട്ടായ്മ എബൈഡിന്റെ നട്ടെല്ലാണ്.
എബൈഡ് ഹോം മിഷൻ (Abide Home Mission): പ്രാർത്ഥിച്ചൊരുങ്ങിയ യുവജനങ്ങൾ ഞായറാഴ്ചകളിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഇടവകയിലെ ഭവനങ്ങൾ സന്ദർശിക്കുന്ന ശുശ്രൂഷയാണിത്. സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ച് മറ്റ് യുവാക്കളെ ക്രിസ്തുവിലേക്ക് നയിക്കാൻ ഈ ദൗത്യം സഹായിക്കുന്നു.
കാമ്പസ് മിഷൻ (Campus Mission): കലാലയങ്ങളിൽ ഒരു മണിക്കൂർ നീളുന്ന ഹ്രസ്വമായ പരിപാടികളിലൂടെ (Ice breaking, Testimonies) വരും തലമുറയെ ആത്മീയതയുടെ ലോകത്തേക്ക് ക്ഷണിക്കുന്നു.
ഫുൾടൈമർഷിപ്പ് (Fulltimership): ഒരു നിശ്ചിത കാലയളവിൽ ധ്യാനകേന്ദ്രത്തിൽ താമസിച്ച്, ഈശോയു മായുള്ള വ്യക്തിപരമായ ബന്ധത്തിൽ ആഴപ്പെടാനും ശുശ്രൂഷകളിൽ വ്യാപൃതരാകാനും ഇവിടെ അവസരമുണ്ട്.
സർഗവേദികൾ
സംഗീതം, ഓഡിയോവിഷ്വൽ, മീഡിയ തുടങ്ങിയ മേഖലകളിൽ താല്പര്യമുള്ളവർക്ക് ദൈവം നൽകിയ സർഗവാസനകളെ ദൈവരാജ്യത്തിന്റെ മഹത്വത്തിനായി ഉപയോഗപ്പെടുത്താൻ എബൈഡ് മിനിസ്ട്രി വേദി ഒരുക്കുന്നു.
“യുവാക്കളേ, നിങ്ങൾ ശക്തരാണ്; ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു; നിങ്ങൾ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു” (1 യോഹ. 2:14). ലോകത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ തളർന്നുപോകുന്ന യുവമനസ്സുകൾക്ക് ക്രിസ്തുവെന്ന ശാന്തമായ തുറമുഖമാണ് ‘എബൈഡ്’. ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളരാതെ നിൽക്കാൻ ക്രിസ്തുവാകുന്ന പാറമേൽ നമുക്ക് വേരുകളാഴ്ത്താം.
വരാനിരിക്കുന്ന ‘ഗ്രാൻഡ് എബൈഡ് 4’ കേവലം ഒരു ധ്യാനമല്ല, മറിച്ച് നമ്മുടെ ജീവിതങ്ങളെ ദൈവസ്നേഹത്തോട് ചേർത്ത് നിർത്താനുള്ള ഒരു പുണ്യനിമിഷമാണ്. മായക്കാഴ്ചകൾക്ക് പിന്നാലെ പോകാതെ, ക്രിസ്തുവെന്ന സത്യത്തിൽ വസിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം. പുതിയൊരു ജീവിതത്തിന്, പുതിയൊരു കാഴ്ചപ്പാടിന്, പുതിയൊരു തുടക്കത്തിന് ഈശോ നിങ്ങളെ സ്നേഹപൂർവ്വം കാത്തിരിക്കുന്നു. നമുക്ക് അവനിൽ വസിക്കാം, അവൻ നമ്മിലും വസിക്കട്ടെ.