വിശുദ്ധ പീറ്ററും വിശുദ്ധ ഡയോനീസ്യായും : മെയ് 15

വിശുദ്ധ പീറ്ററും വിശുദ്ധ
ഡയോനീസ്യായും : മെയ് 15

ഡേസിയന്‍ മതപീഡനകാലത്ത് ക്രിസ്ത്യാനികളുടെ രക്തം ലാമ്പ്‌സാക്കസ് തെരുവിലൂടെ ഒഴുകി. ഇന്നത്തെ ടര്‍ക്കിയിലെ ഒരു നഗരമായിരുന്നു ലാമ്പ്‌സാക്കസ്. ക്രിസ്തുവിനുവേണ്ടി മരിക്കാന്‍ ആദ്യം വിധിക്കപ്പെട്ടത് പീറ്ററായിരുന്നു. യുവാവായിരുന്നെങ്കിലും എല്ലാ പീഡനങ്ങളും അയാള്‍ ധീരമായി അഭിമുഖീകരിച്ചു. ഇരുമ്പുചങ്ങലകൊണ്ട് അവര്‍ പീറ്ററിനെ ഒരു വലിയ ചക്രത്തോട് ബന്ധിച്ചു. അതിനിടയില്‍പ്പെട്ട് അയാളുടെ അസ്ഥികള്‍ തകര്‍ന്നു. എന്നിട്ടും സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി, പുഞ്ചിരിച്ചുകൊണ്ട് അയാള്‍ വിളിച്ചുപറഞ്ഞു: "ക്രിസ്തുവേ, അങ്ങേക്കു ഞാന്‍ നന്ദിപറയുന്നു. ഇവയെല്ലാം സഹിക്കാനുള്ള ക്ഷമയും കരുത്തും അങ്ങെനിക്കു നല്‍കിയല്ലോ; അങ്ങനെ ഇവരുടെ ക്രൂരതയ്ക്കുമേല്‍ ഞാന്‍ വിജയം വരിച്ചിരിക്കുന്നു!" പീഡനങ്ങള്‍ക്ക് പീറ്ററിനെ ഒന്നും ചെയ്യാനായില്ലെന്നു കണ്ട സൈന്യാധിപന്‍ പീറ്ററിന്റെ ശിരഛേദനത്തിന് കല്പനകൊടുത്തു.

അതേ പട്ടണത്തില്‍, ഏതാനും നാളുകള്‍ക്കുശേഷം കന്യകയായ ഡയോനീസ്യായും രക്തസാക്ഷിമകുടം ചൂടി. നിക്കോമാക്കസ് എന്ന ഭീരുവായ മനുഷ്യനു ലഭിച്ച അവസരമാണ് ഡയോനീസ്യാ തട്ടിയെടുത്തത്. ക്രിസ്തുവിനുവേണ്ടി സഹിക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തുന്നവന് എല്ലാം നഷ്ടപ്പെടുന്നു എന്നാണ് ഈ കഥ നമ്മെ ബോധ്യപ്പെടുത്തുന്നത്. പീഡനങ്ങള്‍ സഹിക്കാനുള്ള ക്ഷമയില്ലാതെ നിക്കോമാക്കസ് വിളിച്ചുപറഞ്ഞു: "ഞാന്‍ ക്രിസ്ത്യാനിയല്ല; ഒരിക്കലും ഞാന്‍ ക്രിസ്ത്യാനിയായിരുന്നില്ല." അയാള്‍ സ്വതന്ത്രനാക്കപ്പെടുകയും ദേവന്മാര്‍ക്ക് ബലി അര്‍പ്പിക്കുകയും ചെയ്തു. പക്ഷേ, പെട്ടെന്ന് ബോധരഹിതനായി നിലത്തുവീണ് അയാള്‍ മരിച്ചു.

"ഓ, ഭീരുവായ മനുഷ്യാ," ഡയോനീസ്യാ വിളിച്ചുപറഞ്ഞു! "ഈ ചെറിയ പീഡനം സഹിക്കുന്നതിനുപകരം നിങ്ങളെന്തിനു നിത്യനരകം തിരഞ്ഞെടുത്തു?"

പെട്ടെന്നുതന്നെ അവള്‍ തടവിലാക്കപ്പെട്ടു. എങ്കിലും അവളുടെ കാവല്‍മാലാഖ അവളെ സംരക്ഷിച്ച് തടവറയ്ക്കു പുറത്തെത്തിച്ചു. ക്രിസ്തുവില്‍ ലയിച്ചുചേരാനുള്ള അദമ്യ താല്പര്യത്താല്‍ അവള്‍ രക്തസാക്ഷികളുടെ ശവശരീരങ്ങളുടെ മുകളിലേക്ക് എടുത്തുചാടിക്കൊണ്ട് വിളിച്ചുപറഞ്ഞു. "ക്രിസ്തുവേ, നിന്നോടൊപ്പം സ്വര്‍ഗ്ഗത്തില്‍ നിത്യമായി കഴിയാന്‍, നിന്നൊടൊപ്പം ഭൂമിയില്‍ ഞാന്‍ മരിക്കാം."

കന്യകകളുടെ കിരീടമായ ക്രിസ്തു അവളുടെ പ്രാര്‍ത്ഥന സാധിച്ചു കൊടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org