പാപ്പ പറയുന്നു

എല്ലാവരും യേശുക്രിസ്തുവില്‍ ‘ഒന്നാണെന്ന്’ തിരിച്ചറിയുക

Sathyadeepam

യേശുവിന്റെ പ്രബോധനങ്ങളുടെ കേന്ദ്രം ദൈവരാജ്യത്തിന്റെ രഹസ്യമാണ്. അവിടുന്ന് അതിനെ ഒരു രത്‌നത്തോടും നിധിയോടും ഉപമിക്കുന്നു. താന്‍ പ്രതീക്ഷിക്കാത്ത ഒന്ന് കണ്ടെത്തുന്നവന്റെ വിസ്മയമാണ് ഈ ഉപമകള്‍ സൂചിപ്പിക്കുന്നത്. ആ നിധി സ്വന്തമാക്കാന്‍ ഉള്ളതെല്ലാം വില്‍ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഒരു നഷ്ടമായിട്ടല്ല, മറിച്ച് ലാഭമായിട്ടാണ് അയാള്‍ക്ക് അനുഭവപ്പെടുന്നത്.

സുവിശേഷത്തിന്റെ ആദ്യ താളുകള്‍ മുതല്‍, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ആഹ്വാനം നിഷേധിക്കാനാകാത്തതായിട്ടാണ് വിവരിക്കപ്പെട്ടിരി ക്കുന്നത്. അത് തീര്‍ച്ചയായും സ്വതന്ത്രമാണ്, എങ്കിലും അടിയന്തര സ്വഭാവമുള്ളതും വലിയ ആഗ്രഹത്തോടെ പെട്ടെന്ന് മറുപടി നല്‍കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ദൈവം നമുക്ക് അരികിലു ണ്ടെന്നും അവിടുത്തെ കണ്ടെത്താന്‍ കഴിയുമെന്നും ഇതു വ്യക്തമാക്കുന്നു. അവിടുത്തെ രാജ്യവുമായുള്ള കൂടിക്കാഴ്ച ജീവിതത്തെ ഇടുങ്ങിയതാക്കുകയല്ല, മറിച്ച് വികസിപ്പിക്കുകയാണ് ചെയ്യുന്നത്. ദൈവരാജ്യം കൊണ്ട് നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍, അത് കൂടുതല്‍ സാധ്യതകളിലേക്കുള്ള വളര്‍ച്ചയാണ്, കുറവുകളിലേക്കുള്ള പിന്മാറ്റമല്ല.

ദൈവരാജ്യം അതിന്റെ വിലമതിക്കാനാവാത്ത സൗന്ദര്യം വ്യത്യസ്ത പാതകളില്‍ വെളിപ്പെടുത്തുന്നു. അത് പുരുഷന്മാരെയും സ്ത്രീകളെയും യുവാക്കളെയും വയോധികരെയും ദരിദ്രരെയും സമ്പന്നരെയും ഒരുപോലെ ആഴമായ നവീകരണ ത്തിലേക്ക് വിളിക്കുന്നു. എല്ലാവര്‍ക്കും അത് മനസ്സിലാക്കാനും അതിലേക്ക് ആകര്‍ഷിക്കപ്പെടാനും സാധിക്കും.

സഭ എന്നത് വിവിധ വംശങ്ങളിലും സംസ്‌കാര ങ്ങളിലും കഴിവുകളിലും ഉത്തരവാദിത്തങ്ങളിലും ഉള്ള ആളുകളുടെ കൂട്ടായ്മയാണ്. എങ്കിലും എല്ലാവരും യേശുക്രിസ്തുവില്‍ ‘ഒന്നാണെന്ന്’ തിരിച്ചറിയാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അവിടുന്നാണ് ആ നിഗൂഢമായ നിധി, വിലയേറിയ മുത്ത്, ചിതറിപ്പോയവരെ ഒരുമിച്ചുകൂട്ടുന്ന വല. ആരംഭം മുതല്‍, വാസ്തവത്തില്‍, യേശു തന്റെ ചുറ്റും ഒരുമിച്ചു കൂട്ടിയത് സാധാരണ നിലയില്‍ ഒരിക്കലും ഒന്നിച്ചു വരാത്ത മനുഷ്യരെയാണ്. ദൈവം ആരെയും പക്ഷപാതപരമായി പരിഗണിക്കുന്നില്ലെന്നും, അവിടുത്തെ തിരഞ്ഞെടുപ്പ് എന്നത് പ്രത്യേകിച്ചും എളിയവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള മുന്‍ഗണനയാണെന്നും ഇതുവഴി അവിടുന്ന് കാണിച്ചുതന്നു.

വിലയേറിയ മുത്തിനെ തിരിച്ചറിയാനും, സർവസ്വവും വില്‍ക്കാന്‍ മൂല്യമുള്ള ആ നിധിയെ കണ്ടെത്താനുമുള്ള ജ്ഞാനത്തിനായി സോളമനെ പോലെ നമുക്കും പ്രാര്‍ഥിക്കാം. ഉപഭോഗ സംസ്‌കാരം നമ്മുടെ അഭിരുചികളെ മാറ്റിമറി ക്കുകയും പുതിയ ആവശ്യങ്ങള്‍ നിരന്തരം സൃഷ്ടി ക്കുകയും ചെയ്യുന്നു. അത് നല്‍കുന്ന ഉത്തരങ്ങള്‍ ഒരിക്കലും തൃപ്തി നല്‍കുന്നില്ല, ചിലപ്പോള്‍ അവ ഹൃദയത്തെ വിഷലിപ്തമാക്കുകയും ചെയ്യുന്നു. അതിനാല്‍ യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ടത് എന്താണെന്ന് നാം തിരിച്ചറിയണം; ദൈവവു മായുള്ള ബന്ധമെന്ന നിധിയാണ് നമ്മെ സന്തോഷ ത്തിലേക്ക് നയിക്കുന്നതും അന്യോന്യമുള്ള ബന്ധങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ നയിക്കാന്‍ നമ്മെ സഹായിക്കുന്നതും.

  • (ജൂലൈ 26-നു ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍, ത്രികാലപ്രാര്‍ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

ഫാ. ജാക്വസ് ഹാമല്‍ കൊല്ലപ്പെട്ടതിന്റെ പത്താം വാര്‍ഷികം; ഫ്രാന്‍സില്‍ പ്രത്യേക പ്രാർഥനാ സംഗമങ്ങള്‍

ഇറാനിൽ നിന്നുള്‍പ്പെടെ ഇരുപത് അഭയാര്‍ഥികള്‍ കൂടി ഇറ്റലിയിലെത്തി

വിശുദ്ധ ഇഗ്നേഷ്യസ് ലയോള (1491-1556) : ജൂലൈ 31

വിശുദ്ധ പീറ്റര്‍ ക്രൈസോളഗസ് (380-450) : ജൂലൈ 30

സഭാപ്രസംഗകൻ - Chap.4