വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13
അന്ത്യോക്യയില്‍, ഒരു സിറിയന്‍ സൈന്യാധിപന്റെ മകനായി ജോണ്‍ ക്രിസോസ്തം ജനിച്ചു. അമ്മ ഗ്രീക്കുകാരിയായിരുന്നു. പേഗനായിരുന്ന അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. ഇരുപത്തിമൂന്നു വയസ്സു വരെ ഗ്രീക്കു ക്ലാസ്സിക്കുകള്‍ ഗഹനമായി പഠിച്ചിരുന്ന ജോണിനെ, സുഹൃത്തുക്കളായിരുന്ന വി. ബേസിലും അന്ത്യോക്യയിലെ ബിഷപ്പായിരുന്ന വി. മെലേഷ്യസുമാണ് വിശുദ്ധഗ്രന്ഥപഠനത്തിലേക്കു തിരിച്ചുവിട്ടത്. രണ്ടു വര്‍ഷം കഴിഞ്ഞ് ജോണ്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. അതിനുശേഷം വര്‍ഷങ്ങളോളം അന്ത്യോക്യയിലെ വനാന്തരത്തില്‍ ഒരു ഗുഹയില്‍ പ്രാര്‍ത്ഥനയും പഠനവും ധ്യാനവുമായി കഴിഞ്ഞുകൂടി.

386-ല്‍ പൗരോഹിത്യം സ്വീകരിച്ച ജോണ്‍, ബിഷപ്പിന്റെ "കണ്ണും കാതും കൈയു"മായി മാറി. പിന്നീട്, ഗഹനങ്ങളായ ഗ്രന്ഥങ്ങളുടെ രചനയില്‍ മുഴുകി. അവയില്‍ പലതും ഇന്നും പ്രസക്തങ്ങളാണ്. അസാധാരണമായ വാഗ്മിത്വമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതല്‍. പൗരസ്ത്യദേശങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വാക്കുകള്‍ മുഴങ്ങിക്കേട്ടു. അങ്ങനെയാണ് "കനകജിഹ്വ" എന്നര്‍ത്ഥം വരുന്ന "കിസോസ്തം" എന്ന ഗ്രീക്കുപദം കൊണ്ട് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്.
വൈദികനായി പന്ത്രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, അര്‍ക്കേഡിയസ് ചക്രവര്‍ത്തി ജോണിനെ രഹസ്യമായി അന്ത്യോക്യയില്‍നിന്നു കോണ്‍ സ്റ്റാന്റിനോപ്പിളില്‍ എത്തിച്ച് ബിഷപ്പായി അഭിഷേകം ചെയ്തു. അന്ത്യോക്യയിലെ ജനങ്ങള്‍ ജോണിനെ വിട്ടുകൊടുക്കുകയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ചക്രവര്‍ത്തി അങ്ങനെ ചെയ്തത്. അന്നത്തെ സഭയിലുണ്ടായിരുന്ന തെറ്റുകള്‍ തിരുത്താനും ആവശ്യമായ മറ്റു പരിവര്‍ത്തനങ്ങള്‍ വരുത്താനുമായിരുന്നു ബിഷപ്പായ ജോണിന്റെ ആദ്യത്തെ ശ്രമങ്ങള്‍. മെത്രാസനത്തിലെ അനാവശ്യചെലവുകളെല്ലാം വെട്ടിക്കുറച്ചു. ഏറ്റവും എളിയ ജീവിതമായിരുന്നു ജോണ്‍ തിരഞ്ഞെടുത്തത്. പുരോഹിതരുടെയിടയിലെ അനാവശ്യ വലുപ്പ ചെറുപ്പങ്ങള്‍ കഴിവതും ഒഴിവാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. സന്ന്യാസ ജീവിതത്തിന്റെ ഡിസിപ്ലിന്‍ ഒന്നുകൂടി കര്‍ശനമാക്കി.
തന്റെ പ്രഭാഷണങ്ങളില്‍ രാജകൊട്ടാരത്തിലെ കുത്തഴിഞ്ഞ ജീവിത ത്തെയും ധൂര്‍ത്തിനെയും ആര്‍ഭാടതയെയുമെല്ലാം ശക്തമായ വാക്കുക ളില്‍ അദ്ദേഹം ധീരമായി വിമര്‍ശിച്ചു. ദൈവാലയത്തിനുള്ളിലാണെങ്കില്‍ പോലും ജനങ്ങള്‍ അതുകേട്ട് ആവേശം കൊള്ളുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ, രാജസദസ്സില്‍ ശത്രുക്കള്‍ പെരുകിക്കൊണ്ടിരുന്നു. എവുഡോക്‌സിയ രാജ്ഞിവരെ ശത്രുവായി. ബിഷപ്പായി അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അലക്‌സാണ്ഡ്രിയായിലെ പാത്രിയാര്‍ക്കീസ് തിയോഫിലസ്, സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍സ്റ്റാന്റിനോപ്പിളിലെത്തിയിരുന്നു. ചക്രവര്‍ത്തിയുടെ സ്വാധീനത്തില്‍ പാത്രിയാര്‍ക്കീസ് പെട്ടെന്നൊരു സിനഡ് തട്ടിക്കൂട്ടി ജോണിന്റെമേല്‍ അനേകം ആരോപണങ്ങള്‍ ചുമത്തുകയും തടവിലാക്കി നാടുകടത്തുകയും ചെയ്തു.
പക്ഷേ, ക്ഷുഭിതരായ ജനങ്ങള്‍ ഇളകി. ദിവസങ്ങള്‍ക്കുള്ളില്‍ രാജ്ഞിക്ക് ബിഷപ്പ് ജോണിനെ തിരികെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിക്കേണ്ടിവന്നു. അന്തരീക്ഷം ശാന്തമായെങ്കിലും ജോണിന്റെ മേല്‍ രണ്ടു വധശ്രമങ്ങളും നടന്നു. വീണ്ടും വിദൂരസ്ഥമായ അര്‍മേനിയായിലേക്കു നാടുകടത്തപ്പെട്ട ജോണിനെ ജീവിതക്ലേശങ്ങള്‍ തളര്‍ത്തി. രോഗം വര്‍ദ്ധിച്ചു. ആരോഗ്യം ക്ഷയിച്ചു. അങ്ങനെ 407 സെപ്തംബര്‍ 14-ന് ഇഹലോക ജീവിതം അവസാനിച്ചു.
പൗരസ്ത്യസഭയിലെ നാലു മഹാപുരോഹിതന്മാരില്‍ ഒരാളാണ് വി. ജോണ്‍ ക്രിസോസ്തം. സഭാനിയമങ്ങളും ആരാധനക്രമങ്ങളും പരിഷ്‌ക്കരിക്കുന്നതില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ അദ്ദേഹം സഭയുടെ അംഗീകരിക്കപ്പെട്ട ചിന്തകനും വേദപാരംഗതനും ഗ്രന്ഥകാരനുമാണ്. വചനപ്രഘോഷകരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമാണ്.

നമ്മുടെ മനസ്സിനെ ശാന്തിയിലും സമാധാനത്തിലും നിലനിര്‍ത്താന്‍ വിനയത്തിനും എളിമയ്ക്കുമേ കഴിയൂ.
വിശുദ്ധ ജോണ്‍ ക്രിസോസ്തം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org