പൗരോഹിത്യജീവിതത്തിലേക്കോ, സന്യാസജീവിതത്തിലേക്കോ, സഭയിലെ മറ്റ് സേവനങ്ങളിലേക്കോ ഉള്ള ദൈവവിളികളെ യുവജനങ്ങള്‍ ഭയപ്പെടരുത്. അതുപോലെ, വിവാഹം ചെയ്യാനും കുടുംബം സ്ഥാപിക്കാനും ഭയപ്പെടരുത്. യേശുവിന്റെ ശിഷ്യര്‍ എപ്പോഴും സമകാലികരായിരുന്നു. കടന്നു പോകുന്ന കാലത്തിന്റെ തടവുകാരായിരുന്നില്ല അവര്‍. നാം ക്രിസ്തുവില്‍ സ്വതന്ത്രരാണ്.
ക്രിസ്തു നമ്മെ തന്റെ സ്‌നേഹം കൊണ്ടു സ്വതന്ത്രരാക്കുന്നു. എല്ലാത്തരം പ്രേരണകളില്‍ നിന്നും വഞ്ചനകളില്‍ നിന്നും സ്വതന്ത്രരാക്കുന്ന സ്‌നേഹമാണത്. സത്യത്തിന്റെ ശിഷ്യരായതിനാല്‍ നാം ഫാഷനുകളില്‍ നിന്നു സ്വതന്ത്രരാണ്. മരണമല്ല നമ്മെ കാത്തിരിക്കുന്നത് എന്നറിയാവുന്നതുകൊണ്ട് നാം ഭാവിയിലേക്കു തുറവിയുള്ളവരാണ്.
മനുഷ്യരായിരിക്കുക എന്നതാണ് ഏറ്റവും മഹത്തായ മിഷന്‍. രക്തമാംസങ്ങളുള്ള സ്ത്രീപുരുഷന്മാരായിരിക്കുക. വെറും പ്രത്യക്ഷങ്ങളല്ല, മറിച്ച് വിശ്വസിക്കാവുന്ന മുഖങ്ങളായി മാറുക. ജനം ആഹാരത്തിനു വേണ്ടി എന്നതുപോലെ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ക്രിസ്തുവിനെപോലെ മനുഷ്യരാണ്. ഉത്ഥിതനായി, ചരിത്രത്തില്‍ നമ്മോടൊപ്പം ജീവിക്കുന്ന പരിപൂർണ്ണമനുഷ്യനാണ് ക്രിസ്തു.
ഉപവിയുടെ പ്രവര്‍ത്തനങ്ങളെ അവമതിക്കുന്ന പ്രവണതയുണ്ട്. അതു കാലഹരണപ്പെട്ടുവെന്നു ചിലര്‍ കരുതുന്നു. അതുകൊണ്ട് സുവിശേഷം വീണ്ടും വീണ്ടും വായിക്കുക അത്യാവശ്യമാണെന്നു ഞാന്‍ കരുതുന്നു. ലൗകികമനോഭാവത്തെ സുവിശേഷത്തിനു പകരം വയ്ക്കാന്‍ ഇടയാകരുത്.
(സ്‌പെയിന്‍ സന്ദര്‍ശനത്തിയെ പാപ്പ, മാഡ്രിഡിലെ ജാഗരണപ്രാര്‍ഥനയില്‍ പങ്കെടുത്ത ആറു ലക്ഷത്തോളം യുവജനങ്ങളുമായി ജൂണ്‍ 6-നു നടത്തിയ സംഭാഷണത്തില്‍ നിന്ന്.)