വിശുദ്ധ അന്നയും ജോവാക്കിമും : ജൂലൈ 26

വിശുദ്ധ അന്നയും ജോവാക്കിമും : ജൂലൈ 26
യേശുവിന്റെ അമ്മയുടെ മാതാപിതാക്കളെപ്പറ്റി സുവിശേഷങ്ങളില്‍ ഒരു പരാമര്‍ശവുമില്ല. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് മാതാവിന്റെ മാതാപിതാക്കളായ അന്നയുടെയും ജോവാക്കിമിന്റെയും കഥ പ്രചാരത്തില്‍ വന്നത്. അന്ന എന്ന വാക്കിന്റെ അര്‍ത്ഥം "വരപ്രസാദം" എന്നും ജോവാക്കിം എന്ന വാക്കിന്റെ അര്‍ത്ഥം "ദൈവം രക്ഷിക്കും" എന്നുമാണ്. അന്ന-ജോവാക്കിം ദമ്പതികള്‍ക്ക് വളരെ കാലമായി മക്കളില്ലായിരുന്നെന്നും ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചശേഷം ലഭിച്ച സന്തതിയാണ് മറിയമെന്നും വിശ്വസിക്കപ്പെടുന്നു.

പിതാവായ അബ്രാഹത്തിന്റെ വിശ്വാസിസമൂഹത്തില്‍ നിന്നാണ് അന്നയും ജോവാക്കിമും വരുന്നത്. വിശുദ്ധരുടെയിടയില്‍ അന്നയ്ക്ക്, ദൈവമാതാവിന്റെ അമ്മ എന്ന നിലയില്‍, ക്രിസ്തുവിന്റെ വല്യമ്മ എന്ന നിലയില്‍, പ്രത്യേക സ്ഥാനമുണ്ട്.

മേരിക്ക് മൂന്നു വയസ്സായപ്പോള്‍ അന്ന മകളെ ദൈവാലയത്തില്‍ കാഴ്ചവച്ചതായി ഒരു പാരമ്പര്യമുണ്ട്. ദൈവം തന്നതിനെ ദൈവത്തിനു സമര്‍പ്പിക്കുന്നു എന്ന വിശ്വാസമായിരിക്കാം അതിനു പിന്നില്‍. ഏതായാലും അന്നയും ജോവാക്കിമും മാതൃകാദമ്പതികളായിട്ടാണ് പിന്നീട് അറിയപ്പെടുന്നത്. ക്രിസ്തീയ കുടുംബങ്ങളുടെ മദ്ധ്യസ്ഥരാണ് ഇവര്‍. 1585-ല്‍ പോപ്പ് സിക്സ്റ്റസ് അഞ്ചാമന്‍ മറിയത്തെ ദൈവാലയത്തില്‍ കാഴ്ചവച്ച സംഭവം (നവംബര്‍ 21) ആരാധനക്രമത്തില്‍ ഒരു പ്രധാന തിരുനാളായി ചേര്‍ത്തു. മാതാവിന്റെ അടിയുറച്ച ദൈവവിശ്വാസം, വിശ്വാസധീരത, പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനുള്ള ധൈര്യം, പ്രാര്‍ത്ഥനാചൈതന്യം, യഹൂദ മതാചാരങ്ങളോടുള്ള വിധേയത്വം, ബന്ധുക്കളോടും അയല്‍ക്കാരോടുമുള്ള സ്‌നേഹവും ദയാവായ്പും – എല്ലാം മാതാപിതാക്കളില്‍ നിന്നും ലഭിച്ച ഗുണങ്ങളായി സ്മരിക്കപ്പെടുന്നു.

പൗരസ്ത്യ സഭയില്‍ നാലാം നൂറ്റാണ്ടു മുതല്‍ വി. അന്നയുടെയും ജോവാക്കിമിന്റെയും തിരുനാള്‍ ആഘോഷിക്കുന്നുണ്ട്. എന്നാല്‍, സാര്‍വ്വലൗകികമായി ആഘോഷിച്ചുതുടങ്ങിയത് 15-ാം നൂറ്റാണ്ടു മുതലാണ്. വി. അന്നയുടെ തിരുനാളായി ആഘോഷിച്ചിരുന്ന ജൂലൈ 26 പിന്നീട് "പേരന്റ്‌സ് ഡേ" ആയി ആഘോഷിക്കാന്‍ തുടങ്ങി. ഓരോ വ്യക്തിക്കും പാരമ്പര്യമായി സിദ്ധിച്ച അനുഗ്രഹങ്ങളെപ്പറ്റി സ്മരിക്കാനുള്ള ഒരവസരമായി മാറിയിരിക്കുന്നു ജൂലൈ 26.

ഒന്നും സ്വയംഭൂവല്ല, എല്ലാറ്റിനും ഒരു കാരണമുണ്ട്. നമുക്കുള്ളതെല്ലാം, പാരമ്പര്യമായി, ദാനമായി കിട്ടിയവയാണ്. അവ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക മാത്രമാണു നമുക്കു ചെയ്യാനുള്ളത്. അനന്തരതലമുറയ്ക്ക് അവ കൈമാറാനുള്ള ഉത്തരവാദിത്വവുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org