
പോപ്പ് അനസ്താസിയൂസിന്റെ മരണത്തിന്റെ (401 ഡിസംബര്‍ 27) നാലാം ദിവസം ഇന്നസെന്റിനെ പുതിയ പോപ്പായി തിരഞ്ഞെടുത്തു. വളരെ ഊര്‍ജ്ജസ്വലനും പ്രതിഭാശാലിയുമായിരുന്ന പോപ്പ് ഇന്നസെന്റ് ഒന്നാമന്‍ കത്തോലിക്കാ സഭയുടെ തലവനായി പതിനാറു വര്‍ഷം ഭരിച്ചു. ഹൊണോറിയൂസ് ചക്രവര്‍ത്തിയില്‍ നിന്ന് മനിക്കേയന്‍സ്, മൊണ്ടാണിസ്റ്റ്‌സ്, പ്രിസില്ല്യാനിസ്റ്റ് എന്നിവര്‍ക്കെതിരെ നിര്‍ണ്ണായകമായ ചില കല്പനകള്‍ പോപ്പ് ഇന്നസെന്റ് നേടിയെടുത്തു. പശ്ചിമ റോമിന്റെ ചക്രവര്‍ ത്തിയും അലാറിക്കും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ റാവെന്നായില്‍ വച്ച് ഒത്തുതീര്‍പ്പാക്കാനുള്ള പോപ്പിന്റെ പരിശ്രമത്തിനിടയില്‍ 410-ല്‍ അലാറിക് റോമിന്റെ ആധിപത്യം പിടിച്ചടക്കി.
സഭയില്‍ സുശക്തമായ അച്ചടക്കം നിലനിര്‍ത്താന്‍ വി. ഇന്നസെന്റ് കഠിനമായി അദ്ധ്വാനിച്ചു. റോമന്‍ നിയമങ്ങളായിരിക്കണം അടിസ്ഥാന തത്ത്വങ്ങള്‍ എന്ന് അദ്ദേഹം കല്പന പുറപ്പെടുവിച്ചു. സഭാസംബന്ധമായ എല്ലാക്കാര്യങ്ങളും, ലോകത്തിന്റെ ഏതു കോണിലായാലും, മാര്‍പാപ്പായുടെ അനുമതിയോടുകൂടി വേണം പ്രാവര്‍ത്തികമാക്കുവാന്‍. സഭയുടെ ഉന്നമനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമഫലമായി പൗരസ്ത്യസഭയും പാശ്ചാത്യസഭയും ഏറെക്കുറെ ഐക്യത്തിലായിരുന്നു. എങ്കിലും, വി. ജോണ്‍ ക്രിസോസ്തമിനെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിലനിര്‍ത്താന്‍ പോപ്പ് ഇന്നസെന്റിനു സാധിച്ചില്ല. പൗരസ്ത്യ ചക്രവര്‍ത്തി, തിയോഫിലസിനെ പിന്താങ്ങിയതായിരുന്നു അതിനു കാരണം.
417 മാര്‍ച്ച് 12-ന് വി. ഇന്നസെന്റ് ചരമം പ്രാപിച്ചു.