പാപ്പ പറയുന്നു

ആശയവിനിമയ ലോകത്ത് മാനവികമുഖം നഷ്ടപ്പെടുത്തരുത്

Sathyadeepam

മുഖവും ശബ്ദവും ഓരോ വ്യക്തിയുടെയും തനിമയാണ്. തന്റെ ഛായയിലും സാദൃശ്യത്തിലും നമ്മെ സൃഷ്ടിച്ച ദൈവം നമുക്ക് നല്‍കിയിരിക്കുന്ന മുഖവും ശബ്ദവും പവിത്രമാണ്. സൃഷ്ടിയുടെ നിമിഷം മുതല്‍ ദൈവികസ്‌നേഹത്തിന്റെ പ്രതിഫലനം മനുഷ്യന്റെ മുഖത്ത് പതിപ്പിച്ചതിനാല്‍ മനുഷ്യമുഖങ്ങളും ശബ്ദങ്ങളും കാത്തുസൂക്ഷിക്കുക എന്നതിന്റെ അര്‍ത്ഥം ദൈവസ്‌നേഹത്തിന്റെ മായാത്ത മുദ്രയെ കാത്തുസൂക്ഷിക്കുക എന്നാണ്. അതിനാല്‍ മാറുന്ന ഈ ലോകത്തിന്റെ യഥാര്‍ത്ഥ വെല്ലുവിളി സാങ്കേതികമല്ല, മറിച്ച് നരവംശ ശാസ്ത്രപരമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയും നിര്‍മ്മിത ബുദ്ധിയും നല്‍കുന്ന അവസരങ്ങളെ ധൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും വിവേചനത്തോടയും സ്വാഗതം ചെയ്യുക എന്നതിനര്‍ഥം വെല്ലുവിളികളെയും അപകട സാധ്യതകളെയും മറച്ചുവയ്ക്കുക എന്നതല്ല.

വിമര്‍ശനാത്മകമായി കേള്‍ക്കാനും ചിന്തി ക്കാനും ഉള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുകയും സാമൂഹിക ധ്രുവീകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍. ഇവയെ വേര്‍തിരി ച്ചറിയാന്‍ മനുഷ്യന് സാധിക്കണം. നമ്മുടെ വൈജ്ഞാനിക, വൈകാരിക, ആശയവിനിമയെ കഴിവുകളെ ഇല്ലാതാക്കുന്ന നിര്‍മ്മിത ബുദ്ധിയുടെ അതിപ്രസരങ്ങളെ വിവേകപൂര്‍ണ്ണമായ ഉപയോഗത്തിലൂടെ നിയന്ത്രിക്കണം.

സര്‍ഗാത്മക പ്രക്രിയ ഉപേക്ഷിക്കുകയും മാനസിക പ്രവര്‍ത്തനങ്ങളും ഭാവനയും മനുഷ്യര്‍ യന്ത്രങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നത് നമുക്ക് ലഭിച്ചിരിക്കുന്ന കഴിവുകളെ കുഴിച്ചു മൂടലാണ്. നമ്മുടെ മുഖം മറയ്ക്കുക, നമ്മുടെ ശബ്ദം ഇല്ലാതാക്കുക എന്നതാണ് ഇതിനര്‍ഥം.

നമ്മെ ചൂഷണം ചെയ്യുന്ന സാങ്കേതിക വിദ്യകളുടെ വേദനാജനകമായ പ്രത്യാഘാതങ്ങള്‍, സമൂഹങ്ങളുടെ സാമൂഹിക- സാംസ്‌കാരിക - രാഷ്ട്രീയ ഘടനയെ തകര്‍ക്കും. സമാന്തര യാഥാര്‍ത്ഥ്യങ്ങള്‍ കെട്ടിച്ചമച്ച് നമ്മുടെ മുഖങ്ങളും ശബ്ദങ്ങളും പോലും പിടിച്ചെടുക്കുന്ന നിര്‍മ്മിത ബുദ്ധിയുടെ വഞ്ചനകളെ തിരിച്ചറിയണം. ആധുനിക കാലഘട്ടത്തില്‍ നമ്മുടെ മുമ്പിലുള്ള വെല്ലുവിളി ഡിജിറ്റല്‍ നവീകരണം തടയുകയല്ല, മറിച്ച് അതിനെ നയിക്കുക, അതിന്റെ വൈരുദ്ധ്യാ ത്മക സ്വഭാവത്തെക്കുറിച്ച് ബോധവാന്മാരായിരി ക്കുക എന്നതാണ്. മാനുഷിക അന്തസ്സിനോടുള്ള ബഹുമാനം ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ക്കും ഉത്തരവാദിത്വമുണ്ട്. തെറ്റും കൃത്രിമവും തെറ്റിദ്ധരി പ്പിക്കുന്നതുമായ ഉള്ളടക്കത്തിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണം.

കാര്യങ്ങളെ വിമര്‍ശനാത്മകമായി വിചിന്തനം ചെയ്യാനുള്ള നമ്മുടെ വ്യക്തിപരമായ ശേഷി വര്‍ദ്ധിപ്പിക്കുക, ഉറവിടങ്ങളുടെ വിശ്വാസ്യത വിലയിരുത്തുക, മനശാസ്ത്രപരമായ സമീപനങ്ങള്‍ മനസ്സിലാക്കുക, ആരോഗ്യകരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ ആശയവിനിമയ സംസ്‌കാരത്തിനുള്ള പ്രായോഗിക മാനദണ്ഡങ്ങള്‍ വികസിപ്പിക്കുക എന്നിവയ്ക്കായി വിദ്യാഭ്യാസ രംഗം നാം കാര്യക്ഷമമാക്കണം. മാധ്യമ സാക്ഷരത യ്‌ക്കൊപ്പം വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിര്‍മ്മിതബുദ്ധിയുടെ സാക്ഷരതയും പ്രചരിപ്പി ക്കണം. വ്യവസായ വിപ്ലവത്തിന്റെ പുതുമയോട് പ്രതികരിക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്നതിന് അടിസ്ഥാന സാക്ഷരത ആവശ്യമായി വന്നതുപോലെ ഡിജിറ്റല്‍ വിപ്ലവത്തിന് ഡിജിറ്റല്‍ സാക്ഷരതയും ആവശ്യമാണ്.

(അറുപതാമത് ലോക ആശയവിനിമയ ദിനത്തിനായി നല്‍കിയ സന്ദേശത്തില്‍ നിന്നും)

വിശുദ്ധ അഗാത്താ (251) : ഫെബ്രുവരി 5

തിരുത്തേണ്ട ചില ഭാഷാപ്രയോഗങ്ങള്‍

ഗലാത്തിയ - Chapter 5 [2of3]

വിശുദ്ധ ജോണ്‍ ബ്രിട്ടോ (1647-1693) : ഫെബ്രുവരി 4

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ഭാരവാഹികള്‍