

ഏതാനും മാസങ്ങൾ കൊണ്ടു മാത്രം സോഷ്യൽ മീഡിയായിൽ ലക്ഷകണക്കിനു മനുഷ്യരെ കാഴ്ചക്കാരായി ലഭിച്ചയാളാണ് എബിൻ പാലാവയൽ. വെറും കാഴ്ച്ചക്കാരല്ല, എബിനുമായി ബന്ധം സ്ഥാപിക്കാനാഗ്രഹിക്കുന്നവർ, എബിനു സ്വാധീനിക്കാൻ കഴിയുന്നവർ. ഒരു ദിവസം ശരാശരി രണ്ടായിരം പേർ എബിന്റെ ഇൻസ്റ്റയിൽ പുതുതായി ഫോളോവേഴ്സായി എത്തുന്നു.
ഒന്നര കോടി രൂപ പ്രതിവർഷം വരുമാനമുള്ള ഒരു പള്ളിയുടെ കഥ പറയാം. ഒരു വർഷം മതബോധനത്തിനു വേണ്ടി അവർ ചെലവഴിച്ചത് 22,000 രൂപയാണ്. പത്തുശതമാനം വേണ്ട, ഒരു ശതമാനം എന്നു കണക്കാക്കിയാൽ ഒന്നര ലക്ഷം രൂപയെങ്കിലും സൺഡേസ്കൂളിനായി ചെലവാക്കേണ്ടതാണ്.
ആഫ്രിക്കയിൽ അൽമായ മിഷണറിയായി പ്രവർത്തിക്കുകയായിരുന്ന എബിൻ വ്യക്തിപരമായ കാര്യങ്ങൾ മൂലം നാട്ടിലേക്കെത്തിയിട്ട് ആറു മാസമേ ആയുള്ളൂ. നാട്ടിൽ വന്നതിനു ശേഷമാണ് സോഷ്യൽ മീഡിയായിൽ സജീവമായത്. തന്റെ മകളായ അന്നാ റോസിനെ ഉൾപ്പെടുത്തി, പാരന്റിംഗിനെ കുറിച്ചുള്ള ചെറിയ ചിന്തകളാണ് എബിൻ അവതരിപ്പിച്ചത്. അതു പെട്ടെന്നു പ്രചാരം നേടുകയായിരുന്നു. കാരണം, കുഞ്ഞുങ്ങളുള്ള, പുതിയ തലമുറയെ സ്നേഹിക്കുന്ന സകലമനുഷ്യരുടെയും ഹൃദയങ്ങളോടാണ് ആ ചെറു വീഡിയോകൾ നേരിട്ടു സംവദിച്ചത്.
തന്നെ പോലെ ചിന്തിക്കുന്ന അജ്ഞാതരായ മനുഷ്യർ എവിടെയെങ്കിലുമൊക്കെ കാണും, അവരിലേക്കെത്താം എന്ന വിചാരത്തോടെയാണ് എബിൻ ഫേസ്ബുക്കിലും യൂട്യൂബിലും ഇൻസ്റ്റയിലും സജീവമായത്. അത് അങ്ങനെ തന്നെ സംഭവിച്ചു. എത്തേണ്ട മനുഷ്യരിലെത്തി, തൊടേണ്ടവരെ തൊട്ടു, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ.
പാപുവ ന്യൂഗിനിയയിലെ ഗ്രാമീണ ഇടവകകളിൽ സ്വന്തമായി സൺഡേ സ്കൂളുകൾ സ്ഥാപിച്ചു നടത്തിയ പരിചയസമ്പത്തുള്ളയാളാണ് എബിൻ. കുട്ടികളും കുടുംബങ്ങളുമായി നിരന്തരം ഇടപെട്ടു. അതിൽ നിന്നു ലഭിച്ച അറിവുകളും ഉൾക്കാഴ്ചകളുമാണ് സോഷ്യൽ മീഡിയായിൽ എബിൻ പങ്കുവയ്ക്കുന്നത്, മകളെ മുന്നിൽ നിറുത്തിക്കൊണ്ട്.
കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും സൺഡേ സ്കൂളുകളിൽ കൂട്ടുകയും അധ്യാപകരുടേത് കുറയ്ക്കുകയും ചെയ്യുക.
മൊബൈൽ ഫോണും ഡിജിറ്റൽ സാങ്കേതികവിദ്യയും സമ്മാനിച്ചിരിക്കുന്ന സാധ്യതകളെയും അവസരങ്ങളെയും ഗുണകരമായി വിനിയോഗിക്കുക എന്നതാണ് നാം ചെയ്യേ ണ്ടതെന്ന് എബിൻ പറയുന്നു. ഫോണിനെ കുറ്റപ്പെടുത്തുക യല്ല, ഫോണുകൾ കുട്ടികൾക്കു കൊടുക്കുകയും അത് ശരിയായി ഉപയോഗിക്കാൻ അവരെ പരിശീലിപ്പിക്കുകയു മാണു ചെയ്യേണ്ടത്.
സൺഡേ സ്കൂളുകളിൽ, കുട്ടികളുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന കർമ്മപദ്ധതികളാണ് ആവശ്യമെന്ന് എബിൻ പറഞ്ഞു.
കുട്ടികളുടെ പരിശീലനത്തെ സഭ ഗൗരവത്തോടെ കാണണം. ഒന്നര കോടി രൂപ പ്രതിവർഷം വരുമാനമുള്ള ഒരു പള്ളിയുടെ കഥ പറയാം. ഒരു വർഷം മതബോധനത്തിനു വേണ്ടി അവർ ചെലവഴിച്ചത് 22,000 രൂപയാണ്. അത് മതാധ്യാപകർക്കു ചായ വാങ്ങിയതാണ്. പത്തുശതമാനം വേണ്ട, ഒരു ശതമാനം എന്നു കണക്കാക്കിയാൽ ഒന്നര ലക്ഷം രൂപയെങ്കിലും സൺഡേസ്കൂളിനായി ചെലവാക്കേണ്ടതാണ്. എന്തൊക്കെയാണ് ചെയ്യാൻ സാധിക്കുക?
ഒരുദാഹരണം പറഞ്ഞാൽ, എല്ലാ കുട്ടികളെയും അതതു രൂപത കളുടെ മൈനർ സെമിനാരി കൊണ്ടുപോയി കാണിക്കാൻ എല്ലാ ഇടവകകളും തയ്യാറാകുക. മേജർ സെമിനാരികളും മഠങ്ങളുടെ പരിശീലനഭവനങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക. പരിസരത്തുള്ള തീർഥാടനകേന്ദ്രങ്ങളിലേക്കു കൊണ്ടുപോകുക. അഗതിമന്ദിരങ്ങളിലേക്കു സന്ദർശനം നടത്തുക. മാസത്തിലൊരു ദിവസം പലഹാരങ്ങൾ നൽകാം, ഇടവകകളിലെ വയോധികരുള്ള ഭവനങ്ങളിലേക്കു പോകാം. ഇതെല്ലാം കുട്ടികളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
മുഴുവൻ സമയവും ക്ലാസ് മുറികളിലിരുത്തി കുട്ടികളെ ബോറടിപ്പിക്കാതിരിക്കുക. വരിയായി നിറുത്തുക, കൈ പൊക്കുക, റാലി നടത്തുക എന്നിങ്ങനെ കുട്ടികൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ നിർബന്ധമായി ചെയ്യിച്ച് കുട്ടികളെ സൺഡേ സ്കൂളുകളിൽ നിന്ന് അകറ്റുന്നതിനു പകരം അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക.
കുട്ടികളുടെ ഹൃദയങ്ങളെ സ്പർശിക്കുക, അതിനു പറ്റിയ കാര്യങ്ങൾ ചെയ്യുക. അതാണു പ്രധാനമെന്ന് എബിൻ വ്യക്തമാക്കി. അതു സേവനപ്രവർത്തനങ്ങളിലൂടെയാകാം, സോഷ്യൽ മീഡിയ റീൽസിലൂടെയും ആകാം.
കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും സൺഡേസ്കൂളുകളിൽ കൂട്ടുകയും അധ്യാപകരുടേത് കുറയ്ക്കുകയും വേണമെന്നും എബിൻ അഭിപ്രായപ്പെട്ടു.
സമൂഹജീവിയായിരിക്കേണ്ട മനുഷ്യൻ ഒറ്റപ്പെട്ടു ജീവിക്കാൻ തുടങ്ങി എന്നതാണ് ഈ കാലം വലുത്തിയിരിക്കുന്ന വലിയ കെടുതി എന്നു ചിന്തിക്കുന്നയാളാണ് എബിൻ പാലാവയൽ. ഈ ഏകാകിത സൃഷ്ടിക്കുന്ന പല പോരായ്മകൾ ഇന്നു സമൂഹത്തിലുണ്ട്. പരസ്പരം അറിയാത്ത, അതുകൊണ്ടു തന്നെ പരസ്പരം സ്നേഹിക്കാത്ത, സഹായിക്കാത്ത മനുഷ്യർ. പുതിയ തലമുറയെ ഇതിൽ നിന്നു വീണ്ടെടുത്ത് വീണ്ടും അർഥവത്തായ സാമൂഹ്യജീവിതത്തിലേക്കു തിരികെയെത്തിക്കണം. അപ്പോൾ സ്നേഹവും കരുണയും മടങ്ങി വരും. അതു ലോകത്തെ മാറ്റിപ്പണിയും. കൂട്ടായ്മകൾ വളർത്താനും കുട്ടികളെ പരിശീലിപ്പിക്കാനും ഈ കാലം നൽകിയിരിക്കുന്ന വരദാനമായ ഡിജിറ്റൽ സാങ്കേതികവിദ്യയെ വേണ്ടവിധം ഉപയോഗിക്കുക.
കുട്ടികളുടെ വളർച്ചയിലും പരിശീലനത്തിലും പരമ്പരാഗതമല്ലാത്ത മാർഗങ്ങൾ ഭാവനാപൂർവം കണ്ടെത്തി ഉപയോഗിക്കുക.
ജീസസ് യൂത്തുമായി ബന്ധപ്പെട്ടാണ് എബിൻ പാപുവ ന്യൂഗിനിയയിലെത്തിയത്. തിങ്കൾ മുതൽ വ്യാഴം വരെ സ്കൂളിൽ പഠിപ്പിക്കുകയും വെള്ളി, ശനി, ഞായർ ഇടവകകളിൽ പ്രവർത്തിക്കുകയും ചെയ്തു. ഒരു വികാരിയ്ക്ക് ഇരുപതോളം പള്ളികളുടെ ചുമതലയുണ്ടാകും. അവിടെ അൽമായ മിഷണറിമാർക്കു വലിയ സാധ്യതകളുണ്ട്. കുട്ടികൾക്കുള്ള മതബോധനം, മുതിർന്നവർക്കുള്ള ക്ലാസുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ അവിടെ അത്മായ മിഷണറിമാർക്കു ചെയ്യാനുണ്ട്. ഈ സാധ്യത നമ്മുടെ സഭ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് എബിൻ പറഞ്ഞു.
മിഷൻ പ്രവർത്തനത്തിൽ താത്പര്യമുള്ള വ്യക്തിയെ ജീവിതപങ്കാളിയാക്കി പാപുവ ന്യൂഗനിയയിൽ സേവനം തുടർന്ന എബിന് ആറു വർഷങ്ങൾക്കു ശേഷം കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങേണ്ടി വന്നു. കുറച്ചു നാൾ നാട്ടിൽ കഴിഞ്ഞതിനു ശേഷം, ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലേക്കു പോയി. അവിടെ കുറച്ചു കൂടി ഉയർന്ന തലത്തിലുള്ള ഉത്തരവാദിത്വങ്ങൾ സഭയിൽ നിർവഹിച്ചു. ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള മിഷണറിമാരുമൊത്തു പ്രവർത്തിക്കാനും ഇടപെടാനുമുള്ള അവസരം ഈ ആഫ്രിക്കൻ ജീവിതം എബിനു നൽകി. ജീവിതത്തിൽ വലിയ തിരിച്ചറിവുകളും വ്യക്തിത്വവളർച്ചയും നൽകിയ അനുഭവമായിരുന്നു അത്. മാതാപിതാക്കളുടെ അനാരോഗ്യവുമായി ബന്ധപ്പെട്ടു നാട്ടിലേക്കു വന്ന് ആറു മാസം പിന്നിടുമ്പോഴാണ് സോഷ്യൽ മീഡിയ വഴി അനേകരിലേക്കു നന്മയുടെ വെളിച്ചം പരത്താൻ എബിനു സാധിച്ചിട്ടുള്ളത്.
സാമൂഹ്യജീവിതത്തിൽ മലയാളിക്കു വന്നിരിക്കുന്ന കുറവ് ആഫ്രിക്കൻ രാജ്യങ്ങളിലെ മിഷൻ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയപ്പോഴാണ് പെട്ടെന്ന് മനസ്സിൽ തട്ടിയതെന്ന് എബിൻ പറഞ്ഞു. ഉഗാണ്ടയിലെ മനുഷ്യർ ദിവസത്തിൽ ഒരു നേരം മാത്രം ആഹാരം കഴിക്കുന്നവരാണ്. അതുപോലും ഇല്ലാത്ത ദിവസങ്ങളും ഉണ്ടായെന്നു വരാം. എങ്കിൽ പോലും, ആഹാരം കിട്ടിയാൽ അവരത് ഉടനെ വെട്ടിവിഴുങ്ങുകയല്ല ചെയ്യുക. ചുറ്റുമുള്ളവർക്കു കിട്ടിയോ എന്നു നോക്കും. പ്രാർഥിക്കും. ഉണ്ടോ ഇല്ലയോ എന്നതല്ല, പങ്കു വയ്ക്കാനുള്ള മനസ്സാണ് ഒരു മനുഷ്യനു വേണ്ട അടിസ്ഥാനപരമായ ഗുണം. എത്രയൊക്കെ വികസനം വന്നാലും ഈ മനസ്സില്ലെങ്കിൽ അവർ മനുഷ്യരല്ല.
ഈ വീക്ഷണം കൂടുതൽ പേരിലേക്കു പകർന്നു കൊടുക്കാനാണ് സോഷ്യൽ മീഡിയായിലേക്കു എബിൻ കടന്നു വന്നത്. വീഡിയോകൾ കാണാൻ തുടങ്ങിയതോടെ ധാരാളം മനുഷ്യരുടെ ഹൃദയങ്ങളെ അതു സ്പർശിക്കാൻ തുടങ്ങി. മതഭേദമെന്യേ ധാരാളം മനുഷ്യർ എബിനെ ബന്ധപ്പെടാൻ തുടങ്ങി. ആഫ്രിക്കയിലായിരുന്നപ്പോൾ സോഷ്യൽ മീഡിയ യാതൊന്നും ഉപയോഗിച്ചിട്ടില്ലാത്തയാളായിരുന്നു എബിൻ. മികച്ച ക്യാമറയില്ല, എഡിറ്റിംഗ് അറിയില്ല. തെറ്റിയും തിരുത്തിയുമാണ് ഓരോന്നും പഠിച്ചത്. പഠനത്തിനിടയിൽ തന്നെ, സോഷ്യൽ മീഡിയായിലെ നന്മയുടെ ഈ സാന്നിധ്യം അനേകർ തിരിച്ചറിയുകയും അംഗീകരിക്കുകയുമായിരുന്നു.
കുട്ടികളുടെ ഹൃദയങ്ങളെ സ്പർശിക്കുക, അതാണു പ്രധാനം. അതു സേവന പ്രവർത്തനങ്ങളിലൂടെയായും ഇൻസ്റ്റാ റീൽസിലൂടെയും ആകാം.
വളരെ പെട്ടെന്ന് അതൊരു വരുമാനമാർഗവുമായും മാറി എന്ന കാര്യം എബിൻ മറച്ചു വയ്ക്കുന്നില്ല. വീഡിയോകൾ കണ്ടു ധാരാളം പേർ വിളിക്കുന്നു. കാസർഗോഡ് പാലാവയലിൽ താമസിക്കുന്ന എബിനെ തേടി വിദൂരദിക്കുകളിൽ നിന്നു മനുഷ്യരെത്തുന്നു. സംസാരിക്കുന്നു. എബിൻ ഇതിനെ ഹൃദയസംഭാഷണം എന്നു വിളിക്കുന്നു. സമാനമനസ്കരുടെ ഒരു സംഘം പതിയെ വളർന്നു വലുതാകുന്നു. പുതിയ സംരംഭങ്ങൾ അവർ ആസൂത്രണം ചെയ്യുന്നു.
കുട്ടിക്കാലത്തെ ദുരനുഭവങ്ങളുടെ മുറിവുകൾ പേറി നടക്കുന്ന (ചൈൽഡ്ഹുഡ് ട്രോമ) ധാരാളം പേരുണ്ടെന്ന് എബിൻ പറയുന്നു. നല്ല പാരന്റിംഗ് ലഭിച്ചിട്ടില്ലാത്ത അനേകരുണ്ട്. അതിന്റെ ഉണങ്ങാത്ത മുറിവുകൾ അവരെ സദാ വേദനിപ്പിക്കുന്നുണ്ട്. പക്ഷേ ആരോടും പറഞ്ഞിട്ടുണ്ടാവില്ല. ഈ മുറിവുകളുമായി വളരുന്ന മനുഷ്യർ പഠനശേഷം ജോലിയിലും മറ്റും പ്രവേശിക്കുകയും അതിന്റെ കഠിനമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരികയും ചെയ്യുമ്പോൾ അവരുടെ മനസ്സുകൾ സംഘർഷഭരിതമാകുന്നു. പിന്നെ അവരെ നയിക്കുന്നത് ഈ കുട്ടിക്കാല മുറിവുകളാണ്. സാമൂഹ്യജീവിതം ഇല്ലാതിരിക്കുന്നതു മൂലം ഇത് ഒരിക്കലും സുഖപ്പെടുന്നില്ല. അവർക്കത് മനസ്സിലാക്കുന്ന ഒരാളോടു പങ്കുവയ്ക്കാനും സംസാരിക്കാനും സാധിച്ചാൽ വലിയൊരളവിൽ സൗഖ്യം സാധ്യമാകും.
നാലു മണിക്കു ശേഷം രാത്രി പത്തു മണി വരെ കുട്ടികൾ എന്തു ചെയ്യുന്നു എന്നു നമുക്കറിയാത്ത സ്ഥിതിയുണ്ടെന്ന് എബിൻ സൂചിപ്പിച്ചു. അതിനു മാറ്റം വരുത്താൻ ഓൺലൈനും ഓഫ് ലൈനുമായ സംരംഭങ്ങൾ ആവശ്യമാണ്. കുട്ടികൾക്കു മൂല്യബോധം പകരുന്നതിനും അവരോടു സംവദിക്കുന്നതിനുമുള്ള ഏതാനും ഓൺലൈൻ ആപ്പുകളുടെ പണിപ്പുരയിലാണ് എബിന്റെ നേതൃത്വത്തിൽ യുവാക്കളുടെ ചില സംഘങ്ങൾ.
കേരളത്തിലെ സീറോ മലബാർ സഭ വളരെയേറെ വളർന്നു കഴിഞ്ഞതായി എബിൻ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ നാം ചെയ്യേണ്ടത് ഇപ്പോൾ വളരുന്ന സഭകളെ വീക്ഷിക്കുക, അവരിൽ നിന്നു പാഠമുൾക്കൊള്ളുക എന്നതാണ്. ഇന്ന് സഭ ഏറ്റവും വേഗത്തിൽ വളരുന്നത് ആഫ്രിക്കയിലാണ്. അവിടെ ആളുകൾ വർധിക്കുന്നു, ദൈവവിളികൾ വർധിക്കുന്നു. അതിനായി അവരെന്താണു ചെയ്തതെന്നു നാം കണ്ടു മനസ്സിലാക്കണം. അവരുടെ ശൈലി നമ്മുടെ സംസ്കാരത്തിനു യോജിച്ച വിധത്തിലാക്കി പരിവർത്തിപ്പിച്ച് സ്വീകരിക്കണം. ആഫ്രിക്കയിലെ മിഷൻ പ്രവർത്തനത്തിനു വേണ്ടി തന്നെ സഹായിച്ചത് ആസ്ത്രേലിയയിലെയും അമേരിക്കയിലെയും യൂറോപ്പിലെയും സഭയാണ്. നമ്മൾ നമ്മുടെ ഇടവകയോ രൂപതയോ വിട്ടു ചിന്തിക്കുന്നില്ല. സഭ സാർവത്രികമാണ്. അങ്ങനെ കാണാനും അനുഭവിക്കാനും നമുക്കു സാധിക്കണം. സഭയുടെ ഇനിയുള്ള വളർച്ച അപ്രകാരമാണു സാധ്യമാകുക. സഭയുടെ സാർവത്രികതയെ കുറിച്ചുള്ള അവബോധം പുതിയ തലമുറയിലേക്കും പകരണം.
“സഭ ഏതാനും പേരുടെ കൈയിൽ ഒതുക്കി വയ്ക്കേണ്ടതല്ല. സഹനവും വിലാപവുമല്ല സഭയുടെ മുഖമുദ്ര. വലിയ സന്തോഷവും അവസരങ്ങളും സാധ്യതകളും നൽകുന്ന ഒരു കൂട്ടായ്മയാണ് സഭ. അതിലേക്കു തുറവിയുള്ള ഒരു സമൂഹമായി കുട്ടികളെ വളർത്തിക്കൊണ്ടുവരിക.” എബിൻ പറഞ്ഞു.
ഇത്രയും കാലമായിട്ടും നമുക്ക് കേരള സഭയ്ക്ക് ഒരു നല്ല ലേണിംഗ് ആപ്പ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന് നമ്മുടെ മുൻഗണനാമേഖലകളെ കുറിച്ചു പറയുമ്പോൾ എബിൻ ചൂണ്ടിക്കാട്ടി. കാരണം, നമ്മുടെ കാഴ്ചപ്പാടു മാറിയിട്ടില്ല. വലിയ അവസരങ്ങൾ സോഷ്യൽ മീഡിയ സമ്മാനിക്കുന്നുണ്ട്. അവരവരിലേക്കു ചുരുങ്ങാതെ, പരസ്പരം വളർത്താൻ സാധിക്കണം. സ്വന്തം സ്ഥാപനങ്ങൾ വളർത്തുക എന്നതല്ല, വ്യക്തികളെ വളർത്തുക എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. പുതിയ തലമുറയിലെ ധാരാളം പേരെ സംരംഭകരാക്കാനും ഒപ്പം മൂല്യവിദ്യാഭ്യാസം പകരാനും സോഷ്യൽ മീഡിയായിലെ സാന്നിധ്യം കൊണ്ടു സാധിക്കും.
എല്ലാ സൺഡേ സ്കൂളിലും ഫോൺ നന്നായി ഉപയോഗിക്കുന്ന ഒരു കുട്ടിയെങ്കിലും കാണും. ആ കുട്ടിയെ ഉപയോഗിച്ച് സൺഡേ സ്കൂളിനായി ഒരു പേജ്/ചാനൽ തുടങ്ങുക. ഗ്രൂപ് ചർച്ചകൾ പോലെ ഉള്ള പരിപാടികൾ ക്ലാസുകളിൽ നടത്തുക. വ്യത്യസ്തമായ പരിപാടികൾ എല്ലാ സൺഡേ സ്കൂളുകളിലും നടക്കുന്നുണ്ട്. ഓരോ ഞായറാഴ്ചയും ആ സൺഡേ സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ ഒരു വീഡിയോ ആക്കി ഇടുക. ആയിരം സൺഡേ സ്കൂളുകൾ ഇതു ചെയ്താൽ സോഷ്യൽ മീഡിയായിലെ ഇംപാക്ട് എന്തായിരിക്കും എന്നാലോചിച്ചു നോക്കുക - എബിൻ പറഞ്ഞു.
കുട്ടികളുടെ വളർച്ചയിലും പരിശീലനത്തിലും പരമ്പരാഗതമല്ലാത്ത മാർഗങ്ങൾ ഭാവനാപൂർവം കണ്ടെത്തി ഉപയോഗിക്കാവുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലസ് ടു കഴിഞ്ഞ മകനെ ഒരു വർഷം പഠനത്തിൽ നിന്ന് വിട്ടു നിൽക്കാൻ പ്രേരിപ്പിച്ച മാതാപിതാക്കളെ അറിയാം. അവർ വിദേശത്തായിരുന്നു. നന്നായി പഠിക്കുന്ന കുട്ടികളാണ്. ഇപ്പോൾ നാട്ടിൽ രണ്ടു പന്നി ഫാമുകൾ നടത്തുകയാണ് അവർ. മാതാപിതാക്കൾ മൂത്ത മകനോടു പ്ലസ് ടു കഴിഞ്ഞപ്പോൾ പറഞ്ഞു, നീ ഒരു വർഷം ഞങ്ങളുടെ കൂടെ നിൽക്കുക, കാര്യങ്ങളൊക്കെ ഒന്നു കണ്ടു പഠിക്കുക. അവൻ ഡ്രൈവിംഗ് പഠിച്ചു. ലൈസൻസ് എടുത്തു, ഫാമിലേക്കു വേണ്ട സാധനങ്ങൾ ശേഖരിക്കാൻ വണ്ടിയുമായി പോകുന്നു, കൃഷികാര്യങ്ങൾ നോക്കുന്നു, കുടുംബവുമൊത്ത് സമയം ചെലവിടുന്നു.
കൊച്ചിന്റെ ഭാവി കളയുകയാണെന്നു പറഞ്ഞ് സകലരും അവരെ കടുത്ത വിമർശനമാണ്. ആറു മക്കളാണ് അവർക്ക്. ഇവനു താഴെ നാലു പെൺകുട്ടികളാണ്. ഈ ഒരു വർഷം ആ കുട്ടിയെ സംബന്ധിച്ചു വളരെ നല്ല ഒരു നിക്ഷേപമായിരിക്കും എന്നാണ് തനിക്കു തോന്നുന്നതെന്ന് എബിൻ പറഞ്ഞു. നമ്മൾ ചിന്തിക്കുന്നതു മാത്രമല്ല ശരി. കാഴ്ചപ്പാടുകൾ പല തരത്തിൽ മാറ്റാം.
അത്മായ മിഷണറിമാരെ സഭ പ്രോത്സാഹിപ്പിക്കണമെന്ന നിർദേശവും എബിൻ പാലാവയൽ മുന്നോട്ടു വയ്ക്കുന്നു. അൽമായ മിഷണറിമാരാകുന്നവർ മിഷനെ സഹായിക്കുക മാത്രമല്ല, സ്വയം വളരുകയും ചെയ്യുന്നുണ്ട്. മിഷൻ അനുഭവം വലിയ സാധ്യതകൾ അവർക്കു നൽകുന്നു. ഈ സാധ്യതകൾ സഭ കൂടുതലായി ഉപയോഗിക്കണം.