മഷിപ്പേന

കേരള സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍

ഷെവലിയര്‍ സി എല്‍ ജോസ്

പഴയകാല നാടകനടനും സംഗീതജ്ഞനും അനേകം അപൂര്‍വസിദ്ധികളുടെ ഉടമയും കലാകേരളത്തിന്റെ അഭിമാനവുമായ ഒരു മഹാപ്രതിഭയാണ് 2020 ജൂണ്‍ 22 ന് നിര്യാതനായത്. അത്ഭുതപ്പെടുത്തുന്ന ദീര്‍ഘായുസ് ഈശ്വരന്‍ അദ്ദേഹത്തിന് കനിഞ്ഞു നല്കി. അന്ത്യം 107-ാം വയസ്സില്‍.

കുറെക്കാലമായിട്ട് അദ്ദേഹത്തെ എനിക്കു നേരിട്ടറിയാം. രണ്ടു മൂന്നു വട്ടം എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. എന്നെ നന്നേ ഇഷ്ടമായിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രായം കൊണ്ടു ഏറെ അന്തരമുണ്ടെങ്കിലും അദ്ദേഹം എന്നെ സ്വന്തം അനുജനെപ്പോലെയാണ് സ്‌നേഹിച്ചിരുന്നത്. എല്ലാ ജന്മദിനങ്ങളിലും ഞാനദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിക്കുകയും ദീര്‍ഘായുസ്സു നേരുകയും ചെയ്യുമായിരുന്നു. 2020 മാര്‍ച്ച് 29 നു വിളിച്ചു. മകന്‍ സാബു ഫോണ്‍ അദ്ദേഹത്തിനു കൊടുത്തു. ഭാഗവതരുടെ സ്വരം അങ്ങനെ അവസാനമായി കേള്‍ക്കാന്‍ കഴിഞ്ഞു.

എഴുപത്തഞ്ച് വര്‍ഷം മുമ്പ് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ ഒരു നാടകം ആദ്യമായി കാണുന്നത്. നാടകത്തിന്റെ പേര് 'പരദേശി.' യാചകവേഷമാണ് ഭാഗവതര്‍ക്ക്. സംഗീത പ്രധാനമായ റോള്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എനിക്കു നാടകം കാണാനുള്ള ആവേശവും താല്പര്യവുമുണ്ടായിരുന്നു. വീട്ടുകാരോട് പറഞ്ഞും പറയാതെയും അക്കാലത്തു പല മികച്ച നാടകങ്ങളും തിയറ്ററുകളില്‍ പോയി കണ്ടിട്ടുണ്ട്. തൃശ്ശൂരില്‍ മുഖ്യമായും നാടകങ്ങള്‍ തൃശ്ശൂര്‍ ജോസ് തിയറ്ററിലും തൃശ്ശൂര്‍ ടൗണ്‍ഹാളിലുമായരുന്നു. ഈ വിവരം ഞാന്‍ മുന്‍ ഒരു ലക്കത്തില്‍ കുറിച്ചിട്ടുണ്ട്.

നാടകം, സിനിമ, കഥാപ്രസംഗം, സംഗീതം, സംഗീതാധ്യാപനം തുടങ്ങിയ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയും കലാരംഗത്തു മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത സിദ്ധികള്‍ അടയാളപ്പെടുത്തിയുമാണ് പാപ്പുക്കുട്ടി ഭാഗവതര്‍ യാത്രയായത്.

പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ച നാടകമാണ് ജോസ് തിയറ്ററില്‍ ഞാനന്ന് കണ്ടത്. നാടകത്തിന്റെ പേര് 'പരദേശി' യാചകന്റെ വേഷമാണ്. തന്റെ ശോഷിച്ച ശരീരപ്രകൃതിക്ക് ഇണങ്ങിയ റോള്‍. ഒരു ഭിക്ഷാപാത്രവും പിടിച്ച് ആ കഥാപാത്രം മന്ദ്രമധുരമായി സംഗീതമാലപിച്ചുകൊണ്ടു ഭിക്ഷ യാചിച്ചു നീങ്ങുമ്പോള്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിലര്‍ ഒറ്റരൂപ നാണയങ്ങളും മുന്‍നിരയിലിരിക്കുന്ന ചില പ്രമാണികള്‍ എഴുന്നേറ്റ് നോട്ടുകളും സ്റ്റേജിലേക്ക് എറിയുമായിരുന്നു. അങ്ങനെ വീഴുന്ന നോട്ടുകളും നാണയങ്ങളും, പാടുന്നതിനിടയില്‍ പെറുക്കിയെടുത്തുകൊണ്ടു കഥാപാത്രം നീങ്ങുന്നു. അത് അക്കാലത്തെ ഒരു സ്‌റ്റൈലായിരുന്നു. ഞാന്‍ കണ്ട 'യാചകി' എന്ന മറ്റൊരു നാടകത്തില്‍ യുവതിയും സംഗീതവിദുഷിയുമായ മിസ്സിസ് തങ്കം വാസുദേവന്‍ നായരാണ് ഭിക്ഷ യാചിച്ചു സ്‌റ്റേജിലൂടെ നടന്നു പാടിയത്. അന്നും നല്ലൊരു സംഖ്യ പിരിഞ്ഞു. അങ്ങനെ സ്റ്റേജില്‍ വന്നു വീഴുന്ന സംഖ്യ എത്രയാണെങ്കിലും ആ കളക്ഷന്‍ ആ കലാകാരനോ കലാകാരിക്കോ സ്വന്തമായി എടുക്കാവുന്നതാണ്. അക്കാലത്തെ ഏറ്റവും മികച്ച നാടകനടന്മാരും സംഗീതജ്ഞരുമായ സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍, അഗസ്റ്റിന്‍ ജോസഫ്, വൈക്കം വാസുദേവന്‍ നായര്‍, സി എം പാപ്പുക്കുട്ടി ഭാഗവതര്‍ എന്നിവര്‍ പ്രായംകൊണ്ടും പ്രാഗത്ഭ്യം കൊണ്ടും ഏതാണ്ടു സമശീര്‍ഷരാണ്.

നാടകത്തില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ സംഗീതം ആലപിച്ചുകൊണ്ടിരിക്കുമ്പോള്‍, പലപ്പോഴും പ്രേക്ഷകരുടെ ഭാഗത്തു നിന്നു നാടകകഥയുമായി യാതൊരു ബന്ധമില്ലാത്ത മറ്റ് ഏതെങ്കിലും ഗാനമോ കീര്‍ത്തനമോ പാടാന്‍ വിളിച്ചു പറഞ്ഞു ഒച്ചവയ്ക്കും. ആ സമ്മര്‍ദത്തിനു വഴങ്ങിയില്ലെങ്കില്‍ നാടകം മുമ്പോട്ടു പോകാന്‍ പറ്റാത്ത അവസ്ഥ വരും. അതുകൊണ്ടു കാണികളുടെ ആഗ്രഹത്തിനു വഴങ്ങി തെല്ലും ഔചിത്യമില്ലെങ്കിലും സീനിന്റെ ഇടയില്‍ ഭാഗവതര്‍ പാടും. 1940 കളില്‍ ഹിന്ദു ചലച്ചിത്രലോകത്ത് ആത്മാവിന്റെ വീണാതന്ത്രികളെ തൊട്ടുണര്‍ത്തിയ, വലിയ ഹിറ്റായിത്തീര്‍ന്ന ഒരു ഗാനമുണ്ട് 'സിന്ധകി' എന്ന ചിത്രത്തില്‍ സൈഗാള്‍ പാടിയ 'സോജാ രാജകുമാരി' എന്ന അനശ്വരഗാനം. പ്രേക്ഷകരുടെ ആവശ്യാര്‍ത്ഥം ഈ ഗാനവും ഭാഗവതര്‍ അതിസുന്ദരമായി ആലപിക്കുമായിരുന്നു. അതോടെ 'കേരള സൈഗാള്‍' എന്ന പേരു വീണു. പിന്നെ നാടകനോട്ടീസിലും പോസ്റ്ററുകളിലും 'കേരള സൈഘാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍' എന്ന വിശേഷണവും കൊടുത്തുതുടങ്ങി.

പാപ്പുക്കുട്ടി ഭാഗവതര്‍ ഏഴു വയസ്സില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'വേദമണി' എന്ന സംഗീതനാടകത്തില്‍ ബാലനായകനായി പാടി അഭിനയിച്ചുകൊണ്ടാണ് തന്റെ അരങ്ങേറ്റം. അന്നു പ്രേക്ഷകര്‍ ഹര്‍ഷാരവം മുഴക്കി അഭിനന്ദിച്ചു. കലയോടുള്ള അഭിനിവേശം നിമിത്തം പന്ത്രണ്ടാം വയസ്സില്‍ അദ്ദേഹം ഓപചാരികമായ വിദ്യാഭ്യാസം നിര്‍ത്തി. പിന്നീട് രണ്ടു സംഗീത അധ്യാപകരുടെ കീഴില്‍ അഞ്ചാറു വര്‍ഷം കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു. തുടര്‍ന്നു ഷെവ. ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്റെ 'മിശിഹാചരിത്രം' നാടകത്തില്‍ അഭിനയിച്ചും പാടിയും പേരെടുത്തു. ആ നാടകത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഭാഗവതര്‍ക്കു കൊടുത്തതു മഗ്ദലനമറിയത്തിന്റെ സ്ത്രീവേഷമായിരുന്നു. അതില്‍ അത്യധികം സങ്കടവും നിരാശയുമുണ്ടായി. തിരിച്ചുപോരാന്‍ ഒരുമ്പെട്ടതാണ്. ഒടുവില്‍ റോളിന്റ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തതോടെ വഴങ്ങി. നാടകം അരങ്ങേറിയപ്പോള്‍ ശ്രീ. ചെറിയാന്റെ ക്രസ്തുവിനോടൊപ്പം ഭാഗവതരുടെ മഗ്ദലനമറിയവും തിളങ്ങി.

തുടര്‍ന്നു കേശവദേവിന്റെ 'സുഹൃത്ത്' എന്ന നാടകത്തില്‍ അഭിനയിച്ചു. പിന്നെ സമത്വം, സ്വാതന്ത്ര്യം, വിദ്യാര്‍ത്ഥി, പരമാര്‍ഥം, തിക്കുറിശ്ശിയുടെ 'മായ', ടിപ്പു സുല്‍ത്താന്‍, പ്രേമഗാനം, ഭാഗ്യചക്രം, തെരുവുതെണ്ടി, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്‍, 19-ാം നൂറ്റാണ്ട്, ധീരസമാധി എന്നിങ്ങനെ ഒട്ടനവധി നാടകങ്ങളില്‍ പങ്കെടുത്തു. കേരളത്തില്‍ കന്യാകുമാരി മുതല്‍ കാസര്‍കോട്ടുവരെയും സംസ്ഥാനത്തിനു പുറത്തു കല്‍ക്കത്ത, ബോംബെ, പൂന, ചെന്നൈ, ബാങ്ക്‌ളൂര്‍ എന്നവിടങ്ങളിലും വര്‍ഷം തോറും ഭാഗവതരുടെ നാടകങ്ങള്‍ അരങ്ങേറിയിരുന്നു. മലയാള നാടകവേദിയില്‍ മുപ്പതിലേറെ വര്‍ഷക്കാലം പാടുന്ന നായകനായി പ്രശോഭിച്ചു. മൊത്തം ഏകദേശം പതിനയ്യായിരം വേദികളില്‍ ഇദ്ദേഹത്തിന്റെ നാടകങ്ങളും സംഗീതക്കച്ചേരികളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ ബോംബെയില്‍ ഉണ്ടായ ഒരനുഭവം. അവിടത്തെ ഒരു കോളേജ് ഓഡിറ്റോറിയത്തില്‍ 'പരദേശം' നാടകം അവതരിപ്പിച്ച ദിവസം നാടക സംഘാടകരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച്, അക്കാലത്തെ പ്രമുഖ ഹിന്ദി ചലച്ചിത്ര നടന്മാരായ രാജ്കപൂര്‍, അശോക് കുമാര്‍, ജയരാജ് തുടങ്ങിയവര്‍ നാടകം കാണാന്‍ എത്തിയിരുന്നു. അവര്‍ മുന്‍നിരയില്‍ ഉപവിഷ്ടരായി. കയ്യില്‍ ഭിക്ഷാപാത്രവുമായി യാചക വേഷത്തില്‍ ഭാഗവതര്‍ പാടി അഭിനയിക്കുന്നു. ആ സമയത്തു മലയാളി പ്രേക്ഷകരുടെ ഭാഗത്തുനിന്ന് 'സോജ' പാടണം എന്ന് ഉച്ചത്തിലുള്ള അഭ്യര്‍ഥന മുഴങ്ങി. അതിനു വഴങ്ങി ഭാഗവതര്‍ 'സോജാ രാജകുമാരി' എന്ന ഹിന്ദി ഗാനം സൈഗാള്‍ പാടിയ അതേ ഗാംഭീര്യത്തോടെ ശ്രുതിമധുരമായി ആലപിച്ചപ്പോള്‍ രാജ്കപൂറും, അശോക് കുമാറും ജയരാജും വിസ്മയം പൂണ്ടു. ഹര്‍ഷപുളകിതരായി എഴുന്നേറ്റു നിന്നു കയ്യടിച്ചതോടൊപ്പം നൂറിന്റെ നോട്ടുകളാണ് ഭിക്ഷാപാത്രത്തിലിട്ടു കൊടുത്ത്. പ്രേക്ഷകരുടെ ഭാഗത്തുനിന്നു നോട്ടുകളും ഒറ്റരൂപാ നാണയങ്ങളും സ്റ്റേജിലേക്ക് വന്നു കൊണ്ടിരുന്നു. നാടകാനന്തരം എണ്ണി നോക്കിയപ്പോള്‍ 1750 രൂപയോളം ഉണ്ടായിരുന്നു. അത്യപൂര്‍വമായൊരനുഭവം. ഇതു ഭാഗവതര്‍ എന്നോടു നേരിട്ടു പറഞ്ഞതാണ്. അന്നത്തെ 1750 രൂപ! ഒരു പറ അരിക്ക് ഒരു രൂപ മാത്രം വിലയുള്ള കാലം. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു രൂപ കൊടുത്ത് ഒരു പറ അരി വാങ്ങിയിട്ടുണ്ട്.

പാപ്പുക്കുട്ടി ഭാഗവതര്‍ നാടകവേദിയില്‍ മുപ്പതു വര്‍ഷം നിലകൊണ്ടു. ഇതിനിടയില്‍ ഇരുപത്തഞ്ചോളം മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. ചിലതില്‍ പിന്നണി ഗായകനായി പാടി. നാടകരംഗത്തുനിന്നു പിന്‍വാങ്ങിയശേഷം കഥാപ്രസംഗത്തോട് കമ്പം തോന്നി ഏകദേശം മൂന്നു വര്‍ഷക്കാലം മുട്ടത്തുവര്‍ക്കിയുടെ 'പാടാത്തപൈങ്കിളി' എന്ന പ്രസിദ്ധ നോവലിനെ കഥാപ്രസംഗ രൂപത്തിലാക്കി ഭാഗവതര്‍ അവതരിപ്പിച്ചു. കേരളമൊട്ടുക്ക് ഓരോ സ്ഥലത്തും നിറഞ്ഞ സദസ്സ് കഥാപ്രസംഗത്തെ അംഗീകരിച്ചു, ആസ്വദിച്ചു. കഥാപ്രസംഗത്തില്‍ നിന്നു പിന്തിരിഞ്ഞശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതക്കച്ചേരികള്‍ നടത്തി. മാത്രമല്ല സംഗീത വാസനയുള്ള കുട്ടികളെ ഏറെ താല്പര്യത്തോടെ സംഗീതം അഭ്യസിപ്പിച്ചു. അതിനുള്ള ആവേശവും ആരോഗ്യവും പ്രസരിപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. അടുത്തകാലം വരെ അതു തുടര്‍ന്നു. ക്രമേണ ആരോഗ്യസ്ഥിതി മോശമായതോടെ അധ്യാപനം നിര്‍ത്തി.

കലാരംഗത്തു ഭാഗവതര്‍ നല്കിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ടു നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അക്കാദമിയുടെ സ്‌പെഷല്‍ അവാര്‍ഡ്, സംസ്‌കൃതി അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും 'ചലച്ചിത്ര പ്രതിഭ' എന്ന ബഹുമതിയും, കെ സി ബി സി യുടെ അവാര്‍ഡ്. ഞാന്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായ ആദ്യവര്‍ഷം തന്നെ അദ്ദേഹത്തിന് അതുവരെ - അതായതു 92 വയസ്സുവരെ - ലഭിക്കാതിരുന്ന അക്കാദമിയുടെ ഉന്ന ബഹുമതിയായ 2004-ലെ ഫെല്ലോഷിപ്പ് സമ്മാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 2009-ലെ എസ് എല്‍ പുരം സദാനന്ദന്‍ സ്മാരക നാടക പുരസ്‌ക്കാരവും (ഒരു ലക്ഷം രൂപയും ശില്പവും ബഹുമതി പത്രവും) ഭാഗവതര്‍ക്ക് ലഭിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ തൃശൂരിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അദ്ദേഹത്തെ തൃശ്ശൂര്‍ റീജണല്‍ തിയറ്ററില്‍ വച്ചു ആദരിക്കുകയുണ്ടായി. അന്നു തന്നെ തൃശ്ശൂര്‍ ചേതനാ മ്യൂസിക്ക് കോളേജില്‍ അദ്ദേഹത്തിന്റെ ഒരു സംഗീതക്കച്ചേരിയുമുണ്ടായിരുന്നു. നൂറാം വയസ്സില്‍ ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് മറുനാടന്‍ മലയാളികളുടെ വകയായി അദ്ദേഹത്തിന് ഉജ്ജ്വലമായ ഒരു സ്വീകരണം നല്കി. ആ പ്രായത്തിലും അന്ന് ഒരു സംഗീതക്കച്ചേരിയും നടത്തി കയ്യടി നേടി.

അദ്ദേഹത്തിന് സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് സമ്മാനിച്ചതു കുന്നംകുളം ടൗണ്‍ഹാളില്‍ വച്ച് അന്നത്തെ കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ ഏ പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ചാണ്. ഫെല്ലോഷിപ്പ് ലഭിച്ച വ്യക്തി മറുപടി പ്രസംഗം നടത്താറുണ്ട്. അതിനു പകരം ഭാഗവതര്‍ ''സോജാ രാജകുമാരി'' എന്ന ഹിന്ദി ഗാനമാണ് ആലപിച്ചത്. അതിപ്രശസ്തനായ കെ എന്‍ സൈഗാള്‍ പാടി അനശ്വരമാക്കിയ അതേ ഗാനം അതേ പ്രൗഡിയോടും സ്വരമാധുരിയോടും കൂടി ഭാഗവതര്‍ പാടിയപ്പോള്‍, തിങ്ങിനിറഞ്ഞ സദസ്സു കോരിത്തരിച്ചു. ഗാനത്തിനിടയിലും ഗാനം തീര്‍ന്നപ്പോഴും വമ്പിച്ച ഹര്‍ഷാരവവും കയ്യടികളുമാണ് മുഴങ്ങിയത്. മന്ത്രിയും ആവേശപൂര്‍വം കയ്യടിച്ചു.

ഒരിക്കല്‍ ഞാനദ്ദേഹത്തോടു തന്റെ ആരോഗ്യരരഹസ്യം എന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി: ''ചിട്ടയായ ദിനചര്യകള്‍, ജീവിതവിശുദ്ധി, നന്മനിറഞ്ഞ മനസ്സ്, തികഞ്ഞ ഈശ്വരവിശ്വാസം - ഇതൊക്കെയാണ്.''

നാടകം, സിനിമ, കഥാപ്രസംഗം, സംഗീതം, സംഗീതാധ്യാപനം തുടങ്ങിയ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയും കലാരംഗത്തു മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത സിദ്ധികള്‍ അടയാളപ്പെടുത്തിയുമാണ് പാപ്പുക്കുട്ടി ഭാഗവതര്‍ യാത്രയായത്. തന്റെ സംഗീത പാടവംകൊണ്ടും ആലാപന വൈശിഷ്ട്യം കൊണ്ടും ഒരു കാലഘട്ടത്തെ മുഴുവന്‍ കീഴടക്കിയ ഒരസാമാന്യപ്രതിഭയായിരുന്നു. 107 വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കു മുന്നില്‍ 92 കാരനായ ഈ എളിയ അനുജന്റെ ശോകപുഷ്പാഞ്ജലി.

ഫെയ്ത്ത് ഹാർവെസ്റ്റ് 2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 52]

യുവജന ശക്തി: പാപ്പ ലിയോയുടെ മെസ്സേജ് പൊളിയാണ്!

സ്വാതന്ത്ര്യ ദിനത്തിൽ അമർ ജവാൻ 2025 നടത്തി കത്തോലിക്ക കോൺഗ്രസ്

കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു