കിളിവാതിലിലൂടെ

ഒറിജിനലും ഡ്യൂപ്ലിക്കേറ്റും

മാണി പയസ്‌

അനുദിനം അനേകം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ റിട്ടയാര്‍ഡ് ആര്‍മി ചീഫായ ഒരാള്‍ തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനുള്ള അനുവാദത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നു. ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെടാത്ത ആ പുസ്തകത്തിന്റെ കോപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നു. ഇതു വിവാദമാകുന്നു. ഈ പശ്ചാത്തലത്തില്‍ ആര്‍മി ഉദ്യോഗസ്ഥരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കാര്യം സംബന്ധിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പ്രതിരോധ മന്ത്രാലയം നീക്കം തുടങ്ങുന്നു. ആകെ നാടകീയതകള്‍.

"റിട്ടയാർഡ് ആർമി ചീഫായ ഒരാൾ തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള അനുവാദത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കോപ്പി എങ്ങനെ പ്രതിപക്ഷ നേതാവിന് ലഭിച്ചു എന്നത് പലരുടെയും ഉറക്കം കെടുത്തുന്ന ചോദ്യമാണ്."

പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കോപ്പി എങ്ങനെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കിട്ടിയെന്നത് പലരുടെയും ഉറക്കം കെടുത്തുന്ന ചോദ്യമാണ്.

2024-ല്‍ പ്രസിദ്ധീകരിക്കുവാന്‍ നിശ്ചയിച്ചിരുന്ന പുസ്തകത്തിന്റെ പ്രീ ഓര്‍ഡറുകള്‍ ബുക്ക്സ്റ്റാളുകള്‍ സ്വീകരിക്കുകയും ഓണ്‍ലൈനില്‍ പ്രീ ബുക്കിംഗ് നടക്കുകയും ചെയ്തിട്ടുണ്ടത്രെ. എന്നാല്‍ പുസ്തകം പുറത്തു വന്നില്ല.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിനാണ് പ്രസാധന ചുമതല സെക്കന്‍ഡ് ലെഫ്റ്റനന്റായി സര്‍വീസില്‍ കയറി ജനറല്‍ വരെ ഉയര്‍ന്ന എം എം നരവനെയുടെ 40 വര്‍ഷത്തെ സേവനാനുഭവങ്ങളാണ് ഓര്‍മ്മക്കുറിപ്പുകളായി പ്രകാശിതമാവുന്നതെന്നാണ് മനസ്സിലാവുന്നത്.

പുസ്തകം ഉണ്ടയുള്ള വെടിയാണോ ഉണ്ടയില്ലാ വെടിയാണോയെന്നു യഥാര്‍ഥ പുസ്തകം പ്രസിദ്ധീകരിച്ച് കയ്യില്‍ കിട്ടിയ ശേഷമേ പറയാന്‍ കഴിയൂ. ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന, അപരന്മാരുടെ കളിപോലെയാകുമോ ഈ പുസ്തക വിവാദവും? വിവാദഭാഗങ്ങള്‍ നീക്കിയ ശേഷമാണ് യഥാര്‍ഥ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കില്‍ രാഹുല്‍ ഉയര്‍ത്തിക്കാട്ടിയ പുസ്തകത്തിലെ കഥ എന്താകും? ഏതാവും ഒറിജിനല്‍?!

"സെക്കൻഡ് ലെഫ്റ്റനന്റായി സർവീസിൽ കയറി ജനറൽ വരെ ഉയർന്ന എം.എം. നരവനെയുടെ 40 വർഷത്തെ സേവനാനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നത് തടയാൻ പ്രതിരോധ മന്ത്രാലയം നീക്കം നടത്തുന്നത് ആകെ നാടകീയമാണ്."

കേരളത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയുടെ ചില ഭാഗങ്ങള്‍ ചോര്‍ന്ന് മാധ്യമങ്ങളില്‍ വന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രസകരമായ ഒരു കാര്യം ‘കട്ടന്‍ ചായയും പരിപ്പുവടയും: ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകനാമം എഴുത്തുകാരന്റെ അനുമതിയില്ലാതെ ചാര്‍ത്തിക്കൊടുത്തതാണെന്ന പരാതിയായിരുന്നു. അച്ഛനറിയാതെ കുഞ്ഞിന്റെ പേരിടല്‍ നടന്നുവത്രേ.

ഒരു കാലത്ത് മനുഷ്യന്‍ വിശപ്പിനെ പ്രതിരോധിക്കാനുള്ള സംഘടിത മാര്‍ഗമെന്ന നിലയിലാണ് കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നത്. ഇന്നും വിശപ്പിനെ പ്രതിരോധിക്കാന്‍ കട്ടന്‍ ചായയ്ക്കും പരിപ്പുവടയ്ക്കും കഴിയും. പക്ഷേ, അവയുമായി ചേര്‍ത്തു പറയുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്ക് മാനക്കേടായി മാറിയ കാലമാണിത്. ആ ഒരു നിരീക്ഷണം മതി കമ്മ്യൂണിസത്തിലെ ത്യാഗ സന്നദ്ധത കുറഞ്ഞുവെന്നു മനസ്സിലാക്കാന്‍.

"അധികാരത്തിലിരിക്കുന്നവർക്ക് ഹിതകരമല്ലാത്ത കാര്യങ്ങൾ പുസ്തകങ്ങളിൽ വരുമ്പോൾ അത് നിരോധിക്കുകയോ തടയുകയോ ചെയ്യുന്നത് പുതിയ കാര്യമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്."

പുസ്തകം മനസ്സിന്റെ വിശപ്പ് മാറ്റും. വയറിന്റെ വിശപ്പ് മാറ്റാന്‍ അത് വിറ്റു കാശ് കിട്ടണം.

ഒ വി വിജയന്‍ എഴുതിയ ഒരു കുറിപ്പില്‍ കാറല്‍ മാര്‍ക്‌സ് മക്കളോട് പറയുന്ന ഒരു കാര്യം അവതരിപ്പിച്ചിട്ടുണ്ട്: ‘മക്കളെ അച്ഛന്‍ ദാസ് ക്യാപ്പിറ്റല്‍ എന്ന ഒരു പുസ്തകം എഴുതുന്നുണ്ട്. അത് പ്രസിദ്ധീകരിച്ചാല്‍ നിങ്ങളുടെ വിശപ്പ് മാറ്റാനാകും.’

വിശക്കുന്ന മനുഷ്യര്‍ വലിയ നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്ന കാലം ഉണ്ടായിരുന്നു. അവരുടെ വാക്കുകള്‍ അഗ്‌നിച്ചിറകുകളായിരുന്നു. അവരോട് ചേര്‍ന്നു നിന്നിരുന്ന സാഹിത്യകാരന്മാരുടെ വാക്കുകളില്‍ തുമ്പിച്ചിറകുകള്‍ ദൃശ്യമായിരുന്നു. ജനങ്ങള്‍ക്ക് പിന്നെ പിന്നെ മനസ്സിലായി, അതൊന്നും തങ്ങളുടെ വിശപ്പ് മാറ്റുകയില്ലെന്ന്.

ഇന്ന് എഴുതുന്നവര്‍ പ്രാര്‍ഥിക്കുന്നത്, തങ്ങളുടെ വാക്കുകള്‍ വിവാദങ്ങളായി പുസ്തകം കൂടുതല്‍ വിറ്റു പോകണമേയെന്നാണ്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സത്യം വളച്ചൊടിക്കുന്നുണ്ടാവാം. വായ തുറന്നാല്‍ വിവാദം പുറത്തുചാടുന്ന നേതാവാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഒന്നിന്റെ ഭരണാധിപനായ ഡൊണാള്‍ഡ് ട്രംപ്. ടിവി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വിവാദങ്ങള്‍ക്കുള്ള ഡിമാന്‍ഡ് അനുക്ഷണം വര്‍ധിക്കുകയാണ്.

"പുസ്തകങ്ങൾ നിരോധിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ മാത്രമല്ല, ജനാധിപത്യ രാജ്യങ്ങളും ഒട്ടും പിന്നിലല്ല. ഭരണം നിലനിർത്താൻ അറിവിനെ നിയന്ത്രിക്കുക എന്നത് എല്ലാ കാലത്തെയും ഭരണാധികാരികളുടെ ആഗ്രഹമാണ്."

ഡിമാന്റും വിവാദവും കൂടിയ പുസ്തകങ്ങള്‍ നിരോധിക്കുന്ന രീതിയുണ്ട്. അപ്പോള്‍ അവ കള്ളക്കടത്തായും വ്യാജന്മാരായും അവതരിക്കും. വില കൂടിയ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ വന്‍ നഗരങ്ങളിലെ തെരുവീഥികളില്‍ കടലപ്പൊതിപോലെ വാങ്ങാന്‍ കിട്ടും. ഒറിജിനല്‍ പുസ്തകം കിട്ടിയാല്‍ വ്യാജനുണ്ടാക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ല. ഒറിജിനലിന് 4000 രൂപ വിലയുണ്ടെങ്കില്‍ വ്യാജന്‍ 800 രൂപയ്ക്കു കിട്ടിയാല്‍ വായനക്കാരനു കയ്ക്കുമോ? യൂട്യൂബില്‍ അറുവഷളന്‍ സിനിമകള്‍ പ്രശസ്ത നടന്മാരുടെ പേരും പടവും കാട്ടി പറ്റിക്കുന്നതു പോലെയല്ല ഇത്. രണ്ടു പുസ്തകത്തിലും ഉള്ളടക്കം ഒന്നായിരിക്കും. കടലാസിലും പ്രിന്റിംഗിലും ആയിരിക്കും ക്വോളിറ്റി കുറവ്. നിയമം ലംഘിച്ചുള്ള പുസ്തകങ്ങളാണെന്ന് അറിഞ്ഞുകൊണ്ടാവില്ല ഭൂരിപക്ഷം ആളുകളും വാങ്ങുന്നത്. വായനയുടെ മനുഷ്യര്‍ പണക്കാരാവുകയില്ല, മിക്കപ്പോഴും.

ചരിത്രത്തില്‍ ആദ്യം നിരോധിക്കപ്പെട്ടത് റോമാസാമ്രാജ്യത്തില്‍ ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന കവി ആവിഡിന്റെ പുസ്തകങ്ങളാണെന്ന് കരുതപ്പെടുന്നു. പ്രേമം, വശീകരണം, അലൗകിക രൂപാന്തരീകരണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍.

അഗസ്റ്റസ് ചക്രവര്‍ത്തി ആവിഡിന്റെ കവിതകള്‍ നിരോധിക്കുകയും കവിയെ നാടുകടത്തുകയും ചെയ്തു. ചക്രവര്‍ത്തിയുടെ ധാര്‍മ്മിക നിയമപരിഷ്‌കാരങ്ങളെ വെല്ലുവിളിക്കുന്ന രചനകളായാണ് ആവിഡിന്റെ കവിതകള്‍ വിലയിരുത്തപ്പെട്ടത്.

"റോമൻ കവിയായിരുന്ന ആവിഡ് തന്റെ കവിതകളുടെ പേരിൽ നാടുകടത്തപ്പെട്ടു. അഗസ്റ്റസ് ചക്രവർത്തി ആവിഡിന്റെ കവിതകൾ നിരോധിച്ചത് അവ ചക്രവർത്തിയുടെ ധാർമ്മിക നിയമപരിഷ്‌കാരങ്ങളെ വെല്ലുവിളിക്കുന്നു എന്ന കാരണത്താലാണ്."

ചക്രവര്‍ത്തി ആവിഡിനെതിരെ നടപടിയെടുത്തത് സമൂഹനന്മയ്ക്കുവേണ്ടിയാണ്. ഇപ്പോള്‍ പുസ്തകങ്ങള്‍ നിരോധിക്കപ്പെടുന്നതും ആ ന്യായം പറഞ്ഞു തന്നെ. രാജ്യത്തിനു ദോഷകരമായ കാര്യങ്ങള്‍ സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്നത് തടയണം. രാജ്യം എന്നത് ഭരിക്കുന്നവരാണോയെന്ന ചോദ്യം ചിലര്‍ ഉന്നയിക്കാറുണ്ട്. നിരോധിക്കപ്പെട്ട പുസ്തകം സമൂഹത്തിലാണോ അധികാരത്തിലിരിക്കുന്ന വ്യക്തികള്‍ക്കും കക്ഷികള്‍ക്കുമാണോ ദോഷമായി മാറിയതെന്ന ആക്ഷേപഹാസ്യമാണ് അവര്‍ പൊതിഞ്ഞുവയ്ക്കുന്നത്.

അമേരിക്കയിലെ ലൈബ്രറികളില്‍ ചില കാലങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന പുസ്തകങ്ങള്‍ തിരികെ ആനയിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ജനകീയാഭിപ്രായവും നിയമപരമായ ഇടപെടലുകളും ഭരണപരമായ പുനരാലോചനകളുമാണ് ഇതിനു വഴിയൊരുക്കാറ്.

അമേരിക്കയില്‍ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ നിരോധിക്കപ്പെട്ടതിന് അവാര്‍ഡ് നേടിയ പുസ്തകമാണ് Maia Kobabe യുടെ ഓര്‍മ്മക്കുറിപ്പുകളായ Gender Queer : A Memoir.

ട്രാന്‍സ്‌ജെന്‍ഡര്‍ അനുഭവങ്ങളുടെ എഴുത്തും ഇല്ലസ്‌ട്രേഷനുകളും അടങ്ങിയ ഈ പുസ്തകം 2020 ൽ അലക്‌സ് അവാര്‍ഡ് നേടിയശേഷം മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍ ലൈബ്രറികളില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്.

"ഒരു കൃതി നിരോധിക്കണമെന്ന് അധികാരികൾ തീരുമാനിച്ചാൽ കാരണങ്ങൾ കണ്ടെത്താൻ ഒരു പ്രയാസവുമില്ല. ധാർമ്മികതയോ രാജ്യസുരക്ഷയോ അവർക്ക് ആയുധമാക്കാം."

പുസ്തകം സ്‌കൂള്‍ കുട്ടികള്‍ ധാരാളമായി വായിക്കുന്നത് ചിലരെ അസ്വസ്ഥരാക്കി. അതിരുവിട്ട രീതിയില്‍ സെക്‌സ് ചിത്രീകരിച്ചതാണ് അവരുടെ എതിര്‍പ്പിന് കാരണമായത്. ജീവനുള്ള വരകളുടെ ദുര്യോഗം. തുടര്‍ന്നു പല സ്‌കൂളുകളിലും ഈ പുസ്തകത്തിനു പ്രവേശനം നിഷേധിക്കപ്പെട്ടു.

അമേരിക്കന്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റില്‍ Ulysses നു സ്ഥാനമുണ്ടെന്നത് രസകരമായ കാര്യമാണ്. പ്രമുഖ എഴുത്തുകാരിയായ ടോണി മോറിസന്റെ ആദ്യ രചനയായ The Bluest Eye ഇത്തരത്തില്‍ നിരോധനം അഭിമുഖീകരിച്ച കൃതിയാണ്. വംശീയത, അഗമ്യഗമനം, ശൈശവപീഡനം തുടങ്ങിയവയുടെ വിവരണങ്ങളാണ് നിരോധനത്തിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഒരു കൃതി നിരോധിക്കണമെന്ന് അധികാരികള്‍ തീരുമാനിച്ചാല്‍ കാരണങ്ങള്‍ കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല.

പാപ്പായുടെ മാറ്റം എഐ അറിഞ്ഞിട്ടില്ലെന്നു പാപ്പാ!

മനുഷ്യാന്തസ്സ് സംരക്ഷിക്കണമെന്നു സ്പാനിഷ് പാര്‍ലിമെന്റിനോടു മാര്‍പാപ്പ

മധ്യപൂര്‍വദേശത്തിനു പ്രാര്‍ഥനയും പിന്തുണയും അഭ്യർത്ഥിച്ച് കല്‍ദായ പാത്രിയര്‍ക്കീസ്

കത്തോലിക്കാസഭയുടെ പിന്തുണയോടെ ഫിലിപ്പൈന്‍സില്‍ വസ്തുതാന്വേഷണസമതി

ഗലാത്തിയ - Chap.2 [1of3]