കാലവും കണ്ണാടിയും

ദുരന്തകാലത്തെ അകപ്പകര്‍ച്ചകള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

കൊറോണ വൈറസ് ലോകത്തെയാകെ ചുരുട്ടിക്കൂട്ടി പൂട്ടിയിട്ടു. പരുക്കേറ്റ ഒരു ഗോളംപോലെയായി ലോകം. സകല വ്യാപാരങ്ങളും അനിശ്ചിതമായി അടഞ്ഞു. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പല ദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. മരണഭീതി നമ്മുടെ സാമൂഹികക്രമത്തിലും ജീവിതരീതിയിലും മാറ്റങ്ങള്‍ കെട്ടിയേല്‍പ്പിച്ചു. ആഗോള തലത്തില്‍ മരണസംഖ്യ ആയിരങ്ങളില്‍നിന്ന് ലക്ഷങ്ങളിലേക്ക് കടന്നു. എന്നാല്‍ പ്രായേണ ഭാഗ്യവാന്മാരായ നമ്മള്‍ സുരക്ഷിതഭവനങ്ങളില്‍ കേരളത്തില്‍ കഴിഞ്ഞു. ഇതിനിടയില്‍ മനുഷ്യരാശി നേരിടുന്ന ഞെരുക്കവും ദാരിദ്ര്യവും മരണഭീതിയും നിസ്സഹായതയും വാര്‍ത്താമാധ്യമങ്ങളിലൂടെ നാം അറിയുന്നുണ്ട്. ഏതാണ്ട് രണ്ട് മാസത്തെ ഈ അസാധാരണമായ സാഹചര്യം നമ്മെ ഏതെല്ലാം തരത്തിലാണ് ഭാവാത്മകമായി സ്പര്‍ശിച്ചത്?

ഈ അവസ്ഥയില്‍നിന്ന് പല തരത്തില്‍ ആന്തരിക ഊര്‍ജ്ജം ഉള്‍ക്കൊണ്ടവരുണ്ട്. എന്നാല്‍ ഈ മഹാമാരി ലോകക്രമത്തെയും സാമൂഹികജീവിതത്തെയും അട്ടിമറിച്ചിട്ടും അതൊന്നും അവനവനെ ഒട്ടുംപോലും തൊടാന്‍ അനുവദിക്കാതെ വിടുന്നവരുമുണ്ട്. സ്വന്തം ഭക്ഷണം, പത്രംവായന, വിശ്രമം, ഫോണ്‍ വിളികള്‍, ടിവി കാണല്‍, ഉറക്കം എന്നിവയ്ക്കപ്പുറം ഒരുതരത്തിലും പോകാത്തവരുമുണ്ട്. കൊറോണയുടെ ആഗോളവ്യാപനം നമ്മുടെ ആത്മാവിനെയോ മനസ്സിനെയോ ചിന്താഗതിയെയോ ഒട്ടും സ്പര്‍ശിക്കുന്നില്ലെങ്കില്‍, നമ്മെ തൊടാന്‍ ഇനി തലക്കു മുകളില്‍ ബോംബ് പൊട്ടണോ?

നേരാണ്, പുറമേ കൊറോണ തൊടാത്ത ജീവിതങ്ങളില്ല. പച്ചമീനില്‍നിന്ന് ചക്കക്കുരുവിലേക്കും ടെലവിഷന്‍ കാഴ്ചകള്‍ മടുത്ത് ബാലരമയിലേക്കുമുള്ള മാറ്റങ്ങളുണ്ട്. ഊരുചുറ്റി നടന്നവര്‍ അച്ചടക്കത്തില്‍ അകത്തിരിക്കുന്ന മാറ്റവും സംഭവിക്കുന്നുണ്ട്. ഇവയ്ക്കപ്പുറത്ത്, ദൈവത്തെക്കുറിച്ച്, മറ്റുള്ളവരെക്കുറിച്ച്, നമ്മെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച്, നമ്മുടെ ബോധ്യങ്ങളില്‍ എന്തെങ്കിലും ഭാവാത്മകമാറ്റങ്ങള്‍ ഉണ്ടായോ എന്നതാണ് പ്രധാനം.

പൊതുവായ ദൈവാരാധന അസാധ്യമായ കാലമാണിത്. ബലിയര്‍പ്പണത്തിനു പകരം കുര്‍ബാന കാണാനുള്ള അവസരമേ നിലവിലുള്ളൂ. എന്നാല്‍ ദൈവവചനത്തിലുള്ള ദൈവസാന്നിധ്യം ഒരു കുറവും കൂടാതെ നമ്മുടെ ഇടയിലുണ്ട്. ദൈവവചനത്തിലേക്കും അതിന്‍റെ ആഴത്തിലേക്കും അതിലെ ദൈവികശക്തിയിലേക്കും കണ്ണും ഹൃദയവും തുറക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ദൈവവചനപ്രഘോഷണങ്ങള്‍ നടക്കാത്ത സമയമാണിത്. പക്ഷേ, ഒന്നിച്ചുള്ള വചനവായനയും അതെക്കുറിച്ചുള്ള വിചിന്തനവും കുടുംബങ്ങളില്‍ വചനം മാംസം ധരിക്കാന്‍ ഇടയാക്കും.

പതിവില്ലാത്തവിധം എല്ലാവരും കൂടുതല്‍ സമയം വീട്ടിലിരിക്കുന്ന കാലമാണ്. വീടുകളിലെ അംഗങ്ങളുടെ അധിക സാന്നിധ്യം എന്ത് മാറ്റം ഉണ്ടാക്കിയിരിക്കുന്നു എന്ന് പരിഗണിക്കേണ്ട സമയമാണ്. ജോലിത്തിരക്കുമൂലം ഇടയ്ക്കു മാത്രം കണ്ടുമുട്ടിയിരുന്നവര്‍ ഒന്നിച്ചുവരുമ്പോള്‍ അത് കുടുംബത്തിന്‍റെ ലയം വര്‍ദ്ധിപ്പിക്കുന്നതിനുപകരം, പൊട്ടലും ചീറ്റലുമാണ് ഉണ്ടാക്കുന്നതെങ്കില്‍, ബന്ധങ്ങളില്‍ ചില കാര്യങ്ങള്‍ അഴിച്ചു പണിയാനുണ്ട് എന്നര്‍ത്ഥം. ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് അഖിലേന്ത്യാ റിപ്പോര്‍ട്ടുകള്‍.

അനേകംപേരുടെ ജീവിതത്തിനു കൊറോണ പൊടുന്നനെ അന്ത്യം കുറിച്ചു. ജീവിതത്തിന്‍റെ ക്ഷണികത നമ്മെ കൂടുതല്‍ പുണ്യപ്പെട്ടവരാകാന്‍ നിര്‍ബന്ധിക്കുന്നില്ലെങ്കില്‍, ഉന്നതങ്ങളില്‍നിന്നുള്ള മറ്റെന്ത് അടയാളമാണ് നാം കാത്തിരിക്കുന്നത്? ഇക്കാലത്ത് നമ്മുടെ കണ്‍മുമ്പില്‍ത്തന്നെ നിസ്വാര്‍ഥമായ സേവനം ചെയ്യുന്നവരുടെ ജീവിതം നമ്മെ ഒന്നും പഠിപ്പിക്കുന്നില്ലെങ്കില്‍ എന്തുമാത്രം സ്വാര്‍ത്ഥരാണ് നാം? ഇത്രയുംകാലം നാം തേടിയതിലും നേടിയതിലും പലതും അനാവശ്യങ്ങളായിരുന്നു എന്ന ബോധ്യം പകരുന്നതാണ് ഈ മഹാമാരിക്കാലം. വറുതിക്കാലത്തിന്‍റെ വക്കിലെത്തിയിട്ടും ഒരു പയറുവിത്തുപോലും നട്ടു മുളപ്പിക്കാന്‍ തോന്നുന്നില്ലെങ്കില്‍ മണ്ണിലേക്കൊരു ശക്തമായ മാനസാന്തരം ആവശ്യമുണ്ടെന്നാണര്‍ത്ഥം.

ചിലരെ യാതൊരു ദുരന്തവും ഒരു തരത്തിലും സ്പര്‍ശിക്കുന്നില്ലെങ്കില്‍, അതിനു പലതരം കാരണങ്ങള്‍ ഉണ്ടാകാം. ഒരുപക്ഷേ, ആത്മീയമായ തുറവി ഇനിയും ആവശ്യമുള്ളവരാകാം അത്തരക്കാര്‍. അല്ലെങ്കില്‍ പല കാലങ്ങളിലായി പല വിധേന വൈകാരികമായി മുറിവേറ്റ് ഉള്ളം മരവിച്ച് പോയവരാകാം. അതുമല്ലെങ്കില്‍ സ്വന്തം കാര്യം സിന്താബാദ് എന്ന മുദ്രാവാക്യം കെട്ടിവരിഞ്ഞിട്ടിരിക്കുന്നവരാകാം അവര്‍. കാരണങ്ങള്‍ എന്തുതന്നെയായാലും, മനസ്സുവച്ചാല്‍ പരിഹരിക്കാവുന്നവേയുള്ളൂ അവയെല്ലാംതന്നെ. കാലത്തിന്‍റെ അടയാളങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയാത്തവര്‍ എന്ന ഈശോയുടെ കുറ്റപ്പെടുത്തല്‍ (മത്താ. 16:3) നമുക്ക് നേരെ വരാം. ഒരു ലോകദുരന്തത്തിനുപോലും നമ്മെ ഒരു തരത്തിലും തൊടാന്‍ പറ്റുന്നില്ലെങ്കില്‍, നാം കോറോണയെക്കാള്‍ വലിയ ദുരന്തമല്ലേ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം