ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ക്രിസ്തുവിന്റെ  സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ
Published on

വൈദികരെ ക്രിസ്തു തന്റെ സുഹൃത്തുക്കളാക്കി യിരിക്കുന്നതിനാല്‍ സന്തോഷമുള്ള പുരോഹിതരായിരിക്കാന്‍ എല്ലാ വൈദികര്‍ക്കും സാധിക്കണമെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. വൈദികരുടെ സാഹോദര്യത്തിന്റെ പങ്കുവയ്ക്കല്‍ അനുഭവം സഭയില്‍ സര്‍ഗാത്മകതയും ഉത്തരവാദിത്വവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകുമെന്നും മാര്‍പാപ്പ പറഞ്ഞു.

ജൂബിലി വര്‍ഷത്തില്‍ വൈദികരുടെ ജൂബിലിയോടനുബന്ധിച്ച് വത്തിക്കാന്‍ വൈദിക കാര്യാലയം സംഘടിപ്പിച്ച അന്താരാഷ്ട്ര വൈദിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. 'സന്തോഷമുള്ള വൈദികര്‍ - നിങ്ങളെ ഞാന്‍ സുഹൃത്തുക്കളെന്ന് വിളിച്ചിരിക്കുന്നു' എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.

പുരോഹിതന്‍ കര്‍ത്താവിന്റെ സുഹൃത്താണെന്നും പൗരോഹിത്യജീവിതം കര്‍ത്താവിനോടൊപ്പം വ്യക്തിപരവും വിശ്വസനീയവുമായ ഒരു ബന്ധം ജീവിക്കാനുള്ള വിളിയാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

വചനവായനയും കൂദാശാപരികര്‍മ്മങ്ങളും പ്രാര്‍ഥനാജീവിതവുമാണ് ഈ ബന്ധം പരിപോഷിപ്പിക്കുന്നത്. ക്രിസ്തുവുമായുള്ള സൗഹൃദമാണ് വൈദികശുശ്രൂഷയുടെ ആത്മീയ അടിത്തറയും ബ്രഹ്മചര്യത്തിന്റെ അര്‍ഥവും സഭാസേവനത്തിന്റെ ഊര്‍ജവും.

ക്രിസ്തുവിന്റെ സുഹൃത്തുക്കളാവുക എന്നാല്‍ കഴിവുകളില്‍ മാത്രമല്ല ബന്ധങ്ങളിലും വളരേണ്ടതുണ്ട്. ഇത് സാധ്യമാകുന്നതിന് ആഴത്തിലുള്ള ശ്രവണവും ധ്യാനവും ചിട്ടയായ ആന്തരിക ജീവിതവും ആവശ്യമാണ്.

സാഹോദര്യം പൗരോഹിത്യ ജീവിതത്തിന്റെ ഒരു പ്രധാന ശൈലിയാണ.് വൈദികര്‍ക്കിടയിലും മെത്രാന്മാരുമായും സാഹോദര്യം രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇതാണ് ഒരു സിനഡല്‍ സഭയുടെ ആവിഷ്‌കാരം - മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org