ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി
Published on

സിറിയയുടെ തലസ്ഥാന മായ ദമാസ്‌കസിലെ സെന്റ് ഏലിയാസ് പള്ളിയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ചാവേര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 ക്രൈസ്തവരില്‍ ഭൂരിപക്ഷത്തിന്റെയും മൃതദേഹങ്ങള്‍ ഹോളിക്രോസ് പള്ളിയില്‍ സംസ്‌കരിച്ചു. കര്‍മ്മങ്ങള്‍ക്ക് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ജോണ്‍ പത്താമന്‍ യസിജിയും ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്ക പാത്രിയര്‍ക്കീസ് യൂസഫ് അബ്‌സിയും സിറിയന്‍ കത്തോലിക്ക പാത്രിയര്‍ക്കീസ് ഇഗ്‌നാത്യൂസ് യൂസഫ് മൂന്നാമന്‍ യൗനാനും ചേര്‍ന്ന് നേതൃത്വം നല്‍കി. അനേകം മെത്രാന്മാരും വൈദികരും വിവിധ സഭകളില്‍ നിന്നുള്ള വിശ്വാസികളുടെ വലിയ സമൂഹവും കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

1860 നു ശേഷം ദമാസ്‌കസില്‍ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ക്രൂരകൃത്യമാണ് ഇപ്പോഴത്തെ ബോംബാക്രമണ മെന്ന് പാത്രിയര്‍ക്കീസ് പറഞ്ഞു. തീവ്രവാദികള്‍ ചാവേറാക്രമണം നടത്തി ഇത്രയധികം വിശ്വാസികളെ കൊന്ന സ്ഥലത്തേക്ക് ഭരണകൂടത്തിന്റെ പ്രതിനിധികള്‍ ആരും എത്തിച്ചേര്‍ന്നില്ല എന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രിസ്ത്യാനി കൂടിയായ മന്ത്രി ഹിന്ദ് കബാവത് മാത്രമാണ് സ്ഥലം സന്ദര്‍ശിച്ചത്.

സംസ്‌കാരത്തിനുമുമ്പ് മൃതദേഹപേടകങ്ങള്‍ ബോംബാക്രമണം നടന്ന സെന്റ് ഏലിയാസ് പള്ളിയിലേക്ക് കൊണ്ടുപോവുകയും അവിടെ പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ മാര്‍പാപ്പ ഗാഢമായ ദുഃഖം പ്രകടിപ്പിച്ചിരുന്നു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബാംഗങ്ങളോടു ചേര്‍ന്ന് നില്‍ക്കുന്നതായും അദ്ദേഹം അന്ന് പ്രസ്താവിച്ചിരുന്നു.

മൃതസംസ്‌കാരം നടന്ന പ്രദേശത്ത് ക്രൈസ്തവരായ ആളുകള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തി. ക്രൈസ്തവര്‍ താമസിക്കുന്ന നിരവധി പ്രദേശങ്ങളില്‍ ജാഗരണ പ്രാര്‍ഥനകളും പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. ഇത്രയധികം പേര്‍ കൊല്ലപ്പെട്ട

ഒരു സംഭവമായിരുന്നിട്ടും ദേശീയ ദുഃഖം പ്രഖ്യാപിക്കുകയോ ദേശീയ പതാക താഴ്ത്തി കെട്ടുകയോ ഔദ്യോഗിക പത്രക്കുറിപ്പുകളില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി വിശേഷിപ്പിക്കുകയോ ചെയ്യാതിരുന്നതില്‍ ക്രൈസ്തവര്‍ നിരാശ പ്രകടിപ്പിച്ചു. ഇത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അനീതിയും ക്രൈസ്തവ രക്തസാക്ഷികളോടുള്ള അനാദരവുമാണെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

സൗഖ്യത്തിന്റെയും സമാശ്വാസത്തിന്റെയും വാക്കുകള്‍ രാജ്യത്തിന്റെ പ്രസിഡണ്ടില്‍ നിന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അത് ലഭിച്ചില്ലെന്നും ആലപ്പോ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് അതിരൂപതാധ്യക്ഷന്‍ എഫ്രേം മലൗലി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org