കാലവും കണ്ണാടിയും

എന്താടോ നന്നാവാത്തേ…?

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

എന്താടോ താനിനിയും നന്നാവാത്തേ എന്ന് മറ്റുള്ളവരുടെ മുഖത്തുനോക്കി നമ്മള്‍ ചിലപ്പോള്‍ ചോദിച്ചിട്ടുണ്ടാകും. ഇതേ ചോദ്യം മറ്റുള്ളവര്‍ നമ്മോടും ചോദിച്ചിട്ടുണ്ടാകും. സമാനമായ ചോദ്യങ്ങള്‍ മനസ്സില്‍നിന്ന് പുറത്തുചാടാതെ നാം വകഞ്ഞുപിടിച്ചിട്ടുണ്ടാകും, ഇത്രയായിട്ടും ഇയാളൊന്നും പഠിക്കുന്നുമില്ല; നന്നാകുന്നുമില്ല… തീക്ഷ്ണമായ അനുഭവങ്ങള്‍, നല്ലതോ ചീത്തയോ ആവട്ടെ, മനുഷ്യരെ സ്പര്‍ശിക്കുമെന്നും അവര്‍ കൂടുതല്‍ മെച്ചപ്പെട്ടവരായി മാറുമെന്നും നാം വിചാരിച്ചുപോകുന്നു. പ്രത്യേകിച്ച്, മറ്റുള്ളവര്‍ കൂടുതല്‍ നന്നാകണം എന്നാഗ്രഹിക്കുകയും പരസ്യമായി പറയുകയും ചെയ്യുന്ന മാതാപിതാക്കള്‍, അദ്ധ്യാപകര്‍, വൈദികര്‍ തുടങ്ങി എല്ലാ മനുഷ്യസ്നേഹികളും പൊതുവേ ഇങ്ങനെ കരുതാറുണ്ട്. എന്നാല്‍ അനുഭവങ്ങള്‍ അവ എത്ര ചടുലങ്ങളാണെങ്കിലും മനുഷ്യരെ മെച്ചപ്പെട്ട വ്യക്തികളാക്കണമെന്നില്ല.

നമ്മുടെയോ മറ്റുള്ളവരുടെയോ ജീവിതത്തില്‍ ദൈവം ചെയ്യുന്ന അദ്ഭുതങ്ങള്‍ ഏറ്റവും നല്ല അനുഭവങ്ങളില്‍പ്പെടുന്നു. അതായത്, അതിശയകരമായ രീതിയിലും മനുഷ്യരുടെ സാധാരണ പ്രതീക്ഷകള്‍ക്ക് അതീതമായും ദൈവം നന്മ ചൊരിയുന്ന സംഭങ്ങളാണ് അവ. അദ്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരും അവയുടെ ഫലം നേരിട്ട് അനുഭവിക്കുന്നവരും കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരായി മാറുമോ? ഒട്ടും നിര്‍ബന്ധമില്ല. അതിനു ചരിത്രമാണ് തെളിവും സാക്ഷിയും.

ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ദൈവം ചെയ്ത അദ്ഭുതങ്ങള്‍ക്ക് കണക്കില്ല. ഈജിപ്തില്‍നിന്ന് വിടുവിക്കാന്‍ വേണ്ടിയും അതുകഴിഞ്ഞ് മരുയാത്രയിലും പിന്നീട് കാനാന്‍ദേശത്തും ദൈവം അനുദിനം അവര്‍ക്കുവേണ്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ചെങ്കടല്‍ പകുത്ത് അവര്‍ക്കുവേണ്ടി വഴിയൊരുക്കിയതും കരിമ്പാറയില്‍നിന്ന് കുടിനീരൊഴുക്കിയതും ആകാശത്തുനിന്ന് മന്നായും കാടപ്പക്ഷയും പൊഴിച്ചതും അവയില്‍ ചിലതുമാത്രം. എന്നിട്ടും അവര്‍ ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനെ ധിക്കരിച്ച് പാപം ചെയ്തു. "കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു: ഈ ജനം എത്രത്തോളം എന്നെ പ്രകോപിപ്പിക്കും? അവരുടെ മധ്യേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള അടയാളങ്ങള്‍ കണ്ടിട്ടും എത്രനാള്‍ എന്നെ അവര്‍ വിശ്വസിക്കാതിരിക്കും?" (സംഖ്യ 14:11).

ഈശോ പ്രവര്‍ത്തിച്ച മഹാദ്ഭുതങ്ങള്‍ കണ്ടിട്ട് കുറച്ചുപേര്‍ അവനില്‍ വിശ്വസിച്ചു. കുറേപ്പേര്‍ അവനെതിരെ പിറുപിറുത്തു. പക്ഷേ, അധികംപേരും അനുതപിക്കുകയോ തങ്ങളുടെ വളഞ്ഞ വഴികള്‍ നേരെയാക്കുകയോ ചെയ്തില്ല. അതുകൊണ്ട് ഈശോയ്ക്ക് പറയേണ്ടിവന്നു: "കൊറാസിന്‍ നിങ്ങള്‍ക്ക് ദുരിതം! ബേത്സയിദാ നിങ്ങള്‍ക്ക് ദുരിതം! നിങ്ങളില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവിടുത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരംപൂശിയും പണ്ടേതന്നെ പശ്ചാത്തപിക്കുമായിരുന്നു" (ലൂക്കാ 10:13). ഇക്കാലത്തെ സഭയിലും അദ്ഭുതങ്ങള്‍ക്ക് പഞ്ഞമില്ല. കര്‍ത്താവ് അനേകരുടെ ജീവിതത്തില്‍ അതിശയകരമായി ഇടപെടുന്നുണ്ട്. എന്നാല്‍ അത് വിശ്വാസവും അനുതാപവും ജീവിതനവീകരണവുമായി മാറുന്നില്ല എന്നത് സത്യമാണ്.

നമ്മെ തൊടാന്‍ പ്രാപ്തിയുള്ള അനുഭങ്ങളുടെ മറ്റൊരു രൂപമാണ് തിരിച്ചടികള്‍, ദുരന്തങ്ങള്‍, തോല്‍വികള്‍ മുതലായവ. ഇസ്രായേലിന് അനവധി ദുരന്താനുഭവങ്ങള്‍ ഉണ്ടായി; ഈജിപ്തില്‍വച്ചും പിന്നീടും. സഭയുടെ ചരിത്രത്തില്‍ പലതരം പ്രതിസന്ധികളും തിരിച്ചടികളും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്. അവ താത്ക്കാലികമായി മനുഷ്യരെ ദൈവത്തിലേക്കെത്തിച്ചിട്ടുമുണ്ട്. എന്നാല്‍ ദുരന്തങ്ങള്‍ മാനസാന്തരപ്പെടുത്തിയവരുടെ എണ്ണം ഒരുപാടില്ല. 2018-ലെ വെള്ളപ്പൊക്കത്തില്‍പ്പെട്ട് അതിന്‍റെ ഭീകരതയ്ക്ക് ഇരയായവരെല്ലാം മാനസാന്തരപ്പെട്ട് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തികളായി മാറിയിട്ടുണ്ടാകണം എന്ന് നാമാരും ശഠിക്കുന്നില്ലല്ലോ. ഇളംപ്രായത്തില്‍ കൂട്ടുകാരന്‍റെ പെട്ടെന്നുള്ള മരണത്തില്‍ ഉലഞ്ഞുപോയവര്‍ ജീവിതത്തിന്‍റെ നൈമിഷികതയോര്‍ത്ത് പെട്ടെന്ന് നന്നാകാന്‍ തീരുമാനിക്കുന്നത് അധികം കാണാറില്ലല്ലോ.

നല്ലതോ മോശമോ ആയ തീവ്രാനുഭവങ്ങള്‍ക്ക് നമ്മെ മാറ്റാന്‍ കഴിവില്ലെങ്കില്‍ പിന്നെ എന്താണ് നമ്മെ തൊടാന്‍ പോകുന്നത്? ഒരുത്തരമിതാണ്: ജ്ഞാനവും പരിശുദ്ധാത്മാവും! "അങ്ങ് ജ്ഞാനത്തെയും പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്ന് നല്കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും?" (ജ്ഞാനം 9:17). ദൈവത്തിന്‍റെ ഹിതം അറിയുക എന്നാല്‍ മനസ്സിലാക്കുക എന്നു മാത്രമല്ല അര്‍ഥം; മറിച്ച് ദൈവഹിതം അനുസരിക്കാനുള്ള പ്രേരണയോടെ ഉള്‍ക്കൊള്ളുക എന്നാണ്. അറിഞ്ഞാല്‍ അനുവര്‍ത്തിച്ചിരിക്കും എന്ന മട്ടിലുള്ള ജ്ഞാനം. ഇതാണ് മനുഷ്യരെ മാനസാന്തരപ്പെടുത്തുന്നത്. അത്തരത്തിലുള്ള ജ്ഞാനവും പരിശുദ്ധാത്മാവും നമ്മിലേക്കെത്തുന്ന പ്രാഥമികവും നിര്‍ണ്ണായകവുമായ മാര്‍ഗമാണ് ദൈവവചനം. "അഗ്നിയും കൂടവുമായ" (ജെറ. 23:29-30) ദൈവവചനം സ്വീകരിക്കുന്ന വിശ്വാസസമൂഹത്തില്‍ വ്യക്തികള്‍ക്ക് തീപിടിക്കും; അഹത്തിന്‍റെ കോട്ടകള്‍ തകരും. വിശുദ്ധ ആഗസ്തീനോസിനെ മാനസാന്തരപ്പെടുത്തിയ വചനവായനയിലേക്ക് അദ്ദേഹത്തെ എത്തിച്ച വചനം അദ്ദേഹത്തിന്‍റെയുള്ളില്‍ കേട്ട "എടുത്ത് വായിക്കുക" (Tolle Lege) എന്ന സ്വരമായിരുന്നു. ഇത് മറ്റുള്ളവരോട് പറയാനാണ് ഇന്ന് മാതാപിതാക്കളും അധ്യാപകരും വൈദികരും മുതിര്‍ന്നവരും സുഹൃത്തുക്കളും ഉണ്ടാകേണ്ടത്. ദൈവവചനത്തിന്‍റെ എല്ലാ ഉറവിടങ്ങളും വായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവര്‍ക്ക് എന്താടോ നീയിനിയും നന്നാവാത്തത് എന്ന് അധികം ചോദിക്കേണ്ടിവരികയില്ല.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം