കാലവും കണ്ണാടിയും

ആവര്‍ത്തിക്കപ്പെടുന്ന കുരിശിന്‍റെ വഴികള്‍

Sathyadeepam

ഫാ. അജോ രാമച്ചനാട്ട്

വലിയ നോമ്പ് കഴിഞ്ഞ് കുരിശിന്‍റെ വഴിയുടെ പുസ്തകമൊക്കെ അലമാരിയില്‍ വച്ച് പൂട്ടി. ഇനി അടുത്ത നോമ്പു കാലം വരെ അതിനു വിശ്രമമാണ്. ലോക് ഡൗണ്‍ കാലമായിരുന്നതു കൊണ്ട്, സമയമുണ്ടായിരുന്നതു കൊണ്ട് കുരിശിന്‍റെ വഴികളിലായിരുന്നു, മനസ് ഏറെക്കുറെ.

പുസ്തകം അലമാരയില്‍ വച്ച് പൂട്ടിയിട്ടും മനസ് എങ്ങോട്ടൊക്കെയോ പായുന്നു. എന്താണെന്നോ? ലോകചരിത്രത്തില്‍, ആ പതിന്നാലു സ്ഥലങ്ങളും പല കാലത്തും പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട് – ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍.

മരണത്തിനു വിധിക്കപ്പെട്ട ക്രിസ്തുവിനെപ്പോലെ നിരപരാധികള്‍ എത്രയോ തവണ മരണത്തിലേക്ക് തള്ളിവിടപ്പെടുന്നുണ്ട്? മലയാളികള്‍ കൈയാമം വച്ച മധുവിനെ ഓര്‍മവരുന്നു. ഔഷ്വിറ്റ്സിലെ തടങ്കല്‍ പാളയങ്ങളും ഗ്യാസ് ചേമ്പറുകളും ഓര്‍മ വരുന്നു. ജാലിയന്‍ വാലാബാഗ് എന്ന പൂന്തോട്ടമോര്‍മ്മ വരുന്നു.

ക്രിസ്തുവിനെപ്പോലെ അര്‍ഹമല്ലാത്ത കുരിശ് ചുമക്കേണ്ടി വരുന്ന എത്രയോ ഹതഭാഗ്യര്‍ ഈ ഭൂമിയിലുണ്ട്. മദ്യപാനിയായ ഭര്‍ത്താവ് ഒരു സാധുസ്ത്രീക്ക് കുരിശല്ലാതെ മറ്റെന്താണ്? ജീവിതം തന്നെ കുരിശായി മാറിയവര്‍. കുരിശോടുകൂടെ വീണു പോകുന്ന മനുഷ്യരും കുടുംബങ്ങളും.

ബാല്യം മുതല്‍ മരണക്കിടക്ക വരെ ജീവിതവഴിയില്‍ തളര്‍ന്നു വീഴുന്നവര്‍.

പ്രളയകാലത്ത് നമ്മളൊക്കെ ശിമയോന്‍റെ റോളിലായിരുന്നു. ഇപ്പോള്‍ ഈ കൊറോണക്കാലത്തും ശിമയോനെപ്പോലെ മറ്റൊരുവന്‍റെ കുരിശ് ചുമക്കാന്‍ കൂടിയവര്‍.

അതു ദാരിദ്ര്യമോ, പട്ടിണിയോ, പണി തീരാത്ത വീടോ എന്തുമാകട്ടെ, അഞ്ചാം സ്ഥലങ്ങള്‍ നന്മയുടെ സുഗന്ധം വിതറുകയാണ്.

നമ്മുടെ കന്യാസ്ത്രീയമ്മമാരെ നോക്കൂ, വെറോനിക്കായുടെ ഹൃദയംകൊണ്ടു നടക്കുന്നവരാണ്..

മദര്‍ തെരേസയാവും ആദ്യം മനസില്‍ വരുന്ന ഉദാഹരണം. പേര് കേള്‍പ്പിച്ചില്ലെങ്കിലും എത്രയോ സന്യാസിനികള്‍. രോഗികള്‍ക്കും അനാഥര്‍ക്കും അമ്മത്തം വിളമ്പുന്നവര്‍.

എന്‍റെ/നിന്‍റെ സങ്കടങ്ങളില്‍ അമ്മയെപ്പോലെ തണലാകുന്നവര്‍.. കണ്ണീര്‍ പാടങ്ങളില്‍ കൂട്ടിരുന്നു മുഖമൊപ്പുന്നവര്‍.

ജീവിത പ്രാരാബ്ധങ്ങളുടെ ചാട്ടവാറടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല പലര്‍ക്കും.

കുത്തുവാക്കുകളുടെ, അപഖ്യാതിയുടെ, ദുരാരോപണങ്ങളുടെ ഇരുമ്പാണികള്‍ കൊണ്ടു മുറിയാത്ത ആരാണുള്ളത്?

പത്താം സ്ഥലം ആര്‍ക്കൊക്കെയോ വേണ്ടി നഗ്നരാക്കപ്പെടുന്ന വരെ ഓര്‍മിപ്പിക്കുന്നുണ്ട്. കൈക്കുഞ്ഞു മുതല്‍ വയോധികവരെ മനുഷ്യപ്പിശാചുക്കളുടെ കാമം തീര്‍ക്കാന്‍ വസ്ത്രമുരിയേണ്ടിവരുന്ന അഴുക്കുപിടിച്ച കാലം. മക്കളെയോര്‍ത്ത് നെഞ്ചു തകരുന്ന അമ്മമാരെ മറിയത്തിന്‍റെ നിലവിളി ഓര്‍മപ്പെടുത്തുന്നുണ്ട്. മാറാരോഗികള്‍ക്കു വര്‍ഷങ്ങളോളം കൂട്ടാകേണ്ടി വരുന്ന മനുഷ്യരുടെ ക്ലേശങ്ങളെപ്പറ്റി ആരോര്‍ക്കുന്നു! പ്രിയപ്പെട്ടവരുടെ മരണം കണ്ടുനില്‍ക്കേണ്ടി വരുന്നവര്‍. ആരുടെയോക്കെയോ മരണം മൂലം അനാഥരാക്കപ്പെട്ടവര്‍.

ഓര്‍ത്തുനോക്കൂ, കുരിശിന്‍റെ വഴികള്‍ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. നമ്മുടെ തന്നെ വ്യക്തി ജീവിതമാകട്ടെ, കുടുംബ പശ്ചാത്തലമാകട്ടെ, ചുറ്റുപാടുകളാകട്ടെ, ഒന്നു മുതല്‍ പതിനാലു വരെയുള്ള ഇടങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. ഇത്രയുമൊക്കെ കണ്ണീരും, പീഡനവും, ദുര്‍മരണങ്ങളും ഇരുള്‍ പരത്തിയിട്ടും പിന്നെ എന്തുകൊണ്ടാണ് മനുഷ്യര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്? ഈസ്റ്റര്‍ – അവന്‍റെ ഉത്ഥാനം – എന്ന പതിനഞ്ചാം സ്ഥലം തന്നെ കാരണം.

എന്‍റെ സുഹൃത്തേ, കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങളും അര്‍ത്ഥം കണ്ടെത്തുന്നത് ഉയിര്‍പ്പ് എന്ന 15-ാം സ്ഥലത്തോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ മാത്രമാണ്. കല്ലറയില്‍ നിന്നുയിര്‍ക്കുന്ന ക്രിസ്തുവിനെ മാറ്റിനിര്‍ത്തിയാല്‍ ചരിത്രത്തിലെ എണ്ണം പറഞ്ഞ Tragedy കളില്‍ ഒന്നായി യേശുവെന്ന നിരപരാധിയുടെ മരണം മാറിയേനെ!

ഈ 15-ാം സ്ഥലം, അവന്‍റെ ഉത്ഥാനം ഓര്‍മപ്പെടുത്തുന്നത് ദുഃഖ വെള്ളിയില്‍ ഒരു കഥയും അവസാനിക്കുന്നില്ലെന്നുതന്നെ!

രോഗവും മരണവും ദാരിദ്ര്യവും പ്രളയവും കൊറോണയും. ഒന്നും കഥയുടെ ലാസ്റ്റ് ഫ്രെയിമല്ല ചങ്ങാതീ. കാത്തിരിക്കാമോ നിനക്ക്? ഒരു ഈസ്റ്റര്‍ പുലരി വരാനുണ്ട്.

മരണത്തെ തോല്‍പിച്ചവന്‍റെ കൊടിക്കൂറ ഉയരുന്ന ആ പതിനഞ്ചാം സ്ഥലം എത്തുന്നതുവരെ കാത്തിരിക്കാനായാല്‍ ജീവിതം ആനന്ദകരമായി… വിശ്വാസജീവിതത്തിന് അര്‍ത്ഥമായി…

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്

ബുര്‍ക്കിനോഫാസോയില്‍ മതബോധകന്‍ കൊല്ലപ്പെട്ടു