കാഴ്ചപ്പാടുകള്‍

മദ്യലോബിക്കു കീഴടങ്ങി സര്‍ക്കാര്‍

തിരഞ്ഞെടുപ്പുകാലം മുതല്‍ ഇന്നു വരെ മദ്യനയത്തില്‍ ബോധപൂര്‍വകമായ അവ്യക്തത നിലനിര്‍ത്തിയ ഇടതുമുന്നണി ഇപ്പോള്‍ നയം വ്യക്തമാക്കിയിരിക്കുന്നു: മദ്യവിപണനത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ മുന്നണി ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിന്‍റെ സമയത്ത് ഇതു പറഞ്ഞിരുന്നെങ്കില്‍ തിരിച്ചടി നേരിടുമെന്നു മുന്നണിക്കറിയാമായിരുന്നു. അതുകൊണ്ട്, പൂട്ടിയ ബാറുകളൊന്നും തുറക്കാനുദ്ദേശ്യമില്ലെന്നു സിപിഎം കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചു. അക്കാലത്തുതന്നെ മുന്നണി മദ്യലോബിയുമായി ധാരണയിലെത്തിയിരുന്നുവെന്നത് ഇപ്പോള്‍ സ്പഷ്ടമായിരിക്കുന്നു. ആ ധാരണയുടെ അടിസ്ഥാനത്തില്‍ യുഡിഎഫിനെ തോല്പിക്കാന്‍ മദ്യലോബി പണമിറക്കി എന്നതിലും സംശയം വേണ്ട. യുഡിഎഫിന്‍റെ മദ്യനയം ജനം തള്ളിക്കളഞ്ഞുവെന്ന് ഇപ്പോള്‍ ന്യായീകരണം പറയുന്നു. ഇതൊരു തരം ചാക്രികയുക്തിയത്രേ.

സര്‍ക്കാരിന്‍റെ നീക്കങ്ങളില്‍ പ്രതിഫലിക്കുന്നത് ബാറുകള്‍ തുറക്കാനുള്ള മദ്യവ്യവസായികളുടെ തിടുക്കമാണ്. മുമ്പുണ്ടായിരുന്നതുപോലെ ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവികളുള്ള എല്ലാ ഹോട്ടലുകള്‍ക്കും സര്‍ക്കാര്‍ സദയം ബാറുകള്‍ അനുവദിച്ചു. അത്രയൊന്നും സൗകര്യങ്ങളില്ലാത്ത ഹോട്ടലുകള്‍ക്കു ബിയര്‍ വൈന്‍ പാര്‍ലറുകളും അനുവദിച്ചു. അങ്ങനെ ഇടതുസര്‍ക്കാര്‍ മദ്യം ജനകീയമാക്കിയിരിക്കുന്നു. മദ്യവ്യവസായികളുടെയും സര്‍ക്കാരിന്‍റെയും ആക്രാന്തത്തിനു തടയിട്ടതു ദേശീയ സംസ്ഥാന പാതകളുടെ ഓരങ്ങളില്‍ മദ്യക്കടകള്‍ പാടില്ല എന്ന സുപ്രീംകോടതി വിധിയാണ്. അതു മറികടക്കാന്‍ മദ്യലോബി കണ്ടെത്തിയ ഉപായം ആരുടെയും കണ്ണു തള്ളിക്കും. മദ്യക്കടകള്‍ കൂടുതലായുള്ള സംസ്ഥാന പാതകളുടെ ഭാഗങ്ങള്‍ സംസ്ഥാന പാതയല്ലാതാക്കുക. ആ ഭാഗങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വിട്ടു നല്കുക. അപ്പോഴും ദേശീയപാത പ്രശ്നമാണ്. അതിനും അവര്‍ പരിഹാരം കണ്ടെത്തി. വേറെന്തോ വിഷയത്തിലുണ്ടായ ഒരു കോടതിവിധി മറയാക്കി ചേര്‍ത്തല-കഴക്കൂട്ടം പാതയും കുറ്റിപ്പുറം -കാസര്‍ഗോഡു പാതയും ദേശീയപാതയല്ലെന്നു വാദിക്കുക. അതിന് അവര്‍ ഹൈക്കോടതിയില്‍ പോയി സര്‍ക്കാരിന്‍റെ ഒത്താശയോടെ അനുകൂലമെന്നു തോന്നാവുന്ന വിധി സമ്പാദിച്ചു. വിധി ദുര്‍വ്യാഖ്യാനിച്ചതിനെതിരെ ഹൈക്കോടതി പിന്നീടു പ്രതികരിച്ചുവെന്നതു ശരി. മദ്യലോബിക്കുവേണ്ടി ഈ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നു സുവ്യക്തമായി.

കേരളത്തിലെ ദേശീയപാതയുടെ വീതി കൂട്ടല്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ദേശീയപാതകള്‍ നാലുവരിയായും ആറുവരിയുമായി വികസിപ്പിക്കുമ്പോള്‍ കേരളത്തിലെ പ്രധാന ദേശീയപാതകള്‍ ഇപ്പോഴും ഗ്രാമീണപാതകളാണ്. നാം കൊടുക്കുന്ന ഇന്ധനസെസുകൂടി ഉപയോഗിച്ചാണു കേന്ദ്രം അതിദ്രുതം ദേശീയപാതകള്‍ വികസിപ്പിക്കുന്നത്. പിണറായി സര്‍ക്കാര്‍ തുടക്കത്തില്‍ത്തന്നെ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടു പ്രഖ്യാപി ച്ചു: ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കും. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. അപ്പോഴാണു സര്‍ക്കാര്‍ കോടതിയില്‍ ഏറ്റുപറഞ്ഞതു കേരളത്തില്‍ ദേശീയപാതയേ ഇല്ലെന്ന്. പാതകളിലെ തിരക്കുമൂലം ജനം വീര്‍പ്പുമുട്ടുമ്പോഴാണു യാതൊരു ഉളുപ്പും കൂടാതെ സര്‍ക്കര്‍ മദ്യലോബിക്കുവേണ്ടി ദേശീയപാതയെ തള്ളിപ്പറഞ്ഞത്.

സര്‍ക്കാരിന്‍റെ മദ്യനയരേഖ തുടങ്ങുന്നതുതന്നെ കേരളത്തില്‍ മദ്യാസക്തി വര്‍ദ്ധിക്കുകയാണെന്ന് ഏറ്റുപറഞ്ഞിട്ടാണ്. അതിനു പരിഹാരമായി നിര്‍ദ്ദേശിക്കുന്നതു ബോധവത്കരണമാണ്. പിന്നെയുള്ള നിര്‍ദ്ദേശം കൂടുതല്‍ മദ്യാസക്തി വിമുക്ത ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുകയെന്നതാണ്. ആളുകള്‍ കുടിച്ച് ആസക്തരാകുമെന്നു സര്‍ക്കാരിന് ഉറപ്പാണ്. അതുകൊണ്ടാണല്ലോ ആസക്തിക്കടിപ്പെട്ടവരെ ചികിത്സിക്കാന്‍ സൗകര്യമൊരുക്കുന്നത്. മദ്യലഭ്യത കുറയ്ക്കുകയാണു ബോധവത്കരണത്തിനുള്ള പ്രധാന മാര്‍ഗം എന്നു സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ദേശീയപാതയോരങ്ങളിലും മദ്യക്കടകള്‍ എങ്ങനെ തുറക്കാമെന്നാണു സര്‍ക്കാര്‍ തലപുകഞ്ഞാലോചിക്കുന്നത്.

സമ്പൂര്‍ണ മദ്യനിരോധനം എവിടെയും വിജയിച്ചിട്ടില്ല എന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നു. മദ്യം നിരോധിച്ചിടങ്ങളില്‍ വ്യാജമദ്യം വ്യാപിച്ചുവത്രേ. വില കൂടിയ മദ്യം സുലഭമായി ലഭിക്കുന്നിടത്തും വ്യാജമദ്യമുണ്ടെന്നതാണു വസ്തുത. മദ്യം നിരോധിച്ച സംസ്ഥാനങ്ങളില്‍ ചെറുപ്പക്കാരുടെയിടയില്‍ മദ്യാസക്തി അഗ്നിപോലെ പടര്‍ന്നിട്ടില്ല എന്ന വസ്തുതയ്ക്കു നേരെ തത്പരകക്ഷികള്‍ കണ്ണടയ്ക്കുന്നു.

മദ്യം നിരോധിച്ചാല്‍ കൂടുതല്‍ അപകടകരമായ മയക്കുമരുന്ന് ഉപയോഗം കൂടുമെന്നാണു വേറൊരു വാദം. വ്യാജമദ്യത്തെപ്പറ്റിയുള്ള വാദം അര്‍ദ്ധസത്യമാണെങ്കില്‍ മയക്കുമരുന്നിനെപ്പറ്റിയുള്ളത് അസത്യപ്രചാരണമാണ്. മദ്യനിരോധനവും മയക്കുമരുന്ന് ഉപയോഗവും തമ്മില്‍ വലിയ ബന്ധമില്ല. പഞ്ചാബിലെ സ്ഥിതിയാണ് ഏറ്റവും നല്ല ഉദാഹരണം. അവിടെ മദ്യനിരോധനമൊന്നുമില്ല; മദ്യം സുലഭമായി കിട്ടും. പക്ഷേ, പഞ്ചാബില്‍ മയക്കുമരുന്ന് അതീവ ഗുരുതരമായ പ്രശ്നമാണ്. പഞ്ചാബില്‍ അകാലിദള്‍-ബിജെപി മുന്നണി തിരഞ്ഞെടുപ്പില്‍ തോല്ക്കാന്‍ മുഖ്യകാരണം മയക്കുമരുന്നാണ്. കോണ്‍ഗ്രസ്സ് നേതാവ് അമരീന്ദര്‍സിംഗ് മയക്കുമരുന്നിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നു പറഞ്ഞു. അദ്ദേഹമിപ്പോള്‍ അവിടെ മുഖ്യമന്ത്രിയാണ്. അവിടെ ചെറുപ്പക്കാര്‍ മദ്യത്തിനു ലഹരി പോരാഞ്ഞിട്ടു മയക്കുമരുന്നിലേക്കു തിരിയുകയായിരുന്നു. മയക്കുമരുന്ന് അവിടെ സുലഭമായി ലഭിക്കുമായിരുന്നുവെന്നതും സത്യ മാണ്.
ശക്തമായ നടപടികള്‍ എടുത്തില്ലെങ്കില്‍ കേരളത്തിലും വ്യാജമദ്യവും മയക്കുമരുന്നും പെരുകും. മയക്കുമരുന്നു കേരളത്തില്‍ ഇതിനോടകംതന്നെ പിടിമുറുക്കിക്കഴിഞ്ഞു. ഞങ്ങള്‍ മദ്യം സുലഭമാക്കി, അതുകൊണ്ട് ഇനി മയക്കുമരുന്നിന്‍റെ ഉപയോഗം കുറയുമെന്നു സര്‍ക്കാര്‍ നിലപാടെടുത്താല്‍ അതു കേരളത്തിന്‍റെ നാശത്തിനേ വഴി തെളിക്കൂ. തങ്ങള്‍ക്കു മദ്യലോബിക്കു കീഴടങ്ങേണ്ടിവന്നു എന്ന് ഏറ്റുപറഞ്ഞു മയക്കുമരുന്നില്‍നിന്നെങ്കിലും കേരളത്തിലെ ജനങ്ങളെ, പ്രത്യേകിച്ചു യുവജനങ്ങളെ, രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇടതുമുന്നണിക്കും സര്‍ക്കാരിനും കരണീയമായിട്ടുള്ളത്.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും