വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7
Published on
ഇറ്റലിയില്‍ സിസിലിയാണ് പന്തേനൂസ് എന്ന പണ്ഡിതനായ സഭാപിതാവിന്റെ ജന്മദേശം. പേഗനായി ജനിച്ച ഈ സ്‌റ്റോയിക് തത്ത്വജ്ഞാനിയെ ക്രിസ്ത്യാനികളോട് അടുപ്പിച്ചത് അവരുടെ ജീവിതവിശുദ്ധിയും നന്മയിലുള്ള വിശ്വാസവുമാണ്. അവരുടെ നിഷ്‌കളങ്കത പന്തേനൂസിന്റെ കണ്ണുകള്‍ തുറപ്പിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം സത്യാന്വേഷണമായിരുന്നു.

അപ്പസ്‌തോലന്മാരുടെ ശിഷ്യന്മാരില്‍നിന്ന് പന്തേനൂസ് വി. ഗ്രന്ഥം പഠിച്ചുതുടങ്ങി. അങ്ങനെ അദ്ദേഹം ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയായിലെത്തി. അവിടെ വി. മര്‍ക്കോസിന്റെ ശിഷ്യന്മാര്‍ ക്രിസ്തീയ തത്ത്വങ്ങള്‍ പഠിപ്പിക്കാനായി പ്രസിദ്ധമായ ഒരു സ്ഥാപനം തുടങ്ങിയിരുന്നു. പന്തേനൂസിന് തന്റെ പാണ്ഡിത്യം മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്ന താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ അറിവും വിജ്ഞാനവും വെളിച്ചം കണ്ടത് വളരെ വൈകിയാണ്.

പന്തേനൂസിന്റെ അസാധാരണമായ പാണ്ഡിത്യവും വിജ്ഞആനപ്രദമായ അദ്ധ്യാപനവുംകൊണ്ട് അലക്‌സാണ്‍ഡ്രിയായിലെ സ്ഥാപനം ലോകത്തിലെ ഏറ്റവും പ്രശസ്തമായ തത്ത്വശാസ്ത്ര സ്‌കൂളായി വളര്‍ന്നു. അലക്‌സാണ്‍ഡ്രിയായിലെ വി. ക്ലമന്റ് എഴുതി: "ഈ യഥാര്‍ത്ഥ സിസിലിയന്‍ തേനീച്ച പ്രവാചകഗ്രന്ഥങ്ങളും വി. ലിഖിതങ്ങളുമാകുന്ന പൂക്കളില്‍നിന്നു ശേഖരിച്ച പൂന്തേന്‍ തന്റെ ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ചു."

അലക്‌സാണ്ഡ്രിയായുമായി വ്യാപാരബന്ധമുണ്ടായിരുന്ന ഇന്ത്യാക്കാരുടെ അഭ്യര്‍ത്ഥന അനുസരിച്ച് പന്തേനൂസ് പൗരസ്ത്യരാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ സന്ദര്‍ശിച്ചെന്നും ഇവിടെ സുവിശേഷം പ്രസംഗിച്ചെന്നും കരുതപ്പെടുന്നു. ഈ പ്രേഷിതയാത്രയില്‍, വി. ബര്‍ത്തലീമ്യോ കൊണ്ടുവന്നതെന്നു കരുതപ്പെടുന്ന വി. മത്തായിയുടെ സുവിശേഷത്തിന്റെ ഒരു ഹീബ്രുപതിപ്പ് പന്തേനൂസ് കണ്ടെത്തിയെന്നും അദ്ദേഹമത് അലക്‌സാണ്‍ഡ്രിയായിലോക്ക് തിരികെ കൊണ്ടുപോയെന്നുമാണ് ചരിത്രം.

216 വരെ വി. പന്തേനൂസ് അദ്ധ്യാപനം തുടരുകയും വളരെ സമാധാനപൂര്‍ണവും സംതൃപ്തവുമായ ഭാഗ്യമരണം പ്രാപിക്കുകയും ചെയ്തു.

തെറ്റായ പഠനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
വി. പൗലോസ്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org